Chathuram Movie Review & Rating: വലിയ പണക്കാരനും വൃദ്ധനുമായ ഒരാൾ അതിസുന്ദരിയായ ഒരു ചെറുപ്പകാരിയെ വിവാഹം കഴിച്ച് അയാളുടെ വലിയ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു കൂട്ടി കൊണ്ട് വരുന്നു. അയാളുടെ രതി വൈകൃതങ്ങൾക്കും ക്രൂരമായ മർദനങ്ങൾക്കും ഇരയായി ജീവിച്ചിരുന്ന അവളോട് നാട്ടുകാർക്കെല്ലാം സഹതാപവും രഹസ്യമായ അഭിനിവേശവുമുണ്ടാവുന്നു… എന്നിട്ട്?
എന്നിട്ട് എന്തൊക്കെയുണ്ടാവുമെന്ന് നമ്മൾ കേട്ട ഇക്കിളി കഥകളിൽ നിന്ന് നമ്മൾ എന്തൊക്കെ ഊഹിക്കുന്നുവോ അതൊക്കെ തന്നെ തുടക്കം മുതൽ ഒടുക്കം വരെ സംഭവിക്കുന്ന ഒരു സിനിമയാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ചതുരം.’ സൗന്ദര്യ ശാസ്ത്രപരമായോ സാങ്കേതികമായോ എന്ത് പറയാനുണ്ടായാലും മലയാളത്തിലെ ഇറോട്ടിക്ക് സ്വഭാവമുള്ള ത്രില്ലറുകളുടെ പതിവ് കാഴ്ച ശീലങ്ങളിൽ കുരുങ്ങി ഒരു ചതുരത്തിനകത്ത് കാണികളെ ഇടുകയാണ് സംവിധായകൻ ചെയ്യുന്നത്.
സ്ത്രീ ശരീരം, അതിന്റെ സാധ്യതകൾ ഒക്കെ രതിയിൽ തുടങ്ങിയവസാനിക്കുന്നു എന്നൊരു മലയാളി പൊതുബോധം ഉണ്ടെന്ന് പറയാറുണ്ട്. സ്ത്രീ ശരീരത്തിന്റെ ഏക സാധ്യത രതിയാണെന്ന വിശ്വാസവും ഈ ബോധ്യത്തിന്റെ തുടർച്ചയാണു. ഈ രണ്ട് ബോധ്യങ്ങളെയും തുടക്കം മുതൽ ഒടുക്കം വരെ മുറുകെ പിടിക്കുന്നുണ്ട് ‘ചതുരം.’
വൃദ്ധനായ ഒരാളുടെ സ്വത്ത് കൈക്കലാക്കാനും ചെറുപ്പക്കാരനായ ഒരാളെ കൂടെ നിർത്താനും ഒരു സ്ത്രീയെ തന്റെ ശരീരം എങ്ങനെയൊക്കെ പ്രാപ്തമാക്കുന്നു എന്ന അന്വേഷണമാണ് ഒരർത്ഥത്തിൽ നോക്കിയാൽ ‘ചതുരം.’ സ്വാസികയുടെ സലൈന പല രീതിയിലും ഒരു കഥാപാത്രം എന്നതിലുപരി സിനിമയിൽ ഒരു ശരീരമാണ്. കഥാപാത്ര നിർമിതിയേക്കാൾ ഉപരി ശരീരത്തിന്റെ പലവിധ സാധ്യതകൾ സംവിധായകൻ ഉപയോഗിക്കുന്നു. ഈ ഒരു സാധ്യതയും ഇത്താരമൊരു സിനിമ രീതിയും ഇന്ത്യൻ സിനിമകൾ രണ്ട് ദശാബ്ദങ്ങൾക്കെങ്കിലും മുൻപ് ഉപേക്ഷിച്ചതാണ്. പക്ഷേ ‘ചതുരത്തിൽ’ അത്തരമൊരു രീതിയാണ് സംവിധായകൻ പിന്തുടരുന്നത്.
എഴുത്തുകാരൻ കൂടിയായ വിനോയ് തോമസും സംവിധായകൻ സിദ്ധാർഥ് ഭരതനും ചേർന്നാണ് ‘ചതുരത്തിന്റെ’ കഥ എഴുതിയത്. മനുഷ്യ മനസ്, ആദിയായ കാമനകൾ തുടങ്ങിയ സാധ്യതകളെയാണ് സിനിമയുടെ തിരക്കഥ പിൻപറ്റുന്നത്. ശയ്യാവലംബിയായ വൃദ്ധന്റെ ഭാര്യയും ചെറുപ്പക്കാരനെ ശരീരം കൊണ്ട് വരുത്തിയിലാക്കുന്ന മറ്റൊരാളുടെ ഭാര്യയും ഇവിടത്തെ സ്ഥിരം നാട്ടു വാർത്തമാനങ്ങളിലെ കഥാപാത്രങ്ങളാണ്. വൈഖ്യാന സാധ്യതകളുടെയും ഷേക്സ്പീരിയൻ അപനിർമാണത്തിന്റെയും ഒക്കെയപ്പുറം ആ ഇക്കിളി കഥകളിലെ രസിപ്പിക്കുന്ന നായികാ പരിവേഷമാണ് ‘ചതുരത്തിൽ’ സലൈനക്കുള്ളത്. ആ രീതിയിൽ രൂപപ്പെടുത്തിയ കഥാഗതിയും സംഭാഷണങ്ങളും തിരക്കഥയും ക്യാമറയും ഒക്കെയാണ് ‘ചതുര’ത്തിന്റേത്.

രണ്ട് സ്ത്രീകളുമായി ഒരേ സമയം ബന്ധം പുലർത്തുന്ന പുരുഷനെ കുറിച്ച് പൊതുവെ നമ്മൾ ഉപയോഗിക്കാറുള്ള വാക്ക് ‘പെട്ട് പോയ ആൾ’ എന്നാണ്. കാലാകാലങ്ങളായി മലയാള സിനിമ അത്തരത്തിൽ പുരുഷന്മാരെ നിർമ്മിക്കാറുണ്ട്. ജീവിതത്തിലെ രണ്ട് സ്ത്രീകളും തമ്മിലുള്ള വൈരുധ്യങ്ങൾ ഇതിനു കാരണമായി ഉയർത്തുന്നു. പാവം/ തന്റേടി ദ്വന്ദം ഉണർന്ന് പ്രവർത്തിക്കുന്നു. പാവം കാമുകിയുടെ നിർബന്ധബുദ്ധിക്കും തന്റേടിയായ സ്ത്രീയുടെ ശരീരമെന്ന മരീചികക്കും ഇടയിൽ പെട്ട് പോകുന്ന പുരുഷനെ ‘ചതുര’ത്തിലും കാണാം.
സംവിധായകന്റെ മുൻചിത്രമായ ‘ചന്ദ്രേട്ടൻ എവിടെയാ’ ഉയർത്തിയ അതേ രീതിയിലാണ് വേറൊരു ഗണത്തിൽ പെട്ട ‘ചതുര’വും ഒരു പുരുഷന്റെ ബന്ധങ്ങൾക്കിടയിലുള്ള ആശയക്കുഴപ്പാത്തെ കാണുന്നത്. പുരുഷൻ ‘പെട്ട് പോകുന്ന പാവവും’ സ്ത്രീ മിടുക്ക് കൂടിയ സാമാർഥ്യകാരിയുമാകുന്നപതിവ് നടപ്പ് രീതി സിനിമ പിന്തുടരുന്നു. ബന്ധത്തിന്റെ ആസൂത്രകയും ഗുണഭോക്താതാവും സ്ത്രീ മാത്രമാകുന്നു. രണ്ട് പേർ തമ്മിൽ നടന്ന ശരീരികമായ ബന്ധത്തിന് ഒരാൾ മാത്രം കാരണമാകുന്ന രീതിയെ സിനിമ പിൻപറ്റുന്നു.
മനുഷ്യരെല്ലാം ഓരോ ചതുരത്തിനുള്ളിലാണെന്നാണ് സിനിമ ആത്യന്ധികമായി പറയാൻ ശ്രമിക്കുന്നത്. വീടിന്റെ ചതുരം, സദാചാരത്തിന്റെ ചതുരം, ശരീരത്തിന്റെ ചതുരം, പണത്തിന്റെ ചതുരം ഒക്കെയാണ് മനുഷ്യരെ നയിക്കുന്നതെന്നു പല അടരുകളിലായി സിനിമ പറഞ്ഞു പോകുന്നു. ആ അടരിൽ സിനിമക്ക് തുടർച്ചയുണ്ട്.
സ്വാസികയുടെയും റോഷൻ മാത്യൂസിന്റെയും അലൻസിയറുടെയും കൂടെ അഭിനയിച്ചവരുടെയുമെല്ലാം പ്രകടനങ്ങൾ വിശ്വസനീയമായിരുന്നു. പക്ഷേ സിനിമ പറഞ്ഞു പോകുന്ന കാര്യങ്ങൾ അടിമുടി പ്രശ്നവത്കരണ സാദ്ധ്യതകൾ ഉള്ളതാണ്. സ്ത്രീ പുരുഷ ബന്ധങ്ങൾ, സ്ത്രീ ശരീരം, സ്വാതന്ത്ര്യം എന്നിവയെ ഒക്കെ കാലത്തിനൊത്ത് അടയാളപ്പെടുത്താൻ വാണിജ്യ സിനിമകളെല്ലാം ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ നിർബന്ധിക്കപ്പെട്ട ഒരു കാലത്തിലൂടെയാണ് കടന്നു പോകുന്നത്. അപ്പോൾ വൃദ്ധന്റെ സുന്ദരിയായ ഭാര്യയും ചെറുപ്പക്കാരനെ കണ്ണും കയ്യും കാണിച്ചു വളക്കുന്ന സ്ത്രീയുമൊക്കെ വീണ്ടും കടന്നു വരുന്ന അനുഭവമാണ് ‘ചതുരം’ തരുന്നത്.