scorecardresearch

Eesho Movie Review & Rating: പ്രവചനീയമായ കഥ, ആശ്വാസമാവുന്നത് അഭിനേതാക്കളുടെ പ്രകടനം; ‘ഈശോ’ റിവ്യൂ

Eesho Movie Review & Rating: ജയസൂര്യയുടെയും ജാഫർ ഇടുക്കിയുടെയും പ്രകടനമാണ് ബോറടിപ്പിക്കാതെ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്

RatingRatingRatingRatingRating
Eesho, Eesho Review, Eesho movie review, Eesho SonyLiv, Eesho movie download,Eesho ott

Jayasurya starrer Eesho Malayalam Movie Review & Rating: ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ‘ഈശോ’ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. വളരെ ചുരുക്കം കഥാപാത്രങ്ങൾ മാത്രം വന്നു പോവുന്ന ഈശോയുടെ ദൈർഘ്യം ഒന്നേ മുക്കാൽ മണിക്കൂറാണ്. പുതുമയുള്ള ഒരു പ്ലോട്ട് ഒന്നുമല്ല ഈശോയുടേത്. സമീപകാലത്തുപോലും സമാനമായ പ്രമേയത്തിലുള്ള കഥകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട് എന്നതിനാൽ തന്നെ കഥാപരമായ ഫ്രഷ്‌നസ്സ് ഒന്നും ഈശോയ്ക്ക് അവകാശപ്പെടാനില്ല.

ഒരു എടിഎമ്മിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് രാമചന്ദ്രൻ പിള്ള (ജാഫർ ഇടുക്കി). വീടും കുടുംബവും കഷ്ടപ്പാടുകളുമൊക്കെയായി ജീവിക്കുന്നതിനിടയിൽ ഒരു പോക്‌സോ കേസിലെ പ്രധാന സാക്ഷിയാവുകയാണ് പിള്ള. ഉന്നതനായ പ്രതിയ്ക്ക് എതിരെ സാക്ഷി പറയാൻ പിള്ള ഒരുങ്ങുന്നതോടെ അയാൾ ശത്രുവിന്റെ കണ്ണിലെ കരടാവുന്നു. മൊഴി രേഖപ്പെടുത്താൻ കോടതിയിൽ ഹാജരാകേണ്ടതിന്റെ തലേദിവസം പിള്ളയുടെ ജീവിതത്തിലേക്ക് ഒരു അപരിചിതൻ കടന്നുവരികയാണ്. ശത്രുവോ മിത്രമോ? എന്താണ് അയാളുടെ ലക്ഷ്യം? ഈ ചോദ്യങ്ങൾക്ക് ഇത്തരം തേടിയാണ് കഥയുടെ മുന്നോട്ടുള്ള സഞ്ചാരം.

ജാഫർ ഇടുക്കിയുടെയും ജയസൂര്യയുടെയും പ്രകടനമാണ് ബോറടിപ്പിക്കാതെ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്. വില്ലനാണോ നായകനാണോ എന്ന് കൺഫ്യൂഷൻ തോന്നിപ്പിക്കുന്ന കഥാപാത്രമാണ് ജയസൂര്യയുടെ ഈശോ. എന്നാൽ മുൻകൂട്ടി പ്രവചിക്കാവുന്ന രീതിയിൽ മുന്നോട്ടുപോവുന്ന തിരക്കഥ, ആ കഥാപാത്രത്തിനു പിന്നിലെ നിഗൂഢതയെ ലഘൂകരിക്കുകയാണ്. ജയസൂര്യയിലെ നടനെ വെല്ലുവിളിക്കുന്ന കഥാപാത്രമൊന്നുമല്ല ഈശോ, എങ്കിലും കയ്യടക്കത്തോടെ തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ജയസൂര്യ.

ജാഫർ ഇടുക്കിയുടേതാണ് ശ്രദ്ധ നേടുന്ന മറ്റൊരു പ്രകടനം. ഒരു സാധാരണക്കാരന്റെ നിഷ്കളങ്കതയും നിശ്ചയദാർഢ്യവും ഭയവുമെല്ലാം കുഴഞ്ഞുമറിയുന്ന കഥാപാത്രത്തെ മികവോടെയാണ് ജാഫർ ഇടുക്കി അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ജോണി ആന്റണി, ഇന്ദ്രൻസ്, യദു കൃഷ്ണൻ, അക്ഷര കിഷോർ, കോട്ടയം നസീർ, രജിത് കുമാർ, അരുൺ നാരായണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

വളരെ പ്രെഡിക്റ്റബിളാണ് ചിത്രത്തിന്റെ കഥാഗതി. അതിനാൽ, ത്രില്ലർ എന്ന ഴോണറിനോട് പൂർണമായും നീതി പുലർത്താൻ ചിത്രത്തിനു സാധിക്കുന്നില്ല. സുനീഷ് വാരനാട് ആണ് ഈശോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോസ്കോ കേസും ചൈൽഡ് അബ്യൂസുമൊക്കെ വിഷയമായി വരുന്ന ഈ ചിത്രം പെൺമക്കളുള്ള അച്ഛനമ്മമാരുമായി വൈകാരികമായി എളുപ്പത്തിൽ കണക്റ്റാവുമെന്നതിൽ സംശയമില്ല. കുടുംബപ്രേക്ഷകരെ തന്നെയാണ് ചിത്രം ലക്ഷ്യം വയ്ക്കുന്നതും. ‘നീതി നടപ്പിലാക്കപ്പെടാതെ പോവുമ്പോൾ നീ തീയാവുക’, എന്ന വൈകാരികമായ, പ്രതികാരവാഞ്ച നിറഞ്ഞ അതേ വാക്യത്തെ തന്നെയാണ് ഈശോയും ഉദ്ഘോഷിക്കുന്നത്. വാളയാർ പീഡനത്തെയൊക്കെ ഓർമ്മിപ്പിക്കുന്നുണ്ട് ചിത്രം.

പുതുമയില്ലാത്ത കഥയും പ്രെഡിക്റ്റബിളായ തിരക്കഥയും ആവർത്തനം വിരസത സമ്മാനിക്കുമ്പോഴും സംവിധായകൻ നാദിർഷയുടെ മേക്കിംഗ് മികവു പുലർത്തുന്നുണ്ട്. റോബി രാജ് വർഗീസിനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രാത്രി സീനുകളെല്ലാം വളരെ മനോഹരമായാണ് റോബി ചിത്രീകരിച്ചിരിക്കുന്നത്. രാഹുൽ രാജിന്റെ പശ്ചാത്തലസംഗീതവും മികവു പുലർത്തുന്നു.

ഒറ്റവാക്കിൽ പറഞ്ഞാൽ, അഭിനേതാക്കളുടെ പ്രകടനവും മേക്കിംഗും കൊണ്ട് കണ്ടിരിക്കാവുന്ന ഒരു ആവറേജ് കാഴ്ചാനുഭവമാണ് ഈശോ. എല്ലാ അർത്ഥത്തിലും ഒടിടിയ്ക്ക് ഇണങ്ങിയൊരു ചിത്രം.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Eesho malayalam movie review rating jayasurya