Cold Case Malayalam Movie Starring Prithviraj Sukumaran Review & Rating: മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവല്‍ ‘ഭാസ്കര മേനോന്’ എഴുതിയ രാമവര്‍മ്മ അപ്പന് തമ്പുരാന് തന്നെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ കമ്പനിയായ കേരള സിനി ടോണ്‍ ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്‍പതില്‍ ആരംഭിച്ചത്. തന്റെ നോവല്‍ ‘ഭൂതരായര്‍’ ചലച്ചിത്രമാക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു.
പിന്നീട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു ഉദ്യോഗജനകമായ ഒരു കഥ ചലച്ചിത്രമാകാന്‍. ബഷീറിന്റെ ‘നീല വെളിച്ചം,’ ‘ഭാര്‍ഗവീ നിലയ’മായപ്പോള്‍ മലയാളത്തിലെ ആദ്യത്തെ നിഗൂഡമായ ഒരു സിനിമാ സൃഷ്ടി രൂപപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി അനവധി ക്ലാസ്സിക്ക് ചലച്ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായി. ആ ഴോണർ ഇന്നും പ്രേക്ഷകനെ ഉദ്വേഗഭരിതനാക്കിക്കൊണ്ടു തുടരുന്നു. ഏറ്റവും പുതു തലമുറ സംവിധായകര്‍ വരെ ആ അനുഭവത്തെ വീണ്ടും പ്രേക്ഷകന് മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. മൗലികമായതും, രാജ്യാന്തര സിനിമകളുടെ സ്വാധീനത്താലും നിര്‍മ്മിക്കപ്പെട്ട അത്തരം അനേകം സിനിമകള്‍ കേരള ചലച്ചിത്ര മേഖലയുടെ ഭാഗമായി.
തൊണ്ണൂറു വര്‍ഷം കഴിഞ്ഞ മലയാള സിനിമ അതിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. കോവിഡിന്റെ പ്രതിസന്ധി വീടുകളില്‍ ഒരു മിനി തിയേറ്റര്‍ ഒരുക്കുന്ന ആര്‍ക്കിടെക്ചര്‍ ആശയങ്ങളിലേക്ക് കൂടി മാറുന്നുണ്ട്. വീടിനൊപ്പം തിയേറ്റര്‍ എന്ന സങ്കല്പ്പത്തിലേക്ക് മലയാളികള്‍ വരുന്നു.
ഒടിടി പ്ലാറ്റ്ഫോമുകള് നിര്‍മ്മിക്കുന്ന പുതിയ ആസ്വാദന ഇടത്തിലേക്ക് മലയാളത്തിലെ മുന്‍നിര അഭിനേതാക്കള്‍ വന്നു കഴിഞ്ഞുവെങ്കിലും നടൻ പൃഥ്വിരാജ് ആദ്യമായാണ് തന്റെ ഒരു സിനിമയുമായി എത്തുന്നത്. മോഹൻലാലിനെ നായകനാക്കി അദ്ദേഹം ഓടിടിക്കു വേണ്ടി ഒരു സിനിമയും സംവിധാനം ചെയ്യുന്നുണ്ട്.
‘കോള്‍ഡ് കേസ്’ പ്രതീക്ഷിച്ച പോലെ നിലവാരം പുലര്‍ത്തിയോ എന്ന സംശയത്തില്‍ തുടങ്ങാം. പരസ്യ ചിത്രങ്ങളിലും സംഗീത ആൽബങ്ങളിലും പ്രാവീണ്യം തെളിയിച്ച തനു ബാലക് എന്ന സംവിധായകന്റെ ആദ്യ സിനിമ എന്ന പരിമിതിയെ മാനിച്ചു കൊണ്ട് കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുന്നില്ല. കോവിഡിന്റെ കാലത്തെ ഷൂട്ടിംഗ് പരിമിതികളും കണക്കിലെടുക്കാം.
മുകളില്‍ പറഞ്ഞതുപോലെ ‘ഭാര്‍ഗവീ നിലയം,’ ‘യക്ഷി ‘തുടങ്ങിയ സിനിമകളുടെ സൂപ്പര്‍ നാച്ചുറൽ ചിന്തകള്‍ പുതുകാല സിനിമകളെയും സ്വാധീനിക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കണം എന്നു മാത്രം.
പ്രേക്ഷകനെ ബോറടിപ്പിക്കില്ല എന്നതു കൊണ്ടു മാത്രം ഒരു ചലച്ചിത്രത്തെ മികച്ച സൃഷ്ടിയായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. തീര്‍ച്ചയായും ‘കോള്‍ഡ് കേസ്’ പ്രേക്ഷകനെ ബോറടിപ്പിക്കില്ല. പക്ഷേ ധാരാളം പരിമിതികളിലാണ് ഈ ചിത്രം പെട്ടുകിടക്കുന്നത് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ഒന്നിലധികം ഹോളിവുഡ് സിനിമകളുടെ വിദൂരവും പ്രത്യക്ഷവുമായ സ്വഭാവം ചില സീനുകളില്‍ പ്രകടമാകുന്നത് വിസ്മരിക്കാന്‍ സാധിക്കില്ല.
കായലില്‍ നിന്നും കിട്ടുന്ന ഒരു തലയോട്ടിയെ ചുറ്റി നില്ക്കുന്ന നിഗൂഢതയില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. ആ കേസ് അന്വേഷിക്കാന്‍ എത്തുന്ന പോലീസ് സംഘത്തിന്റെ തലവനായ സത്യജിത്തില്‍ നിന്നും കഥ അതിന്റെ സൂക്ഷ്മതയെ അന്വേഷിക്കുന്നുണ്ട്. അവസാന പത്തു വര്‍ഷം കേരളത്തിലുണ്ടായ സമാനമായ സംഭവങ്ങളുടെ ചില വാര്‍ത്തകള്‍ കഥക്ക് ആധാരമായിട്ടുണ്ടാകാം. അടുത്തിടെ ഇറങ്ങിയ പല കുറ്റാന്വേഷണ കഥകളിലും ആവര്‍ത്തിക്കുന്ന ക്ലീഷേയായി അതു മാറുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.
കായലില്‍ നിന്നും കണ്ടെത്തിയ ഒരു തലയോട്ടിയെ സംബന്ധിച്ച് കൊച്ചിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ സൂചനകള്‍ മാത്രമല്ല, ചില കൊലപാതകങ്ങളെ തുടര്‍ന്നുണ്ടായ ഗോസ്സിപ്പുകളും തിരക്കഥാകൃത്ത് സിനിമയില്‍ തിരുകി കയറ്റിയിട്ടുണ്ട്. അങ്ങനെ പറയാന്‍ കാരണം കേരളത്തിന്റെ പൊതു ർസമൂഹത്തില് ഈ കഥ പലതരത്തില്‍ ബന്ധിപ്പിച്ചു പോകാവുന്ന അവസരം നല്‍കുന്നുണ്ട് എന്നത് കൊണ്ടാണ്.
കുറ്റാന്വേഷണ സിനിമകളുടെ ഭാഗമായി ഒരു പത്രപ്രവര്‍ത്തകയും മുറ തെറ്റാതെ വന്നിട്ടുണ്ട്. പരമ്പരാഗത കുറ്റാന്വേഷണ കഥകളുടെ ക്രാഫ്റ്റിനെ മറികടക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയായി അവശേഷിക്കുന്നു. ദൃശ്യഭാഷയില്‍ പ്രേക്ഷകനെ ഞെട്ടിക്കുന്ന തരത്തിലുള്ള ചില സീക്വന്‍സുകള്‍ ഉപയോഗിച്ചിരിക്കുന്നതും പുതു സാങ്കേതിക വിദ്യകള്‍ ഒരു പരിധി വരെ ഉപയോഗിച്ചിരിക്കുന്നതും ബോറടിപ്പിക്കുന്നില്ല.
പക്ഷേ കഥയുടെ മികവു കൊണ്ട് ഭയത്തെയോ ജിജ്ഞാസയെയോ സൃഷ്ടിക്കാന്‍ മറന്നു പോയതു പോലെയാണ് സിനിമ അനുഭവപ്പെടുന്നത്. ‘ദി റിംഗ്’ പോലുള്ള ഹോളിവൂഡ് സിനിമകളുടെ സ്വാധീനം സിനിമയില്‍ കാണുന്നു എന്നു കരുതിയാല്‍ തെറ്റു പറയാന്‍ സാധിക്കില്ല. ഒട്ടു മിക്ക കഥാപാത്രങ്ങളും പുതുമുഖ താരങ്ങള്‍ ആയതു കൊണ്ട് അതില്‍ വ്യത്യസ്തത ഉണ്ടെന്നു കരുതാമെങ്കിലും പ്രതീക്ഷിച്ച അഭിനയ മികവ് ഉണ്ടോയോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കേണ്ടി വരും.
കുറ്റാന്വേഷണം, പ്രേതാന്വേഷണം, മനശാസ്ത്രം അങ്ങനെ തൊടാവുന്ന മേഖലകളെ ഒക്കെ തൊട്ടു പോകുന്ന ‘കോള്‍ഡ് കേസ്’ പുതുതായി ഒരു വാണിജ്യ സിനിമ എന്നതിനും അപ്പുറം പ്രേക്ഷകന്റെ ബുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. സത്യത്തില്‍ സാധാരണ പ്രേക്ഷകനും അപ്പുറം സിനിമ വളരുന്നില്ല. അശാസ്ത്രീയമായ പല വിഡ്ഢിത്തങ്ങളും യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിക്കുന്നതിലൂടെ സിനിമ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്.

നായക കഥാപാത്രമായിട്ടും പൃഥ്വിരാജിന് പുതിയ അഭിനയ സാധ്യതകള്‍ തുറന്നു കൊടുക്കുന്ന ഒരു വേഷമാണോ സത്യജിത്തിന്റെത് എന്ന കാര്യത്തിലും സംശയമുണ്ട്. അദിതി ബാലനും അനില്‍ നെടുമങ്ങാടും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. മുന്‍ ചിത്രങ്ങളില്‍ എന്ന പോലെ അനില്‍ നെടുമങ്ങാടിന്റെ പോലീസ് വേഷം ആഴത്തില്‍ കാമ്പുള്ള ഒന്നായി മാറുന്നുണ്ട്.
സത്യത്തില്‍ കേരളത്തിന്റെ സാമൂഹിക ജീവിതവും സംഭാഷണ രീതിയും വരെ പുതുമുഖ സംവിധായകന്മാര് പഠിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന കാലം, ചുറ്റുപാട് എന്നിവക്ക് അനുസരിച്ചുള്ള സംഭാഷണങ്ങളും ശൈലികളും രൂപപ്പെടുത്താന്‍ അവര്‍ക്ക് കഴിയണം. സിനിമ നിര്‍മിക്കുന്ന ഒരു യാഥാര്‍ഥ്യത്തിനും അപ്പുറമുള്ള ചിലതിനെ കണ്ണും പൂട്ടി അനുകരിക്കുന്നതായി തോന്നുന്നുണ്ട്.
തലയോട്ടിയില്‍ തുടങ്ങി ഇവാ മരിയയിലും അതിനും അപ്പുറം സകലമാന വിഷയങ്ങളിലും ചുറ്റിതിരിയുന്നതിലൂടെ ദൃശ്യപരമായ തുടര്‍ച്ച നല്കുന്നു എന്നതിനും അപ്പുറം ബൗദ്ധികമായ ഒന്നും ‘കോള്‍ഡ് കേസ്’ നല്‍കുന്നില്ല. സംഭാഷണങ്ങളിലും പലതരം അപാകതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും സംവിധായകന്റെയും അണിയറ പ്രവര്‍ത്തകരുടെയും ഈ പാന്‍ഡമിക്ക് കാലത്തെ ഊര്‍ജ്ജത്തെ തള്ളിക്കളയാന്‍ സാധിക്കില്ല. ഇവാ മരിയയുടെ തിരോധാനം ഒരുവിധത്തില്‍ പ്രേക്ഷകനെ പിടിച്ചിരുത്തും എന്ന് പ്രത്യാശിക്കാം. യുക്തിയും യുക്തിയില്ലായ്മയും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നതു പോലെ തന്നെ ചിത്രത്തിന്റെ മൊത്തം ഘടനയിലും ബാധകമാകുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
എന്തു തന്നെയായാലും സിനിമാ പ്രേമികളെയും അഭിനേതാക്കളുടെ ഫാന്സിനെയും ഒരളവു വരെ ‘കോള്‍ഡ് കേസ്’ രസിപ്പിക്കും. ഒരു സാധാരണ സിനിമ എന്ന നിലയില്‍ അതിന്റെ പ്രസക്തി നിലനില്ക്കും എന്നു തന്നെയാണ് നിരീക്ഷിക്കുന്നത്. സംവിധായകന് തനു ബാലക്ക് തന്റെ ആദ്യ സിനിമയില്‍ തന്നെ വലിയൊരു തീം മുന്നോട്ടു വയ്ക്കാന്‍ കാണിച്ച ധൈര്യം എടുത്തു പറയാതെ വയ്യ. അടച്ചിടലിന്റെ ഈ കാലത്ത് നിര്‍മ്മിക്കപ്പെടുന്ന ഏതൊരു സിനിമക്കും ചരിത്രപരമായ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ ‘കോൾഡ് കേസ്’ ഉൾപ്പടെയുള്ള ഓടിടി റിലീസുകള്‍ നൂറു വര്‍ഷത്തെ സിനിമാ ചരിത്രത്തിൽ നിലനിലപ്പിന്റെ, അതിജീവനശ്രമങ്ങളുടെ കൈയ്യൊപ്പ് പതിപ്പിക്കും. സിനിമ കൊള്ളാമോ എന്ന് ചോദിക്കണമെങ്കിൽ സിനിമയുണ്ടാവുക വേണമല്ലോ.