Bharatha Circus Movie Review & Rating: നിറം, രൂപം, പേര്, ജാതി, മതം എന്നിവയൊക്കെ കൊണ്ട് ആദ്യകാഴ്ചയിൽ തന്നെ മനുഷ്യരെ അളക്കുകയും മുൻവിധിയോടെ സമീപിക്കുകയും ചെയ്യുന്നവരെ ചുറ്റുമൊന്നു കണ്ണോടിച്ചാൽ കാണാം. അത്തരം മുൻവിധികളോടെ ഭരണകൂടവും സിസ്റ്റവും തന്നെ നിങ്ങളെ വേട്ടയാടാൻ തുടങ്ങിയാലോ? അത്തരമൊരു ട്രിപ്പീസ് കളിയെ കുറിച്ച്, മനുഷ്യരുടെ ‘ജീവിതം വെച്ച് സർക്കസ് കളിക്കുന്ന’ സിസ്റ്റത്തിനകത്തെ പുഴുകുത്തുകളെ കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് ‘ഭാരത സർക്കസ്’.
പശുക്കളെ വളർത്തി ഉപജീവനം നടത്തുന്ന ആളാണ് ലക്ഷ്മണൻ കാണി (ബിനു പപ്പു). ഭാര്യ മരിച്ച ലക്ഷ്മണിന് ആകെയുള്ളത് മകൾ പൊന്നിയാണ്. ഒരു ദിവസം പൊന്നിയുടെ ഫോണിലേക്ക് വരുന്ന അവളുടെ ഒരു നഗ്നവീഡിയോ അപ്രതീക്ഷിതമായി ലക്ഷ്മണൻ കാണുന്നു. ദേഷ്യവും വിഷമവും സഹിക്കാനാവാതെ ലക്ഷ്മണൻ മകളെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നു. മനസ്സു തകർന്ന പൊന്നി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ അബോധാവസ്ഥയിൽ കിടക്കുന്ന മകളെ ആശുപത്രിയിലാക്കി ലക്ഷ്മണൻ നേരെ ചെല്ലുന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. മകളുടെ നഗ്നവീഡിയോ പകർത്തിയ വ്യക്തിയെ കണ്ടെത്താനും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാതെയിരിക്കാനും പൊലീസിന്റെയും സൈബർ സെല്ലിന്റെയും സഹായം അഭ്യർത്ഥിച്ചാണ് ലക്ഷ്മണൻ എത്തുന്നത്. പൊലീസ് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ചില ബാഹ്യശക്തികളുടെ ഇടപെടൽ കൊണ്ട് കേസിന്റെ ഗതി മാറിമറിയുന്നു.
സ്വാർത്ഥ താൽപ്പര്യങ്ങളോടെ പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ നടത്തുന്ന വളച്ചൊടിക്കലുകൾ പ്രശ്നങ്ങളെ സങ്കീർണ്ണമാക്കുന്നു. നിരപരാധിയായ ലക്ഷ്മണന്റെ ജീവിതം മരണക്കിണർ അഭ്യാസമായി മാറുകയാണ് പിന്നെയങ്ങോട്ട്. കെണി വച്ച് കാത്തിരിക്കുന്ന ചതികളിൽ നിന്നും ലക്ഷ്മണന് രക്ഷപ്പെടാനാവുമോ എന്ന ആശങ്ക പ്രേക്ഷകരിലേക്കും പകർന്നുകൊണ്ടാണ് ‘ഭാരത സർക്കസ്’ മുന്നേറുന്നത്. നീതിയ്ക്കും നിലനിൽപ്പിനും വേണ്ടി ലക്ഷ്മണൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ബിനു പപ്പുവും ഷൈൻ ടോം ചാക്കോയുമാണ് ചിത്രത്തിലെ നായകന്മാർ. ലക്ഷ്മണൻ കാണിയായി ജീവിക്കുകയാണ് ബിനു പപ്പു. ഒരച്ഛന്റെ വേദനയും അപമാനിതനാവുമ്പോഴുള്ള വിങ്ങലും ദേഷ്യവുമെല്ലാം ബിനുവിൽ ഞൊടിയിട കൊണ്ട് മിന്നിമറയുന്നു. വൈകാരിക രംഗങ്ങളിലെല്ലാം ഏറെ കയ്യടക്കം പുലർത്താനും ബിനു ശ്രദ്ധിച്ചുണ്ട്. മലയാള സിനിമയിൽ കാമ്പുള്ള കഥാപാത്രങ്ങളുമായി താനിനിയും ഇവിടെ തന്നെ കാണുമെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് ബിനു. ഷൈൻ ടോം ചാക്കോയുടെ ശരീരഭാഷയേയും ‘ആംഗ്രിമാൻ ലുക്കി’നെയും നല്ല രീതിയിൽ പ്രയോജനപെടുത്തിയ ചിത്രം കൂടിയാണ് ‘ഭാരത സർക്കസ്’. മനുഷ്യപക്ഷത്തു നിന്നു സംസാരിക്കുന്ന അനൂപ് ഉണ്ണിത്താൻ എന്ന കഥാപാത്രം ഷൈനിന്റെ കയ്യിൽ ഭദ്രമായിരുന്നു. സംവിധായകൻ എം എ നിഷാദാണ് അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയ മറ്റൊരാൾ. ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ, സുനിൽ സുഖദ, ആരാധ്യ ആൻ, മേഘ തോമസ്, സുധീർ കരമന, ആഭിജ, ജയകൃഷ്ണൻ, പാഷാണം ഷാജി, ജോളി ചിറയത്ത്, ലാലി പി.എം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ജാതി സ്പിരിറ്റ് മനസ്സിലേറ്റുന്നവർക്കുള്ള മുഖമടച്ചുള്ള അടിയാണ് ‘ഭാരത സർക്കസ്’. ജാതി, മതം, തൊലിനിറം എന്നിവയൊക്കെ നോക്കി മനുഷ്യരെ വേർതിരിക്കുന്ന ജീർണിച്ച സിസ്റ്റത്തെ തുറന്നു കാണിക്കുന്നുണ്ട് ചിത്രം. ‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും പുലയന്റെ മകനോട് പുലയാണ് പോലും,’ എന്ന ഗാനത്തിന്റെ പ്ലെയ്സ്മെന്റും പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. പറയപ്പെടേണ്ട ഒരു വിഷയത്തെ കൃത്യമായി, പ്രേക്ഷകരെയും സ്വാധീനിക്കുന്ന വിധത്തിൽ പറഞ്ഞുവയ്ക്കാൻ സംവിധായകൻ സോഹൻ സീനുലാലിന് സാധിച്ചിട്ടുണ്ട്. മുഹാദ് വെമ്പായമാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പൊലീസും സിസ്റ്റവും നിസ്സഹായരായ മനുഷ്യരെ ഫ്രെയിം ചെയ്യുമ്പോൾ അതിനെ ഭേദിച്ച് പുറത്തു കടക്കുക എന്നത് സിനിമ പറയുന്നത്ര എളുപ്പമുള്ളൊരു പ്രക്രിയ അല്ല. എന്നിരുന്നാലും, അത്തരമൊരു വിഷയത്തെ സമൂഹത്തിലേക്ക് എത്തിക്കാൻ സിനിമയെന്ന ജനപ്രിയ മാധ്യമത്തെ കൂട്ടുപിടിച്ച സംവിധായകനും തിരക്കഥാകൃത്തും അഭിനന്ദനം അർഹിക്കുന്നു.
ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിനു കുര്യൻ ഒരുക്കിയ ദൃശ്യങ്ങളും വി സാജന്റെ എഡിറ്റിംഗും പ്രമേയത്തോട് നീതി പുലർത്തുന്നുണ്ട്. ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. വലിയ താരനിരയോ പരസ്യമോ പ്രമോഷനോ ഒന്നുമില്ലാതെ തിയേറ്ററുകളിലേക്ക് എത്തിയ ‘ഭാരത സർക്കസ്’ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. ഒരു പൗരന് ഭരണക്കൂടം ഉറപ്പുനൽകുന്ന നിയമങ്ങളെ കുറിച്ച് മാത്രമല്ല, നമുക്ക് ചുറ്റും പതിയിരിക്കുന്ന ചില കെണികളെ കുറിച്ച് കൂടിയാണ് ‘ഭാരത സർക്കസ്’ ഓർമ്മപ്പെടുത്തുന്നത്.