Tovino Thomas Dear Friend Movie Review & Rating: നിങ്ങളുടെ സുഹൃത്തിനെ നിങ്ങൾക്ക് എത്രത്തോളം അറിയാം? എപ്പോഴും ചിരിച്ചും കളിച്ചും പുറമെ കൂളായിരിക്കുന്ന ഒരു സുഹൃത്ത് അകത്തുമങ്ങനെ തന്നെയാവുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നടൻ വിനീത് കുമാർ സംവിധാനം ചെയ്ത ‘ഡിയർ ഫ്രണ്ട്’ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരിൽ ചിലരെങ്കിലും ആലോചിക്കാവുന്ന ചോദ്യങ്ങളാണിത്. സൗഹൃദത്തിന്റെ വേറിട്ടൊരു കഥ പറയുകയാണ് ‘ഡിയർ ഫ്രണ്ട്’.
ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ, അർജുൻ രാധാകൃഷ്ണൻ, അർജുൻ ലാൽ, സഞ്ചന നടരാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സൗഹൃദവും സന്തോഷങ്ങളും ചിരിയും തമാശകളും സങ്കടങ്ങളും ടെൻഷനുമൊക്കെ പരസ്പരം പങ്കിടുന്ന നാലു സുഹൃത്തുക്കൾ. ബാംഗ്ലൂരിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് കഴിയുകയാണ് ഈ ചങ്ങാതിക്കൂട്ടം. ചെറിയ ചെറിയ കുസൃതികൾ ഒപ്പിച്ചും പിറന്നാൾ ആഘോഷദിവസങ്ങളിൽ കൂട്ടുകാർക്കിട്ട് കിടിലൻ സർപ്രൈസ് ഒരുക്കിയുമൊക്കെ ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കുന്നവർ.

ഒരു സ്റ്റാർട്ട് അപ്പ് കമ്പനി തുടങ്ങാനുള്ള പ്ലാനിലാണ് ഈ കൂട്ടുകാർ. ജീവിതം സുഗമമായി ഒഴുകികൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അവരുടെ ജീവിതത്തിലുണ്ടാവുന്നത്. അതോടെ പ്രശ്നങ്ങളും ഉടലെടുക്കുന്നു. നിരവധി ചോദ്യങ്ങളും കണ്ടുപിടിക്കേണ്ടതായ ഒരുപിടി ഉത്തരങ്ങളും അവർക്കു മുൻപിൽ അവശേഷിക്കുകയാണ്. ഒരു പദപ്രശ്നം പൂരിപ്പിച്ചെടുക്കാനായി ആ സുഹൃത്തുക്കൾ നടത്തുന്ന അന്വേഷണമാണ് പിന്നീട് അങ്ങോട്ട് സിനിമയെ ഉദ്വേഗജനകമാക്കുന്നത്.
അൽപ്പം സങ്കീർണ്ണമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. ഒരേ സമയം ഇഷ്ടം നേടുകയും കുഴപ്പിക്കുകയും ചെയ്യുന്ന കഥാപാത്രത്തെ കയ്യടക്കത്തോടെയാണ് ടൊവിനോ അവതരിപ്പിച്ചത്. സൈക്കോളജിസ്റ്റായി എത്തുന്ന ദർശന രാജേന്ദ്രനും തന്റെ ഭാഗം മികവുറ്റതാക്കുന്നുണ്ട്. ബേസിൽ, അർജുൻ ലാൽ, അർജുൻ രാധാകൃഷ്ണൻ എന്നിവരും ഊഷ്മളമായ ഒരു സൗഹൃദത്തിന്റെ ഫീൽ പ്രേക്ഷകരിലേക്ക് പകരുന്നുണ്ട്. വിശാഖ് നായർ, രേഖ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്ന് വളരെ റിയലിസ്റ്റിക്കായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അത്ര വേഗത്തിൽ പ്രവചിക്കാൻ സാധ്യമല്ലെന്നതാണ് തിരക്കഥയുടെ പ്ലസ്. സ്ലോ പേസിലാണ് ചിത്രം മുന്നോട്ട് പോവുന്നത്. എന്നിരുന്നാലും, എന്തായിരിക്കും വിനോദിന് സംഭവിച്ചത്? എന്ന ചോദ്യം പ്രേക്ഷകരിലേക്കും ജിജ്ഞാസ നൽകുന്നതാണ്. ക്ലൈമാക്സിന്റെ ട്രീറ്റ്മെന്റിലും അൽപ്പം പുതുമ കൊണ്ടുവരാൻ തിരക്കഥാകൃത്തുകളും സംവിധായകരും ശ്രമിച്ചിട്ടുണ്ട്. ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കുമുള്ള ഉത്തരം സ്പൂൺ ഫീഡ് ചെയ്യാതെ പ്രേക്ഷകരുടെ യുക്തിയ്ക്ക് അനുസരിച്ച് പൂരിപ്പിച്ചെടുക്കാവുന്ന രീതിയിൽ വിട്ടുകൊടുത്തിരിക്കുകയാണ് സംവിധായകൻ.
ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ മെട്രോകളുടെ പശ്ചാത്തലത്തിലാണ് ‘ഡിയർ ഫ്രണ്ടി’ന്റെ കഥ പറഞ്ഞുപോവുന്നത്. ഈ ലൊക്കേഷനുകളും കാഴ്ചയ്ക്ക് ഒരു ഫ്രഷ്നെസ്സ് സമ്മാനിക്കുന്നുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറക്കണ്ണുകൾ നഗരക്കാഴ്ചകളെ മിഴിവോടെ പകർത്തിയിരിക്കുന്നു. ദീപു തോമസ് ആണ് ചിത്രത്തിന്റെ എഡിറ്റർ. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും മികച്ചു നിൽക്കുന്നു.
ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‌സിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ഡിയർ ഫ്രണ്ട്’ നിർമ്മിച്ചിരിക്കുന്നത്. വലിയ ബഹളമോ ഗിമ്മിക്കുകളോ ഒന്നുമില്ലാതെ, രസകരമായി പറഞ്ഞുപോവുന്ന, പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ഒരു മനോഹരചിത്രമെന്ന് ‘ഡിയർ ഫ്രണ്ടിനെ’ വിശേഷിപ്പിക്കാം. ‘അയാൾ ഞാനല്ല’ എന്ന ആദ്യചിത്രത്തിൽ നിന്നും ‘ഡിയർ ഫ്രണ്ടി’ലെത്തുമ്പോൾ ഒരു സംവിധായകനെന്ന നിലയിൽ പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കാനും തന്റെ ക്രാഫ്റ്റിനെ കുറച്ചുകൂടി മെച്ചപ്പെടുത്താനും വിനീത് കുമാറിനു സാധിച്ചിട്ടുണ്ട്.
Read Here: Dear Friend, Kochal, 777 Charlie, Ante Sundaraniki: ഇന്ന് തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ