Edakkad Battalion 06 Malayalam Movie Review: ടൊവിനോ തോമസ് പട്ടാളക്കാരന്റെ വേഷത്തിലെത്തുന്ന ‘എടക്കാട് ബറ്റാലിയൻ 06’ ഇന്ന് തിയേറ്ററുകളിലെത്തി. ഒരു പട്ടാളക്കാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം രാജ്യത്തിനായി ജീവൻ വെടിഞ്ഞ, മഞ്ഞും മഴയും ഗൗനിക്കാതെ അതിർത്തികളിൽ കാവൽ നിൽക്കുന്ന പട്ടാളക്കാർക്കുള്ള ആദരവാണ്.

മലബാറിലെ എടക്കാട് എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന ചെറുപ്പക്കാരനാണ് ഷെഫീഖ് മുഹമ്മദ്. സ്കൂൾ കാലത്ത് NCCയിലും മറ്റും സജീവമായിരുന്ന അവനൊപ്പം പട്ടാളമോഹവും വളരുന്നു. ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനാണ് ഷെഫീഖ് ഇപ്പോൾ. നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം പ്രിയങ്കരനായ, അഭിമാനമായ ചെറുപ്പക്കാരൻ. ലീവ് കണ്ടെത്തി നാട്ടിലെ ഉത്സവങ്ങൾക്ക് ഓടിയെത്താനും സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടാനും ഒക്കെ ആഗ്രഹിക്കുന്ന ഷെഫീഖിന്റെ ഒരു അവധിക്കാലത്തിൽ നിന്നുമാണ് കഥ തുടങ്ങുന്നത്.

പട്ടാള യൂണിഫോം ഊരിവെച്ച് നാട്ടിലെത്തിയാലും ഉള്ളിന്റെയുള്ളിലെ ഷെഫീഖിന്റെ പട്ടാളവീര്യത്തിനു മാത്രം യാതൊരു മാറ്റവുമില്ല. തന്റെ ചുറ്റും നടക്കുന്ന സാമൂഹിക വിപത്തുകളോടും പ്രശ്നങ്ങളോടുമെല്ലാം ശക്തമായി തന്നെ അയാൾ പ്രതികരിക്കുന്നുണ്ട്. അതാവട്ടെ അയാളെ പുതിയ ചില പ്രശ്നങ്ങളിലേക്ക് നയിക്കുകയാണ്.

പട്ടാളക്കാരന്റെ ശരീരഭാഷയിലേക്ക് വളരെ എളുപ്പത്തിൽ തന്നെ ചേർന്നു നിൽക്കാനാവുന്നുണ്ട് ടൊവിനോയ്ക്ക്. എന്നാൽ ടൊവിനോ എന്ന നടനെ അധികം ഉപയോഗപ്പെടുത്താൻ ചിത്രം ശ്രമിക്കുന്നില്ല. ടൊവിനോയ്ക്ക് പെർഫോം ചെയ്യാവുന്ന അഭിനയമുഹൂർത്തങ്ങൾ താരതമ്യേന കുറവാണ് ചിത്രത്തിൽ. ‘തീവണ്ടി’യ്ക്ക് ശേഷം ടൊവിനോയും സംയുക്ത മേനോനും നായികാ നായകന്മാരായെത്തുന്ന ചിത്രം കൂടിയാണ് ‘എടക്കാട് ബറ്റാലിയൻ 06’. നൈന ഫാത്തിമ എന്ന അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ‘നീ ഹിമമഴയായ് വരൂ…’ എന്നു തുടങ്ങുന്ന ഗാനവും മികവു പുലർത്തുന്നു.

Edakkad Battalion 06, Edakkad Battalion 06 review, Edakkad Battalion 06 movie review, Edakkad Battalion 06 malayalam movie review, എടക്കാട് ബറ്റാലിയൻ 06, എടക്കാട് ബറ്റാലിയൻ 06 സിനിമ റിവ്യൂ, എടക്കാട് ബറ്റാലിയൻ 06 മലയാളസിനിമ റിവ്യൂ, Tovino Thomas, ടൊവിനോ തോമസ്, Tovino Thomas Edakkad Battalion, എടക്കാട് ബറ്റാലിയൻ, Samyuktha Menon, സംയുക്ത മേനോൻ, IE Malayalam reviews, ഐ ഇ മലയാളം റിവ്യൂ

മുൻകാലനായിക രേഖയാണ് ടൊവിനോയുടെ അമ്മയുടെ വേഷത്തിലെത്തുന്നത്. പി. ബാലചന്ദ്രൻ, ജോയ് മാത്യു, സുധീഷ്, അഞ്ജലി, പൊന്നമ്മ ബാബു, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, സലിം കുമാർ, സിബി കെ തോമസ്, സരസ ബാലുശ്ശേരി എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്ഥിരം പട്ടാളക്കഥകളുടെ പാറ്റേണിൽ സഞ്ചരിക്കാതെ, പട്ടാളക്കാരന്റെ വ്യക്തിപരമായ ജീവിതത്തിലേക്കും അയാളുടെ ചുറ്റുമുള്ളവരുടെ ജീവിതങ്ങളിലേക്കും ബന്ധങ്ങളിലേക്കുമൊക്കെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. അതുവഴി ഓരോ പട്ടാളക്കാരന്റെയും ത്യാഗം എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടുത്താനും ചിത്രം ശ്രമിക്കുന്നുണ്ട്. മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അടക്കം മാതൃരാജ്യത്തിനായി ജീവൻ വെടിഞ്ഞ നിരവധിയേറെ പട്ടാളക്കാർക്കാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്.

പറയത്തക്ക ട്വിസ്റ്റുകളോ ടേണുകളോ ഒന്നുമില്ലാതെ വെറുതെ പറഞ്ഞുപോകുന്ന ഒരു സ്റ്റോറി ലൈനാണ് ചിത്രത്തിന്റേത്. താരതമ്യേന ദുർബലമാണ് തിരക്കഥ. ഡ്രഗ്സ് പോലുള്ള സാമൂഹിക വിപത്തുകൾ യുവത്വത്തെ സ്വാധീനിക്കുന്നതിനെ കുറിച്ച് സിനിമ പറഞ്ഞുവെയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ രീതിയിൽ അത് കാഴ്ചക്കാരിലേക്ക് എത്തിക്കാൻ ചിത്രത്തിനു ആവുന്നില്ല. അല്ലെങ്കിൽ വിഷയത്തിൽ നിന്നും ഫോക്കസ് മാറി പോവുന്നുണ്ട് എന്നു പറയേണ്ടി വരും. പലയിടത്തും അനുഭവപ്പെടുന്ന ഇഴച്ചിലും ഇടയ്ക്ക് മുഷിപ്പിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ, ഒരു ആവറേജ് സിനിമാ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. എടുത്തു പറയത്തക്ക പുതുമയോ കഥയുടെ കരുത്തോ ഒന്നുമില്ലാത്ത ഒരു ഓർഡിനറി ചിത്രമാണ് ‘എടക്കാട് ബറ്റാലിയൻ 06’.

ഈ പോരായ്മകൾ മാറ്റി നിർത്തിയാൽ, സാധാരണക്കാർ അവരുടെ സ്വൈര്യജീവിത തിരക്കുകളിൽ മുഴുകിയിരിക്കുമ്പോൾ, നമ്മുടെ സ്വസ്ഥതയും സമാധാനവുമെല്ലാം മറ്റു പലരുടെയും ത്യാഗമാണെന്ന് ഓർമ്മിപ്പിക്കാൻ ചിത്രത്തിനു ആവുന്നുണ്ട്. നിങ്ങളുടെ വീട്ടിലോ സൗഹൃദങ്ങളിലോ പരിചയത്തിലോ ഒരു പട്ടാളക്കാരനെങ്കിലുമുണ്ടെങ്കിൽ, ‘എടക്കാട് ബറ്റാലിയനി’ലെ ചില രംഗങ്ങൾ നിങ്ങളെ സ്പർശിക്കാതെയിരിക്കില്ല.

Read more: പൽവാൽ ദേവനെന്ന് ടൊവിനോ, അല്ല, കുപ്രസിദ്ധ പയ്യനെന്ന് ആരാധകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook