Mammootty’s CBI 5: The Brain Malayalam Movie Review & Rating: മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ. ലോകസിനിമയിൽ തന്നെ അപൂർവ്വമാണ് ഒരു കഥാപാത്രത്തിനും സിനിമയ്ക്കും അഞ്ചു ഭാഗങ്ങളായി തുടർച്ചയുണ്ടാവുന്നുവെന്നത്. സിബിഐ സീരിസിൽ നിന്നും അഞ്ചാമത്തെ ചിത്രമിറങ്ങുന്നു എന്ന വാർത്തകൾ വന്നപ്പോൾ മുതൽ ചിത്രത്തിനു വേണ്ടി ആവേശപൂർവ്വം കാത്തിരിക്കുകയിരുന്നു മലയാളസിനിമാലോകവും പ്രേക്ഷകരും. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒപ്പമുയരാതെ ശരാശരി കാഴ്ചാനുഭവം മാത്രമായി മാറുകയാണ് ‘സിബിഐ 5: ദ ബ്രെയിൻ’.
‘ബാസ്കറ്റ് കില്ലിങ്’ ആണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ഒന്നിനു പിറകെ ഒന്നായി നടക്കുന്ന കൊലപാതകങ്ങൾ. യഥാർത്ഥ കൊലയാളിയെ തേടിയുള്ള പൊലീസിന്റെ അന്വേഷണം പൂർത്തിയാവും മുൻപുതന്നെ സിബിഐ ക്രൈം സീനിലേക്ക് എത്തുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്യുന്നു. ചിന്നി ചിതറി കിടക്കുന്ന സംശയങ്ങളും നിഗമനങ്ങളും വെച്ച് സത്യത്തിന്റെ പൊരുൾ തേടിയുള്ള സേതുരാമയ്യരുടെയും സംഘത്തിന്റെയും യാത്ര അവിടം തുടങ്ങുകയാണ്. ഒരുപാട് നാളത്തെ അലച്ചിലിനൊടുവിൽ പരസ്പരം പൂരിപ്പിക്കാനാവാതെ കിടക്കുന്ന ആ ഡോട്ടുകൾ ബന്ധിപ്പിച്ച് യഥാർത്ഥ കുറ്റവാളിയിലേക്ക് അയ്യർ എത്തിച്ചേരുന്നു.
മുൻ ചിത്രങ്ങളിൽ താൻ പരീക്ഷിച്ചു വിജയിച്ച ആ പഴയ ശൈലിയിൽ തന്നെയാണ് സിബിഐ 5ന്റെ കഥയും എസ് എൻ സ്വാമി പറയുന്നത്. പതിഞ്ഞ താളത്തിലാണ് കഥ വികസിക്കുന്നത്. ഇന്റർവൽ വരെ കഥയെങ്ങോട്ടാണ് പോവുന്നതെന്നോ ആരാണ് കുറ്റവാളിയെന്നോ യാതൊരുവിധ സൂചനയും തരുന്നില്ല. അതുകൊണ്ടുതന്നെ, ഇതെങ്ങോട്ടാണ് പോവുന്നതെന്ന ഉദ്വേഗം പ്രേക്ഷകരിൽ വളർത്തി കൊണ്ട് പോവാൻ ആദ്യപകുതിയ്ക്ക് കഴിയുന്നുണ്ട്. എന്നാൽ, ആദ്യപകുതിയുടെ ത്രിൽ നിലനിർത്താൻ രണ്ടാം പകുതിയ്ക്കോ ക്ലൈമാക്സിനോ സാധിക്കുന്നില്ല എന്നതാണ് ചിത്രത്തിന് തിരിച്ചടിയാവുന്നത്.
മമ്മൂട്ടിയുടെ സേതുരാമയ്യർ തന്നെയാണ് ചിത്രത്തിലെ ആകർഷകമായ സാന്നിധ്യം. ആ പഴയ ക്ലാസിക് സേതുരാമയ്യർക്ക് ഇവിടെയും യാതൊരു മാറ്റവുമില്ല. സിബിഐ മുൻ സീരിസുകളിൽ കണ്ട അതേ ഊർജ്ജത്തോടെയും കുശാഗ്രബുദ്ധിയോടെയും ചെറുപ്പത്തോടെയും മമ്മൂട്ടി അയ്യരായി മാറുകയാണ്. 34 വർഷങ്ങൾക്കിപ്പുറവും താൻ അവതരിപ്പിച്ച ഒരു കഥാപാത്രത്തെ അതേ മാനറിസത്തോടെയും കയ്യടക്കത്തോടെയും കാഴ്ചയിൽ പോലും വലിയ മാറ്റങ്ങൾ തോന്നാത്ത രീതിയിലും അവതരിപ്പിക്കാൻ ഒരു അഭിനേതാവിനു കഴിയുന്നുവെന്നത് കയ്യടി അർഹിക്കുന്ന കാര്യമാണ്. കുട്ടിക്കാലത്ത് സ്ക്രീനിൽ കണ്ട അയ്യർ, ആ എവർഗ്രീൻ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ സ്ക്രീനിൽ നിറയുമ്പോൾ ഇന്ന് മുപ്പതുകളിലോ നാൽപ്പതുകളിലോ ഉള്ളവർക്ക് കാലമെവിടെയോ ഒരുവേള ‘ഫ്രീസ്’ ചെയ്യപ്പെട്ടതുപോലെ തോന്നിയേക്കാം.

ഒരൊറ്റ സീനിൽ മാത്രം സ്ക്രീനിൽ വന്നുപോവുന്ന മലയാളത്തിന്റെ മഹാനടൻ ജഗതി ശ്രീകുമാർ കാഴ്ചക്കാരുടെ കണ്ണ് നനയിപ്പിക്കും. സേതുരാമയ്യരുടെ വലംകൈയായിരുന്ന ബുദ്ധിമാനായ വിക്രമെന്ന കഥാപാത്രത്തിന് നല്ലൊരു ട്രിബ്യൂട്ടാണ് എസ് എൻ സ്വാമിയും സംവിധായകൻ കെ. മധുവും ഒരുക്കിയത്. ചിത്രത്തിലെ ഏറ്റവും മികച്ച സീനുകളിൽ ഒന്നായി തോന്നിയതും ജഗതി വന്നുപോവുന്ന ആ രംഗമാണ്. സിബിഐ 5ൽ ശ്രദ്ധ കവരുന്ന മറ്റൊരാൾ സായ് കുമാറാണ്. രസകരമായ ശരീരഭാഷയും സംഭാഷണരീതിയുമൊക്കെയായി സായികുമാറിന്റെ സത്യദാസും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.
മുകേഷ്, രഞ്ജി പണിക്കർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, ആശ ശരത്, കനിഹ, അൻസിബ, മാളവിക മേനോൻ, മാളവിക നായർ, ജി. സുരേഷ് കുമാർ, സൗബിൻ ഷാഹിർ, സുദേവ് നായർ, ജയകൃഷ്ണൻ, ഇടവേള ബാബു, രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടർ, അർജുൻ നന്ദകുമാർ, പ്രതാപ് പോത്തൻ, അസീസ് നെടുമങ്ങാട്, കോട്ടയം രമേശ്, ചന്തുനാഥ്, കൃഷ്ണ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. എന്നാൽ പലർക്കും കാര്യമായി ഒന്നും പെർഫോം ചെയ്യാനില്ല ചിത്രത്തിൽ.
യാതൊരു ഗിമ്മിക്കുകളോ ബഹളങ്ങളോയില്ലാതെയാണ് സംവിധായകൻ കെ. മധു ആദ്യാവസാനം കഥ പറഞ്ഞുപോവുന്നത് . ടൈറ്റിൽ കാർഡ് മുതൽ ടെയിൽ എൻഡ് വരെയുള്ള ഭാഗങ്ങളിൽ മേക്കിംഗിലെ ആ മൃദു സമീപനം പ്രകടമായി കാണാം. ജെയ്ക് ബിജോയുടെ മ്യൂസികും മികവു പുലർത്തുന്നുണ്ട്.
പത്തോ പന്ത്രണ്ടോ വർഷങ്ങൾക്കു മുൻപ് ഇറങ്ങിയിരുന്നെങ്കിൽ കുറച്ചുകൂടി സ്വീകാര്യത ലഭിക്കുമായിരുന്ന ചിത്രം എന്നേ സിബിഐ5നെ കുറിച്ച് ഒറ്റവരിയിൽ പറയാനാവൂ. പുതിയ ടെക്നോളജികളെയോ മാറിയ കാലത്തെയോ ഒന്നും തൊടാതെ, വളരെ സേഫായ രീതിയിലാണ് തിരക്കഥാകൃത്ത് കഥ ഒരുക്കിയത്. എന്നാൽ, വിവിധ ഭാഷകളിലെ ചടുലമായ ക്രൈം ത്രില്ലർ ചിത്രങ്ങൾ കണ്ടു പരിചരിച്ച ഇന്നത്തെ സിനിമാപ്രേക്ഷകർക്ക് ആ സമീപനം എത്രത്തോളം ഉൾകൊള്ളാനാവുമെന്ന് കണ്ടറിയേണ്ടതാണ്. അത് തന്നെയാണ് ചിത്രത്തെ ശരാശരി കാഴ്ചാനുഭവമാക്കി ചുരുക്കുന്നത്.