scorecardresearch
Latest News

Nalpathiyonnu Review: യുക്തിവാദവും വിശ്വാസവും മത്സരിക്കുമ്പോള്‍ ‘മലകയറി തളരുന്ന’ സിനിമ

Biju Menon Starrer Nalpathiyonnu Movie Review: യുക്തിവാദിയും വിശ്വാസിയും ഒരുമിച്ച് മാലയിട്ട് ശബരിമലയ്ക്കു പോകുന്ന കഥയാണ് ചിത്രം പറയുന്നത്. കേരളത്തെ ഞെട്ടിച്ചൊരു യഥാര്‍ത്ഥ സംഭവവും ചിത്രം അവതരിപ്പിക്കുന്നു

41 Malayalam Movie Review, നാല്‍പ്പത്തിയൊന്ന്, 41 Movie Review,നാല്‍പ്പത്തിയൊന്ന് ഫിലിം​ റിവ്യു, Biju Menon Movie 41 Review,ബിജു മേനോന്‍, Lal Jose Movie 41, 41 Film Review, ie malayalam,

Nalpathiyonnu Movie Review: സമീപകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് ശബരിമല. മലയെയും വിശ്വാസത്തെയും ആചാരങ്ങളെയും യുക്തിവാദത്തെയും കമ്യൂണിസത്തെയും ചേര്‍ത്തുവച്ച് പലതരത്തില്‍ പല കോണുകളില്‍നിന്നു ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. ആ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമലയും യുക്തിവാദവും കേന്ദ്രവിഷയമാക്കി ഒരു സിനിമയുമായി എത്തിയിരിക്കുകയാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ 25-ാമത്തെ ചിത്രമാണ് നാല്‍പ്പത്തിയൊന്ന് (41). ബിജു മേനോന്‍, നിമിഷ സജയന്‍, ശരണ്‍ ജിത്ത്, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായ ഉല്ലാസ് മാഷ് എന്ന വിശ്വാസിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ വാവാച്ചി കണ്ണനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വടക്കന്‍ കേരളത്തിലെ ഗ്രാമത്തില്‍നിന്ന് ആരംഭിച്ച് ശബരിമലയില്‍ അവസാനിക്കുന്ന കഥയാണ് നാല്‍പ്പത്തിയൊന്നിന്റേത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് ശബരിമലയിലേക്കുള്ള യാത്ര.

ഒന്നാം പകുതി ലാല്‍ ജോസ് പൂര്‍ണമായും തിരഞ്ഞെടുത്തിരിക്കുന്നത് രണ്ട് കഥാപാത്രങ്ങളെയും സ്ഥാപിച്ചെടുക്കാനും രണ്ടാം പകുതിയിലെ യാത്രയ്ക്കുള്ള കളമൊരുക്കാനുമായാണ്. ചിത്രം തുടങ്ങുന്നത് തന്നെ ഉല്ലാസ് മാഷിനെ അവതരിപ്പിച്ചു കൊണ്ടാണ്.വ്യവസായിയായ ദൈവം എന്ന പുസ്തകമെഴുതിയിട്ടുള്ള യുക്തിവാദിയാണ് ഉല്ലാസ്. ആള്‍ദൈവങ്ങളുടെ മാന്ത്രികശക്തിയ്ക്കു പിന്നിലെ കളവ് കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഉല്ലാസ്. തന്റെ മുന്നിലുള്ളവര്‍ തനിക്ക് കയ്യടിക്കുന്നുണ്ടെങ്കിലും തന്നെ വിശ്വസിക്കുന്നില്ലെന്ന് വരുമ്പോള്‍ ദൈവത്തെ വെല്ലുവിളിക്കാന്‍ വരെ ഉല്ലാസ് മാഷ് തയ്യാറാകുന്നുണ്ട്. ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് ഈ രംഗത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട് സംവിധായകന്‍. വരാനിരിക്കുന്നത് വിശ്വാസവും യുക്തിവാദവും തമ്മിലുള്ള മത്സരമാണെന്ന് ആ രംഗം പറയുന്നു. ഈ മത്സരത്തില്‍ ആര് ജയിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

ചിത്രത്തിന്റെ പ്ലസുകളിലേക്ക് നോക്കാം ആദ്യം. നാല്‍പ്പത്തിയൊന്ന് കണ്ടിറങ്ങുന്നവരില്‍ വാവാച്ചി കണ്ണന്‍ എന്ന കഥാപാത്രവും അതവതരിപ്പിച്ച ശരണ്‍ജിത്തും മായാതെ നില്‍ക്കും. ചിത്രത്തില്‍ ഏറ്റവും മികച്ച അഭിനയപ്രകടനം കാഴ്ചവച്ചിരിക്കുന്നതും ശരണ്‍ജിത്താണ്. സിനിമയില്‍ ഒരുപാട് കാലത്തെ അനുഭവസമ്പത്തുള്ള ബിജുമേനോനെപ്പോലും പിന്നിലാക്കുന്നതായിരുന്നു ശരണിന്റെ പ്രകടനം. സിനിമയില്‍ ഒരു തുടക്കക്കാരനാണെന്ന തോന്നല്‍ ഒരിടത്തും തോന്നിപ്പിക്കാതെ വാവാച്ചി കണ്ണനെ ശരണ്‍ മനോഹരമാക്കി.

പല തരത്തിലുള്ള മദ്യപാനികളെയും മലയാള സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ അവരോടൊന്നും തോന്നാത്തൊരു അടുപ്പം വാവാച്ചി കണ്ണനോട് തോന്നും. ദേഷ്യം, പ്രണയം, സങ്കടം, തുടങ്ങി വാവാച്ചി കണ്ണന്റെ പല ഭാവങ്ങളും മുഖങ്ങളും ശരണ്‍ജിത്ത് അവതരിപ്പിക്കുന്നു. അദ്ദേഹത്തിലെ നടന്റെ റെയ്ഞ്ച് വെളിവാകുന്ന പ്രകടനം. കൂടുതല്‍ അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന അഭിനേതാവാണ് ശരണ്‍.

വാവാച്ചി കണ്ണന്റെ ജീവിതസഖിയായ സുമയായി എത്തിയ ധന്യ അനന്യയുടേതും എടുത്ത് പറയേണ്ട പ്രകടനമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സാധാരണ രംഗങ്ങളെ പോലും അതിമനോഹരമാക്കുന്നു. തുടക്കക്കാരാണെന്ന തോന്നല്‍ അനുഭവപ്പെടുത്താതെ പ്രണയരംഗമടക്കം അവതരപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സുമയും വാവാച്ചിയും ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലും പരസ്പരം എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നത് ഇരുവരുടെയും പ്രകടനത്തിന്റെ മികവുകൊണ്ടാണ്.

പരസ്പരവിരുദ്ധമായ രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാകുമ്പോള്‍ ഏത് ഭാഗത്തായിരിക്കും ചിത്രം നില്‍ക്കുക, അല്ലെങ്കില്‍ അന്തിമ വിജയം ആരുടേതായിരിക്കുമെന്ന ചോദ്യം കാഴ്ച്ക്കാരിലുമുണ്ടാകാം. ആ ചോദ്യത്തിന് ഉത്തരം തേടിയായിരിക്കും ചിത്രം കാണാന്‍ തീരുമാനിക്കുന്നതും. ഇവിടെ ഒരു ഭാഗത്തേക്ക് നില്‍ക്കാതെ നിഷ്പക്ഷമായി നില കൊള്ളുകയാണ് ലാല്‍ ജോസ്. അല്ലെങ്കില്‍ അങ്ങനെയാണ് താനെന്ന് മറ്റുള്ളവര്‍ കരുതണമെന്നാണ് ലാല്‍ ജോസ് ആഗ്രഹിക്കുന്നത്.

ഒരിക്കല്‍ പോലും രണ്ടിലാരാണ് വിജയിക്കുന്നതെന്ന് പറയുന്നില്ലെങ്കിലും പറയാതെ തന്നെ ലാല്‍ ജോസ് പലപ്പോഴും ഒരു ഭാഗത്തേക്ക് ചായുന്നതായി കാണാം. പ്രധാനമായും ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍. യുക്തിവാദികളും വിശ്വാസികളും തമ്മിലുള്ള മത്സരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി തുടരുന്ന ഒന്നാണ്. യുക്തിയെ കൂട്ടുപിടിക്കണമോ വിശ്വാസത്തെ കൂട്ടുപിടിക്കണമോ എന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഒരാള്‍ വിശ്വാസി ആയതുകൊണ്ടോ അതല്ല യുക്തിവാദി ആയതുകൊണ്ടോ മാറ്റിനിര്‍ത്തേണ്ടതില്ല. അതിനാല്‍ സംവിധായകന്റെ ചായ്‌വിനെ, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.

പക്ഷെ, ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ തന്നെ മറുവശത്തുള്ളവരെ പരിഹസിക്കേണ്ടതില്ല. ആക്ഷേപഹാസ്യമെന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഒന്നാം പകുതിയിലുടനീളം ഇത്തരത്തിലുള്ള പരിഹാസമാണ് കാണാനാവുന്നത്. കമ്യൂണിസത്തെയും യുക്തിവാദത്തെയും പലയിടത്തായി പരിഹസിക്കുന്നുണ്ട്.

2019 ഈ അവസാന കാലത്തും നവോത്ഥാനം എന്നത് പരിഹാസത്തിനുള്ള വിഷയമായി മാറേണ്ടതാണോയെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പാര്‍ട്ടി നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന ഉല്ലാസ് മാഷിന്റെ വാദത്തെ ഖണ്ഡിക്കാന്‍ ഇനി ഇവിടെയും കൂടി മാത്രമേ താമര (ആംഗ്യത്തില്‍) ബാക്കിയുള്ളൂവെന്ന് പറയുന്നതൊക്കെ ഏത് നരേറ്റീവിന് അനുകൂലമായ തമാശയാണെന്നത് സംവിധായകന്‍ ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. ഇത്തരത്തില്‍ പലയിടത്തും ആക്ഷേപ ഹാസ്യമെന്ന പേരില്‍ വരുന്ന തമാശകള്‍ ചിന്തയ്ക്ക് വിഷയമാകേണ്ടതാണ്.

പ്രത്യക്ഷത്തില്‍ നിരുപദ്രവകാരിയെന്ന് തോന്നുമെങ്കിലും അത് മൈലേജ് നല്‍കുന്ന നരേറ്റീവുകള്‍ പ്രശ്‌നമാണ്. ജാതിരാഷ്ട്രീയം പറയാന്‍ പലയിടത്തും ലാല്‍ ജോസ് ശ്രമിക്കുന്നുണ്ടെങ്കിലും അത് ഉപരിപ്ലവമായ സമീപനം മാത്രമാണ്.

ബിജുമേനോന്‍ പതിവുപോലെ തന്റെ അനായാസമായ അഭിനയ ശൈലി നാല്‍പ്പത്തിയൊന്നിലും ആവര്‍ത്തിക്കുന്നുണ്ട്. തന്റെ വിവാഹം മുടന്നതിലേക്കടക്കം നീങ്ങിയിട്ടും തന്റെ ബോധ്യത്തിലുറച്ചു നില്‍ക്കുന്ന, മാലയിട്ട് മലയ്ക്ക് പോകുന്ന ഉല്ലാസ് എന്ന യുക്തിവാദിയുടെ ആത്മസംഘര്‍ഷങ്ങളെ ബിജുമേനോന്‍ അനായാസം അവതരിപ്പിക്കുന്നു. കൂടുതല്‍ ചെയ്യാനില്ലെങ്കിലും ഉള്ളത് അത്രയും നിമിഷ സജയന്‍ മനോഹരമാക്കി. നാട്ടിന്‍പുറത്തുകാരിയില്‍നിന്നു നിമിഷയ്ക്ക് ഉടനെ ഒരു മോചനം ആവശ്യമാണെന്ന് തോന്നുന്നുണ്ട്. നിമിഷയിലെ അഭിനേത്രിയെ വെല്ലുവിളിക്കാന്‍ സാധ്യതയുള്ള വേഷമായിരുന്നിട്ടു കൂടി കഥാപാത്ര സൃഷ്ടിയിലെ അലസത ആ അവസരം നഷ്ടപ്പെടുത്തുന്നുണ്ട്.

ചിത്രത്തിന്റെ രണ്ടാം പകുതയിലെ ഇഴച്ചില്‍ വല്ലാത്തൊരു അലോസരമാകുന്നുണ്ട്. ഒന്നാം പകുതിയിലെ അവതരണ രീതിയില്‍ നിന്നും പൂര്‍ണമായും വേറിട്ടതാണ് രണ്ടാം പകുതി.യാത്ര വരുന്നത് ഇവിടെയാണ്. അലസമായ തിരക്കഥയാണ് രണ്ടാംപകുതിയിലെ വില്ലന്‍. ക്ലൈമാക്‌സ് രംഗത്തിലേക്ക് എത്തുമ്പോഴേക്കും ഈ ചിത്രത്തിനും ശബരിമല കയറിയ ക്ഷീണമാണ്. ഇവിടെയും ശരണ്‍ജിത്തിന്റെ അഭിനയം ഒരു ആശ്വാസമാണ്. മൊത്തത്തില്‍ കഠിനമായൊരു മലകയറ്റമാണ് നാല്‍പ്പത്തിയൊന്ന്.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Biju menon lal jose movie 41 review314287