Autorickshawkarante Bharya Movie Review & Rating: ഒരിടവേളയ്ക്ക് ശേഷം ആൻ അഗസ്റ്റിൻ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദന്റെ അതേ പേരിലുള്ള ചെറുകഥയുടെ സിനിമാ ആവിഷ്കാരമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. ശക്തയായൊരു സ്ത്രീകഥാപാത്രത്തെ ചിത്രത്തിൽ കാണാം, ചില സ്ത്രീപക്ഷ ചിന്തകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്, എന്നിരിക്കിലും ടോട്ടാലിറ്റിയിൽ പ്രകടമായി കാണാവുന്ന പോരായ്മകൾ ചിത്രത്തിന്റെ നിറം കെടുത്തുകയാണ്.
മാഹിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞു പോവുന്നത്. മീത്തലെപ്പുരയിലെ സജീവൻ (സുരാജ് വെഞ്ഞാറമൂട്) കുഴിമടിയനായൊരു ഓട്ടോറിക്ഷക്കാരനാണ്. മറ്റുള്ളവരെല്ലാം ഓട്ടോയുമായി നെട്ടോട്ടമോടുമ്പോൾ വഴിവക്കിലെ തണലിൽ ഓട്ടോയൊതുക്കി വിശ്രമിക്കാനാണ് സജീവനിഷ്ടം. അങ്ങനെയിരിക്കെ സജീവൻ ഒരു വിവാഹം കഴിക്കുന്നു, നെടുമ്പ്രയില് ബാലന്റെ മകള് രാധികയാണ് വധുവായി എത്തുന്നത്. ജീവിതബോധം കൊണ്ടും വിദ്യഭ്യാസം കൊണ്ടും തന്റേടം കൊണ്ടുമൊക്കെ സജീവനേക്കാൾ ഒരുപടി മുകളിലാണ് രാധിക (ആൻ അഗസ്റ്റിൻ). രാവിലെയെണീറ്റാൽ പത്രം വായിക്കണമെന്ന് നിർബന്ധമുള്ള, ഏതു ജോലിയ്ക്കും അതിന്റെ അന്തസ്സുണ്ടെന്ന് വിശ്വസിക്കുകയും കഠിനാധ്വാനം ചെയ്യാനും സാമ്പത്തിക അച്ചടക്കം കൈവരിക്കാനും ഭർത്താവിനെ ഉപദേശിക്കുകയും ചെയ്യുന്ന അഭിപ്രായങ്ങളുള്ള പെണ്ണ്. കയ്യിൽ കോണ്ടം കരുതിയിട്ടുണ്ടെങ്കിൽ മാത്രം മതി ആദ്യരാത്രിയിലെ സെക്സ് എന്നൊക്കെ ഉറപ്പോടെ തന്നെ പറയുന്നുണ്ട് രാധിക.
ഹണിമൂൺ കാലം കഴിയും മുൻപു തന്നെ സജീവന്റെ കുഴപ്പങ്ങൾ രാധിക മനസ്സിലാക്കുന്നു. ഉപദേശങ്ങൾ കൊണ്ടൊന്നും സജീവന്റെ മടി മാറി ജീവിതം നേരെ പോവില്ലെന്ന് മനസ്സിലാക്കിയ രാധിക ചില ഉറച്ച തീരുമാനങ്ങൾ എടുക്കുകയാണ്. പിന്നീട് അങ്ങോട്ട് പിണക്കങ്ങളും വാശിയും പരീക്ഷണങ്ങളുമൊക്കെ മറികടന്നാണ് സജീവന്റെയും രാധികയുടെയും ദാമ്പത്യമെന്ന മുചക്രവണ്ടി മുന്നോട്ട് ഉരുളുന്നത്.
ആർഭാടങ്ങളില്ലാത്ത, ലാളിത്യം നിറഞ്ഞ കഥാപരിസരങ്ങളിൽ നിന്നുകൊണ്ടാണ് എഴുത്തുകാരൻ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ കഥ പറയുന്നത്. വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിലൂള്ളൂ. എഴുത്തുകാരന്റെ പ്രിയ ഭൂമികയായ മാഹിയുടെ പശ്ചാത്തലവും പ്രാദേശിക ഭാഷയുടെ തനത് സൗന്ദര്യവുമൊക്കെ ചിത്രത്തിന് മുതൽക്കൂട്ടാവുണ്ട്.
ചിത്രത്തിലെ, രാധിക എന്ന കഥാപാത്രം പുതിയ കാലത്തിന്റെ സ്ത്രീകളുടെ പ്രതീകമെന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് അടുക്കളയ്ക്ക് അപ്പുറവും ഒരു ലോകമുണ്ടെന്നും വ്യക്തമായ ജീവിതകാഴ്ചപ്പാടുകളുണ്ടെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ് രാധിക. ആ കഥാപാത്രത്തെ പക്വതയോടെ തന്നെ ആൻ അഗസ്റ്റിൻ അവതരിപ്പിച്ചിട്ടുമുണ്ട്. സുരാജും അമ്മയായെത്തുന്ന മനോഹരി ജോയിയുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തിയിട്ടുണ്ട്. എന്നിരുന്നാലും സുരാജെന്ന നടനെ ഡിമാന്റ് ചെയ്യുന്ന കഥാപാത്രമൊന്നുമല്ല സജീവൻ. ഫ്രെഞ്ച് വാസു എന്ന അമ്മാവൻ കഥാപാത്രത്തെ അവതരിപ്പിച്ച ജനാർദ്ദനൻ, സ്വാസിക, കൈലാസ് എന്നിവരാണ് ചിത്രത്തിൽ ശ്രദ്ധ നേടുന്ന മറ്റു മുഖങ്ങൾ.
മേക്കിംഗിലും സമീപനങ്ങളിലുമാണ് ചിത്രം നിരാശപ്പെടുത്തുന്നത്. മലയാളസിനിമ എന്നോ നടന്നുകഴിഞ്ഞ, പ്രേക്ഷകർ കണ്ടുമടുത്ത അൽപ്പം പഴക്കമുള്ള വഴികളിലൂടെയാണ് ചിത്രത്തെ സംവിധായകൻ മുന്നോട്ട് കൊണ്ടുപോവുന്നത്. വളരെ പ്ലെയിനായി കഥ പറഞ്ഞുപോവുന്ന രീതിയ്ക്കും ആഴമില്ലാത്ത കഥാമൂഹൂർത്തങ്ങൾക്കും ആസ്വാദകരെ ചിത്രത്തിലേക്ക് ആകർഷിക്കാനാവുന്നില്ല. ഒരമ്മയുടെ നഷ്ടത്തെ /ഡ്രോമയെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, ക്ലൈമാക്സിലേക്ക് എത്തിക്കാനുള്ള ധൃതി കഥാമുഹൂർത്തങ്ങളോട് നീതി പുലർത്തിയോ എന്ന് സംശയമാണ്.
ഔസേപ്പച്ചനാണ് സംഗീതവും അഴകപ്പന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ഓട്ടോക്കാരുടെ മംഗലം പാട്ടൊക്കെ കേൾക്കാൻ ഇമ്പമുള്ളതാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറും കെ.വി.അബ്ദുൽ നാസറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ഏതു ചിത്രവും അതിന്റെ കാലത്തോട് എങ്ങനെ സംവദിക്കുന്നു എന്നത് പ്രധാനമാണ്. ആ രീതിയിൽ നോക്കുമ്പോൾ കാലങ്ങൾക്കു മുൻപ് പിറക്കേണ്ട സിനിമയായിരുന്നു ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്നു പറയേണ്ടി വരും. കാരണം, ഉത്തരവാദിത്വബോധമില്ലാത്ത ചെറുപ്പക്കാരെ ശരിയാക്കിയെടുക്കാൻ നിയോഗിക്കപ്പെടുന്ന, കുടുംബത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കേണ്ടി വരുന്ന ഭാര്യമാർ/ കുടുംബം താളം തെറ്റാതെ മുന്നോട്ട് കൊണ്ടുപോവേണ്ടത് ആ വീട്ടിലിരിക്കുന്ന സ്ത്രീയുടെ ഉത്തരവാദിത്വമെന്ന അലിഖിതനിയമം- കാലാകാലങ്ങളിലായി സമൂഹം ശീലിച്ചുപോന്ന അസമത്വങ്ങളുടെ താഴ്നിലങ്ങളിലേക്ക് തന്നെയാണ് പരോക്ഷമായി ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും പ്രേക്ഷകരെ ഇറക്കിവിടുന്നത്. ‘ഇനി നീ വേണം അവനെ നന്നാക്കിയെടുക്കാൻ’ എന്ന് ഒരു അമ്മ മരുമകളോട് പറയുന്നത് ഒരു സാധാരണ സംഭാഷണമായി തോന്നാമെങ്കിലും അതത്ര നിർദോഷമല്ല. ദാമ്പത്യമെന്നത്, ഇനിയും ഉത്തരവാദിത്വബോധം വന്നിട്ടില്ലാത്ത ഒരു പുരുഷന്റെ ‘രക്ഷാകർത്തൃത്വം’ ഏറ്റെടുക്കലല്ല, അത് സ്നേഹത്തിലും സമത്വത്തിലും ബഹുമാനത്തിലുമൂന്നിയ ‘സഹവര്ത്തിത്വ’മാണ്. സ്ത്രീകൾക്കുള്ള പാഡ് വാങ്ങുന്ന ജോലി പുരുഷൻ ഏറ്റെടുത്തതുകൊണ്ടോ പുരുഷന് ഉപയോഗിക്കാനുള്ള കോണ്ടം സ്ത്രീ പോയി വാങ്ങി കൊണ്ടുവന്നാലോ പുലരുന്നതല്ല സഹവർത്തിത്വത്തിൽ ഉണ്ടാവേണ്ട ആ സമത്വം. (കഥാന്ത്യത്തിൽ സജീവനിൽ ഉണ്ടാവുന്ന മാറ്റങ്ങൾ കൊണ്ടൊന്നും സാധൂകരിക്കാവുന്നതുമല്ല അത്.)