Chello Show Movie Review & Rating: സിനിമ കാണുന്ന കുഞ്ഞിന്റെ കൗതുകത്തോളം സ്വഭാവികമായ സൗന്ദര്യമുള്ള കാഴ്ചയില്ലെന്ന് പറയാറുണ്ട്. ആ സൗന്ദര്യത്തിലാണ് ഓസ്കാർ പുരസ്കാരങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും മത്സരിക്കാനായി തെരെഞ്ഞെടുക്കപ്പെട്ട ‘ചെല്ലോ ഷോ’യുടെ നിലനിൽപ്പ്. പാൻ നളിന്റെ ആത്മകഥാംശമുള്ള ഈ സിനിമ പല നിലയിൽ വിഖ്യാത ഇറ്റാലിയൻ ചിത്രമായ ‘സിനിമാ പാരഡീസോയെ’ നേരിട്ടും അല്ലാതെയും ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ സിനിമ പാരഡീസോ എന്നൊക്കെ സിനിമക്ക് ഇപ്പോൾ തന്നെ വിളിപ്പേരുണ്ട്. പക്ഷേ പ്രാദേശികമായ, ഒരുപാട് അടരുകളുള്ള സിനിമയായ, അടിമുടി ‘ഇന്ത്യൻനെസ്’ നിറഞ്ഞ കാഴ്ചയും അനുഭവവും ഒക്കെയാണ് ‘ചെല്ലോ ഷോ.’
ഒരു ദശാബ്ദം മുൻപുള്ള സൗരാഷ്ട്രയിലെ ഒരു ഉൾഗ്രാമത്തിലാണ് അവസാനത്തെ ഷോ എന്നർത്ഥമുള്ള ‘ചെല്ലോ ഷോ’യുടെ കഥ നടക്കുന്നത്. സമയ് എന്ന ഒൻപത് വയസുകാരന്റെ സിനിമയോടുള്ള കൗതുകവും അവനു നാട്ടിലെ ഒരു സിനിമാ തീയറ്ററിലെ പ്രോജക്റ്റർ ഓപ്പറേറ്ററുമായുള്ള ബന്ധവും ഒക്കെയാണ് ഒരടരിൽ സിനിമയുടെ കഥ. എന്നാൽ അതിനപ്പുറം ‘കമിങ് ഓഫ് ഏജ്’ എന്ന സിനിമാ ഗണത്തെ ഏറ്റവും മനോഹരമായി ഈയടുത്ത് ഉപയോഗിച്ച സിനിമയാണ് ‘ചെല്ലോ ഷോ.’ സമയ് എന്ന കേന്ദ്രകഥാപാത്രത്തിന്റെ പേര് മുതൽ എല്ലാം കാലത്തിന്റെ പല നിലക്കുള്ള പോക്കിനെ അടയാളപ്പെടുത്തുന്നു. സമയം, ദേശം, സിനിമ, യാത്ര ഇവയിലൂടെയൊക്കെ സിനിമ സ്വയം ഒരു കാലത്തിൽ നിന്നും മറ്റൊരു കാലത്തേക്ക് പടരുന്നു. ഇത് തീർത്തും സ്വഭാവികമായി സംഭവിക്കുന്ന പ്രക്രിയയാണ് ‘ചെല്ലോ ഷോ’യിൽ ആദ്യം മുതൽ അവസാനം വരെ.
ജീവിതത്തെ ചിത്രീകരിക്കുന്ന ഒന്നല്ല സിനിമ, അത് കലക്കും യാഥാർഥ്യത്തിനുമിടയിൽ നിൽക്കുന്ന എന്തോ ഒന്നാണ് എന്ന് ഗോദാർദ് പറഞ്ഞിട്ടുണ്ട്. സമയിനെ സിനിമയിലേക്ക് ആകർഷിക്കുന്നതും ആ പേരറിയാത്ത എന്തോ ഒന്നാണ്. സിനിമ നിഷിദ്ധമായ ഒരു വീട്ടിൽ നിന്ന് സമയ് സിനിമക്ക് വേണ്ടി താണ്ടുന്ന ദൂരം കൂടിയാണ് ‘ചെല്ലോ ഷോ.’ അതിനായി അവൻ നടത്തുന്ന കഠിനമായ യാത്രകൾ, സഹിക്കുന്ന വിശപ്പും ദാഹവും, വീട്ടിൽ നിന്ന് കിട്ടുന്ന അടികൾ ഒന്നും അവനെ സിനിമ എന്ന സ്വപ്നത്തിൽ നിന്നകറ്റുന്നില്ല. കഥയുണ്ടാക്കുന്നവർ നാളെ സിനിമയുണ്ടാക്കും എന്ന തിരിച്ചറിവിൽ അവൻ അതിനായുള്ള ശ്രമങ്ങൾ പല നിലക്ക് തുടർന്നു കൊണ്ടേ ഇരിക്കുന്നു. വെളിച്ചത്തിലൂടെ, ഇരുട്ടിലൂടെ, ഭക്ഷണത്തിലൂടെ അവൻ തന്റെ സിനിമ തേടിയുള്ള യാത്ര തുടരുന്നു. കഥ പറയുന്നവരാണ് നല്ല സിനിമകൾ ചെയ്യുന്നതെന്നും ഭാവി അവർക്കുള്ളതാണെന്നുമുള്ള തിരിച്ചറിവിലാണ് സമയ് ഈ പരീക്ഷണങ്ങളുടെയും യാത്രയുടെയും ഊർജം മുഴുവനായി സൂക്ഷിച്ചിട്ടുള്ളത്.
സിനിമയോടൊപ്പം ആഘോഷിക്കുന്നത് ‘ചെല്ലോ ഷോ’ കുട്ടിക്കാലത്തെയാണ്. കുട്ടിക്കാലം നൽകുന്ന അതിരുകളില്ലാത്ത ധൈര്യം, സ്വാതന്ത്ര്യം, ആഹ്ളാദം, കൗതുകം, സ്നേഹം ഒക്കെയാണ് ‘ചെല്ലോ ഷോ’യെ യുക്തിഭദ്രമാക്കുന്നത്. സമയ് സിനിമയെ കാണുന്നത് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായാണ്. അതിനു വേണ്ടി അവൻ നടത്തുന്ന ശ്രമങ്ങളിൽ മുഴുവൻ കുഞ്ഞിന്റെ അതിരുകളിലാത്ത കൗതുകവും ധൈര്യവും നിറഞ്ഞു നിൽക്കുന്നു. എവിടെയും എങ്ങനെയും പോകാനുള്ള യുക്തിരാഹിത്യങ്ങളെ മനോഹരമായി സിനിമ അവതരിപ്പിക്കുന്നു.
2010ത്തിലാണ് സിനിമ നടക്കുന്നത്. സിനിമ പ്രോജക്റ്ററിന്റെ വലിപ്പത്തിൽ ഫിലിം റീലുകളിലൂടെ കാണുന്ന അവസാന കാലമാണത്. അവിടെ നിന്ന് സമയ് സിനിമ കണ്ടിരുന്ന തീയറ്ററിൽ ഡിജിറ്റൽ സിനിമാ ഓപ്പറേഷൻ വരുന്നു. വളരെ പ്ലെയിനായാണ് ഈ മാറ്റത്തെ സിനിമ അടയാളപ്പെടുത്തുന്നത്. വളരെ പെട്ടന്ന് ഒരു കാലം കുഴിച്ചു മൂടപ്പെടുന്നു. പക്ഷേ പെട്ടന്നുള്ള ആ അടയാളപ്പെടുത്തലിൽ ഒരു കാലത്തെ സിനിമ നിശ്ചലമാക്കുന്നു. അത് പോലെ തന്നെ ട്രെയിൻ നിർത്തലാക്കലിന്റെയും ഇലക്ട്രിക് ട്രെയിനിന്റെയും വരവും സിനിമയിൽ കാലത്തെ അടയാളപ്പെടുത്തി കൊണ്ട് കടന്ന് വരുന്നു. തൊഴിൽ നഷ്ടം, വികസനം, കാലം ഒക്കെ ലളിതമായി പറഞ്ഞു പോകുന്ന രംഗങ്ങളായി മാറുന്നു.
കാഴ്ചകളുടെയും കൗതുകങ്ങളുടെയും ആഘോഷമാണ് ‘ചെല്ലോ ഷോ.’ ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ നടക്കുന്ന കഥയാണിത്. ദാരിദ്ര്യം മുതൽ തൊഴിലായ്മ വരെ ഇവിടെ കണ്ട കാഴ്ചകൾക്ക് അത്ര ‘ലാർജർ ദാൻ ലൈഫ്’ സ്വഭാവമില്ല. എന്നാൽ ‘ചെല്ലോ ഷോ’ മുഴുവൻ നിറങ്ങളും സന്തോഷങ്ങളുമാണ്. സിനിമയുടെ, കുട്ടിക്കാലത്തിന്റെ, സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ, അന്വേഷണങ്ങളുടെ ഒക്കെ സന്തോഷങ്ങൾ നിറഞ്ഞ സിനിമയാണിത്. ‘റൂട്ടഡ് ആൻഡ് യൂണിവേഴ്സൽ ‘ എന്ന പ്രയോഗത്തിന്റെ സകല ഭംഗിയും ‘ചെല്ലോ ഷോ’യിൽ അടിമുടി നിറഞ്ഞു നിൽക്കുന്നു.
2013 ലാണ് ഒരു ഗുജറാത്തി സിനിമ (ദി ഗുഡ് റോഡ്) ഇതിനു മുൻപ് ഇന്ത്യയിൽ നിന്ന് ഓസ്‌കാറിന് മത്സരിക്കാനായുള്ള തെരെഞ്ഞെടുപ്പിനു പോയത്. അവിടെ നിന്ന് ‘ചെല്ലോ ഷോ’യിൽ എത്തുമ്പോൾ തെരെഞ്ഞെടുപ്പ് തികച്ചും അപ്രതീക്ഷിതമായിരുന്നു. ‘ആർ ആർ ആർ,’ ‘കാശ്മീരി ഫയൽസ്’ തുടങ്ങീ പല നിലക്ക് വലിയ ചർച്ചയായ സിനിമകളെ പുറന്തള്ളിയാണ് ‘ചെല്ലോ ഷോ’ ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ചെല്ലുന്നത്. വൻ കെട്ട് കാഴ്ചകളോ പാഠം പഠിപ്പിക്കലോ ആണോ വലിയ സിനിമ എന്ന് വീണ്ടും ചർച്ചയാവുന്നുണ്ട് ഈ സിനിമയുടെ തെരഞ്ഞെടുപ്പിലൂടെ. ഗുജറാത്തി പോലെ ആഘോഷിക്കപ്പെടാത്ത ഒരു വ്യവസായത്തെ കൂടി ‘ചെല്ലോ ഷോ’ വലിയൊരു വിഭാഗം കാണികളിൽ എത്തിക്കുന്നുണ്ട് എന്നതും ശ്രദ്ധേയം.
‘സിനിമ പാരഡീസോ’ യുടെ കോപ്പിയടിയാണെന്ന വിവാദവും സിനിമക്കെതിരെ ഉയർന്നിരുന്നു. പക്ഷേ, അതല്ലെന്ന് വലിയൊരു വിഭാഗം കാണികളെ ബോധ്യപ്പെടുത്താൻ സിനിമക്ക് സാധിക്കുന്നുണ്ട്. സംവിധായകൻ പാൻ നളിന്റെ മുൻ സിനിമകളായ ‘സംസാര’ യിൽ നിന്നും ‘ആംഗ്രി ഇന്ത്യൻ ഗോഡസിൽ’ നിന്നും തീർത്തും വ്യത്യസ്തമായ കഥാപരിസരമുണ്ടെങ്കിലും അതിൽ കാണുന്ന ‘ഇന്ത്യൻനെസ്’ അത് പോലെ തന്നെ ‘ചെല്ലോ ഷോ’യിലും തെളിഞ്ഞു കാണാം. ഇതുണ്ടാക്കുന്ന ഭംഗിയാണ് സിനിമയുടെ സ്വീകാര്യത. ആ സ്വീകാര്യത ഓസ്കാർ വേദിയിൽ എത്ര കണ്ട് സഹായിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.