scorecardresearch

Aviyal Movie Review & Rating: വേറിട്ട രീതിയിൽ കഥ പറയുന്ന 'അവിയൽ'; റിവ്യൂ

Aviyal Movie Review & Rating: ജോജുവും അനശ്വരയുമെല്ലാം ചിത്രത്തിൽ ഇടയ്ക്ക് വന്നുപോവുന്നുണ്ടെങ്കിലും പുതുമുഖതാരമായ സിറാജുദ്ദീന്റെ ചിത്രമാണ് അവിയൽ എന്നു പറയേണ്ടി വരും

Aviyal Movie Review & Rating: ജോജുവും അനശ്വരയുമെല്ലാം ചിത്രത്തിൽ ഇടയ്ക്ക് വന്നുപോവുന്നുണ്ടെങ്കിലും പുതുമുഖതാരമായ സിറാജുദ്ദീന്റെ ചിത്രമാണ് അവിയൽ എന്നു പറയേണ്ടി വരും

author-image
Dhanya K Vilayil
New Update
Aviyal, Aviyal review, Aviyal movie review, Aviyal rating

Aviyal Movie Review & Rating: 'ഫിലിപ്‍സ് ആൻഡ് ദ മങ്കിപെൻ' എന്ന ചിത്രത്തിനു ശേഷം ഷാനിൽ മുഹമ്മദ് ഒരുക്കിയ 'അവിയൽ' ഒരു പുരുഷന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ്. തന്റെ പ്രണയ പരാജയത്തിന്റെ കഥ കൃഷ്ണനോട് (ജോജു) പറയുകയാണ് മകൾ (അനശ്വര രാജൻ). അതിനു ശേഷം ഇരുവരും ഒന്നിച്ചുള്ള ഒരു യാത്രയ്ക്കിടെ കൃഷ്ണൻ തന്റെ ഫ്ളാഷ്ബാക്ക് സ്റ്റോറി മകളോട് പറയുന്നു. പ്രേക്ഷകർ പലപ്പോഴായി വെള്ളിത്തിരയിൽ കണ്ട കഥാപരിസരങ്ങളെയാണ് ചിത്രം ഓർമ്മപ്പെടുത്തുന്നതെങ്കിലും അവതരിപ്പിച്ചിരിക്കുന്ന രീതിയിലെ പുതുമയാണ് 'അവിയലി'നെ വേറിട്ട അനുഭവമാക്കുന്നത്.

Advertisment

കൃഷ്ണൻ പറയുന്ന കഥയിലൂടെ അയാളുടെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലേക്കാണ് സംവിധായകർ പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. കണ്ണൂർ ഭാഷ സംസാരിക്കുന്ന, ഒരു നാട്ടിൻപ്പുറത്തുകാരനായ സ്കൂൾ വിദ്യാർത്ഥിയിൽ നിന്നും ഒരു കുടുംബനാഥനാവുന്നതു വരെയുള്ള കൃഷ്ണന്റെ കഥ, പ്രേക്ഷകരിൽ പലർക്കും താദാത്മ്യം പ്രാപിക്കാവുന്ന ഒന്നാണ്. അച്ഛൻ വളർത്തിയ കുട്ടിയാണ് കൃഷ്ണൻ. ആത്മവിശ്വാസമില്ലാത്ത ആ കൗമാരക്കാരൻ നേരിടേണ്ടി വരുന്ന പ്രണയനൈരാശ്യം, അനിശ്ചിതാവസ്ഥകൾ, ലക്ഷ്യബോധമില്ലാത്ത ജീവിതം എന്നിവയൊക്കെ കടന്ന് കൃഷ്ണൻ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. കൃഷ്ണന്റെ പ്രണയാന്വേഷണങ്ങളും പ്രണയ നിരാസങ്ങളും തിരിച്ചറിവുകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഒരച്ഛനും മകളും തമ്മിലുള്ള രസകരമായ കെമിസ്ട്രി കൂടി അവിയലിൽ കാണാം. അനശ്വര രാജനാണ് ചിത്രത്തിൽ ജോജുവിന്റെ മകളായി എത്തുന്നത്. വളരെ കുറച്ച് സീനുകളിൽ മാത്രമേ ഇരുവരും ഉള്ളെങ്കിലും ആ സീനുകൾ പ്രേക്ഷകരുടെ ഇഷ്ടം കവരും. ജൂണിലും ജോസഫിലുമൊക്കെ കണ്ട സ്നേഹസമ്പന്നനായ അച്ഛനെ ജോജുവിന്റെ കൃഷ്ണനും ഓർമ്മപ്പെടുത്തുന്നുണ്ട്.

ജോജുവും അനശ്വരയുമെല്ലാം ചിത്രത്തിൽ ഇടയ്ക്ക് വന്നുപോവുന്നുണ്ടെങ്കിലും പുതുമുഖതാരമായ സിറാജുദ്ദീന്റെ ചിത്രമാണ് അവിയൽ എന്നു പറയേണ്ടി വരും. ജോജുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സിറാജുദ്ദീൻ തന്റെ പെർഫോമൻസ് കൊണ്ട് അമ്പരപ്പിക്കുന്നുണ്ട്. അഭിനയത്തിൽ മാത്രമല്ല, രൂപഭാവങ്ങളിലും മേക്കോവറിലും സിറാജുദ്ദീന്റെ അപാരമായ ആത്മസമർപ്പണം കാണാം. സ്കൂൾ കാലം മുതൽ ഒരു അച്ഛനാവുന്നതു വരെയുള്ള കാലഘട്ടത്തെ കയ്യടക്കത്തോടെ സിറാജ് അവതരിപ്പിച്ചിട്ടുണ്ട്.

Advertisment

അഞ്ജലി നായർ, ആത്മീയ രാജൻ, കേതകി നാരായണ്‍ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രശാന്ത് അലക്സാണ്ടര്‍, ഡെയ്‍ൻ, സുബീഷ് സുധി, പ്രശാന്ത് അലക്സാണ്ടര്‍, , ശിവദാസ് സി തുടങ്ങിയവരാാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

എൺപതുകളെ ഓർമ്മിപ്പിക്കുന്ന പാട്ടുകളാണ് 'അവിയലി'ൽ നിറയുന്നത്. സംഗീതവും പ്രണയവും ചേരുംപടി ചേർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ശങ്കര്‍ ശര്‍മ, ശരത് എന്നിവരാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. ഒരു പരീക്ഷണ ചിത്രത്തിന്റെ ട്രീറ്റ്മെന്റിലാണ് സംവിധായകൻ ഷാനിൽ മുഹമ്മദ് അവിയൽ ഒരുക്കിയത്. രവി കെ ചന്ദ്രൻ, ജിംഷി ഖാലിദ്, ജിക്കു ജേക്കബ് പീറ്റര്‍, സുദീപ് ഇളമണ്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്.

വേറിട്ടൊരു ട്രീറ്റ്മെന്റിൽ ഒരുക്കുമ്പോഴും എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമെന്ന് അവിയലിനെ വിശേഷിപ്പിക്കാനാവില്ല. രണ്ടാം പകുതിയിൽ പലയിടത്തും അനുഭവപ്പെടുന്ന മെല്ലെപ്പോക്ക് അവിയൽ കാഴ്ചയെ ഇടയ്ക്ക് മടുപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, വലിയ പ്രതീക്ഷയില്ലാതെ ഒറ്റ തവണ കാണാവുന്നതൊക്കെ ചിത്രത്തിലുണ്ട്.

Joju George Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: