Aishwarya Lekshmi starrer Archana 31 Not Out Review & Rating: ട്രൈലെര്‍, ഗാനങ്ങള്‍ എന്നിവയില്‍ സൂചിപ്പിച്ചത് പോലെ തന്നെ ‘പുര നിറഞ്ഞു നില്‍ക്കുന്ന’ ഒരു പെണ്‍കുട്ടിയുടെ വിവാഹം എങ്ങനെയെങ്കിലും നടത്തിയെടുക്കാനുള്ള തത്രപ്പാടാണ് ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന സിനിമ പറയുന്നത്. സംവിധായകന്‍ അഖില്‍ അനില്‍ കുമാറിന്റെ കന്നി ചിത്രത്തില്‍ അര്‍ച്ചന എന്ന പ്രധാന കഥാപാത്രത്തില്‍ എത്തുന്നത് ഐശ്വര്യാ ലക്ഷ്മിയാണ്. അഖിൽ അനിൽകുമാർ, വിവേക് ചന്ദ്രൻ, അജയ് വിജയൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തില്‍ സ്വകാര്യ സ്കൂളിള്‍ അധ്യാപികയാണ് അർച്ചന. രോഗിയായ പിതാവും വീട്ടമ്മയായ അമ്മയും അനുജത്തിയും അടങ്ങുന്ന അവളുടെ കുടുംബത്തിന്റെ ഏക ആശ്രയവുമാണ് അവൾ. കൂടി വരുന്ന പ്രായം, ചുറ്റുപാടും നിന്നും ഏറി വരുന്ന സമ്മര്‍ദ്ദം, ഇതിനിടയില്‍ വിവാഹം കഴിക്കാനുള്ള അര്‍ച്ചനയുടെ ശ്രമങ്ങള്‍, ഇതാണ് സിനിമയുടെ ഇതിവൃത്തം.
അടുത്തിടെ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ‘സാറാസ്,’ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തുടങ്ങിയ സിനിമകളില്‍ കണ്ട സ്ത്രീകളെപ്പോലെ സാമൂഹിക സമ്മർദ്ദങ്ങളിൽ നിന്നും വിവാഹത്തിന്‍റെ ചങ്ങലകളിൽ നിന്നും സ്വയം മോചിപ്പിക്കപ്പെടുന്ന സ്ത്രീയല്ല അര്‍ച്ചന. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള ഒരു സ്ത്രീ എന്ന നിലയിലുള്ള പരിമിതികളും ഇഷ്‌ടമുള്ളത് തിരഞ്ഞെക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ അഭാവവും അര്‍ച്ചനയെ മേല്‍പ്പറഞ്ഞ നായികമാര്‍ നടത്തിയ വിപ്ലവത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. അർച്ചനയെ വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ തകർക്കുന്ന ധീരയായ പോരാളിയെപ്പോലെയാക്കാൻ ശ്രമിക്കുന്നില്ല സംവിധായകനും. പകരം മാതാപിതാക്കളുടെ സന്തോഷത്തിനായി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സാധാരണ സ്ത്രീയായാണ് അർച്ചനയെ കാണിക്കുന്നത്. അർച്ചനയ്ക്ക് അനുയോജ്യനായ പുരുഷനെ ഒരു വിവാഹ ബ്രോക്കർ നിരന്തരം തിരയുന്നുണ്ട്. ഭാഗ്യവശാൽ അല്ലെങ്കിൽ നിർഭാഗ്യവശാൽ ഒന്നും നടക്കുന്നില്ല എന്ന് മാത്രം.
Read Here: വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷനോട് വിശ്വാസമില്ല, വീട്ടുകാർക്ക് അറിയാമെന്ന് ഐശ്വര്യ ലക്ഷ്മി
വീട്ടിലെയും സ്കൂളിലെയും കാര്യങ്ങളും അര്‍ച്ചനയുടെ ദിനചര്യകളും വീട് എങ്ങനെ അവള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നു എന്നതുമാണ് സിനിമയുടെ ആദ്യ പകുതി. അങ്ങനെയിരിക്കെ, ബ്രോക്കർ കൊണ്ടു വന്ന 31-ാം അഭ്യർത്ഥന ‘വര്‍ക്ക് ആവുകയും’ അർച്ചനയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് മുമ്പുള്ള പതിവ് സന്തോഷകരമായ നിമിഷങ്ങളാണ് പിന്നീട് സിനിമയില്‍ – വീട് പുതുക്കിപ്പണിയൽ, വിവാഹ ക്ഷണം, സ്വർണ്ണം വാങ്ങൽ തുടങ്ങിയവ. വിവാഹത്തിന്‍റെ തലേ ദിവസം, വിവാഹ ആഘോഷങ്ങൾ അതിന്‍റെ ഉച്ചസ്ഥായിയിൽ നില്‍ക്കുമ്പോള്‍, വരുന്ന ഒരു ഫോണ്‍ കാള്‍ അര്‍ച്ചനയുടെ ജീവിതത്തെ കീഴ്മേല്‍ മറിക്കുകയാണ്.
ഹൃദയഭേദകമായ തുടര്‍ സംഭവങ്ങളുടെ ഭാരം അർച്ചന എങ്ങനെ താങ്ങുന്നു എന്നും വിവാഹദിനത്തിൽ അവള്‍ അത് എങ്ങനെ കൈകാര്യം ചെയ്യാൻ പദ്ധതിയിടുന്നു എന്നുമാണ് രണ്ടാം പകുതി കാണിക്കുന്നത്. ഒരു ദുരന്തത്തിൽ അവസാനിച്ചേക്കാവുന്ന വിവാഹദിനത്തെ അർച്ചന എങ്ങനെ നേരിടുമെന്ന് പ്രേക്ഷകര്‍ക്ക് ഊഹിക്കാൻ പറ്റുന്ന ചില നിമിഷങ്ങൾ സിനിമയിലുണ്ട്. ആത്മഹത്യ, ഒളിച്ചോട്ടം, വിവാഹത്തിന് വന്നവരെ യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിവച്ചു കൊല്ലൽ തുടങ്ങി എല്ലാ സാധ്യതകളും അർച്ചന വിലയിരുത്തുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷവും നല്ല ‘സിനിമാറ്റിക് മുഹൂർത്തങ്ങള്‍’ ആവുന്നുണ്ട്. അർച്ചനയുടെ വർദ്ധിച്ചുവരുന്ന പിരിമുറുക്കം പ്രകടിപ്പിക്കുന്നിടത്ത് ‘സർറിയാലിറ്റി’യുടെ ചില ഘടകങ്ങൾ സംവിധായകൻ നന്നായി ഉപയോഗിച്ചിട്ടുണ്ട്.
ഇതല്ലാതെ ചിത്രത്തില്‍ ആകർഷകമായ മറ്റൊരു ഘടകവും ഇല്ല. അവിസ്മരണീയമായ സംഭവങ്ങളോ കഥാപാത്രങ്ങളോ, മനസ്സില്‍ തങ്ങുന്ന ഒരു താളമോ സിനിമയ്ക്ക് ഇല്ല. സംഭാഷണങ്ങളൊന്നും തന്നെ ഇല്ലാതെ, നിഗൂഢതകളുള്ള ഒരു കഥാപാത്രമായാണ് ഇന്ദ്രൻസ് എത്തുന്നത്. പതിവു പോലെ, മികവോടെ, അദ്ദേഹം തന്റെ ചെറിയ വേഷം വേഷം ചെയ്തിട്ടുമുണ്ട്. വലിയ വഴിത്തിരിവുകള്‍ ഒന്നും ഇല്ലെങ്കിലും ഒരു സ്ത്രീയുടെ സ്വയം നിർണയിക്കാനുള്ള കഴിവിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അവളുടെ മനസ്സിന്‍റെ സാന്നിധ്യം കൊണ്ട് വിഷമകരമായ ഒരു സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. അനായാസമായി തോന്നുന്ന ക്ലൈമാക്സില്‍, അർച്ചന ഹൃദയം തുറക്കുന്നതോടെ, ‘എല്ലാം ശുഭം’ എന്ന രീതിയ്ക്കുള്ള അനായാസമായ ക്ലൈമാക്സിലേക്ക് സിനിമ എത്തുകയാണ്.

വളരെ ചെറിയ ത്രെഡിനെ ഒരു ഫീച്ചർ ലെങ്ത് സിനിമയാക്കി മാറ്റാനുള്ളസംവിധായകന്റെ ശ്രമം ഒരു ഘട്ടത്തിനു ശേഷം അല്പം മടുപ്പിക്കുന്ന കാഴ്ചയായി മാറുന്നുണ്ട്. കൂടാതെ രമേഷ് പിഷാരടിയുടെ കഥാപാത്രം പോലെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത അനേകം കഥാപാത്രങ്ങലുമുണ്ട്. ചിത്രത്തിന്റെ വളരെ നിർണായക ഘട്ടത്തിൽ വരുന്നു രമേഷ് പിഷാരടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം തന്നെ ഹിറ്റായ ‘മനസുനോ’ എന്ന ഗാനമല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.
അർച്ചനയായി ഐശ്വര്യ ലക്ഷ്മി ആകർഷകമായ പ്രകടനം കാഴ്ച വച്ചു. അവരുടെ സ്‌ക്രീൻ പ്രെസൻസ് സിനിമയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. വൈകാരിക രംഗങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിലും കഥാപാത്രത്തിന്‍റെ മാനസിക സമ്മർദ്ദം സൂക്ഷ്മമായും ഫലപ്രദമായും എടുത്തു കാട്ടുന്നതിലും അര്‍ച്ചന കാണിച്ച വൈഭവം എടുത്തു പറയേണ്ടതാണ്. കല്യാണ വീട്ടിൽ കലഹമുണ്ടാക്കുന്ന മദ്യപാനികൾക്കൊപ്പം വിവാഹ ബ്രോക്കറായി എത്തുന്ന രാജേഷ് മാധവന്‍റെ വേഷം സിനിമയിൽ ഒരല്‍പം നർമ്മം ചേർക്കുന്നു.
ആഖ്യാനത്തെ സമ്പന്നമാക്കുന്ന ഛായാഗ്രഹണം നിര്‍വ്വഹിചിരിക്കുന്നത് ജോയൽ ജോജി. മാത്തനും രജത് പ്രകാശും ചേർന്ന് ഒരുക്കിയ ചില ഗാനങ്ങൾ ‘റിഫ്രെഷിംഗ്’ ആണ്.
Read Here