scorecardresearch
Latest News

വലിയ ക്യാൻവാസിൽ പറയേണ്ട സമര ജീവിതത്തെ ചെറുതാക്കി കളഞ്ഞ ചിത്രം; ‘ആയിഷ’ റിവ്യൂ: Ayisha Movie Review & Rating

Ayisha Movie Review & Rating: രാഷ്ട്രീയ ശരികൾ തുളുമ്പുന്ന ചില സംഭാഷണങ്ങൾ പോലെ എളുപ്പമല്ല രാഷ്ട്രീയമായി ശരിയാവാൻ എന്ന് ‘ആയിഷ’ ഒരോ രംഗത്തിലും ഓർമിപ്പിച്ചു

Manju warrier, Ayisha Review

Manju Warrier Ayisha Movie Review & Rating: ഒരുപാട് ദുരൂഹതകൾ പേറി സൗദിഅറേബ്യയിലേക്ക് ഗദ്ദാമയായി എത്തുകയാണ് ആയിഷ. അവിടുത്തെ സമൃദ്ധമായ കൊട്ടാരത്തിലെ കാഴ്ചകൾ, സൗദി അറേബ്യ വളരെയധികം സ്ത്രീപക്ഷമായ നാടാണ് എന്നൊക്കെയുള്ള സംഭാഷണങ്ങൾ… ഇടക്കുള്ള ചില ‘ക്യൂട്ട്നെസ്സ് ഓവർലോഡ്’ രംഗങ്ങൾ, നന്മയെയും രാഷ്ട്രീയ ശരികളെയും വളരെ പ്രകടമായി ഊട്ടിയുറപ്പിക്കുന്ന രംഗങ്ങൾ… ആമിർ പള്ളിക്കലിന്റെ ‘ആയിഷ’ ഇന്റർവെലിനു തൊട്ട് മുൻപു വരെ പ്രതീക്ഷിച്ച പോലെ തന്നെ മുന്നോട്ട് പോയി… ആയിഷ ആരാണെന്നുള്ള റിവീലിംഗ് രംഗം പക്ഷേ അവിടെ നിന്നൊക്കെ മാറി സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചു. സിനിമയുടെ അത് വരെയുള്ള മൂഡിനെ മൊത്തത്തിൽ ഉയർത്താൻ ശേഷിയുള്ള ഒന്നായിരുന്നു അത്. പക്ഷേ സിനിമ പറയാൻ ഉദ്ദേശിച്ചത് മറ്റൊന്നായിരുന്നു.

Spoiler alert ahead

നിലമ്പൂർ ആയിഷ എന്ന കലാകാരിയെ കുറിച്ചാണ് ‘ആയിഷ’ എന്ന സിനിമ. കേരളത്തിലെ കലയുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ നിലമ്പൂർ ആയിഷക്ക് വിശദീകരണങ്ങൾ ആവശ്യമില്ല. നാടകത്തിലഭിനയിച്ചതിന്റെ പേരിൽ മത മൗലിക വാദികളിൽ നിന്ന് വെടിയുണ്ട ഏൽക്കേണ്ടി വന്ന അവർ കല്ലേറ് കൊണ്ട് മുറിഞ്ഞു ചോര വാർന്ന മുറിവുമായി നാടകം ഒരു നിമിഷം പോലും നിർത്താതെ തന്റെ പ്രകടനം തുടർന്ന കഥയും കേൾക്കാത്തവർ ചുരുക്കം. മറ്റൊരു വേദിയിൽ വച്ചു ഒരാൾ മുഖത്തേക്ക് വീശിയടിച്ചതിനെ തുടർന്ന് അവരുടെ കേൾവി ശക്തിക്കു കുറവ് വന്നിട്ടുണ്ട്. പതിനാറു വയസ് മുതൽ തുടരുന്ന അഭിനയ ജീവിതം ഇന്നും തുടർന്നു കൊണ്ടാണ് നിലമ്പൂർ ആയിഷ തന്റെ ബോധ്യങ്ങളിൽ ഉറച്ചു നിന്ന് സമരം തുടരുന്നത്.

പക്ഷേ ആമിർ പള്ളിക്കലിന്റെ ‘ആയിഷ’യിൽ നാടകമോ വേദികളോ ഇല്ല. അൻപതുകൾ മുതൽ സജീവമായി അവർ സഞ്ചരിക്കുന്ന ദൂരങ്ങൾ ഇല്ല. എൺപതുകളുടെ അവസാനം മുതൽ അവർ ഗദ്ദാമയായി ജീവിച്ച കൊട്ടാരവും അവിടെയുള്ളവരുടെ ആയിഷയോടുള്ള അനുതാപ പൂർണമായ സമീപനവും പരിഗണനയും ആത്മബന്ധവുമൊക്കെയാണുള്ളത്.

നിലമ്പൂർ ആയിഷയുടെ ജീവിതത്തിലെ ഇങ്ങനെയൊരു അധ്യായമെടുത്ത് സൗദിയിലെ ഒരു കൊട്ടാരത്തിലെ ജീവിതത്തെ, അവരുടെ നന്മകളെ ഒക്കെ പ്രേക്ഷകരിൽ എത്തിക്കുകയെന്ന ദൗത്യമാണോ സംവിധായകനും സംഘത്തിനുമുള്ളത് എന്ന് പലപ്പോഴും തോന്നിപ്പോയി. സ്വന്തം മതത്തിൽ നിന്ന് താൻ നേരിട്ട ക്രൂരമായ അതിക്രമത്തെ കുറിച്ച് ‘ആയിഷ’യുടെ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴും നിലമ്പൂർ ആയിഷ പറയുന്നുണ്ട്. പക്ഷേ ഇങ്ങനെയൊരു മറുവശം ആരും കാണാതെ പോകരുത്, ആയിഷയെ ഇരുകയ്യും നീട്ടി സ്വീകരിച്ച സൗദിയിലെ രാജ വംശം എന്നൊക്കെയുള്ള ചില വാശികളിലാണ് ‘ആയിഷ’ എന്ന സിനിമ.

പതിമൂന്നു വയസിൽ നാല്പത്തിയേഴു വയസു കഴിഞ്ഞ ഒരാളുമായി ദിവസങ്ങൾ മാത്രം നീണ്ട വിവാഹ ജീവിതത്തെ കുറിച്ചും നിലമ്പൂർ ആയിഷ അവരുടെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്നുമുള്ള പരോക്ഷ സ്വാധീനം, ടി വി ചന്ദ്രന്റെ ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയിൽ കാണാം. പക്ഷേ ‘ആയിഷ’ ഇത് ഡോക്യുമെന്റ് ചെയ്യുന്നത് വളരെ മൃദുവായാണ്. വേദികളിൽ അവർ നേരിട്ട ആക്രമണങ്ങളോടും വളരെ പ്രത്യക്ഷത്തിൽ ഒരു മൃദു സമീപനം സിനിമ സ്വീകരിക്കുന്നുണ്ട്. രാഷ്ട്രീയ ശരികൾ തുളുമ്പുന്ന ചില സംഭാഷണങ്ങൾ പോലെ എളുപ്പമല്ല രാഷ്ട്രീയമായി ശരിയാവാൻ എന്ന് ‘ആയിഷ’ ഒരോ രംഗത്തിലും ഓർമിപ്പിച്ചു.

നിലമ്പൂർ ആയിഷയുടെ പേരിലുള്ള പ്രാദേശികതയെ എടുത്ത് മാറ്റുന്ന അവസാന സംഭാഷണങ്ങൾ, അവരൊരു വിപ്ലവമാണ് എന്നൊക്കെയുള്ള ഓർമപ്പെടുത്തൽ ഒക്കെ വളരെ ചെറിയ രീതിയിൽ ഉപകഥകളായാണ് വന്നു പോയത്. അവരുടെ നാടകങ്ങൾ, വേദികൾ ഒക്കെ കൊട്ടാരത്തിലെ കാഴ്ചകളിലേക്കും ‘കുട്ടിക്കുപ്പായ’ത്തിലെ ചില രംഗങ്ങളിലേക്കും ചുരുക്കി. സ്ത്രീകൾ തമ്മിൽ അനുഭവിക്കുന്ന അതിരുകൾ ഇല്ലാത്ത സൗഹൃദത്തെ കുറിച്ചുള്ള സിനിമ എന്നൊക്കെയുള്ള വ്യാഖ്യാനത്തിനുള്ള സാധ്യത സിനിമ ബാക്കി വെക്കുന്നുണ്ടെങ്കിലും നിലമ്പൂർ ആയിഷയെ കുറിച്ചൊക്കെ പറയുന്ന സിനിമയിൽ അതൊക്കെ ഉപരിപ്ലവമായ കെട്ടു കാഴ്ചയായി അനുഭവപ്പെട്ടു.

ബഹുഭാഷ സിനിമകൾ ഇവിടെയൊരു അത്ഭുതമല്ലാതായിട്ട് കുറച്ചു കാലമായി. ‘ആയിഷ’ എന്ന സിനിമയിലേക്ക് മടങ്ങി വന്നാൽ, സിനിമ മലയാളത്തേക്കാൾ അധികം സംസാരിക്കുന്നത് അറബിയിലാണ്. തമിഴും ഹിന്ദിയും വളരെയധികം കടന്നു വരുന്നുണ്ട്. പലപ്പോഴും നമ്മുടെ ഫെസ്റ്റിവൽ കാഴ്ചകളായ ഇറാനിയൻ, തുർക്കി സിനിമകളുടെയും സംഭാഷണ ശൈലിയെ, ഫ്രെയുമുകളെ, വസ്ത്ര ധാരണ രീതിയെ ‘ആയിഷ’ ഓർമിപ്പിച്ചു. ഒരർത്ഥത്തിൽ ഇതൊക്കെ പുതുമയുണ്ടാക്കുന്നുണ്ട്. എന്നാൽ സിനിമ കാണുന്ന സാധാരണ പ്രേക്ഷകർക്ക് അപരിചിതത്വം തോന്നാവുന്ന അത്രയും മറ്റു ഭാഷകൾ ചിലപ്പോഴെങ്കിലും സിനിമയുടെ ആസ്വാദനത്തെ ബാധിച്ചേക്കാം. സബ് ടൈറ്റിലിനെ അധികമായി ആശ്രയിച്ചുള്ള ഒരു മലയാള സിനിമയുടെ തീയറ്റർ കാഴ്ച എത്ര കണ്ട് സ്വീകരിക്കപ്പെടുമെന്ന് സംശയമാണ്. കൊറോണക്കാലത്തിനു ശേഷം നമ്മൾ പരിചയപ്പെട്ട പല ഭാഷാ സിനിമാ കാഴ്ചകൾ ഇത്രയധികം സാധാരണ പ്രേക്ഷകരുടെ തീയറ്റർ അനുഭവത്തിൽ കടന്നു വരുമോ എന്ന് സംശയമാണ്.

സിനിമയുടെ ക്യാമറ ഓരോ നാടിനും സംഭവത്തിനും സംഭവങ്ങൾക്കുമനുസരിച്ച് കൺസിസ്റ്റന്റ് ആയി മികച്ചു നിന്നു. സിനിമയുടെ പല രീതിയിലുള്ള ചിതറി പോകലുകൾക്കിടയിൽ ഭംഗിയായി തോന്നിയത് ഛായഗ്രഹണം മാത്രമായിരുന്നു. പാട്ടുകൾ പലപ്പോഴും അനാവശ്യമായി തോന്നി. ഇപ്പോൾ പുറത്തിറങ്ങുന്ന പല സിനിമകളിലെയും പോലെ രാഷ്ട്രീയ ശരി സംഭാഷണങ്ങൾ ഇടക്ക് കടന്നു വരുന്നത് കൃത്രിമത്വം കൂട്ടി. നിലമ്പൂരിലെ സംഭാഷണങ്ങൾക്ക് പ്രദേശികത തോന്നിയില്ല. ആയിഷ എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴും മഞ്ജു വാരിയർക്ക് നിലമ്പൂർ ആയിഷയുടെ ജീവിതം മനസ്സിലായോ എന്ന സംശയം തോന്നി. മഞജുവിലെ നടിക്ക് വെല്ലുവിളിയുണ്ടാക്കുന്ന ഒന്നും ‘ആയിഷ’ നൽകിയില്ല.

കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നിർമ്മിക്കപ്പെട്ട സിനിമയാണ് ‘ആയിഷ.’ ഒരാളുടെ യഥാർത്ഥ ജീവിതത്തിന്റെ ഒരു വശത്തോട് ചാഞ്ഞു നിന്ന് കൊണ്ടുള്ള ബാലൻസിങ് സിനിമയിൽ തുടക്കം മുതൽ ഒടുക്കം വരെ കാണാം. പക്ഷേ അതിനുപ്പുറം വലിയ ക്യാൻവാസിൽ പറയേണ്ട ഒരു സമര ജീവിതത്തെ വളരെ ചെറുതാക്കി കളഞ്ഞു ‘ആയിഷ’ എന്ന സിനിമ.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Ayisha movie review rating manju warrier