Christmas Release Films in Malayalam: Valiyaperunnal, Prathi Poovankozhi, Driving License, Thrissur Pooram, Mamangam, Stand Up Movie Review: വലിയ പെരുന്നാൾ’, ‘പ്രതി പൂവൻകോഴി’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘തൃശൂർ പൂരം’, ‘മാമാങ്കം’ എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് ഈ ക്രിസ്‌മസ് കാലത്ത് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. മഞ്ജുവാര്യർ, മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ഷെയ്ൻ നിഗം തുടങ്ങിയ താരങ്ങളുടെയെല്ലാം ചിത്രങ്ങൾ ഈ ക്രിസ്മസ് സമയത്ത് തിയേറ്ററുകളിലുണ്ട്.  ജ്യോതിക- കാർത്തി ടീമിന്റെ ‘തമ്പി’, സൽമാൻ ഖാൻ ചിത്രം ‘ദബാങ്ങ് 3’ എന്നിവയാണ് ഇപ്പോൾ തിയേറ്ററുകളിലുള്ള ഇതരഭാഷാ ചിത്രങ്ങൾ.

Valiyaperunnal Review: ഷെയ്ൻ തിളങ്ങുന്ന ‘വലിയ പെരുന്നാൾ’

ഒരു സ്വർണ കവർച്ചയും അതിന്റെ പുറകിലെ രഹസ്യങ്ങളും അതിന്റെ പിന്നിലുള്ളവരുടെ കഥകളുമൊക്കെ വളരെ രസകരമായി പറയുന്ന സിനിമയാണ് നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്ത ‘വലിയ പെരുന്നാള്‍’. ഷെയിൻ നിഗം, ജോജു ജോർജ്, ഹിമിക ബോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഫോർട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും പശ്ചാത്തലത്തിലാണ് വികസിക്കുന്നത്.

സ്വന്തമായി നല്ലൊരു വീടെന്ന സ്വപനമായി നടക്കുന്ന മട്ടാഞ്ചേരിയിലെ ആക്കർ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ഇന്ന് മലയാളത്തില്‍ ഷെയ്ൻ എന്ന നടനല്ലാതെ അക്കർ എന്ന കഥാപത്രം ചെയ്യാൻ വേറൊരാളെയും സങ്കല്പിക്കാൻ പറ്റില്ല. എത്ര തല്ലികെടുത്തിയാലും അണയാതെ, ജീവിതത്തിന്റെയും പ്രണയത്തിന്റെയും തീ ഉള്ളിൽ കൊണ്ട് നടക്കുന്ന അക്കർ എന്ന കഥാപാത്രത്തെ ഷെയ്ൻ അനായാസം അവതരിപ്പിച്ചിട്ടുണ്ട്. പുതുമുഖ നടി ഹിമിക ബോസും പൂജ എന്ന ആക്കറിന്റെ കാമുകിയുടെ കഥാപാത്രത്തെ മികവുറ്റതാക്കി.

സ്വർണ കടത്തു പിടിക്കാൻ പുറകെ കൂടുന്ന പോലീസുകാർക്കുള്ളിലെ കള്ളക്കഥകളും വഞ്ചനയുമെല്ലാം പറയുമ്പോൾ തന്നെ, എങ്ങനെയാണു ക്രിമിനലുകളെ സാമൂഹിക നിയമ സംവിധാനങ്ങൾ നിർമിക്കുന്നതെന്നും ചിത്രം ആക്ഷേപ ഹാസ്യത്തിന്റെ രൂപത്തിൽ കാണിക്കുന്നുണ്ട്. ഡിമൽ ഡെന്നിസ് എന്ന സംവിധായകൻ തന്നെയാണ് ‘വലിയ പെരുന്നാളിന്റെ’ നായകൻ. റിയലിസ്റ്റിക് ആയ ആഖ്യാനരീതിയാണ് തോന്നുമെങ്കിലും, ചിലപ്പോഴൊക്കെ വളരെ സർറിയലായ രംഗങ്ങളും പരീക്ഷണചിത്രത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളും സിനിമയിലുണ്ട്. സംഭവ ബഹുലമായ ഒരു പ്രമേയത്തെ വ്യത്യസ്തമായ ആഖ്യാന രീതികൊണ്ട് അടയാളപ്പെടുത്തുന്ന ചിത്രമാണ് ‘വലിയ പെരുന്നാള്‍.’

Read more: Valiyaperunnal Movie Review: ഷെയിന്‍ നിഗം തിളങ്ങുന്ന ‘വലിയ പെരുന്നാള്‍’ റിവ്യൂ

Prathi Poovankozhi Movie Review: പൂവൻകോഴിയെ ഓടിച്ചിട്ട് കൊത്തുന്ന പിടക്കോഴിയുടെ കഥയുമായി ‘പ്രതിപൂവൻകോഴി’

മഞ്ജു വാര്യരുടെ അഭിനയ മികവു കൊണ്ടും റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന മികവു കൊണ്ടും മികച്ച ഒരനുഭവം സമ്മാനിക്കുകയാണ് ‘പ്രതി പൂവന്‍കോഴി’. ഒരു സ്ത്രീപക്ഷ സിനിമയെന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. ഒരു തുണിക്കടയിലെ തൂപ്പുകാരിയായ ഷീബ, റോസ്സമ്മ, മാധുരി എന്നിവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷന്മാര്‍ അവരുടെ ജീവിതത്തില്‍ തന്നെയുണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ അടിസ്ഥാനം. ആ ജീവിതത്തില്‍ നിന്നും പുതിയ കഥകളും കഥാ പരിസരങ്ങളും ഉണ്ടാകുന്നു. മാധുരിയായി മഞ്ജു വാര്യരും ഷീബയായി ഗ്രേസ്സ് ആന്‍റണിയും റോസമ്മയായി അനുശ്രീയുമാണ് വേഷമിടുന്നത്. മൂന്നു സ്ത്രീകളും മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നത്.

സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ്സ് തന്നെ ആന്റ്റപ്പന്‍ എന്ന വില്ലന്‍ കഥാ പാത്രമായി ക്യാമറക്ക് മുന്നിലെത്തുന്നു എന്നതാണ് ‘പ്രതി പൂവന്‍കോഴി’യിലെ ഒരു സസ്പെന്‍സ്. സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും തിളങ്ങുകയാണ് റോഷൻ ആൻഡ്രൂസ്. സമൂഹം നിര്‍മിച്ച കപടമൂല്യങ്ങളില്‍ തൂങ്ങിയാടുന്ന സ്ത്രീകളുടെ ജീവിതത്തെയും അവരുടെ പ്രതിരോധത്തെയുമാണ് സംവിധായകനും തിരക്കഥാകൃത്തും ചിത്രത്തിലൂടെ തുറന്നു കാണിക്കുന്നത്.

Read more: Prathi Poovankozhi Movie Review: പിടക്കോഴി തിരിഞ്ഞു കൊത്തുമ്പോള്‍: ‘പ്രതി പൂവന്‍കോഴി’ റിവ്യൂ

Driving License Movie Review: താരവും ആരാധകനും ഏറ്റുമുട്ടുന്ന ‘ഡ്രൈവിങ് ലൈസന്‍സ്’

വലിയ ലോജിക് ഒന്നുമില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് കൂട്ടുക്കെട്ടിന്റെ ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രം. സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു ആവറേജ് എന്റർടെയ്നർ​ ആണ് ചിത്രമെന്നു പറയാം.

ഡ്രൈവിങ് ലൈസന്‍സില്ലാത്ത സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രന്‍, ആയിരക്കണക്കിന് ആരാധകരുള്ള താരമാണ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കുരുവിള അയാളുടെ കടുത്ത ആരാധകരില്‍ ഒരാളും. എന്നിട്ടും സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രന് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ചില പ്രയാസങ്ങൾ നേരിടുകയാണ്. ഡ്രൈവിങ് ലൈസന്‍സിന് വേണ്ടിയുള്ള ഹരീന്ദ്രന്റെ ശ്രമങ്ങളും അതില്‍ കുരുവിള ഇടപെടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ ആദ്യം മുതല്‍ പറയുന്നത്. അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ സൂപ്പര്‍താരത്തിനും ആരാധകനും ഇടയില്‍ ഉണ്ടാകുന്നു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നു. അതിനിടയിലേക്ക് കടന്നു വരുന്ന ചില കഥാപാത്രങ്ങള്‍. ഇതാണ് ഒറ്റനോട്ടത്തില്‍ ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന സിനിമ.

മുന്‍പും ചെയ്തിട്ടുള്ള മാനറിസങ്ങളുമായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍. എങ്കിലും, വളരെ പക്വമായി തന്നെ ആ കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചു. ഇമോഷണല്‍ സീനുകള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള പൃഥ്വിരാജിന്റെ കഴിവ് ‘ഡ്രൈവിങ് ലൈസന്‍സിലും’ പ്രകടമാണ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുരുവിളയായാണ് സുരാജ് വേഷമിടുന്നത്. ഏത് കഥാപാത്രവും തന്റെ കയ്യില്‍ സുരക്ഷിതമാണെന്ന് സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ്. പൃഥ്വിരാജിനൊപ്പമുള്ള സുരാജിന്റെ കോംബിനേഷന്‍ സീനുകളും മികച്ചു നിൽക്കുന്നുണ്ട്.

ഹണി ബീ’ എന്ന ഹിറ്റ് സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലാല്‍ ജൂനിയറാണ് ‘ഡ്രൈവിങ് ലൈസന്‍സ്’ സംവിധാനം ചെയ്തിരിക്കുന്നത്. എന്റർടെയ്‌നർ എന്ന നിലയില്‍ മാത്രം ‘ഡ്രൈവിങ് ലൈസന്‍സിനെ’ സമീപിച്ച ലാല്‍ ജൂനിയര്‍ ഒരു പരിധി വരെ അതില്‍ വിജയിക്കുന്നു. പല സീനുകളും വളരെ നാടകീയമാക്കിയതാണ് ചിത്രത്തിന്റെ പോരായ്മയായി തോന്നുന്ന ഒരു കാര്യം.

Read more: Driving License Movie Review: താരവും ആരാധകനും ഏറ്റുമുട്ടുമ്പോള്‍:’ഡ്രൈവിങ് ലൈസന്‍സ് റിവ്യൂ

Thrissur Pooram Movie Review: വിരസമായ ‘തൃശൂർ പൂരം’

പേരിൽ മാത്രം പൂരത്തിന്റെ ആവേശമുള്ള, എന്നാൽ പ്രമേയം കൊണ്ടോ മേക്കിംഗ് കൊണ്ടോ പ്രേക്ഷകരെ തെല്ലും ആവേശം കൊള്ളിക്കാത്ത ഒരു ചിത്രമാണ് ജയസൂര്യയെ നായകനാക്കി നവാഗതനായ രാജേഷ് മോഹനൻ സംവിധാനം ചെയ്ത ‘തൃശൂർ പൂരം’. പുള്ള് ഗിരിയുടെ കുട്ടിക്കാലവും വിവാഹത്തോടെ ക്വട്ടേഷൻ ലൈഫിന് ഇടവേള നൽകിയ ഗിരിയുടെ ഇപ്പോഴത്തെ ജീവിതവുമാണ് ചിത്രം പറയുന്നത്. ഏറെക്കുറെ സമാധാനപരമായ ആ ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിതസംഭവങ്ങളും പ്രതികാരങ്ങളുമൊക്കെയായാണ് കഥ വികസിക്കുന്നത്. വെട്ടും കുത്തും പ്രതികാരവുമൊക്കെയായി പതിവ് ക്വട്ടേഷൻ ചിത്രങ്ങളുടെ ശൈലിയിൽ തന്നെയാണ് പിന്നീടങ്ങോട്ട് കഥയുടെ സഞ്ചാരം.

മാസ് ആക്ഷൻ ചിത്രങ്ങളുടെ പതിവ് ഫോർമുല പിൻതുടരുന്ന ചിത്രമാണ് ‘തൃശൂർ പൂരം’. നായകനെ അവതരിപ്പിക്കുന്നതിൽ മുതൽ അവസാനം വരെ ചിത്രം പിന്തുടരുന്നത് കണ്ടുപഴകിയ പതിവ് ശൈലികൾ തന്നെ. പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത, പ്രേക്ഷകരുമായി മാനസികമായി അടുപ്പം സ്ഥാപിച്ചെടുക്കുന്നതിൽ പരാജയപ്പെടുന്ന കഥയാണ് ചിത്രത്തെ വിരസമാക്കുന്നത്.

മാസ് ലുക്കിലെത്തുന്ന ജയസൂര്യയുടെ സാന്നിധ്യവും ആക്ഷൻ രംഗങ്ങളുമാണ് അൽപ്പമെങ്കിലും സിനിമയെ ലൈവ് ആക്കുന്നത്. വെട്ടാനും കുത്താനും മടിയില്ലാത്ത, ഭാര്യയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ അക്രമങ്ങളിൽനിന്നു മാറിനിൽക്കാൻ ശ്രമിച്ചാലും പെട്ടുപോവുന്ന പുള്ള് ഗിരി എന്ന ഗുണ്ടയെ മികവോടെ അവതരിപ്പിക്കാൻ ജയസൂര്യ ശ്രമിച്ചിട്ടുണ്ട്. നായികയായി എത്തിയ സ്വാതി റെഡ്ഡിയ്ക്ക് ചിത്രത്തിൽ അധികമൊന്നും ചെയ്യാനില്ല. ദുർബലനായ പ്രതിനായകൻ, രണ്ടാം പകുതിയിലെ ഇഴച്ചിൽ, ആക്ഷൻ സീനുകൾ സമ്മാനിക്കുന്ന ആവർത്തന വിരസത എന്നിവയും ചിത്രത്തിന് വിനയാവുകയാണ്.

Read more: Thrissur Pooram Movie Review: മാസ് ആക്ഷൻ ചിത്രങ്ങളുടെ ബോറടിപ്പിക്കുന്ന പതിവ് ഫോർമുല: ‘തൃശൂർ പൂരം’ റിവ്യൂ

Mamangam Movie Review: ചാവേറുകളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശി ‘മാമാങ്കം’

ആദ്യദിവസങ്ങളിലെ സൈബർ ആക്രമണങ്ങളെയും ഡീഗ്രേഡിങ്ങിനെയും അതിജീവിച്ച് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ ‘മാമാങ്കം’. പാടിപ്പഴകി നിറം കെട്ടുപോയ മാമാങ്കകഥകളിലേക്ക് വെളിച്ചം വീശിക്കൊണ്ട് ആരംഭിക്കുന്ന ചിത്രം, സാമൂതിരിയും വള്ളുവനാടും തമ്മിലുള്ള കുടിപ്പകയുടെ ചരിത്രം ഓർമിപ്പിക്കുകയാണ്.

ചാവേർത്തറയിലേക്ക് സാമൂതിരിയുടെ തലയറുക്കാൻ പോയ ചന്ദ്രോത്ത് കുടുംബത്തിലെ മൂന്നു തലമുറയുടെ കഥയാണ് ‘മാമാങ്കം’ പറയുന്നത്. ചാവേർ തറയിൽനിന്ന് ജീവനോടെ രക്ഷപ്പെട്ട, എന്നാൽ അതോടെ വള്ളുവനാട്ടുകാർക്ക് മുഴുവൻ അപമാനമായി മാറിയ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 24 വർഷത്തിനുശേഷം ചന്ദ്രോത്ത് കുടുംബത്തിലെ ഇളംതലമുറക്കാരായ ചന്തുവും അനന്തരവൻ പന്ത്രണ്ടുവയസ്സുകാരൻ ചന്തുണ്ണിയും സാമൂതിരിയുടെ തലയറുക്കാനായി ഇറങ്ങുകയാണ്. ഈ മൂന്നുപേരിലൂടെയാണ് കഥ വികസിക്കുന്നത്.

കഥയുടെ കരുത്ത് തന്നെയാണ് ‘മാമാങ്ക’ത്തിനു ജീവൻ നൽകുന്നതെന്നു പറയാം. വെറുമൊരു പോരാട്ടക്കഥയായി ചുരുക്കാതെ, കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളിലേക്കു കൂടി സഞ്ചരിക്കുന്ന തിരക്കഥ ചിത്രത്തെ പ്രേക്ഷകരോട് അടുപ്പിക്കുന്നുണ്ട്. ഒരു ന്യൂനതയും എടുത്തുപറയാനില്ലാത്ത, കുറ്റമറ്റ കലാസൃഷ്ടിയൊന്നുമല്ല ‘മാമാങ്കം’. എന്നാൽ, മലയാളത്തിന്റെ പരിമിതമായ ബജറ്റിൽ നിന്നുകൊണ്ടൊരുക്കിയ വലിയ ക്യാൻവാസ് ചിത്രമെന്ന രീതിയിൽ അഭിനന്ദനീയമായൊരു ശ്രമം തന്നെയാണ് ‘മാമാങ്കം’. സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ വൃത്തിയായി ചിത്രം അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.

Read more: Mamangam Review: പാടിപ്പതിഞ്ഞ കഥകൾക്കു പിന്നിലെ കാണാക്കാഴ്ചകളുമായി ‘മാമാങ്കം’; റിവ്യൂ

ജ്യോതികയുടെ ‘തമ്പി’യും സൽമാൻ ഖാന്റെ ‘ദബാങ്ങും’

കൈതിയിൽ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ച കാർത്തിയെന്ന പ്രതിഭയെ ഒട്ടും ഉപയോഗപ്പെടുത്താത്ത ചിത്രമാണ് ‘തമ്പി’. പതിവു ക്ലീഷേകളുടെ വഴിയെ സഞ്ചരിച്ച് പ്രേക്ഷകരെ ബോറടിപ്പിക്കുന്ന ചിത്രമാണ് ‘തമ്പി’. കൗമാരകാലത്തിൽ നാട് വിട്ടുപോകുന്ന മകനെ കാത്തിരിക്കുന്ന മാതാപിതാക്കൾ. ഒടുവിൽ അവൻ തിരിച്ചെത്തുന്നതും മറ്റുമാണ് കഥ. പലയാവർത്തിപ്രേക്ഷകർ കണ്ട പ്രമേയം തന്നെയാണ് ചിത്രത്തെ രസംകൊല്ലിയാക്കുന്നത്. കാർത്തി, ജ്യോതിക, സത്യരാജ് എന്നിവരുടെ പെർഫോമൻസും മാത്രമാണ് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നത്.

Read more: Thambi movie review: A solid slow burning thriller in parts

‘ദബാങ്’ ഒന്ന്, രണ്ട് ഭാഗങ്ങളിൽ നിന്നും അധികദൂരമൊന്നും സഞ്ചരിക്കാത്ത ചിത്രമാണ് ‘ദബാങ് 3’. പഴയ അതേ ഫോർമുല, അതേ ട്രീറ്റ്‌മെന്റ്, നായകന്റെ ഹീറോയിസത്തിനും കാര്യമായ മാറ്റങ്ങളൊന്നുമില്ല. വില്ലനു മാത്രമാണ് മാറ്റം. ക്ലീഷേകളുടെ കളിയാണ് ചിത്രമെങ്കിലും കടുത്ത സൽമാൻ ആരാധകർക്ക് കണ്ടിരിക്കാവുന്ന ഒരു ചിത്രമെന്ന പാസ് മാർക്ക് കൊടുക്കാം എന്നുമാത്രം.

Read more: Dabangg 3 movie review: A cringe fest

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook