Anveshanam Movie Review and Rating: ചില രഹസ്യങ്ങൾ കൂടുതൽ തിരഞ്ഞു പോകാതിരിക്കുന്നതാണ് നല്ലത്. അത്തരം ഒരു രഹസ്യം ചൂഴ്ന്നു നോക്കാൻ ശ്രമിക്കുകയാണ് ‘അന്വേഷണം’ എന്ന ചിത്രം. പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ജയസൂര്യ, ലിയോണ ലിഷോയ്, വിജയ് ബാബു, ശ്രുതി രാമചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അന്വേഷണം’ ഒരു കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപെട്ടു ഒരു ആശുപത്രിയിൽ, ഒറ്റ രാത്രി നടക്കുന്ന കഥയാണ്. കുടുംബബന്ധങ്ങളുടെ ആഴവും, കഥാപാത്രങ്ങളുടെ ആത്മസംഘർഷവും, അവസാനം വരെ മറച്ചു പിടിക്കുന്ന ഒരു രഹസ്യവുമാണ് ചിത്രത്തെ കണ്ടിരിക്കാവുന്ന ഒരു ത്രില്ലറായി മാറ്റുന്നത്.

അച്ചു എന്ന പേരുള്ള ഒരു കൊച്ചു കുട്ടിയെ ഗുരുതരമായി പരിക്കേറ്റു ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും, അതിന്റെ കാരണങ്ങളുമാണ് ചിത്രം അന്വേഷിക്കുന്നത്. കുട്ടിക്ക് ശാരീരികമായി പീഡനം ഏറ്റിട്ടുണ്ടെന്നു പോലീസിന് അജ്ഞാത വിവരം ലഭിക്കുന്നതോടെ പോലീസ് അന്വേഷണം തുടങ്ങുന്നു. അച്ചുവിന്റെ അച്ഛനായി ചിത്രത്തിൽ വേഷമിടുന്നത് ജയസൂര്യയാണ്. അരവിന്ദ് എന്ന മാധ്യമപ്രവർത്തകനായാണ് ജയസൂര്യ ചിത്രത്തിൽ എത്തുന്നത്. അരവിന്ദന്റെ ഭാര്യയായ കവിതയായി വേഷമിട്ടിരിക്കുന്നത് ശ്രുതി രാമചന്ദ്രനാണ്.

Anveshanam Movie Review and Rating

ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങിൽ തന്നെ അരവിന്ദന്റെ കുടുംബം വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയുന്ന ഒന്നാണെന്ന് സംവിധായകൻ സ്‌ഥാപിച്ചെടുക്കുന്നത് ചിത്രത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സ്വന്തം കുട്ടികളെ ഉപദ്രവിക്കുന്ന മാതാപിതാക്കളായി അരവിന്ദനെയും കവിതയെയും സങ്കൽപ്പിക്കാൻ പ്രേക്ഷകന് പിന്നീട് അവസരം ഉണ്ടാക്കി കൊടുക്കുന്നു എന്നുള്ളതാണ് ഇതിന്റെ കാരണം.

അപകടത്തിൽ പെടുന്ന അച്ചുവിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുന്ന ഡോക്ടറും അരവിന്ദന്റെ അടുത്ത സുഹൃത്തുമായ ഗൗതം എന്ന വിജയ് ബാബു അവതരിപ്പിച്ച കഥാപാത്രത്തിലും ഒരു കള്ളത്തരം നിലനിർത്താൻ സംവിധായകന് കഴിയുന്നുണ്ട്. അരവിന്ദന്റെ ഭാര്യ കവിതയും ഗൗതവുമായി ഒരു അവിഹിത ബന്ധമുണ്ടാവാം എന്ന് പ്രേക്ഷകന് തോന്നാവുന്ന ഒരു സ്കോപ്പ്, നന്ദു അവതരിപ്പിക്കുന്ന അൽഫോൺസ് എന്ന പോലീസ് കഥാപാത്രം ഒരു ടിപ്പിക്കൽ മലയാളി സദാചാര ബോധത്തിന്റെ സംശയമായി ചിത്രത്തിൽ ഉയർത്തുന്നുണ്ട്‌. സ്വകാര്യ ആശുപത്രിയുടെ എന്തെങ്കിലും കള്ളക്കളികൾക്കുള്ള സാധ്യതയും ചിത്രം അവസാനം വരെ നിലനിർത്തുന്നുണ്ട്. ഹെഡ്നേഴ്സ് ആയി വരുന്ന ലെന ചെയ്ത സോണിയ എന്ന കഥാപാത്രം മറച്ചു പിടിക്കുന്ന ഒരു രഹസ്യവും ചിത്രത്തിന്റെ ആകാംക്ഷ കൂട്ടുന്നുണ്ട്.

ഈ കഥാപാത്രങ്ങൾ തമ്മിൽ ആരെയോ രക്ഷിക്കാൻ വേണ്ടി മരണ കാരണം മറച്ചു പിടിക്കുന്നുണ്ടെങ്കിലും, ചിത്രം പുരോഗമിക്കുന്നതിനോടൊപ്പം തന്നെ ഒരു കുറ്റവാളിയുടെയോ, ഒരു കുറ്റകൃത്യത്തിന്റെയോ സാധ്യത ഓരോന്നായി അലിഞ്ഞു പോകുന്നുണ്ട്. ഒടുവിൽ അന്വേഷണ സംഘം കുട്ടിക്ക് ശരിക്കും എന്താണെന്നു സംഭവിച്ചതെന്നറിയാതെ ഹോസ്പിറ്റൽ വിടുമ്പോൾ ലാൽ ചെയ്ത പോലീസ് സർജന്റെ കഥാപാത്രം പറയുന്നുണ്ട് ‘നമുക്കിത് വിടാമെന്ന്.’ പക്ഷേ സംവിധായകന് പ്രേക്ഷകന്റെ ആകാംക്ഷയെ അങ്ങനെ വിടാൻ കഴിയില്ലല്ലോ, ഒടുവിൽ എന്താണ് സംഭവിച്ചതെന്ന് സംവിധായകൻ തന്നെ കാണിച്ചു തരുമ്പോൾ, പ്രേക്ഷകന്‍ മനസ്സിൽ കരുതിയിരുന്ന സാധ്യതകളിൽ ഒന്ന് തന്നെയായി മാറുന്നുണ്ട് ക്ലൈമാക്സിലെ രഹസ്യം.

ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ലിയോണ ലിഷോയ് അവതരിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥയായ അസിസ്റ്റന്റ് കമ്മീഷണറാണ്. ചിത്രത്തിൽ ഏറ്റവും കൂടുതൽ സ്ക്രീൻ ടൈം ലഭിച്ച കഥാപാത്രവും ഒരുപക്ഷേ ലിയോണ ചെയ്ത പോലീസ് ഉദ്യോഗസ്ഥയുടെയാവും. പ്രശോഭിന്റെ ആദ്യ ചിത്രമായ ‘ലില്ലി’യിലെ സംയുക്ത മേനോൻ അവതരിപ്പിച്ച പൂർണ ഗർഭിണിയായ നായികയെ പോലെ ലിയോണ ലിഷോയുടെ കഥാപാത്രവും ഒരു ഗർഭണിയാണ്. സ്ത്രീയുടെ ഏറ്റവും ശക്തയായ രൂപം അവൾ അമ്മയാവുമ്പോഴാണ് എന്ന് കാണിക്കുന്ന ‘ലില്ലി’യിലെ കഥാപത്രം പോലെ ശക്തയാണ് ലിയോണ ലിഷോയ് ചെയ്ത കഥാപാത്രവും. ഒരു പൂർണഗർഭിണി പോലീസ് യൂണിഫോമിൽ വരുന്നതിനെ വളരെ സ്വാഭാവികമായി തന്നെ സംവിധായകൻ ചിത്രത്തില്‍ തോന്നിപ്പിക്കുന്നുണ്ട്. വിശ്വസനീയമായി തന്നെ ലിയോണ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.

ജയസൂര്യ, വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവർ എല്ലാം തന്നെ അവരുടെ കഥാപാത്രങ്ങൾ വളരെ ‘നാച്ചുറല്‍’ ആക്കി. വികാരനിർഭരമായ രംഗങ്ങളിലെല്ലാം തന്നെ അഭിനേതാക്കൾ ഗംഭീര പ്രകടനം നടത്തിയിട്ടുണ്ട്.

 

‘ലില്ലി’യെന്ന തന്റെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച ‘വിഷ്വലൈസർ’ ആണ് താനെന്ന് പ്രശോഭ് തെളിയിച്ചിട്ടുണ്ട്. തന്റെ രണ്ടാം ചിത്രമായ ‘അന്വേഷണ’ത്തിലും വ്യത്യസ്തമായ ഒരു ദൃശ്യാഖ്യാന ശൈലി ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പരിമിതികൾ ഉള്ള ഒരു കഥയെ തികച്ചും ത്രില്ലർ സ്വഭാവത്തിൽ നിലനിർത്താൻ പ്രശോഭിന് സാധിച്ചു. ഫ്രാൻസിസ് തോമസ്, രഞ്ജിത് കമല, സലിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഒറ്റ രാത്രി നടക്കുന്ന ഒരു കുറ്റാന്വേഷണ കഥയെ തിരക്കഥയാക്കി മാറ്റുമ്പോൾ ആവർത്തിച്ചു കാണിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളുടെയും, പരിസരങ്ങളുടെയും മടുപ്പു ചിലപ്പോഴെങ്കിലും പ്രേക്ഷകർക്ക് അനുഭവപ്പെടാം. ഈ ആവർത്തന വിരസതയെ ഒരു പരിധി വരെയെങ്കിലും മറികടക്കാൻ സാധിച്ചത് അപ്പു ഭട്ടതിരിയുടെ ചിത്രസംയോജനത്തിലെ അനുഭവസമ്പത്താണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ചിലപ്പോഴൊക്കെ അനവസരത്തിൽ എന്ന് തോന്നുമെങ്കിൽ കൂടി ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റേത്. ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങും മനസ്സിൽ തങ്ങുന്നതാണ്. മുകേഷ് ആർ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

‘കണ്ണുണ്ടാവുമ്പോഴേ കണ്ണിന്റെ വില അറിയൂ’ എന്ന് പറയാതെ പറയുന്ന ഒരു ലോങ്ങ് ഷോട്ടിൽ ചിത്രം അവസാനിക്കുമ്പോൾ, ഒരു ത്രില്ലറിന്റെ അറ്റത്ത് ഒരു സൈക്കോ കൊലയാളിയെ പ്രതീക്ഷിക്കുന്ന പൊതുബോധത്തിന്റെ സാഡിസ്റ്റിക് മനസ്ഥിതിയെ ചിത്രം ചിലപ്പോൾ നിരാശപ്പെടുത്തിയേക്കാം.

Read Here: ഒരേ ദിവസം മൂന്ന് സിനിമകൾ: ഇന്ന് അപ്പുവിന്റെ ദിനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook