UnderWorld Malayalam Movie Review: ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ ഓളം സൃഷ്ടിച്ച ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിന്റെ താരനിരയും പ്രതീക്ഷ പകരുന്നതായിരുന്നു. ഫര്ഹാന് ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുമ്പോൾ പ്രതീക്ഷ ഉയരുന്നതില്‍ തെറ്റില്ല.
അരുണ്‍ കുമാര്‍ അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോക്ക്ടെയില്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു, കാറ്റ് ഈ ചിത്രങ്ങളുടെ സംവിധായകന്റെ പുതിയ ചിത്രം എന്നു കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അണ്ടര്‍ വേള്‍ഡ് കാണാനുള്ള പ്രതീക്ഷ വര്‍ധിക്കും.
നാലുപേരിലൂടെയാണ് അണ്ടര്‍ വേള്‍ഡിന്റെ കഥ പുരോഗമിക്കുന്നത്. സ്റ്റാലിന്, മജീദ്, പത്മനാഭന്, സോളമന്. യഥാക്രമം, ആസിഫ് അലി, ഫര്ഹാന് ഫാസില്‍, മുകേഷ്, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ഈ വേഷങ്ങള്‍ കൈകാര്യം ചെയ്തത്. 500 കോടിയ്ക്ക് വേണ്ടിയുളള നാലുപേരുടെ പോരാട്ടമാണ് ചിത്രത്തിന്റെ കഥ. നാലുപേരും നന്മയുള്ള നായകന്മാരല്ല, എല്ലാവര്ക്കും അവരവരുടേതായ ഗ്രേ ഷെയ്ഡുകളുണ്ട്. ലക്ഷ്യസാധ്യത്തിനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍.
Read More: ഈ യക്ഷി പേടിപ്പിക്കും; ‘ആകാശഗംഗ’ റിവ്യൂ
വ്യത്യസ്തമായ പ്രമേയങ്ങളും അവതരണ രീതികള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് അരുണ്‍ കുമാര്‍ അരവിന്ദ്. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം അണ്ടര്‍വേള്‍ഡ് പ്രേക്ഷകരില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാതെയാണ് കടന്നുപോകുന്നത്. തിരക്കഥയിലും മേക്കിങ്ങിലുമെല്ലാം സിനിമ ഒട്ടും എന്‍ഗേജിങ് ആകാതെ കാണുന്നവരില്‍നിന്ന് അകന്നുനില്ക്കുന്നുവെന്നു വേണം പറയാന്‍.
Under World Malayalam Movie Review: വലിച്ചുനീട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും രണ്ടാം പകുതിയേക്കാള്‍ നന്നായിരുന്നത് ആദ്യ പകുതിയാണെന്ന് പറയാം. പ്രധാന പ്ലോട്ടിലേക്ക് ചിത്രം എത്താന്‍ തന്നെ ഏറെ സമയമെടുക്കുന്നുണ്ട്. ഇതിനിടെ പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ രൂപപ്പെടുത്തുന്നതിലും കഥയുടെ പശ്ചാത്തലം പരിചയപ്പെടുത്തുന്നതിലും ചിത്രം പരാജയപ്പെടുന്നുണ്ട്. വണ്‍ ലൈനില്‍, ക്ലീഷേ ആണെങ്കില്‍ കൂടി എന്‍ഗേജിങ് ആയൊരു ചിത്രമാണെന്ന് തോന്നിപ്പിക്കുമെങ്കിലും അത് നല്ലൊരു തിരക്കഥയിലേക്കും സിനിമയിലേക്കും എത്തിക്കുന്നതില്‍ പിന്നോട്ട് പോയിട്ടുണ്ട്.
ആദ്യപകുതിയില്‍ നാല് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളെ, പ്രത്യേകിച്ചും ഇടതുപക്ഷത്തെ വിമര്‍ശിക്കുക എന്ന ഉദ്ദേശത്തോടെയുള്ള രംഗങ്ങളും ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം അരാഷ്ട്രീയ നിലപാടുകളോ രാഷ്ട്രീയത്തെക്കുറിച്ചുള്ള തെറ്റായ ബോധ്യങ്ങളോ ആയി മുഴച്ചുനില്‍ക്കുകയാണ്. ഇന്നും തമാശയ്ക്ക് ബോഡി ഷെയ്മിങ് പ്രയോഗങ്ങള്‍ നടത്തുന്നുവെന്നത് അത്ഭുതകരമാണ്.
പ്രകടനങ്ങളില്‍ മുകേഷാണ് മുന്നിട്ടു നില്‍ക്കുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള, പത്മനാഭന് എന്ന രാഷ്ട്രീയക്കാരനെ മുകേഷ് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. തന്റെ അഭിനയ പരിചയം മുകേഷ് പത്മനാഭനില്‍ പ്രയോഗിച്ചിട്ടുണ്ട്. രണ്ടാം പകുതിയില്‍ ചിത്രം മൊത്തം ദുര്ബലമാകുന്നതോടെയാണ് പത്മനാഭന് എന്ന കഥാപാത്രത്തിലുള്ള താല്‍പ്പര്യവും കാണികള്‍ക്ക് നഷ്ടമാകുന്നത്. ആസിഫ് അലി തന്റെ സ്ഥിരം ആങ്ക്രി യങ് മാന്‍ ഇമേജില്‍ ഒതുങ്ങിനില്ക്കുന്നു. മജീദ് എന്ന വാടക ഗുണ്ടയായാണ് ഫര്ഹാന് എത്തുന്നത്. വളരെ ദുര്‍ബലമായ കഥാപാത്രവും പ്രകടനവുമാണ് ഫര്‍ഹാന്റേത്.
ജീന്‍ പോള്‍ ലാലിന്റെ സോളമന് എന്ന വില്ലന്‍ ഒരുപാട് ഷെയ്ഡുകളുള്ള ഒന്നായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ സോളമനെക്കുറിച്ച് ചിത്രം നല്കുന്ന ‘അപായ സൂചന’കള്‍ കാണുന്നവരില്‍ അത്ര സ്വാധീനം ചെലുത്തുന്നില്ല. ഇടയ്ക്കിടയ്ക്ക് കയറി വരുന്ന അപ്രതീക്ഷിത ഭാവങ്ങള്‍ മാത്രമാണ് സോളമനെക്കുറിച്ച് ഓര്‍ക്കാനുള്ളത്. എന്നാല്‍ അവയെല്ലാം ലക്ഷ്യമില്ലാതെ തൊടുത്തവിട്ട അസ്ത്രം പോലെ കിടക്കുകയാണ്. ആസിഫിന്റെ സ്റ്റാലിന് മാസ് ഡയലോഗുകള്‍ ഒരുപാട് പറയുന്നുണ്ടെങ്കില്‍ സാഹചര്യത്തിനോ ചിത്രത്തിന്റെ ഗതിയ്ക്കോ പ്രത്യേകിച്ച് ഗുണമൊന്നും അവ ചെയ്യുന്നില്ലെന്നാണ് അഭിപ്രായം.
സ്റ്റൈലിഷ് മെയ്ക്കിങ്ങില്‍ തുടങ്ങിയ ചിത്രം രണ്ടാം പകുതിയിലെത്തുന്നതോടെ ചരടു പൊട്ടിയ പട്ടം പോലെ പറക്കുകയാണ്. ഒന്നാം പകുതിയിലെ കഥാഗതിയും ഇവന്റുകളും രണ്ടാം പകുതിയിലെത്തുമ്പോഴേക്കും കഥാപാത്രങ്ങളും സംവിധായകനും മറന്നുപോയത് പോലെയാണ് ചിത്രത്തിന്റെ പോക്ക്. അലക്സ് ജെ പുളിക്കലിന്റെ ക്യാമറ ഭേദപ്പെട്ടു നില്ക്കുന്നു. ചിത്രത്തിന്റെ മൂഡിനോട് തുടക്കം മുതല്‍ അവസാനം വരെ ചേര്‍ന്നു നില്‍ക്കുന്നത് ഛായാഗ്രഹണം മാത്രമാണ്.