scorecardresearch

Bhoothakalam Movie Review: സൈക്കോളജിക്കൽ ഡ്രാമയായി തുടങ്ങി ഗംഭീര ഹൊറർ ത്രില്ലറായി മാറുന്ന ചിത്രം; ‘ഭൂതകാലം’ റിവ്യൂ

Bhoothakalam Shane Nigam Revathy Movie Review & Rating: മലയാളസിനിമയിലെ മികച്ച ഹൊറർ ചിത്രങ്ങളെടുത്താൽ അതിൽ മുകളിലായി തന്നെ സ്ഥാനംപിടിച്ചേക്കാവുന്ന ചിത്രമാണ് ‘ഭൂതകാലം’

RatingRatingRatingRatingRating
bhoothakalam-shane-nigam-revathy-movie-review-rating-607735

Bhoothakalam Shane Nigam Revathy Movie Review & Rating: ഷെയ്ൻ നിഗം, രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഭൂതകാലം’. അനുദിനം മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയിലെ ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളെടുത്താൽ അതിൽ ഏറ്റവും മുകളിലായി തന്നെ സ്ഥാനംപിടിച്ചേക്കാവുന്ന ചിത്രമാണിത്. ഓടിടി പ്ലാറ്റ്‌ഫോമായ‌ സോണി ലിവിലാണ് ‘ഭൂതകാലം’ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

ഡി ഫാം കോഴ്സ് പൂർത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുകയാണ് വിനു. ഏഴാം വയസിൽ അച്ഛനെ നഷ്‌ടമായ വിനു അമ്മ ആശയ്ക്കും കിടപ്പിലായ അമ്മൂമ്മയ്ക്കും ഒപ്പം വാടക വീട്ടിലാണ് താമസം. അങ്ങനെയിരിക്കെ അമ്മൂമ്മ മരണപ്പെടുന്നു. ഇതോടെ വീട്ടിൽ അമ്മയും മകനും മാത്രമാകുന്നു. അമ്മയുടെ മരണം മാനസികാരോഗ്യ പ്രശ്‍നങ്ങളുള്ള അതിനു ചികിത്സ തേടുന്ന ആശയെ തകർക്കുന്നുണ്ട്.

അമ്മൂമ്മയുടെ മരണത്തിനു പിന്നാലെ ഇവരുടെ വീട്ടിൽ ചില അസ്വാഭാവിക സംഭവങ്ങളും അരങ്ങേറുകയാണ്. വിനുവിനാണ് ഇതെല്ലാം ആദ്യം അനുഭവപ്പെടുന്നത്. ഇത് വിനുവിനെ വലിയ രീതിയിൽ അസ്വസ്ഥനാകുന്നു. തുടർന്ന് വിനുവിന്റെയും ആശയുടെയും ജീവിതത്തിലും ഇവരുടെ വീട്ടിലും നടക്കുന്നതാണ് ‘ഭൂതകാലം’ പറയുന്നത്.

Bhoothakalam Shane Nigam Revathy Movie Review & Rating

രാഹുൽ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നൊരുക്കിയ കെട്ടുറപ്പുള്ള തിരക്കഥയാണ് ‘ഭൂതകാല’ത്തെ ഏറ്റവും മികച്ചതാക്കുന്നത്. ഒരു സൈക്കോളജിക്കൽ ഡ്രാമ എന്ന പോലെ തുടങ്ങി ഒരു ഗംഭീര ഹൊറർ ത്രില്ലറായാണ് ചിത്രം അവസാനിക്കുന്നത്. വളരെ സാവധാനമാണ് ചിത്രത്തിന്റെ സഞ്ചാരമെങ്കിലും ഒരു ഘട്ടം കഴിയുമ്പോൾ നിഗൂഢതകളുമായി പ്രേക്ഷകരിൽ ആകാംഷ നിറയ്ക്കാനും ‘എന്ഗേജഡ്’ ആക്കാനും സംവിധായകന് കഴിയുന്നുണ്ട്.

സിനിമയുടെ അവസാന ഭാഗത്തെ ഹൊറർ രംഗങ്ങൾ ചില പ്രേക്ഷകരുടെയെങ്കിലും ഉറക്കം കളയാൻ കഴിയുന്ന അത്രയും വീര്യമുള്ളവയാണ്. പതിവ് ഹൊറർ ചിത്രങ്ങളിൽ നിന്നൊക്കെ അല്പം വേറിട്ടു നിൽക്കുന്ന റിയലിസ്റ്റിക്ക് അനുഭവം സമ്മാനിക്കുന്നവയാണ് ‘ഭൂതകാല’ത്തിലെ ഹൊറർ സീനുകൾ.

ഷെയ്‌നിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ഭൂതകാലത്തിലേത്. ഇമോഷണൽ രംഗങ്ങളിലും ഹൊറർ രംഗങ്ങളിലും ഗംഭീരമായ പ്രകടനമാണ് ഷെയിൻ കാഴ്ച വെച്ചിരിക്കുന്നത്. ഡിഗ്രി കഴിഞ്ഞു ജോലിയില്ലാതെ തേരാപ്പാരാ നടക്കുന്ന പല യുവാക്കൾക്കും ‘റിലേറ്റ്’ ചെയ്യാൻ കഴിയുന്ന കഥാപാത്രമാണ് ഷെയിനിന്റെ വിനു. ആശ എന്ന കഥാപാത്രം രേവതിയുടെ കയ്യിലും ഭദ്രമായിരുന്നു. വൈകാരിക രംഗങ്ങളൊക്കെ വളരെ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ രേവതിക്ക് കഴിഞ്ഞിട്ടുണ്ട്. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

bhoothakalam, bhoothakalam review, bhoothakalam rating, bhoothakalam movie watch online, bhoothakalam full movie, bhoothakalam movie review

സിനിമയിലെ ഹൊറർ രംഗങ്ങൾ ഏറെ ഉദ്യോഗജനകമാക്കി മാറ്റുന്നത് ചിത്രത്തിന്റെ ക്യാമറയും പശ്ചാത്തല സംഗീതവും എഡിറ്റിങ്ങുമാണ്. ഷെഹ്നാദ് ജലാലാണ് ഛയാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒരു ചെറിയ വീടിനുള്ളിൽ മാത്രമായി ഒതുങ്ങുന്ന ഹൊറർ രംഗങ്ങൾ പ്രേക്ഷകന്റെ ഉറക്കം കെടുത്തുന്ന രീതിയിൽ ഒപ്പിയെടുക്കാൻ ഷെഹ്നാദിന് സാധിച്ചിട്ടുണ്ട്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം. ഷഫീഖ് മുഹമ്മദാണ് എഡിറ്റിങ്.

സിനിമയിലെ ഏകഗാനം എഴുതി, സംഗീതം ചെയ്ത്, പാടിയിരിക്കുന്നത് ഷെയിൻ നിഗമാണ്. യൂട്യൂബിൽ നേരത്തെ റിലീസ് ചെയ്ത ഗാനം ഇതിനോടകം ഹിറ്റാണ്. ഷെയ്ൻ നിഗം ഫിലിംസിന്റെ ബാനറിൽ ഷെയ്നിന്റെ മാതാവ് സുനില ഹബീബും പ്ലാൻ ടി ഫിലിംസിന്റെ ബാനറിൽ തേരേസ റാണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും വിതരണ സംരംഭമായ എ&എ റിലീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

കോവിഡിന്റെ അതിതീവ്ര വ്യാപന സമയത്ത് തിയേറ്ററുകൾ ഒഴിവാക്കി വീട്ടിൽ ഇരുന്ന് നല്ലൊരു ത്രില്ലർ കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് കാണാവുന്ന ചിത്രമാണ് ‘ഭൂതകാലം’. വീട്ടിലെ ടീവിയിലോ അല്ലെങ്കിൽ മിനിമം ഒരു ലാപ്ടോപ്പ് സ്‌ക്രീനിലോ കാണുകയാണെങ്കിൽ ചിത്രം നല്ലൊരു അനുഭവമായിരിക്കും. ഹൊറർ ചിത്രങ്ങൾ കണ്ടാൽ ഉറക്കം നഷ്ടപെടുന്നവർ രാത്രിയിൽ ‘ഭൂതകാലം’ കാണാതിരിക്കുന്നതാകും നല്ലത്.

Read Here: Hridayam movie review: പുതുമയില്ലാത്ത പ്രണയ-കാല്‍പ്പനികത; ‘ഹൃദയം’ റിവ്യൂ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Bhoothakalam shane nigam revathy movie review rating