Djibouti Malayalam Movie Review & Rating: അമിത് ചക്കാലയ്ക്കലിനെ നായകനാക്കി നവാഗതനായ എസ്.ജെ സിനു എഴുതി, സംവിധാനം ചെയ്ത ‘ജിബൂട്ടി’ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകി സർവൈവൽ ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.
വിളക്കുമല എന്ന കേരളത്തിലെ ഒരു മലയോര ഗ്രാമത്തിൽ നിന്നുമാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. വിദേശത്ത് പോയി ജോലി ചെയ്ത് രക്ഷപ്പെടണം എന്ന ആഗ്രഹവുമായി നടക്കുകയാണ് ലൂയിയും (അമിത് ചക്കാലയ്ക്കൽ) എബിയും (ഗ്രിഗറി). ജീപ്പ് ഓടിക്കലാണ് ഇവരുടെ ഉപജീവനമാർഗം. അതിനിടയിലാണ് കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിൽ നിന്ന് അന (ഷഗുൺ ജസ്വാൾ) എന്ന യുവതി വിളക്കുമലയിൽ എത്തുന്നത്.
അങ്ങനെ അനയെ ജീപ്പിൽ നാട് കാണിക്കാൻ ലഭിക്കുന്ന അവസരം ലൂയിയും എബിയും ഏറ്റെടുക്കുന്നു. ജിബൂട്ടിയിലെ കമ്പനിയിൽ എച്ച് ആറായ അനയുടെ സഹായത്തിൽ അവിടെ ജോലി സംഘടിപ്പിക്കാം എന്ന ചിന്തയും ലൂയിക്ക് അനയോട് തോന്നുന്ന ഇഷ്ടവും തീരുമാനത്തിന് പിന്നിലുണ്ട്. എന്നാൽ അന വരുന്നത് നാട് കാണാൻ മാത്രമല്ല, തന്റെ പഴയ സുഹൃത്തിനെ കണ്ടെത്താനും കൂടിയാണ്. അങ്ങനെ അവർ സുഹൃത്തിനെ കണ്ടെത്തുകയും തുടർന്ന് ലൂയിയോട് അനയ്ക്കും പ്രണയം തോന്നുകയും ഇവരെ ജിബൂട്ടിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.
തുടർന്ന് ജിബൂട്ടിയിൽ വെച്ച് അന ഗർഭിണിയാവുകയും അതേ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനെയെല്ലാം അതിജീവിച്ചു നാട്ടിൽ എത്താനുള്ള ലൂയിയുടെയും എബിയുടെയും ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്.
ലൂയിയെന്ന ഒരു സാധാരണ നാട്ടിൻപുറത്തുകാരനെ മികച്ചതാക്കാൻ അമിത് ചക്കാലയ്ക്കലിന് സാധിച്ചിട്ടുണ്ട്. അതിവൈകാരിക രംഗങ്ങളെല്ലാം മനോഹരമായി തന്നെ അമിത് അവതരിപ്പിച്ചിട്ടുണ്ട്. എന്തിനും ഏതിനും ലൂയിക്കൊപ്പം നിൽക്കുന്ന ഗ്രിഗറിയുടെ എബിയും പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ചില രംഗങ്ങളിൽ ആ കഥാപാത്രത്തിന്റെ പ്ളെയ്സിങ്ങും ഡയലോഗുകളുമെല്ലാം അൽപം അരോചകമായി തോന്നിയേക്കും.
നായിക കഥാപാത്രമായ അനയെ അവതരിപ്പിച്ച ഷിംല സ്വദേശിനിയായ ഷഗുൺ ജസ്വാളിനും പ്രേക്ഷകരുടെ ഇഷ്ടം കവരാൻ കഴിയുന്നുണ്ട്. അനയുടെ ലൂയിയുമായുള്ള കോമ്പിനേഷൻ രംഗങ്ങളെല്ലാം നല്ലതായിരുന്നു.
സിനിമയിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന മറ്റൊരു താരം ദിലീഷ് പോത്തനാണ്. ലൂയിയുടെയും അനയുടേയെല്ലാം കമ്പനി മുതലാളിയായെത്തുന്ന കഥാപാത്രത്തെ ദിലീഷ് മികച്ചതാക്കി. ബിജു സോപാനവും അഞ്ജലി നായരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. സുനില്‍ സുഖദ, ബേബി ജോർജ്, തമിഴ് നടൻ കിഷോർ, ഗീത, ആതിര, രോഹിത് മഗ്ഗു, അലന്‍സിയര്‍, ലാലി, പൗളി വത്സൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
വിളക്കുമല എന്ന മലയോര ഗ്രാമത്തിന്റെ ഭംഗിയും ‘ജിബൂട്ടി’ എന്ന ആഫ്രിക്കൻ രാജ്യത്തിലെ മനോഹരമായ ഭൂപ്രദേശങ്ങളും കാണിച്ചുകൊണ്ടാണ് സംവിധായകൻ കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി എന്നിവർ ചെയ്തിരിക്കുന്ന ആക്ഷൻ രംഗങ്ങൾ എടുത്ത് പറയേണ്ട ഒന്നാണ്. ഒട്ടും അമിതമാവാതെ വളരെ മനോഹരമായാണ് അവ ഒരിക്കിയിരിക്കുന്നത്. എന്നാൽ അഫ്സല് അബ്ദുള്‍ ലത്തീഫും എസ്. ജെ. സിനുവും ചേർന്ന് ഒരുക്കിയിരിക്കുന്ന തിരക്കഥയിൽ ചില പാളിച്ചകൾ അനുഭവപ്പെടുന്നുണ്ട്. വിളക്കുമല എന്ന ഗ്രാമത്തിൽ നിന്നും ആരംഭിക്കുന്ന കഥ ‘ജിബൂട്ടി’ എന്ന ആഫ്രിക്കൻ രാജ്യത്തിലേക്ക് എത്തുമ്പോൾ എവിടെയോ കഥയുടെ ഒഴുക്ക് നഷ്ടമാവുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ രണ്ടാം പകുതിയിൽ ഇഴച്ചിൽ അനുഭവപ്പെടുന്നതും തിരക്കഥയിൽ ഉണ്ടായിട്ടുള്ള ഈ പോരായ്മ മൂലമാണ്.
വിളക്കുമലയെയും ജിബൂട്ടിയെയും മനോഹരമായി പകർത്തുന്നതിൽ ഛായാഗ്രഹകൻ ടി.ഡി. ശ്രീനിവാസ് വിജയിച്ചിട്ടുണ്ട്. കാറിലുള്ള ചെയ്സിങ് രംഗങ്ങളും ഫൈറ്റ് സീനുകളും ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് ഒരുക്കിയിരിക്കുന്ന സംഗീതവും മികച്ചതാണ്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി. പി. സാം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ പോവുകയാണെങ്കിൽ ഈ പുതുവർഷത്തിൽ കണ്ട് ആസ്വദിക്കാവുന്ന പ്രണയവും ആക്ഷനും നിറഞ്ഞ ഒരു ത്രില്ലർ ചിത്രമാണ് ജിബൂട്ടി.