scorecardresearch
Latest News

Appan Movie Review & Rating: മരണം കൊണ്ടുപോലും വിശുദ്ധനാവാത്തൊരു അപ്പന്റെ കഥ; ‘അപ്പൻ’ റിവ്യൂ

Appan Movie Review & Rating: അലൻസിയർ, സണ്ണി വെയ്ൻ, പോളി വത്സൻ എന്നിവരുടെ മികച്ച പ്രകടനമാണ് അപ്പന്റെ ഹൈലൈറ്റ്

Appan Movie Review, Appan Movie Rating

Appan Movie Review & Rating: അപ്പൻ കൊണ്ട വെയിലാണ് മക്കൾ അനുഭവിക്കുന്ന തണൽ എന്ന് പറയാറുണ്ട്. എന്നാൽ മക്കളെയും ഭാര്യയെയും എല്ലാ കാലത്തും വെയിലത്ത്‌ നിർത്തിയ ഒരു അപ്പന്റെ കഥയാണ് മജു സംവിധാനം ചെയ്ത ‘അപ്പൻ’ എന്ന ചിത്രം പറയുന്നത്. അതിവൈകാരികമായ നിമിഷങ്ങളെയും പ്രശ്നബാധിതമായൊരു കുടുംബാന്തരീക്ഷത്തെയും നർമത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുകയാണ് അപ്പൻ. സോണി ലിവിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

നല്ല കാലത്ത് മറ്റുള്ളവരെ പരമാവധി ചൂഷണം ചെയ്തും സ്വന്തം സന്തോഷങ്ങൾക്കായി ഏതറ്റം വരെ പോയും സുഖിമാനായി ജീവിച്ച ഒരാളാണ് ഇട്ടി (അലൻസിയർ). രോഗശയ്യയിലേക്കു വീഴുമ്പോൾ ഏതു കില്ലാടികളും ഒന്ന് ഒതുങ്ങുമെന്നാണല്ലോ പൊതുവിലുള്ള രീതിയും വഴക്കവും. എന്നാൽ അരക്കു താഴേക്കു തളർന്നു കിടക്കുമ്പോഴും ഇട്ടിക്കു യാതൊരു മാറ്റവുമില്ല. കെട്ടാലറക്കുന്ന തെറിവിളികളും ‘പരിധിവിട്ട കുസൃതികളു’മൊക്കെയായി അയാൾ ജീവിതം ആഘോഷിക്കുകയാണ്, ഒപ്പം ചുറ്റുമുള്ളവരുടെ ജീവിതം ദുസ്സഹമാക്കാനും അയാൾ മറക്കുന്നില്ല.

ആഗ്രഹങ്ങൾ ഇനിയും പൂർത്തിയാക്കാൻ ബാക്കി കിടക്കുമ്പോൾ അങ്ങനെ മരിച്ചു കളയാൻ താനിലെന്നു വാശി പിടിക്കുന്ന ഇട്ടി ഒരു വശത്ത്. സഹനത്തിനുമപ്പുറം നിന്ന് അപ്പന്റെ മരണം ആഗ്രഹിക്കുന്ന ഞ്ഞൂഞ്ഞും കുട്ടിയമ്മയും റോസിയും ലിസിയും… എന്തിനു ഇട്ടിയുടെ മരണം കാണാൻ ആഗ്രഹിക്കാത്ത ഒരാൾ പോലും ആ നാട്ടിലില്ല എന്നതാണ് സത്യം. ഏതു സഹനത്തിനും ഒരൊടുക്കം വേണമല്ലോ, ഞ്ഞൂഞ്ഞൂവിന്റെ സഹനങ്ങൾക്ക് എന്ന് അവസാനമാവുമെന്നാണ് ആ നാട് ഉറ്റുനോക്കുന്നത്. വെറുക്കപ്പെട്ടൊരു അപ്പന്റെയും അപ്പനാൽ സഹികെട്ടൊരു മകന്റെയും കഥയാണ് ചിത്രം പറയുന്നത്.

മലയാള സിനിമ കണ്ടുപരിചരിച്ച അപ്പൻ കഥാപാത്രങ്ങളിൽ നിന്നും വേറിട്ട്‌ നിൽക്കുന്ന കഥാപാത്രമാണ് അലെൻസറുടെ ഇട്ടി, നന്മയുടെ ഒരു തരി പോലും അയാളിൽ കാണാനാവില്ല. ഒരു കഥാപാത്രത്തിനു സഞ്ചരിക്കാവുന്ന തിന്മകളുടെ, ക്രൂരതകളുടെ ഒക്കെ അങ്ങേ അറ്റത്തുനിന്നുകൊണ്ടാണ് അയാൾ ഭോഗാസക്തിയോടെ അലറുന്നതും വഷളൻ പാട്ടുകളുമായി ഒരു വീടിന്റെ മൊത്തം ഉറക്കം കളയുന്നതും. മറ്റാരെയും പകരം സങ്കൽപ്പിക്കാൻ ആവാത്ത രീതിയിൽ ആ കഥാപാത്രത്തെ രേഖപ്പെടുത്തുന്നുണ്ട് അലെൻസിയർ.

നിസ്സഹായത ആൾരൂപം പൂണ്ട മുഖമാണ് സണ്ണി വെയ്നിന്റെ ഞ്ഞൂഞ്ഞു. ഒരു മകന്റെ സംഘർഷങ്ങൾ, അച്ഛനെന്ന രീതിയിലുള്ള ആകുലതകൾ, കടന്ന് പോവുന്ന പ്രക്ഷോഭങ്ങൾ എല്ലാം സണ്ണിയുടെ കയ്യിൽ ഭദ്രമായിരുന്നു. ഒരു മലയോരഗ്രാമത്തിൽ റബ്ബർ വെട്ടിയും ഷീറ്റടിച്ചും കുടുംബത്തെ സ്നേഹത്തോടെ പരിപാലിച്ചുമൊക്കെ ജീവിക്കുന്ന ഞ്ഞൂഞ്ഞൂ സണ്ണിയുടെ കരിയറിലെയും ഒരു വേറിട്ട മുഖമാണ്.

കുട്ടിയമ്മയായി എത്തുന്ന പോളി വത്സന്റെ പ്രകടനവും അതിന്റെ സ്വഭാവികത കൊണ്ട് പ്രേക്ഷകരെ സ്പർശിക്കും. ഒരിടവേളക്ക് ശേഷം മലയാളത്തിൽ സജീവമാകുന്ന അനന്യയും ഗ്രേസ് ആന്റണിയും അനായാസേന തന്റെ കഥാപാത്രങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. രാധിക രാധാകൃഷ്ണനും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ എന്നിവരാണ് അപ്പനിൽ മറ്റു പ്രധാന അഭിനേതാക്കൾ.

പുത്രവാത്സല്യം കൊണ്ട് സർവ്വംസഹരായ അപ്പനമ്മമാരുടെ കഥകൾ കൂടുതൽ പറഞ്ഞുശീലിച്ച മലയാള സിനിമക്കും അത്തരം സിനിമകൾ കണ്ടു പരിചരിച്ച പ്രേക്ഷകർക്കും ഒരു ഹെവി ഡോസ് ആണ് മജു ഏകുന്നത്. മജുവും ആര്‍. ജയകുമാറും ചേര്‍ന്നാണ് അപ്പന്റെ തിരക്കഥ ഒരുക്കിയത്. മരണം കൊണ്ട് വിശുദ്ധരാവുന്ന മനുഷ്യരുണ്ട്, മരിച്ചുപോയി എന്ന കാരണം കൊണ്ട് അവരുടെ ക്രൂരതകളിൽ നിന്നും പാപങ്ങളിൽ നിന്നും സമൂഹം അവർക്ക് വിടുതൽ നൽകും. എന്നാൽ മരണം കൊണ്ടുപോലും വിശുദ്ധനാവാൻ കഴിയാത്ത ഒരപ്പനെ പരിചയപ്പെടുത്തുകയാണ് മജുവും ആർ ജയകുമാറും.

ഇട്ടിയുടെ വീടിന്റെ ചായ്പ്പിൽ നിന്നും തുടങ്ങുന്ന ക്യാമറയുടെ ചലനം ആദ്യം മുതൽ അവസാനം വരെ ആ വീടിനു ചുറ്റും പ്രേക്ഷകരെയും നടത്തിക്കുകയാണ്. ഇട്ടിയുടെ വീടിന്റെ ഓരോ മുക്കും മൂലയും കൃത്യമായി രേഖപ്പെടുത്താനും അപ്പന്റെ കഥാപരിസരങ്ങളിലേക്ക് വളരെ എളുപ്പത്തിൽ തന്നെ പ്രേക്ഷകരെ കൂടെ കൂട്ടാനും വിനോദ് ഇല്ലംപിള്ളിയുടെയും പപ്പുവിന്റെയും ഛായാഗ്രാഹണത്തിന് സഹായിച്ചിട്ടുണ്ട്. കിരൺ ദാസിന്റെ എഡിറ്റിംഗും ഡോണ്‍ വിന്‍സെന്റിന്റെ സംഗീതവും അപ്പനോട് നീതി പുലർത്തുന്നുണ്ട്. കുടുംബമെന്ന വ്യവസ്ഥയെ വിഷലിപ്തമാക്കുന്ന ഇത്തരം അപ്പൻമാരും കൂടിയതാണ് ഈ സമൂഹമെന്ന് ഓർമ്മപ്പെടുത്തുന്ന, ഡാർക്ക് കോമഡി ഡ്രാമ ഴോണറിൽ വരുന്ന ‘അപ്പൻ’ വേറിട്ടൊരു ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത് മണംബ്രക്കാട്ട് എന്നിവരും സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് അപ്പൻ നിർമ്മിച്ചത്.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Appan malayalam movie review rating sunny wayne ott