Veekam Movie Review & Rating: ‘വീകം’ എന്ന അധികമുപയോഗിക്കാത്ത വാക്കിനു മോതിരം എന്നാണർത്ഥം. അങ്ങനെ ഒരു മോതിരത്തെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റാന്വേഷണ കഥയാണ് നവാഗതനായ സാഗർ സംവിധാനം ചെയ്ത ‘വീകം.’ പേര് പോലെ സിനിമയുടെ കഥ നടക്കുന്നത് ഒരു വിവാഹ മോതിരത്തെ ചുറ്റിപ്പറ്റിയാണ്. ആ പേരിനെ യുക്തിസാഹമാക്കാനായി മോതിരത്തെ സിനിമയിൽ കൂടുതൽ ഉപയോഗിച്ചോ എന്നും ചിലപ്പോൾ സംശയം തോന്നാം.
മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളുടെ നടപ്പ് രീതികളെ മുഴുവൻ പിൻപറ്റാനാണ് ‘വീകം’ ആദ്യം മുതൽ അവസാനം വരെ ശ്രമിക്കുന്നത്. കഥാഗത്തിയെക്കാളും നിർമിതിയേക്കാളും അധികമായി ത്രില്ലർ സിനിമകളുടെ സ്വഭാവങ്ങളെ അക്കമിട്ട് പിന്തുടരുകയാണ് ‘വീകം’ ചെയ്തത് എന്ന് തോന്നും. താരങ്ങളുടെ ചലനങ്ങൾ മുതൽ ഓരോ ഇടത്തും ഇത് വളരെ പ്രകടവുമായിരുന്നു.
കുറ്റവാളിയെയും കുറ്റകൃത്യത്തെയും ആദ്യം തന്നെ പ്രേക്ഷകർക്ക് കാണിച്ചു തന്നു അതിനു പിന്നിലെ കാരണത്തിലേക്ക് നീങ്ങുക എന്ന രീതിയാണ് ‘വീകം’ സ്വീകരിക്കുന്നത്. ഒരു കുറ്റാന്വേഷണ കഥയെ സംബന്ധിച്ച് വളരെയധികം വെല്ലുവിളി നിറഞ്ഞ രീതിയാണിത്. യുക്തികൾ പറയുന്നതിലോ അത് അതേ പോലെ പ്രേക്ഷകരിലെത്തുന്നതിലോ പാളിച്ച സംഭവിച്ചാൽ ആ സിനിമ ഒട്ടും ആസ്വാദ്യമോ ഉറപ്പുള്ളതോ ആയി തോന്നാൻ സാധ്യതയില്ല. ‘വീകം’ ആദ്യം മുതൽ അവസാനം വരെ ഇതേ പ്രശ്നം അനുഭവിക്കുന്നതായി തോന്നി.
സിനിമയുടെ അവസാനം സംഭവിക്കുന്ന കാര്യങ്ങൾ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുന്ന രീതിയിലാണ് സിനിമയുടെ നിർമിതി. ത്രില്ലർ യോണറിൽ പെട്ട സിനിമയാണെങ്കിലും പ്രേക്ഷകരെ ഒട്ടും ത്രില്ലടിപ്പിക്കാനോ രസിപ്പിക്കാനോ മറ്റേതെങ്കിലും വിധത്തിൽ സിനിമാറ്റിക് ആയ അനുഭവം തരാനോ ‘വീക’ത്തിനു കഴിയുന്നില്ല. ഒരേ താളത്തിൽ തുടങ്ങിയവസാനിക്കുന്ന ‘വീകം’ പ്രേക്ഷകരിൽ ഒന്നും ബാക്കി വെക്കുന്നില്ല.
വിശ്വാസവഞ്ചന അഥവാ ‘ബ്രീച്ച് ഓഫ് ട്രസ്റ്റ്’ ആണ് സിനിമയുടെ കേന്ദ്ര പ്രമേയം. പല നിലക്ക് വിശ്വാസ വഞ്ചന ചെയ്യുന്നവരും അതിനു ഇരയായവരും തമ്മിലുള്ള സംഘർഷങ്ങളിലൂടെ ‘വീകം’ യാത്ര ചെയ്യുന്നു. വളരെയടുത്ത ബന്ധങ്ങളിൽ വിശ്വാസ വഞ്ചന നേരിട്ടവർ എങ്ങനെ അതിനോട് പ്രതികരിക്കുമെന്ന് സിനിമ പല നിലക്ക് അന്വേഷിക്കുന്നുമുണ്ട്. വിശ്വാസ വഞ്ചന മനുഷ്യനെ നില തെറ്റിക്കാം, ക്രൂരനും കൊലപാതകിയും ആക്കാം എന്നത് വരെ സിനിമയുടെ യുക്തിയോട് യോജിക്കാം. പക്ഷേ വിശ്വാസ വഞ്ചന നേരിട്ടവർ അവർ കാണുന്നവരിൽ വിശ്വാസ വഞ്ചകർ എന്ന് തോന്നുന്നവരെ മുഴുവൻ കൊല്ലും എന്നൊക്കെയുള്ള അതിവിചിത്ര രീതിയിൽ കഥയെത്തുന്നു. അവിടെ സിനിമ കലാഹിക്കുന്നത് പ്രേക്ഷകരുടെ യുക്തിയോടും ബോധത്തോടുമാണ്. പലപ്പോഴും കാണുന്നവരിൽ മുഴുവൻ പല രീതിയിലുള്ള വയലൻസ് പ്രയോഗിക്കുന്ന വില്ലൻ അത്ഭുതമാണുണ്ടാക്കുന്നത്.
സൈക്കോപാത്ത് കൊലപാതകങ്ങൾക്കും കൊലപാതകികൾക്കും എഴുത്തപ്പെടാത്ത ഒരു മാനിഫെസ്റ്റോ മലയാള സിനിമക്കുണ്ട് എന്ന് തോന്നുന്നു. അവരുടെ സംഭാഷണങ്ങൾക്ക്, ചലനങ്ങൾക്ക്, ശരീര ഭാഷയ്ക്ക് എന്ന് വേണ്ട ഭൂതകാല ദുരന്തങ്ങൾക്ക് പോലും ഏതാണ്ട് ഒരേ രീതിയാണ്. ത്രില്ലർ സിനിമകളുടെ സേഫ് സോൺ ഇത്തരം വില്ലന്മാരാണ് ഇവിടെ. ഇവരെ സംബന്ധിച്ച് യുക്തി പ്രവർത്തിക്കുന്നില്ല എന്നത് പല സിനിമകൾക്കും സൗകര്യമാണ് എന്ന് തോന്നിയിട്ടുണ്ട്. ‘വീക’വും ആ രീതിയെ അത് പോലെ തന്നെ ആശ്രയിച്ച് നിർമിച്ച സിനിമയാണ് എല്ലാം അർത്ഥത്തിലും. കുറഞ്ഞത് മൂന്നു പതിറ്റാണ്ടെങ്കിലുമായി മലയാള സിനിമയിലുള്ള സൈക്കോപാത്ത് വില്ലന്മാരുടെ പിന്മുറക്കാരനാണ് ‘വീക’ത്തിലെ വില്ലനും.
കൊച്ചി നഗരത്തെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ പ്രധാനമായും മുന്നോട്ട് നീങ്ങുന്നത്. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറച്ച് പേരുടെ ജീവിതവും അവർ തമ്മിൽ യാദൃശ്ചികമായി ബന്ധപ്പെടേണ്ടി വന്ന സാഹചര്യങ്ങളും ഒക്കെയാണ് കഥയെ മുന്നോട്ട് നീക്കാൻ ‘വീകം’ ആശ്രയിക്കുന്ന സാങ്കേതങ്ങൾ. അവിടെയും ആവർത്തന വിരസതകളുടെ വലിയൊരു നിര തന്നെ അക്കമിട്ടു നിരത്താനാവും. ആവർത്തന വിരസതകൾ പ്രേക്ഷകരെ മടുപ്പിക്കുമോ ഇല്ലയോ എന്നതിൽ തർക്കമുണ്ടാകാമെങ്കിലും ആരുടേയും യുക്തിയോടോ വൈകാരികതയോടൊ ‘കണക്റ്റ്’ ആവാത്ത സ്ഥിരം കാഴ്ച ശീലങ്ങൾ പ്രേക്ഷകരെ മടുപ്പിച്ചേക്കാം.
ധ്യാൻ ശ്രീനിവാസൻ, ജഗദീഷ്, ഡൈൻ ഡേവിഡ്, ദിനേശ് പ്രഭാകർ,അജു വർഗീസ്, ബിനു അടിമാലി, ഡയാന ഹമീദ് തുടങ്ങീ വലിയൊരു നിര അഭിനേതാക്കൾ സിനിമയിലുണ്ടെങ്കിലും സിനിമയുടെ നിർമാതാവ് കൂടിയായ ഷീലു എബ്രഹാം ആണ് ‘വീക’ത്തിൽ ആദ്യം മുതൽ അവസാനം വരെ നിറഞ്ഞു നിൽക്കുന്നത്. എടുത്ത് പറയാനുള്ള അഭിനയമോ സംഗീതമോ ക്യാമെറയോ എഡിറ്റിംഗോ ഒന്നും ‘വീക’ത്തിന്റെ തിരക്കഥയും നിർമിതിയും ഒരിടത്തുമാവശ്യപ്പെടുന്നില്ല. പുതുമകൾ ഇല്ലാത്ത, ആത്മാവില്ലാത്ത ഒരു കുറ്റാന്വേഷണ കഥ കാണാൻ സ്വന്തം റിസ്കിൽ താത്പര്യമുണ്ടെങ്കിൽ മാത്രം ‘വീകം’ കാണാം.