Biriyani Malayalam Movie Review: ‘ബിരിയാണി’ എല്ലാ അര്‍ത്ഥത്തിലും സ്ത്രീപക്ഷ സിനിമയാണ്. സമൂഹത്തിലെ വിലക്കുകളെ-മതപരമായതും പുരുഷാധിപത്യ സ്വഭാവമുള്ളതുമായ-എല്ലാത്തിനെയും തകര്‍ത്ത് മുന്നേറാനുള്ള സ്ത്രീ സ്വത്വത്തിന്റെ തീവ്രമായ ആഗ്രഹം കനിയുടെ കഥാപാത്രത്തില്‍ നിറഞ്ഞു നില്ക്കുന്നു.
ദൃശ്യങ്ങള്‍ ബിംബ സമാനമായ അര്‍ഥങ്ങള്‍ സൃഷ്ടിക്കുന്നു. സ്ത്രീയാണ് ഇവിടെ കേന്ദ്രബിന്ദുവായി മാറുന്നത്. സ്ത്രീയുടെ സ്വത്വത്തെ കീഴ്പ്പെടുത്തുക വഴി ശരീരത്തെ ഉപയോഗിക്കുക എന്ന സാമൂഹിക തത്വം ഇവിടെ നടപ്പിലാക്കുന്നുണ്ട്. അതില്‍ നിന്നും അവര്‍ തന്റേതായ പ്രതിരോധം സൃഷ്ടിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ കഥാപാത്രം ആത്മഹത്യ ചെയ്യുന്നതിനെ ഈ അര്‍ത്ഥത്തില്‍ നിരീക്ഷിക്കാന്‍ കഴിയും.
സ്ത്രീപക്ഷ രാഷ്ട്രീയ സിനിമയെ മുസ്ലിം വിമര്‍ശനമെന്ന രീതിയില്‍ നോക്കിക്കാണേണ്ട ധാരണ ‘ബിരിയാണി’ നിര്‍മിക്കുന്നില്ല. പക്ഷേ മത പൗരോഹിത്യത്തെ അതു ചോദ്യം ചെയ്യുന്നു. അതിലെ പുരുഷാധിപത്യ പ്രവണതയെ വിമര്‍ശിക്കുന്നു.
സജിന്‍ ബാബു തിരക്കഥഎഴുതി സംവിധാനം ചെയ്ത ‘ബിരിയാണി’ നിരവധി അന്തര്‍ദേശീയ മേളകളില്‍ ഇതിനകം പുരസ്കാരങ്ങള്‍ നേടിക്കഴിഞ്ഞിരിക്കുന്നു. കനി കുസൃതിയുടെയും ഷൈലജയുടെയും അസാമാന്യ അഭിനയ പാടവം ഒന്നു കൊണ്ടു മാത്രം ദൃശ്യങ്ങള്‍ പോലും ഭാഷക്ക് അതീതമായി, പ്രമേയത്തെ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍, മാറ്റിയിരിക്കുന്നു.
ഇന്നു കേരളത്തില്‍ ആദ്യമായി തിയേറ്ററുകളില്‍ എത്തേണ്ട ചലച്ചിത്രം അതിലെ ലൈംഗിക രംഗങ്ങള്‍ കാരണം പലയിടങ്ങളിലും പ്രദര്‍ശന വിലക്ക് നേരിടേണ്ടി വന്നു. ഈ പശ്ചാത്തലത്തില്‍ ‘ബിരിയാണി’യുടെ രാഷ്ട്രീയ പ്രസക്തി ഉയരുകയാണ്. കാലികമായ കലയുടെ മേല്‍ ഏതൊക്കെ വിധേനെ സമൂഹം ഇടപെടുന്നുവോ അതു പോലെ തന്നെ ലിംഗ നീതിയില്‍ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്.
‘ബിരിയാണി’ പറയുന്ന പൗരോഹിത്യ വിമര്‍ശനം
വേട്ടക്കാരനും ഇരയും തമ്മിലുള്ള പോരാട്ടം പലപ്പോഴും സമൂഹത്തിലെ പലതരം അധികാര രൂപങ്ങളുമായി ചേര്‍ന്നാണ് സംഭവിക്കുക. വേട്ട പ്രാചീനമായ ഒരു അവസ്ഥയാണ്. അധികാരം അതിന്റെ ഭാവനയാണ്. പുരുഷന്, ലൈംഗികത, അധികാരം എന്നിവക്ക് ലിംഗപരമായ വൈചിത്ര്യങ്ങള്‍ക്ക് ഒപ്പം മതം നല്കുന്ന സാധുതയുണ്ട്. അതു പലപ്പോഴും സ്ത്രീവിരുദ്ധ ജീവിതമാണ്. വാഗ്ദാനം ചെയ്യുന്നതും ആണധികാരരൂപങ്ങളെയാണ്. പൗരോഹിത്യം മത സങ്കല്പ്പങ്ങളില് അങ്ങനെയാണ് വേരോടിയിരിക്കുന്നത്.
ഇവിടെ ഇസ്ലാം മാത്രമല്ല ഹൈന്ദവ സങ്കല്‍പ്പങ്ങളും ഒപ്പമാണ്. മുത്തലാഖ് ചൊല്ലാന്‍ പ്രേരണ ചെലുത്തുന്ന ഹിന്ദു ജ്യോത്സ്യന് ഇതിന് ഉദാഹരണമാണ്. സ്ത്രീക്ക് ആരും സ്വര്‍ഗ്ഗത്തില്‍ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല എന്ന സൂചന ഇതില്‍ നിന്നും വരുന്നു. ഇടക്ക് ബുദ്ധിജീവി ചര്‍ച്ചയില്‍ സുന്നി-സൂഫി പാരമ്പര്യത്തിലേക്ക് സലഫി പ്രസ്ഥാനം കടന്നു വരുന്നു. അതൊരു പ്രശ്നമാണ് എന്ന സൂചനയുണ്ട്, അതിനര്‍ത്ഥം നിലവില്‍ ഉണ്ടായിരുന്ന മതത്തെ അംഗീകരിക്കുന്നു എന്നാണ്. പക്ഷേ ആ വിഷയം അവിടെ സൂചിപ്പിക്കുന്നത് തീവ്രവാദ വിഷയം കൈകാര്യം ചെയ്യുമ്പോഴാണ്. സ്ത്രീയുടെ അവസ്ഥ മതത്തില്‍ ദയനീയം തന്നെ എന്ന് വരക്കുമ്പോള്‍ പോലും ദൈവത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നില്ല. അതിനാല്‍ ‘ബിരിയാണി’ മുസ്ലിം വിമര്‍ശനം മുന്നോട്ടു വയ്ക്കുന്നില്ല. പക്ഷേ അത് മത പൗരോഹിത്യത്തെ, അതിലെ ആണ്‍നോട്ടത്തെ വിമര്‍ശിക്കുന്നുണ്ട്.
അറബ് യുദ്ധങ്ങള്‍ അവശേഷിപ്പിച്ച ദുരിതങ്ങള്‍
അറബ് യുദ്ധങ്ങള്‍ ഉണ്ടാക്കിയ മുറിവുകളില്‍ നിന്നും പുതിയ തീവ്ര മൗലിക പ്രസ്ഥാനങ്ങള്‍ ഉണ്ടാവുകയും കുടിയേറ്റം അതിനെ രാജ്യങ്ങളുടെ അതിര്‍ത്തി കടത്തി വിടുകയും ചെയ്തു. വംശീയ വേര്‍തിരിവുകള്‍ നിര്‍മിച്ചതില്‍ ഈ സംഘടനകളുടെ പങ്കിനെ വില കുറച്ചു കാണാന്‍ സാധിക്കില്ല. ‘ബിരിയാണി’യിലെ യുവാവ് തീവ്രവാദ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുകയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. അതിനെ തുടര്‍ന്നുള്ള പലതരം സംഭവങ്ങളിലൂടെ, ഭയങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകള്‍ കേരളീയ സമൂഹത്തിന്റെ കൂടി അനുഭവമാണ്.
ആ ദുഃഖം ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ അനുഭവിക്കേണ്ടി വരുന്ന ഭീതിയെ വ്യക്തമായും അവതരിപ്പിക്കുന്നുണ്ട്. ആ ഭീതി തുടര്‍ന്നു പോകുകയാണ് ചെയ്യുന്നത്. അധികാര സംവിധാനത്തിന് മുന്നില്‍ രണ്ടു സ്ത്രീകള്‍ ഇല്ലാതാകുന്നു.
പ്രതികാര രൂപങ്ങള്‍, ഭ്രാന്ത്, സംവാദങ്ങള്‍
സ്വന്തം ഭ്രൂണത്തെ, വിസര്ജ്യങ്ങളെ പ്രതികാരത്തിനായി ഉപയോഗിക്കുന്ന സ്ത്രീയായി പരിണമിക്കുകയും പ്രതികാരം ചെയ്യുകയും ചെയ്യുമ്പോള്‍ ഒടുവില്‍ അഭയമായ ആള് അവളോട് ‘ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു നേരിടാന്‍ കഴിയില്ല’ എന്ന് പറഞ്ഞ് അവളെ ഉപേക്ഷിക്കുന്നുണ്ട്. അവിടെ സാക്ഷി കടലാണ്. തന്നെ വേട്ടയാടുന്നവരെ സല്ക്കരിക്കുന്നതും അതേ കടല്ക്കരയില് തന്നെയാണ്.
ബോധത്തിനും അബോധത്തിനും ഇടയിലുള്ള ജീവിതമാണ് ഭ്രാന്ത്. മകനെ നഷ്ടപ്പെടുന്ന രണ്ട് അമ്മമാരുടെ തുടര്‍ച്ചയുണ്ട്. സാമ്പത്തിക കാരണങ്ങള്‍, സാമൂഹിക കാരണങ്ങള്‍ എല്ലാം ഈ ഭ്രാന്തിന് വഴി തെളിയിക്കുന്നുണ്ട്. എപ്പോഴും അലറുന്ന കടല്‍ അതിന്റെ സമാന പ്രതീകമായി നിലനില്ക്കുന്നു. ഭക്ഷണം കാണിച്ച് നടത്തിക്കൊണ്ടു പോകുന്ന ആടും, അതേ ആടിനെ കശാപ്പ് ചെയ്യുന്നതും ഇതിന്റെ ഭാഗം തന്നെയാണ്.
കാവാലം നാടകങ്ങളില്‍ എന്ന പോലെ വിദൂഷക പ്രാധാന്യമുള്ള ഒന്നായി ഇടക്ക് നടത്തുന്ന ടിവി ചര്‍ച്ചകളെ ‘ബിരിയാണി’യില്‍ കാണാം. ദാരികനെ നിഗ്രഹിക്കാന്‍ പോകുന്ന കാളിക്ക് ഒപ്പം കൂളി എന്നൊരു കഥാപാത്രമുണ്ട്. അതു പോലെ ഈ ചര്ച്ചകളളെ ‘intelectual mastrubation’ എന്ന് അതില്‍ തന്നെ അവതരിപ്പിക്കുന്നുണ്ട്.
സംഭാഷണങ്ങള്‍ക്കും അപ്പുറം ഭാവം കൊണ്ട് ഇന്ത്യന്‍ സ്ത്രീയുടെ വിവാഹാനന്തര ജീവിതത്തിന്റെ ദുരന്ത ചിത്രം തന്നെയാണ് ‘ബിരിയാണി’ വരച്ചിടുന്നത്. കിടപ്പറയില്‍ ആദ്യം തന്നെ നേരിടുന്ന വികൃതമായ ശാരീരിക ബന്ധം മുതല്‍ ഒടുവിലെ പെണ്ണധികാര ക്രീഡവരെ തുടര്‍ച്ചയായി സിനിമ രാഷ്ട്രീയം പറഞ്ഞു പോകുന്നു. മറയില്ലാത്ത നഗ്നതാ പ്രദര്‍ശനമാണ് ‘ബിരിയാണി’യെ സംബന്ധിച്ച് ഇനി വരാന്‍ പോകുന്ന വിമര്‍ശനമെങ്കില്‍ അതിനെ ലോകസിനിമയായി കണ്ട് ഉള്‍ക്കൊള്ളാന്‍ കേരളീയ സമൂഹം തയ്യാറാകണം. കാരണം അത്രത്തോളം അവര്‍ വളര്‍ന്നിട്ടില്ല എന്നതു കൊണ്ട് തന്നെ.
Read Here: ‘ബിരിയാണി’ക്ക് പ്രദർശനാനുമതി നിഷേധിച്ചു; സാംസ്കാരിക ഫാസിസമെന്ന് സംവിധായകൻ, അല്ലെന്ന് തിയറ്റർ മാനേജർ
കനിയുടെ അഭിനയ പാടവം
ശരീരം മുഴുവന്‍ അഭിനയിക്കുന്നു എന്നു പറയുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. അത്രയും ലളിതവും ശക്തവുമായി കഥാപാത്രത്തിന്റെ വേണ്ട ഭാവത്തിലേക്ക് മാറാന്‍ കനി കുസൃതിക്ക് സാധിച്ചു എന്നത് അവരുടെ പ്രതിഭ കാണിക്കുന്നുണ്ട്. മിക്കപ്പോഴും ഭാവം കൊണ്ട് ജീവിക്കുകയാണ് കനി ചെയ്തത്. ഭാഷയുടെ പ്രാധാന്യത്തെ മറികടന്നു വിഖ്യാതമായ മറ്റൊരു തലത്തില്‍ അവര്‍ ജീവിക്കുകയാണ് ചെയ്തത്.
എന്തായാലും സജിന്‍ ബാബു ഉണ്ടാക്കുന്ന പ്രതീക്ഷ മലയാള സിനിമയില്‍ ഒട്ടും ചെറുതല്ല. ഇറാനിയന്‍ സിനിമകളെ വെല്ലുന്ന തരത്തിലുള്ള, ഒട്ടും ഇഴയാത്ത, മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് തുടര്‍ന്നു പോകുന്ന പൂര്ണ്ണചാലക സ്വഭാവമുള്ള ‘ബിരിയാണി’ പോലുള്ള പൊള്ളുന്ന ചിത്രങ്ങള്‍ ലോക സിനിമയിലേക്ക് മലയാളത്തെ എത്തിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കും എന്ന് നമുക്ക് വിശ്വസിക്കാം.