Big Brother Malayalam Movie Review: സഹോദരങ്ങൾക്കും അനുയായികൾക്കുമെല്ലാം രക്ഷകനും കാവൽ മാലാഖയുമാകുന്ന വല്യേട്ടൻ- മലയാളസിനിമയിൽ പല പ്രാവശ്യം ആവർത്തിച്ച പതിവു ഫോർമുലകളിൽ ഒന്നാണിത്. സഹോദരസ്നേഹവും കരുത്തും ബുദ്ധിയും കൈകോർക്കുന്ന നായകൻ- ആ കോമ്പിനേഷൻ പല മാസ് ചിത്രങ്ങൾക്കും വിജയം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ‘ഹിറ്റ്‌ലർ’, ‘വല്യേട്ടൻ’, മോഹൻലാലിന്റെ ‘ചൈനാ ടൗൺ’, ‘ക്രിസ്റ്റ്യൻ ബ്രദേഴ്സ്’,’ബാലേട്ടൻ’ തുടങ്ങിയ സൂപ്പർതാരചിത്രങ്ങളുടെയെല്ലാം കഥാപരിസരം ഏറെക്കുറെ ഇതുതന്നെയായിരുന്നു. അതേ പ്ലോട്ട് തന്നെയാണ് ‘ബിഗ് ബ്രദർ’ എന്ന ചിത്രത്തിനു വേണ്ടി സംവിധായകൻ സിദ്ദിഖും തിരഞ്ഞെടുത്തിരിക്കുന്നത്.
ഇവിടെ സഹോദരങ്ങളുടെ രക്ഷകനും കാവൽമാലാഖയുമായ സഹോദരന്റെ പേര് സച്ചിദാനന്ദൻ എന്നാണ്. 24 വർഷത്തെ ഇരട്ട ജീവപര്യന്തം കഴിഞ്ഞു പുറത്തിറങ്ങുന്ന സച്ചിദാനന്ദനിൽ (മോഹൻലാൽ) നിന്നാണ് കഥ തുടങ്ങുന്നത്. ഉന്നത തലത്തിൽ സമ്മർദ്ദം ചെലുത്തി സച്ചിയെ പുറത്തിറക്കുന്നത് സച്ചിയുടെ ഇളയ അനിയനായ മനു (ഷർജാനോ ഖാലിദ്) ആണ്. മനു ജനിക്കുന്നതിനും മുൻപ് ജയിലിൽ പോവേണ്ടി വന്നവനാണ് സച്ചിദാനന്ദൻ. അമ്മയേയും അനിയനെയും ഒരു അക്രമിയിൽ നിന്നും രക്ഷിക്കുന്നതിനിടയിൽ അബദ്ധവശാൽ കൊലയാളിയാവേണ്ടി വന്ന ആളാണ് സച്ചി. ജുവനൈൽ ഹോമിലെ ജീവിതത്തിനിടയിൽ രണ്ടാമതൊരു കൊല കൂടി സച്ചിദാനന്ദന് ചെയ്യേണ്ടി വരുന്നു. അതിന്റെ ഫലമായി ഏകാന്തതടവിനു ശിക്ഷിക്കപ്പെടുകയാണ് സച്ചി. ഇരുട്ടിലും കാണാവുന്ന ഒരു സ്പെഷ്യൽ സ്കിൽ ഇരുട്ടറയിലെ ജീവിതകാലത്തു അയാൾ ആർജ്ജിച്ചെടുക്കുകയാണ്. സച്ചിദാനന്ദന്റെ ആ സ്‌കിൽ പൊലീസുകാരും ഉപയോഗപ്പെടുത്തുകയാണ്, പല കമാൻഡോ ഓപ്പറേഷനുകൾക്കും അവർ അയാളെ ഉപയോഗിക്കുന്നു.
ജയിലിൽ നിന്നും ഇറങ്ങുമ്പോഴും പൊലീസ് ചില സഹായങ്ങൾക്കു വേണ്ടി സച്ചിദാനന്ദനെ സമീപിക്കുന്നുവെങ്കിലും അയാൾ പൊലീസിനു കൈ കൊടുക്കുന്നില്ല. ഇനിയെങ്കിലും സമാധാനം നിറഞ്ഞൊരു ജീവിതം വേണമെന്നാണ് അയാളുടെ ആഗ്രഹം. എന്നാൽ തന്നെ ജയിലിൽ നിന്നിറക്കാൻ ഏറെ കഷ്ടപ്പെട്ട അനിയൻ മനു തന്നെ ഒരു ആപത്തിൽ പെടുന്നതോടെ സച്ചിദാനന്ദന് രംഗത്ത് ഇറങ്ങേണ്ടി വരുന്നു. തുടർന്നുണ്ടാവുന്ന നാടകീയ സംഭവങ്ങളിലൂടെയാണ് ‘ബിഗ് ബ്രദറി’ന്റെ കഥ വികസിക്കുന്നത്.
മോഹൻലാലിനെ ഒരു താരമായി കാണാൻ ഇഷ്ടപ്പെടുന്ന ആരാധകരുടെ അഭിരുചികൾക്ക് അനുസരിച്ചാണ് ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ്. നായകന്റെ എൻട്രി സീൻ മുതൽ സിനിമ ലക്ഷ്യം വയ്ക്കുന്നത് ലാൽ ആരാധകരെ തന്നെയാണ്. തിയേറ്ററിൽ കയ്യടി നേടാനുള്ള ഫൈറ്റ് സ്വീകൻസുകളും ഡയലോഗുകളും ചിത്രം കരുതി വയ്ക്കുന്നുണ്ട്. മോഹൻലാൽ എന്ന നടനെ ഒട്ടും വെല്ലുവിളിക്കുന്ന കഥാപാത്രമല്ല സച്ചിദാനന്ദൻ. മാത്രമല്ല, പലയിടത്തും വളരെ ലാഘവത്തോടെയാണ് ആ കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചതെന്നും പ്രേക്ഷകർക്ക് തോന്നാം.
ഷർജാനോ ഖാലിദ്, അനൂപ് മേനോൻ, സിദ്ദിഖ്, മിർണ മേനോൻ, ടിനി ടോം, ഹണി റോസ്, ഇർഷാദ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. മോഹൻലാൽ, ഷർജാനോ, അനൂപ് മേനോൻ എന്നിവർക്കിടയിലെ സാഹോദര്യവും സൗഹൃദവും നല്ല രീതിയിൽ അനുഭവവേദ്യമാക്കാൻ സംവിധായകനു കഴിയുന്നുണ്ട്. ചിത്രത്തിന് താരതമ്യേന ഫ്രെഷ്നെസ്സ് സമ്മാനിക്കുന്ന ഒരു താരസാന്നിധ്യം പൊലീസ് ഓഫീസറായി എത്തുന്ന അർബാസ് ഖാന്റെതാണ്. സ്ക്രീൻ പ്രസൻസ് കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട് അർബാസ്.
ഫാമിലി ആക്ഷൻ ത്രില്ലർ എന്ന ഴോണറിലാണ് ‘ബിഗ് ബ്രദർ’ വരുന്നത്. എന്നാൽ ത്രില്ലർ സ്വഭാവം നിലനിർത്തുന്നതിൽ ചിത്രം പരാജയപ്പെടുകയാണ്. ഇഴഞ്ഞുപോവുന്ന കഥയും കഥാഗതിയും പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ട്. പറഞ്ഞു പഴകിയ കഥാപരിസരങ്ങളും ക്ലീഷേയായി തോന്നുന്ന ആക്ഷൻ സീനുകളും രണ്ടര മണിക്കൂറിലേറെ നീളുന്ന ചിത്രത്തെ വിരസമാക്കുകയാണ്. ക്ലൈമാക്സിലെ ആക്ഷൻ സീനുകൾ മാത്രമാണ് ഇതിന് ഒരു അപവാദമായി എടുത്തു പറയാവുന്നത്. പൊതുവിൽ സിദ്ദിഖ് ചിത്രങ്ങളിൽ നിന്നും പ്രതീക്ഷിക്കാവുന്ന ചിരിമുഹൂർത്തങ്ങളും ‘ബിഗ് ബ്രദറി’ൽ കുറവാണ്.
ചിത്രത്തിന്റെ സാങ്കേതികവശങ്ങളെ കുറിച്ചു പറയുമ്പോൾ ഛായാഗ്രഹണവും സംഗീതവും കയ്യടി അർഹിക്കുന്നുണ്ട്. ദീപക് ദേവ് ഒരുക്കിയ പാട്ടുകൾക്ക് പുതുമ അനുഭവപ്പെടുന്നുണ്ട്. വിജയചിത്രങ്ങളുടെ ഫോർമുലയിൽ ഒരുക്കിയ, പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത, ആവറേജ് കാഴ്ചാനുഭവം മാത്രം സമ്മാനിക്കുന്ന ഒരു ചിത്രമെന്ന് ഒറ്റവാക്കിൽ ‘ബിഗ് ബ്രദറി’നെ വിശേഷിപ്പിക്കാം.
Read more: മോഹന്‍ലാലിന്റെ ‘ബിഗ് ബ്രദറിലെ’ ഗാനമെത്തി