Latest News

Chola Movie Review: ചോരയിൽ ചാലിച്ച ‘ചോല’: റിവ്യൂ

ജാനുവെന്ന നിസ്സഹായായ, പ്രതീക്ഷകളറ്റ, കുട്ടികളെ പോലെ കരയുകയും ദേഷ്യപ്പെടുകയും ചെയുന്ന പെൺകുട്ടിയായി എത്തിയ നിമിഷ സജയൻ വിസ്മയിപ്പിച്ചു. പുരുഷ അധികാരത്തിന്റെ അഹംഭാവത്തെ തന്റെ അലസമായ ശരീരഭാഷയും പെരുമാറ്റവും കൊണ്ട് ജോജുവും പൂർണതയിൽ എത്തിച്ചു. വിധേയപ്പെടേണ്ടി വരുന്ന ആൺ ഭാവത്തെ അവതരിപ്പിച്ച അഖിൽ എന്ന പുതുമുഖ നടന്റെ അഭിനയവും പ്രശംസനീയമാണ്

review, film review, chola, chola movie review, chola film review, sanal kumar sasidharan, joju george, nimisha sajayan, ചോല, ചോല റിവ്യൂ, സനല്‍ കുമാര്‍ ശശിധരന്‍, നിമിഷ സജയന്‍, സിനിമ റിവ്യൂ

Chola Movie Starring Joju George, Nimisha Sajayan Review:  കാടിന്റെ വന്യതയിൽ നിന്നും നാഗരികതിയിലേക്കും പിന്നെ വന്യതയുടെ മൂർത്തി ഭാവത്തിലേക്കുമുള്ള മൂന്ന് പേരുടെ യാത്രയാണ് ‘ചോല.’ സമകാലിക മലയാളസിനിമയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുതുന്നതിൽ പ്രധാനിയായ സനൽകുമാർ ശശിധരന്റെ നാലാമത്തെ ഫീച്ചർ ഫിലിമാണ് ‘ചോല.’ ജോജു ജോർജ്, നിമിഷ സജയൻ, പുതുമുഖ നടനായ അഖിൽ വിശ്വനാഥ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ‘ചോല’ സനലിന്റെ മുൻപത്തെ സിനിമകൾ പോലെ അതിതീക്ഷണമായ ആഖ്യാനരീതി കൊണ്ടും, അനിശ്ചിതാവസ്ഥയുടെ അന്തരീക്ഷം കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ വേരുറപ്പിക്കുന്ന ദൃശ്യാവിഷ്കാരമാണ്. വെനീസ് ചലച്ചിത്ര മേളയിലായിരുന്നു ‘ചോല’യുടെ ആദ്യ പ്രദർശനം.

 

Chola Movie Review: സനലിന്റെ അവസാന ചിത്രമായ ‘എസ്‌ ദുർഗ്ഗ’യോട് ചേർന്നു നിൽക്കുന്ന പ്രമേയമാണ് ‘ചോല’യുടേതും. പ്രധാന മൂന്ന് കഥാപാത്രങ്ങൾക്കും പ്രത്യേകിച്ചു പേരോ, പശ്ചാത്തലമോ ഒന്നും സിനിമ അടയാളപ്പെടുത്തുന്നില്ലെങ്കിലും, നമ്മുടെയിടയിലോ, വാർത്തകളിൽ വായിച്ചു നമ്മൾ മനസ്സിൽ വരച്ചിട്ട വ്യക്തികളുടെയോ ഒക്കെ രൂപമായി മാറുകയാണ് ‘ചോല’യിലെ കഥാപാത്രങ്ങൾ. ലോക പരിചയമില്ലാത്ത , സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയില്ലാത്ത നിസ്സഹായായ ജാനു എന്ന പെൺകുട്ടിയായി നിമിഷ സജയൻ എത്തുമ്പോൾ, അവളുടെ കാമുകനായി എത്തുന്ന പേരില്ലാത്ത കഥാപാത്രം (അഖിൽ) ബലഹീനനായ, തന്റെ ആശാനോട് വിധേയപ്പെട്ടു നിൽക്കുന്ന ഒരാളാണ്. ജോജു ചെയ്ത ആശാനെന്ന കഥാപാത്രം അതികായകനും, ആൺ അധികാരത്തിന്റെ ഭാവവുമായി ചിത്രത്തിൽ ഉടനീളം ഭീതിയുടെ നിഴലായി നിൽക്കുന്നു.

അഖിൽ ഒരു ദിവസം തന്റെ കാമുകിയുമൊത്തു ആസ്വദിക്കാൻ നഗരത്തിലേക്ക് പോവാൻ ആശാനുമൊത്തു തയാറെടുത്തു നിൽക്കുന്നിടത്തു നിന്നാണ് ചിത്രം തുടങ്ങുന്നത്. എന്നാൽ അപരിചിതനായ ആശാനെ കാണുന്നത് മുതൽ നിമിഷ ചെയുന്ന ജാനു എന്ന കഥാപാത്രം ഭയത്തിന്റെ നിഴലിലാണ്. എന്നാൽ തന്റെ കാമുകന്റെ നിർബന്ധത്തിനു വഴങ്ങി അവൾ യാത്ര തിരിക്കുന്നതോടു കൂടി ‘ചോല’ ഒഴുകുകയായി. ‘എസ്സ് ദുർഗ’യിൽ കമിതാക്കൾ ഇരുട്ടിന്റെ മറവിൽ ഒളിച്ചോടാൻ ശ്രമിക്കുമ്പോൾ അവരെ രക്ഷിക്കാനെന്ന മട്ടിൽ എത്തുന്ന കഥാപാത്രങ്ങൾ പിന്നെ അവരെ മാനസികമായി പീഡിപ്പിക്കുകയും, വീണ്ടും രക്ഷക വേഷം ചമയുകയുമൊക്കെ ചെയുന്ന കാഴ്ചകളാണ് നമ്മൾ കണ്ടതെങ്കിൽ, ആ സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് ‘ചോല’യുടെ ഒഴുക്കും പോകുന്നത്. ‘എസ് ദുർഗ’യിൽ രാത്രിയിലെ ചിതറിയ വെളിച്ചങ്ങളാണ് കാഴ്ചയെങ്കിൽ ‘ചോല’യിൽ കാടും നഗരവുമാണ് കഥാപരിസരങ്ങൾ.

Read Here: തിയേറ്റർ റിലീസ് ഇല്ലാതെ സിനിമകൾ ചെയ്യുന്നതിൽ വല്യ കാര്യമില്ല: സനൽകുമാർ ശശിധരൻ

Image may contain: 1 person, standing, text and outdoor

Chola Movie Review: ഒന്നാം പകുതിയോടു കൂടി ‘ചോല’യുടെ ഒഴുക്കിന്റെ നിയന്ത്രണം ജോജു ചെയുന്ന കഥാപാത്രം ഏറ്റെടുക്കുകയാണ്. ദുർബലനായ തന്റെ ശിഷ്യനെ അടിമയാക്കി മാറ്റി, അവന്റെ കാമുകിയെ നഗരത്തിലെ ഒരു ഇരുണ്ട ലോഡ്ജ് മുറിയിൽ ബലാൽക്കാരമായി പ്രാപിക്കുന്ന രംഗമൊക്കെ, വിദഗ്ദ്ധമായ ദൃശ്യ ഭാവന ഉപോയോഗിച്ച് സംവിധായകൻ കാഴ്ചക്കാരനെ അസ്വസ്ഥനാക്കുന്നുണ്ട്. എന്നാൽ തിരികെ ചെല്ലാൻ ഒരു ഇടമില്ലാത്തതു കൊണ്ടോ, ആരെ വിശ്വസിക്കുമെന്നു അറിയാത്തതു കൊണ്ടോ, നിസ്സഹായത കൊണ്ടുമൊക്കെ ജാനു എന്ന കഥാപാത്രം തന്നെ ശാരീരികമായി ആക്രമിച്ച ആളോട് വിധേയപ്പെടുന്ന പിന്നീടുള്ള കഥാഗതി സ്ത്രീകളുടെ അസ്തിത്ത്വത്തെയാകെ ചോദ്യം ചെയ്യുന്ന, പ്രശ്നവൽക്കരിക്കപ്പെടാവുന്ന, പ്രേശ്നവത്കരിക്കപ്പെടെണ്ട കാഴ്ചയായി മാറുന്നുണ്ട്.

ബലാൽക്കാരമായി, കാമത്തിലൂടെ, ഭയപ്പെടുത്തിയുമൊക്കെ സ്ത്രീക്ക് മേൽ അധികാരം സ്‌ഥാപിച്ചെടുക്കാൻ മത്സരിക്കുന്ന മൃഗങ്ങൾ തന്നെയാണ് പുരുഷനെന്ന കാഴ്ചപ്പാടിനെ വിമര്ശനാത്മകമായി തന്നെ ചോദ്യം ചെയ്യാൻ പറ്റുന്ന സൃഷ്ടിയാണോ ‘ചോല’ എന്നുള്ളത് വരും ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടേക്കും.

മനുഷ്യൻ ആത്യന്തികമായി മൃഗമാണെന്നു പറഞ്ഞു വെച്ച ‘ജെല്ലിക്കെട്ട്’ എന്ന സിനിമയുടെ ചിന്ത ദിശയിൽ തന്നെയാണ് ‘ചോല’യുടെയും സഞ്ചാരം എന്ന് തോന്നിപോകാം ചിത്രം കഴിഞ്ഞു ഇറങ്ങുമ്പോൾ .

സനൽ എന്ന സംവിധായകന്റെ കാഴ്ച രീതി, ദൃശ്യങ്ങളോടുള്ള സമീപനം, റിയലിസ്റ്റിക് – ആമ്പിയന്റ് സെറ്റിംഗ്സ , ലോങ്ങ് ഷോട്സിന്റെ ഉപയോഗം ഇവയെല്ലാം തന്നെ അദ്ദേഹത്തിന്റെ മുൻപിലത്തെ ചിത്രങ്ങളായ ‘ഒഴിവു ദിവസത്തെ കളി’യോടും, ‘എസ് ദുർഗ’യിലുമെന്ന പോലെ ‘ചോല’യിലും പ്രകടമാണ്. തന്റെ ഉള്ളിൽ വസിക്കുന്ന മനുഷ്യർ ഉൾപ്പെടയുള്ള ജീവജാലങ്ങൾ കാട്ടികൂട്ടുന്ന മൃഗീയത നിശബ്ദമായി നിരീക്ഷിക്കുന്ന കറുത്ത കാടും, ചിലപ്പോൾ ഭ്രാന്തമായി കുത്തി ഒലിച്ചും, ചിലപ്പോൾ ശാന്തമായി ഒഴുകുകയുമൊക്കെ ചെയ്യുന്ന കാട്ടു ചോലയുടേയുമൊക്കെ ഭാവങ്ങൾ സനൽ അതീവ തീവ്രതയോട് കൂടി ഈ ചിത്രത്തിൽ ഒപ്പിയെടുത്തിട്ടുണ്ട്.

മനസ്സിൽ നിറയുന്ന കാടിന്റെയും, കാട്ടു ചോലയുടെയും കാഴ്ചകളുടെ അരികിൽ വന്നു പോകുന്നവർ മാത്രമായി തീരുകയാണ് സിനിമയിലെ കഥാപാത്രങ്ങൾ മിക്കപ്പോഴും. കാടും, വന്യതയും തന്നെയാണ് ഈ സിനിമയുടെ യഥാർത്ഥ കഥാപാത്രങ്ങൾ എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പിക്കുന്നത് സനൽ എന്ന സംവിധായകന്റെ വിജയമാണെന്ന് പറയേണ്ടി വരും.

 

Chola Movie Review: ജാനുവെന്ന നിസ്സഹായായ, പ്രതീക്ഷകളറ്റ, കുട്ടികളെ പോലെ കരയുകയും ദേഷ്യപ്പെടുകയും ചെയുന്ന പെൺകുട്ടിയായി എത്തിയ നിമിഷ സജയൻ വിസ്മയിപ്പിച്ചു. പുരുഷ അധികാരത്തിന്റെ അഹംഭാവത്തെ തന്റെ അലസമായ ശരീരഭാഷയും പെരുമാറ്റവും കൊണ്ട് ജോജുവും പൂർണതയിൽ എത്തിച്ചു. വിധേയപ്പെടേണ്ടി വരുന്ന ആൺ ഭാവത്തെ അവതരിപ്പിച്ച അഖിൽ എന്ന പുതുമുഖ നടന്റെ അഭിനയവും പ്രശംസനീയമാണ്.

സനല്കുമാറും കെ വി മണികണ്ഠനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അടിസ്ഥാനപരമായി സിനിമ കാഴ്ചയുടെ ഭാഷയാന്നെന്നു വിശ്വസിക്കുന്ന ഒരു സംവിധായകനാണ് സനൽ, അതു കൊണ്ടു തന്നെ ഒരു ആശയം എന്നതിലുപരി തിരക്കഥയ്ക്കു ചിത്രത്തിൽ വല്യ പ്രാധാന്യമില്ല എന്ന് പറയേണ്ടി വരും. ബേസിൽ സി ജെ ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ ഭാവവുമായി ഇണങ്ങി നിൽക്കുന്നതാണ്, പലപ്പോഴും കഥാ സന്ദര്‍ഭങ്ങളുടെയും, കഥാപാത്രങ്ങളുടെയും സംഘര്‍ഷങ്ങള്‍ പശ്ചാത്തല സംഗീതത്തിൽ മുഴങ്ങി നിൽക്കുന്ന അനുഭവമാണ് ഉണ്ടായത്. അജിത് ആചാര്യ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംവിധായകന് വേണ്ട കാഴ്ചകൾ അതിന്റെ പൂർണ സൗന്ദര്യത്തിൽ ഒപ്പിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നു നിസ്സംശയം പറയാനാകും. ദിലീപ് ദാസിന്റെ കല സംവിധാനവും ചിത്രത്തിന് മുതൽക്കൂട്ടാണ്.

സനൽകുമാർ ശശിധരൻ എന്ന സംവിധായകന്റെ സിനിമ നിങ്ങൾ ആദ്യമാണ് കാണുന്നതെങ്കിൽ മുൻപ് കണ്ടിട്ടില്ലാത്ത ഒരു ദൃശ്യാനുഭവമായിരിക്കും ‘ചോല’ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ മുഖ്യധാരാ ചിത്രങ്ങളുടെ വാർപ്പ് മാതൃകകളിൽ നിന്ന് വളരെയധികം മാറി സഞ്ചരിക്കുന്ന, സിനിമയുടെ കല സാദ്ധ്യതകൾ അന്വേഷിക്കുന്ന ‘ചോല’ പോലെയുള്ള സിനിമകൾ ശരാശരി പ്രേക്ഷകന്‍ എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Chola movie review rating sanal kumar sasidharan joju george nimisha sajayan

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express