Darbar Movie Review: ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ താരങ്ങളുടെ സിനിമ കാണാൻ പോകുമ്പോൾ അവരുടെ സ്റ്റൈലും, സ്ക്രീൻ പ്രെസെൻസും, മാസ്സ് സംഭാഷണങ്ങളും മാത്രം ശ്രദ്ധിച്ചാൽ മതി, ബുദ്ധി, ബോധം തുടങ്ങിയവ പ്രതീക്ഷിക്കരുത് എന്ന് അടിവരയിടുന്ന ചിത്രമാണ് രജനികാന്ത് നായകനാകുന്ന ‘ദര്‍ബാര്‍.’ ഹിറ്റ്മേക്കര് സംവിധായകന് എ ആർ മുരുഗദോസ്സും രജനികാന്തിന്റെ ‘കരിസ്മ’യും ഒന്നിച്ചിട്ട് കൂടി ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത, കണ്ടു മടുത്ത വില്ലൻ-പോലീസ് ആട്ടക്കഥയാണ് ഈ സിനിമ. രജനികാന്ത് എന്ന പ്രതിഭാസത്തിന്റെ താരമൂല്യത്തിൽ മാത്രം വിശ്വാസമർപ്പിച്ചു പഴയ മാസ്സ് മൂവി ഫോര്‍മുലയിൽ ഒരു മാറ്റവും വരുത്താതെയുള്ള ഒരു ചിത്രം എത്ര കണ്ടു ബോറടിപ്പിക്കും എന്ന് പറയേണ്ടതില്ലല്ലോ.
രജനികാന്തിനെ കൂടാതെ നയൻതാര, സുനിൽ ഷെട്ടി, നിവേദ തോമസ്, യോഗി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ആദിത്യ അരുണാചലം എന്ന മുംബൈ പോലീസ് കമ്മീഷണറിന്റെ വേഷത്തിലാണ് രജനി ഈ ചിത്രത്തിൽ എത്തുന്നത്. തുടക്കത്തിൽ (കാരണം പ്രേക്ഷകന് അറിയുന്നില്ല) അരുണാചലം മുംബൈയിലെ ഗുണ്ടകളെയൊക്കെ എൻകൗന്റെറിൽ കൊന്നൊടുക്കുകയാണ്. ഇതിനെ സംബന്ധിച്ചു അന്വേഷിക്കാൻ വരുന്ന മനുഷ്യാവകാശ കമ്മീഷനിലെ പ്രതിനിധിയെ അരുണാചലം ബലം പ്രയോഗിച്ചു തനിക്കു അനൂകൂലമായി റിപ്പോർട്ട് തയാറാക്കുന്നിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്. അരുണാചലത്തിന്റെ കൊലവെറിയുടെ പിന്നിലുള്ള കാരണങ്ങളിലേക്കുള്ള ഫ്ലാഷ്ബാക്കാണ് തുടര്‍ന്നുള്ള ചിത്രം. പിന്നീട് നടക്കുന്നതൊക്കെ സിനിമയിൽ കാണുന്നതിന് മുൻപേ തന്നെ പ്രേക്ഷകർക്ക് ഊഹിച്ചു എടുക്കാൻ കഴിയും.
മുംബൈ നഗരിയെ ലഹരി-പെൺ വാണിഭ മാഫിയകളിൽ നിന്നും മോചിപ്പിക്കാനായി നിയമിതനാവുകയാണ് ആദിത്യ അരുണാചലം. അയാൾക്കു സ്വന്തമെന്നു പറയാൻ മകളായ വല്ലി മാത്രമേയുള്ളൂ. പിന്നെയുള്ളത് അദ്ദേഹത്തിന്റെ വിശ്വസ്ത സേവകനായി വരുന്ന യോഗി ബാബു ചെയ്യുന്ന, കോമെഡിക്ക് പ്രാധാന്യമുള്ള കഥാപാത്രമാണ്. ഉള്ളത് പറഞ്ഞാൽ യോഗി ബാബു ചെയ്ത കഥാപാത്രത്തിന്റെ കൗണ്ടറുകൾ മാത്രമാണ് സിനിമയിലെ ഏക ആശ്വാസം. സൂപ്പർ സ്റ്റാർ രജനികാന്തിനെ കൗണ്ടർ അടിക്കുന്ന യോഗി ബാബു വ്യത്യസ്തമായ കാഴ്ചയാണ് ചിത്രത്തിൽ.
മുംബയിലെത്തുന്ന അരുണാചലത്തിനു ചുമതല ഏൽക്കുന്നതിനു മുൻപേ തന്നെ ഏറ്റെടുക്കേണ്ടി വരുന്നത് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററുടെ മകളുടെ തിരോധാനത്തിന്റെ പുറകിലുള്ളവരെ പിടികൂടുക എന്നുള്ള ദൗത്യമാണ്. മണിക്കൂറികൾക്കുള്ളിൽ തന്നെ അദ്ദേഹം മിനിസ്റ്ററുടെ മകളെ തട്ടിക്കൊണ്ടു പോയവരെ പിടികൂടുമെങ്കിലും, അരുണാചലം അവിടെ നിർത്തുന്നില്ല, ഒറ്റ ദിവസം കൊണ്ട് തന്നെ മുംബയിലെ പ്രധാനപ്പെട്ട ലഹരി-പെൺവാണിഭ മാഫിയ സംഘങ്ങളെയൊക്കെ അരുണാചലം പൂട്ടുന്നു. ഈ മാഫിയയെ നിയന്ത്രിക്കുന്ന അജയ് മൽഹോത്ര എന്ന ചെറുപ്പക്കാരനെയും അരുണാചലം കസ്റ്റഡയിലെടുക്കുന്നു.
ജയിലിലാവുന്ന അജയ് മൽഹോത്രയ്ക്കു വേണ്ടി അദ്ദേഹത്തിന്റെ പിതാവായ ഒരു വ്യവസായ പ്രമുഖൻ രംഗത്ത് വരുന്നു. അയാൾ തന്റെ സ്വാധീനം ഉപയോഗിച്ച് അജയ് മൽഹോത്രയെ ജയിലിൽ നിന്നും ഇറക്കി, രഹസ്യമായി നാടുകടത്തുന്നു, എന്നാൽ തന്റെ ബുദ്ധിവൈഭവും സാമര്‍ത്ഥ്യവും കൊണ്ട് അരുണാചലം അജയ് മൽഹോത്രയെ അയാളുടെ അച്ഛനെ കൊണ്ട് തന്നെ ഇല്ലാതാക്കുന്നു. അജയ് മൽഹോത്ര ഇല്ലാതാവുന്നടുത്താണ് സിനിമയിലെ യഥാർത്ഥ വില്ലൻ പ്രത്യക്ഷപ്പെടുന്നത്. സുനിൽ ഷെട്ടി ചെയ്യുന്ന ഹരി ചോപ്ര എന്ന കഥാപാത്രം 27 വര്‍ഷം മുൻപ് മുംബയിലെ ഇരുപതോളം പൊലീസുകാരെ ചുട്ടുകൊന്നു രാജ്യം വിട്ട കൊടും കുറ്റവാളിയാണ്. ഹരി ചോപ്ര തിരിച്ചു വന്നു നടത്തുന്ന പ്രതികാരം അരുണാചലത്തിനു തടയാനാകുമോ എന്നാണ് ബാക്കിയുള്ള ചിത്രം കാണിക്കുന്നത്. പിന്നീടങ്ങോട്ട് എല്ലാം ‘പ്രെടിക്റ്റബിള്’ കാഴ്ചകളാണ്. അടി, തിരിച്ചടി, വെടി, ട്വിസ്റ്റ്. ഇതിനിടയിൽ മകളുടെ നിർബന്ധത്തിനു വഴങ്ങി അരുണാചലം നയൻതാര അവതരിപ്പിക്കുന്ന ലിലിയെന്ന കഥാപാത്രത്തെ പ്രണയിക്കാൻ ശ്രമിക്കുന്ന രസകരമായ കാഴ്ചയും കാണാം.
നായകന് പോലീസ് ആണ് എന്നത് ‘ദര്‍ബാറിന്റെ’ സ്വീകാര്യത നിര്‍ണ്ണയിക്കുന്നതിലെ പ്രധാന ഘടകമായേക്കാം എന്ന് തോന്നുന്നു. ചിത്രത്തിന്റെ ആശയം രൂപീകരിച്ചപ്പോള്‍ ഉള്ള ഇമേജ് ആണോ ഇന്നത്തെ, മാറിയ സാഹചര്യങ്ങളിലെ ഇന്ത്യയില്‍, പോലീസിനുള്ളത് എന്ന ചോദ്യം ‘ദര്‍ബാര്‍’ ചര്‍ച്ചകളില്‍ നിശ്ചയമായും കടന്നു വരും. പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്ന, സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കു നേരെ ആക്രമണത്തിനു ഒത്താശ ചെയ്തു എന്ന് കരുതപ്പെടുന്ന പോലീസ് സേനയെ, ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ജീവൻ പോലും ബലി നല്കാൻ തയ്യാറായ മനുഷ്യരായി, അതിവൈകാരികത ചേര്‍ത്ത് ചിത്രീകരിച്ചിരുക്കുന്ന ‘ദര്‍ബാര്‍’ ഇന്നത്തെ ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ എത്രത്തോളം സ്വീകരിക്കപ്പെടും എന്നും വരും ദിവസങ്ങള്‍ പറയും.
ഒരു കാര്യത്തിൽ ആർക്കും ഒരു എതിരഭിപ്രായമുണ്ടാകാൻ സാധ്യതയില്ല, രജിനികാന്തെന്ന നടന്റെ സ്റ്റൈലും, ആക്ഷനും, സ്ക്രീൻ പ്രെസെൻസും തന്നെയാണ് ‘ദര്‍ബാറി’നെ ‘വാച്ചബിള്‍’ ആക്കി മാറ്റുന്നത്. രജനികാന്ത് കൂളിംഗ് ഗ്ലാസ് വെക്കുന്ന രീതിയും, നടക്കുന്ന രീതിയും, അദ്ദേഹത്തിന്റെ മാനറിസവുമൊക്കെ ഇപ്പോഴും പുതുമയോടെ കണ്ടിരിക്കാൻ പറ്റും. വാർദ്ധക്യം അദ്ദേഹത്തിലെ നടനെ ഒരു തരത്തിലും ബാധിച്ചിട്ടുമില്ല, എന്നിരുന്നാ
കാലഹരണപ്പെട്ട വില്ലൻ-ഹീറോ കഥയിലും, പതിവ് ആഖ്യാനരീതിയിലും, അനവസരത്തിലുള്ള തട്ടുപൊളിപ്പൻ പാട്ടുകളിലും, അസംബന്ധമായ സംഘട്ടന രംഗങ്ങളിലുമൊക്കെ രണ്ടാമതാലോചിക്കാതെ പണം ഇറക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്നത് രജനികാന്തിന്റെ മാർക്കറ്റ് വാല്യൂ മാത്രമാണ് എന്ന് ഈ ചിത്രം ഒരിക്കല്‍ കൂടി പറയുന്നു. ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷണമുള്ള നയൻതാര ഈ ചിത്രത്തിൽ ചെയ്തിരിക്കുന്ന കഥാപാത്രത്തിന് ചിത്രത്തിൽ പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല. ഓർത്തിരിക്കാൻ പറ്റുന്ന ഒരു അഭിനയ മുഹൂർത്തം പോലും അവർക്കു വേണ്ടി തയ്യാറാക്കപ്പെട്ടിട്ടില്ല. സൂപ്പർസ്റ്റാർ രജനിയുടെ കൂടെ ഒരു ഡാൻസ് കളിയ്ക്കാൻ വേണ്ടി മാത്രമാണോ ലേഡി സൂപ്പർസ്റ്റാർ എന്ന് തോന്നിപ്പോവും.
നിവേദ തോമസ് തന്റെ കഥാപാത്രം ഭംഗിയായി ചെയ്തിട്ടുണ്ട്. അരുണാചലവും മകൾ വല്ലിയുമായുള്ള ചില വൈകാരിക രംഗങ്ങൾ മനസ്സിൽ തങ്ങുന്നതാണ്. സുനിൽ ഷെട്ടി ചെയ്ത ഹരി ചോപ്ര എന്ന വില്ലൻ കഥാപാത്രം, മനസ്സു മരവിച്ച, അതിക്രൂരനായ ഒരു ക്രിമിനലിന്റെ പരിവേഷം സൃഷ്ടിക്കുന്നുണ്ട്.

പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വാർധ്യകത്തിന്റെ ലക്ഷണങ്ങളൊന്നും അനുഭവിപ്പിക്കാതെ, രജനികാന്തിനെ പകർത്താൻ സന്തോഷ് ശിവന് കഴിഞ്ഞിട്ടുണ്ട്. സംഘട്ടന രംഗങ്ങളിലെ ചില ദൃശ്യങ്ങൾ ഒഴിച്ചാൽ, ആഖ്യാന ശൈലിയിൽ പുതുമ ഇല്ലാത്തതിനാൽ ദൃശ്യപരമായ വേറെ സാധ്യതകളൊന്നും ചിത്രത്തിനില്ല. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. രജനി ഫാൻസിനെ തൃപ്തിപ്പെടുത്താൻ പോന്ന ചില ഗാനങ്ങൾ ചിത്രത്തിലുണ്ട്. എ സുഭസ്കരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Read Here: വേരുകളോട് ചേര്‍ന്ന് നില്ക്കൂ, ലോകം നിങ്ങളെ അംഗീകരിക്കും: സന്തോഷ് ശിവന് അഭിമുഖം