Churuli Movie Review: ചുരുളഴിയാത്ത ‘ചുരുളി’

Churuli Movie Review: ദൃശ്യ ശബ്ദ പരീക്ഷണങ്ങളിലൂടെ വിചിത്രവും ഭാവനസാധ്യതയുള്ളതുമായ ഒരു കാഴ്ച മണ്ഡലം പ്രേക്ഷകരിലേക്ക് തുറന്നിടുന്നുണ്ട് ലിജോ.

ചുരുളി റിവ്യൂ, Churuli review, Churuli rating, Churuli movie review, Churuli film review, ചുരുളി റിവ്യൂ, Lijo Jose Pellissery, Lijo Jose Pellissery churuli, ie malayalam, ഐഇ മലയാളം, Churuli full movie

Lijo Jose Pellissery‘s Churuli Malayalam Movie Review & Rating: സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചലച്ചിത്ര യാത്ര പരിചയമുള്ള ഒരു പ്രേക്ഷകന് അദ്ദേഹത്തിന്‍റെ ചിത്രം കാണാനിരിക്കുമ്പോൾ ഒരു പ്രതീക്ഷയുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഭ്രാന്തമായ ഒരു പ്രവചനാതീത അനുഭവം അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമ്മാനിക്കുമെന്നുള്ളത്. ‘ചുരുളി’ എന്ന പുതിയ ചിത്രം രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷം ഓ ടി ടി വഴി പ്രേക്ഷകരിലേക്കെത്തുമ്പോൾ, ദുർഗ്രഹമായ ആശയങ്ങളെ പോലും ദൃശ്യഘടനയിലേക്കു ആവാഹിക്കാനുള്ള ലിജോ എന്ന സംവിധായകന്‍റെ ധൈര്യവും കഴിവും പ്രശംസിക്കാതിരിക്കാനാവില്ല.

അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളായ ‘ജെല്ലിക്കെട്ട്,’ ‘ഈ മ യൗ,’ ‘അങ്കമാലി ഡയറീസ്,’ ‘ഡബിൾ ബാരൽ’ മുതലായ ചിത്രങ്ങൾ സമ്മാനിച്ച പരീക്ഷണാത്മകവും കൗതുകകരവുമായ കാഴ്ച അനുഭവങ്ങളും, ആഖ്യാനശൈലിയും, തികച്ചും ‘വൈൽഡ്’ എന്ന് പറയാവുന്ന കഥയും കഥാപാത്രങ്ങളും , ശബ്ദ സാങ്കേതികതയുടെ ഉപയോഗവുമെല്ലാം ‘ചുരുളി’യിലെത്തുമ്പോൾ, സംവിധായകന്‍റെ തന്നെ ഭാവന പരിധിയെ വെല്ലുവിളിക്കുന്ന തരത്തിലെത്തുന്നുണ്ട് . സ്വന്തം ശൈലികൾ തന്നെ പൊളിച്ചെഴുതാൻ മടിയില്ലാത്ത, അഭിനിവേശത്തോടെ പരീക്ഷണങ്ങൾക്കു മുതിരാൻ മടിയില്ലാത്ത സംവിധായകനാണ് താനെന്നു തെളിയിച്ച സംവിധായകനാണ് ലിജോ. എന്നിരുന്നാലും അദ്ദേഹത്തിന്റെ മുൻ ചിത്രമായ ‘ജെല്ലിക്കെട്ടു’മായി പല സാമ്യതകളും ‘ചുരുളി’യിൽ കാണാൻ സാധിക്കും. ‘ജെല്ലിക്കെട്ട്’ മലയാളികൾക്ക് അത് വരെ കണ്ടിട്ടില്ലാത്ത തരം ഒരു ഒരു ദൃശ്യാനുഭവം നല്‍കി. ‘ചുരുളി’യിലും ദൃശ്യ ശബ്ദ പരീക്ഷണങ്ങളിലൂടെ വിചിത്രവും ഭാവനസാധ്യതയുള്ളതുമായ ഒരു കാഴ്ച മണ്ഡലം പ്രേക്ഷകരിലേക്ക് തുറന്നിടുന്നുണ്ട് ലിജോ.

എന്നാൽ ദൃശ്യകലയുടെ ഒരു പരീക്ഷണശാലമാത്രമാണോ സിനിമ എന്നൊരു ചോദ്യം ഇവിടെ ഉയർന്നേക്കാം. പ്രത്യേകിച്ച് ‘ജെല്ലിക്കെട്ട്,’ ‘ചുരുളി’ തുടങ്ങിയ സിനിമകൾ പറയാൻ ശ്രമിക്കുന്ന ചില കാര്യങ്ങൾ പല തരത്തിൽ വ്യാഖ്യാനിക്കപെടാമെന്നിരിക്കെ. ‘ജെല്ലിക്കെട്ടി’ൽ മനുഷ്യൻ ആത്യന്തികമായി ഒരു മൃഗമാണെന്ന് പറയാൻ ശ്രമിക്കുമ്പോൾ, ‘ചുരുളി’യിൽ മനുഷ്യരെല്ലാവരും ആത്യന്തികമായി അധമരും കുറ്റവാളികളുമാണെന്നുള്ള ഒരു സങ്കൽപം സൃഷ്ടിക്കുന്നുണ്ട്. ‘മനസ്സിലെങ്കിലും കൊല്ലാനോ, ബലാത്സംഗം ചെയാനോ ആഗ്രഹിക്കാത്തവർ ആരെങ്കിലുമുണ്ടോ?’ എന്നു വരെ ‘ചുരുളി’യിലെ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്. വിശക്കുമ്പോൾ കൊന്നു തിന്നുക, കാമം തോന്നുമ്പോൾ ബലാത്സംഗം ചെയുക, ആഹാരത്തിനും ഇണക്കുമായി തമ്മിൽ പോരാടി മരിക്കുക എന്നീ പ്രാകൃതമായ മൃഗതുല്യ ബോധമാണ് പെല്ലിശ്ശേരിയുടെ കഥാപാത്രങ്ങളെ ഈ രണ്ടു ചിത്രങ്ങളിലും നയിക്കുന്നത്.

ആധുനിക മനുഷ്യൻ അനുഭവിക്കുന്ന ആത്മീയ ശൂന്യതയുടെ, ആത്യന്തികമായ നിരർത്ഥകതയുടെ പ്രതിഫലനമാകാം ഇത്തരം കഥയിലൂടെയും, കഥാപാത്രങ്ങളിലൂടെയും സൃഷ്ടിക്കുന്നത് .’ദൈവം മരിച്ചു, നമ്മൾ അയാളെ കൊന്നു ‘ എന്ന് പറഞ്ഞ മഹാനായ തത്വചിന്തകൻ ഫ്രഡറിക് നീറ്റ്ഷെയ് ഉദ്ദേശിച്ചത്‌ ഈ ആത്മീയ ശൂന്യതയിൽ നിന്നുയർന്ന മനുഷ്യന്‍റെ ക്രൂരതയെ പറ്റിയാകണം. ഇത്തരത്തിൽ ലോകദ്വേഷമായ, ആശയറ്റ ലോകവീക്ഷണത്തെ, മനുഷ്യന്റെ പൈശാചിക ചോദനയുടെ വ്യാപ്തി കാണിക്കുന്ന ‘ദി പ്ലാറ്റ്‌ഫോം ‘ (2019) എന്ന സ്പാനിഷ് ചിത്രം പോലും പക്ഷേ സ്നേഹവും, സഹാനുഭൂതിയും ക്ഷമയുമെല്ലാം കൂടി ഉൾപ്പെട്ടതാണ് മനുഷ്യൻ എന്ന് സമര്‍ത്ഥിക്കുന്നുണ്ട് . എന്നാൽ മാനവികതയെ തന്നെ നിലനിർത്തുന്ന ശാസ്ത്രബോധവും, ചരിത്ര ബോധവും, വികാരങ്ങളും, ഓർമകളും ഒക്കെയുള്ള, തന്നെ തന്നെ പുനർനിര്‍മ്മിക്കാനും പുനർനിർവചിക്കാനും കഴിവുള്ള ഒരു ജീവി കൂടിയാണ് മനുഷ്യനെന്ന് തോന്നിപ്പിക്കുന്ന ഒന്നും കാട്ടു നീതിയിൽ അഭിരമിക്കുന്ന പെല്ലിശ്ശേരിയുടെ കഥാപാത്രങ്ങൾക്ക് ബാധകമല്ല. പതിവു പോലെ തന്നെ സ്ത്രീ കഥാപാത്രങ്ങൾക്ക് തീരെ പ്രാധാന്യമില്ലാത്ത കാഴ്ചപരിസരങ്ങളാണ് ‘ചുരുളി’യിലും.

മാടനെ പിടിക്കാൻ കാട്ടിൽ പോകുന്ന നമ്പൂതിരിയുടെ കഥ ഒരു കാർട്ടൂണിലൂടെ പറഞ്ഞു കൊണ്ടാണ് ‘ചുരുളി’ തുടങ്ങുന്നത്. മാടനെ പിടിക്കാൻ പോകുന്ന നമ്പൂതിരി വഴിയിൽ പന്ത് പോലെ കിടക്കുന്ന ഈനാംപേച്ചിയെ എടുത്ത് കുട്ടയിലിടുന്നു, പിന്നെ ഈനാംപേച്ചി പറയുന്ന വഴിയിലൂടെയെല്ലാം നമ്പൂതിരി കാട്ടിലൂടെ അന്തമില്ലാതെ അലഞ്ഞു നടന്നു, തലയിൽ മാടനാണെന്നു അറിയാതെ… ഈ യക്ഷിക്കഥയാണ് ‘ചുരുളി’യുടെ സത്ത.

പേരിൽ കൂടുതൽ ഒരു വിവരവും ലഭ്യമല്ലാത്ത ഒരു പിടികിട്ടാപുള്ളിയെ പിടിക്കാൻ പോലീസുകാരായ ആന്റണി, ഷാജീവൻ എന്നിവർ വേഷം മാറി ‘ചുരുളി’ എന്ന കൊടുംകാട്ടിനുള്ളിലേക്ക് വരുന്നത് മുതൽ നിഗൂഢമായ യാത്ര തുടങ്ങുകയായി. കുടുംബത്തിന്‍റെ ബാധ്യതകളൊന്നുമില്ലാതെ അരാജകത്വ മനോഭാവമുള്ള പോലീസുകാരനായാണ് ചേംമ്പൻ വിനോദ് അവതരിപ്പിക്കുന്ന ആന്റണി എന്ന കഥാപാത്രം വരുന്നതെങ്കിൽ, നിഷ്കളങ്കനായ നിയമഭയമുള്ളവനുമായാണ് ഷാജീവൻ എന്ന വിനയ് ഫോർട്ട് ചെയുന്ന കഥാപാത്രത്തിന്‍റെ ഭാവം.

‘ചുരുളി’യെന്ന കാടിന്റെ ഉള്ളിലുള്ള ഒറ്റപ്പെട്ട ഗ്രാമത്തിലേക്ക്, ‘നരകത്തിലോട്ട് ഷട്ടിലടിക്കുന്ന ശകടം’ എന്ന് ആന്റണി പറയുന്ന, പഴകി തുരുമ്പിച്ച ഒരു ജീപ്പിൽ അവർ യാത്രയാകുന്നു. തുടക്കത്തിൽ വളരെ നിഷ്കളങ്കവും സൗഹൃദപരവുമായി പെരുമാറിയ ജീപ്പ് ഡ്രൈവറുടെയും മറ്റു യാത്രക്കാരുടെയും സ്വഭാവം, ചുരം കേറി ദുഷ്കരമായ ഒരു തടിപ്പാലം കടക്കുന്നതോടു കൂടി മാറുന്നു. തുടർന്ന് സിനിമയിൽ അതിഹിംസാത്മകമായ ഭാവത്തിലുള്ള തെറിയുടെ ഭാഷയാണ് ഉപയോഗിക്കുന്നത്. തന്റെ മുന്‍ ചിത്രങ്ങളിൽ ദൃശ്യങ്ങളിലൂടെയാണ് ഹിംസാത്മകവും അക്രമാസക്തവുമായ ലോകം സൃഷ്ടിച്ചതെങ്കിൽ, കേട്ടാൽ അറയ്ക്കുന്ന തെറിയിലൂടെയാണ് പെല്ലിശ്ശേരി ‘ചുരുള’യിലെ മനുഷ്യ ഹിംസാത്മകതയെ ആവിഷ്കരിച്ചിരിക്കുന്നത്.

മനുഷ്യ നിർമിതമായ സംസ്കാരവും മൂല്യവും അന്യമായ, പ്രാകൃതമായ, നരകമെന്നു തോന്നിപ്പിക്കും വിധമുള്ള ജീവിത ശൈലിയും സംസാരവും എല്ലാം ‘ചുരുളി’യിലെ ഒന്നിനെയും ഭയക്കാനില്ലാത്ത, തികച്ചും വന്യമായ, അരാജകമായ ഒരു അവസ്ഥയെ കാണിക്കുന്നുണ്ട് . തുടർന്ന് ‘ചുരുളി’യിൽ ആകെയുള്ള ചാരായ ഷാപ്പിൽ കള്ളുകുടിച്ചും പുലഭ്യം പറഞ്ഞും തല്ലുകൂടിയും ആന്റണിയുടെയും ഷാജീവന്റെയും അന്വേഷണം പുരോഗമിക്കുമ്പോൾ, നിഗൂഢതകൾക്ക് ആഴം കൂടുക മാത്രമാണ് ചെയുന്നത് . ‘ചുരുളി’യിലെ മനുഷ്യരെ പോലെ തന്നെ ആത്മീയമായ ശൂന്യതയിൽ നിന്ന് ഉത്ഭവിക്കുന്ന ഏറ്റവും ക്രൂരമായ വിനോദങ്ങൾ തന്നെയാണ് ആന്റണിയും ഷാജീവനും ആഗ്രഹിക്കുന്നത് എന്ന് പല വിചിത്രമായ സംഭവങ്ങളിലൂടെ ചിത്രം കാണിക്കന്നുണ്ട് . തുടർന്ന് പല മായകാഴ്ചകളും, അനിർവ്വചനീയ മുഹൂർത്തങ്ങളും, സ്വപ്നതുല്യമായ ദൃശ്യഭാവനയും കൊണ്ട് ചിത്രം പ്രേക്ഷകരെ ഉത്തരങ്ങളിലാത്ത ഒരു ചുഴിയിലേക്കു കറക്കി വിടുന്നു.

പ്രേക്ഷകന്‍റെ കാഴ്ചശീലങ്ങളെ വെല്ലുവിളിക്കുന്ന പല തരത്തിലുള്ള പരീക്ഷണങ്ങൾ ലിജോ ഈ ചിത്രത്തിലും ആവർത്തിച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ട് മാറി മറിയുന്ന ‘സൂപ്പർ ഇമ്പോസ്ഡ്’ ദൃശ്യങ്ങളും, അതിൽ തന്നെ ‘സൈക്കഡലിക് എഫക്ടു’ള്ള ഡിജിറ്റൽ ആർട്ടുമൊക്കെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ആരി ആസ്റ്റർ സംവിധാനം ചെയ്ത, നിരൂപക പ്രശംസ നേടിയ ഹൊറർ ചിത്രം ‘മിഡ്‌സോമാർ’-നെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. തികച്ചും അപരിചിതവും വിചിത്രവും ക്രൂരവുമായ ആചാരങ്ങള്‍ നിലനിൽക്കുന്ന ഒറ്റപ്പെട്ട സാങ്കല്പിക ഗ്രാമത്തിൽ എത്തിപ്പെടുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ‘മിഡ്‌സോമാർ’ പറയുന്നത്. ക്രൂരവും പ്രാകൃതവുമായ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ആ ഗ്രാമത്തിലെ റാണി തന്നെയായി അവസാനം ആ പെൺകുട്ടി മാറുന്നു. ആന്റണിയും ഷാജീവനും ‘ചുരുളി’യിലെ പ്രാകൃത മനുഷ്യരായി മാറുന്നത് പോലെ.

ചുരുളി റിവ്യൂ, Churuli review, Churuli rating, Churuli movie review, Churuli film review, ചുരുളി റിവ്യൂ, Lijo Jose Pellissery, Lijo Jose Pellissery churuli, ie malayalam, ഐഇ മലയാളം, Churuli full movie

കഥയ്ക്കോ ആശയങ്ങൾക്കോ വേണ്ടിയുള്ള കഥാപാത്രങ്ങളാണ് ലിജോ ചിത്രങ്ങളുടെ പ്രത്യേകത. കഥാപാത്രത്തിൽ നിന്നുണ്ടാവുന്ന കഥയല്ല, കഥയിൽ ഉണ്ടാവുന്ന കഥാപാത്രങ്ങളാണ് ‘ജെല്ലിക്കെട്ട്,’ ‘ചുരുളി’ പോലെയുള്ള പെല്ലിശ്ശേരി ചിത്രങ്ങളിൽ കാണാനാവുക. ചെമ്പൻ വിനോദും വിനയ് ഫോർട്ടും ചെയ്ത മുഖ്യ കഥാപാത്രങ്ങൾ ലോങ്ങ് ഷോട്ടുകളിൽ പോലും അവരുടെ ശരീരഭാഷയും, ഭാവങ്ങളും സന്ദര്‍ഭത്തിനനുസരിച്ച് സൂക്ഷ്മമായി കൈകാര്യം ചെയുന്നുണ്ട്. ജാഫർ ഇടുക്കി ചെയ്ത ചാരായ കടക്കാരന്റെ വേഷവും എടുത്തു പറയേണ്ടതാണ്. ജോജു ജോർജ്, ലുക്മാൻ, സൗബിൻ ഷാഹിർ എന്നിവരും ചെറുതെങ്കിലും ഓർത്തിരിക്കാവുന്ന കഥാപാത്രങ്ങളായി ചിത്രത്തിൽ വരുന്നുണ്ട്.

‘ചുരുളി’യിലെ മറ്റു കഥാപാത്രങ്ങളെലാം തന്നെ ജെല്ലിക്കെട്ടിനു സമാനമായി ആൾ കൂട്ടത്തിലെ മുഖങ്ങളാണ്. രംഗനാഥ് രവിയുടെ ശബ്ദാലങ്കാരവും, മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവും പെല്ലിശ്ശേരിയുടെ ഭാവന ലോകത്തിന് മാന്ത്രികത കൈവരിക്കാൻ മുതല്കൂട്ടാവുന്നുണ്ട്. വിനോയ് തോമസിന്റെ കഥയ്ക്ക് എസ് ഹരീഷാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Read more: ഈ ആഴ്ചയിൽ റിലീസിനെത്തിയ ചിത്രങ്ങളുടെ റിവ്യൂ താഴെ വായിക്കാം

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Churuli malayalam movie review rating lijo jose pellissery

Next Story
Kurup Malayalam Movie Review & Rating: കൈയ്യടക്കത്തോടെ ദുൽഖർ, കത്തിക്കയറി ഇന്ദ്രനും ഷൈനും; ‘കുറുപ്പ്’ റിവ്യൂKurup review, Kurup rating, Kurup movie review, Kurup film review, കുറുപ്പ് റിവ്യൂ, Dulquer Salmaan kurup, Kurup first response, Kurup theatre response, Dulquer Kurup, DQ kurup, ie malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com