/indian-express-malayalam/media/media_files/uploads/2023/04/B-32-44-review.jpg)
B 32 Muthal 44 Vare Movie Review & Rating: സിനിമാമേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മുന്നോട്ടു കൊണ്ടുവന്ന പദ്ധതിയാണ് ഫിലിംസ് ഡയറക്റ്റഡ് ബൈ വുമൺ. ഈ പദ്ധതിയുടെ കീഴിൽ നിർമിച്ച ചിത്രങ്ങളാണ് നിഷിദ്ധോ, ഡിവോഴ്സ് എന്നിവ. ഇവ രണ്ടും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ ജീവിതകഥയാണ് പറഞ്ഞുവച്ചത്. ശ്രുതി ശരണ്യം എന്ന നവാഗത സംവിധായികയും 'ബി 32 മുതൽ 44 വരെ' എന്ന ചിത്രത്തിലൂടെ സ്ത്രീ ജീവിതത്തിന്റെ കാണാപുറങ്ങൾ തന്നെയാണ് വരച്ചെടുക്കാൻ ശ്രമിക്കുന്നത്.
'ബി 32 മുതൽ 44 വരെ' എന്ന ടൈറ്റിൽ സൂചിപ്പിക്കുന്നത് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ബ്രസ്റ്റ് സൈസിനെയാണ്. ബോഡി പൊളിറ്റിക്സ് എന്ന ചൂടേറിയ വിഷയത്തെ വളരെ തന്മയത്വത്തോടെ പറഞ്ഞുവയ്ക്കുകയാണ് 'ബി 32 മുതൽ 44 വരെ' എന്ന ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾ, അവരുടെ സ്തനങ്ങൾ മൂലം നേരിടുന്ന ഇൻസെക്യൂരിറ്റിയും അതിനെ മറികടന്ന് തന്റെ ശരീരത്തെ സ്നേഹിക്കാൻ തുടങ്ങുന്നതുമാണ് 'ബി 32 മുതൽ 44 വരെ' യുടെ പ്രമേയം.
ബ്രസ്റ്റ് കാൻസർ മൂലം സ്തനങ്ങൾ മുറിച്ചു മാറ്റപ്പെട്ടതിന്റെ വേദന അനുഭവിക്കുകയാണ് മാലിനി (രമ്യ നമ്പീശൻ). അതിനിടയിൽ ഭർത്താവ് തന്നിൽ നിന്ന് അകലയുകയാണെന്ന യാഥാർത്ഥ്യം മാലിനിയെ വേദനിപ്പിക്കുന്നു. ജോലിയിലെ പ്രമോഷൻ ലിസ്റ്റിൽ നിന്ന് തന്റെ പേര് ഒഴുവാക്കുന്നിടത്താണ് ഇമാന(സറിൻ ഷിഹാബ്) നിശബ്ദയാകുന്നത്. അവിടെയും അധികാരികൾ പഴി പറഞ്ഞത് അവളുടെ ശരീരത്തെയാണ്. ഭർത്താവിന്റെ ചികിത്സയ്ക്കു വേണ്ടി ലോഞ്ചറി കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കേണ്ടി വരുന്ന ജയയും (അശ്വതി ബി) സ്വന്തം കുഞ്ഞിനെ മുലയൂട്ടാനുള്ള അവകാശം തഴയപ്പെടുന്ന പ്ലസ് വിദ്യാർത്ഥിനിയായ നിധിയും(റെയ്ന രാധാകൃഷ്ണൻ) ഒറ്റപ്പെട്ടു പോയത് ഉറ്റവരെന്നു വിചാരിച്ചവർക്കിടയിൽ തന്നെയാണ്. തന്റെ മാറിടത്തിൽ അനുവാദമില്ലാത്ത സ്പർശിച്ചവനെതിരെ പോരാടുന്ന റേച്ചലും (കൃഷ കുറുപ്പ്) ആൺമനസ്സും പേറി മാറിടം ഒരു തടസ്സമായി കരുതുന്ന സിയയും(അനാർക്കലി മരയ്ക്കാർ) ബോഡി പൊളിറ്റിക്സ് എന്ന വിഷയത്തെ തന്നെയാണ് ഉയർത്തി കാണിക്കുന്നത്.
'ബി 32 മുതൽ 44 വരെ' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പ്ലെയ്സ് ചെയ്തിരിക്കുന്ന ചുറ്റുപാട് നിങ്ങൾക്ക് പരിചിതമായിരിക്കണമെന്നില്ല. പക്ഷെ അവർ കടന്നു പോകുന്ന അവസ്ഥകൾ നിങ്ങൾ കേട്ടും കണ്ടും അറിഞ്ഞതായിരിക്കും. ആദ്യ സീൻ കാണുമ്പോൾ മുതൽ നിങ്ങളുടെ മനസ്സിൽ തോന്നിയേക്കാം ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന ചിന്ത. അതു തന്നെയാണ് ഈ ചിത്രത്തിന്റെ ഒരു പരിമിതിയും. പ്രേക്ഷകന്റെ ആസ്വാദന ശേഷിയെ ഉണർത്താൻ 'ബി 32 മുതൽ 44 വരെ' എന്ന ചിത്രത്തിന് സാധിക്കുമോ എന്ന് ചോദിച്ചാൽ സംശയമാണ്. പക്ഷെ ബോഡി പൊളിറ്റിക്സ് എന്ന വിഷയത്തെ വളരെ റിലേറ്റമ്പിളായി കൈകാര്യം ചെയ്യാൻ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. സ്ത്രീ ജീവിതത്തിന്റെ കാഴ്ചകൾ മാത്രമല്ല ഇന്റർസെക്ഷ്വാലിറ്റിയെ കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്.
ഇരുപതിൽ കൂടുതൽ സത്രീകൾ പിന്നണിയിലും മുന്നിലും ഒരു പോലെ പ്രവർത്തിച്ച ചിത്രമാണ് 'ബി 32 മുതൽ 44 വരെ.' സ്ത്രീകൂട്ടായ്മയിൽ പിറവിയെടുത്ത ഇത്തരം ചിത്രങ്ങൾ വീണ്ടും ആസ്വാദകരെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.