Latest News

Anugraheethan Antony Review: ആദ്യാവസാനം മടുപ്പില്ലാതെ ഓടുന്ന സിനിമ; ‘അനുഗ്രഹീതൻ ആന്റണി’ റിവ്യൂ

Anugraheethan Antony Review: സാധാരണ പ്രേക്ഷകര്‍ക്കൊപ്പം കുട്ടികള്‍ക്കും മൃഗ സ്നേഹികള്‍ക്കും രസകരമായ ദൃശ്യാനുഭവമാണ് ‘അനുഗ്രഹീതന്‍ ആന്റണി’ സമ്മാനിക്കുന്നത്

Anugraheethan Antony review, Anugraheethan Antony rating, Anugraheethan Antony watch online, Anugraheethan Antony movie review, Anugraheethan Antony full movie download, അനുഗ്രഹീതൻ ആന്റണി, അനുഗ്രഹീതൻ ആന്റണി റിവ്യൂ, സിനിമ റിവ്യൂ, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Anugraheethan Antony Sunny Wayne, Gouri G Kishan Malayalam Movie Review: കൊവിഡിന്റെ വ്യാപനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍ നിന്നും പതുക്കെ കേരളം കരകയറുകയാണ്. സാധാരണ ഉത്സവ കാലങ്ങള്‍ മലയാള സിനിമാ മേഖലക്കുണ്ടാക്കുന്ന ഉണര്‍വ് ചെറുതല്ല. പാന്‍ഡമിക്ക് സാഹചര്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കൂടിയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍ ശ്രമിക്കുന്നത്. ഇത്തവണത്തെ വിഷു റിലീസിംഗ് ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഫീല്‍ ഗുഡ് ഫാമിലി സിനിമകളില്‍ ആദ്യം റിലീസ് ചെയ്ത ചിത്രമാണ് സണ്ണി വെയ്ന്‍ നായകനാകുന്ന ‘അനുഗ്രഹീതന്‍ ആന്റണി.’

പ്രിന്‍സ് ജോയ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുന്‍നിര താരങ്ങളും പുതുമുഖങ്ങളും പ്രത്യേക്ഷപ്പെടുന്നു. അശ്വിന്‍ പ്രകാശ്‌ , ജിഷ്ണു എസ് രമേശ്‌ എന്നിവരുടെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് നവീന്‍ ടി മണിലാലാണ്. മലയാളത്തിലെ പുതുമുഖ സംവിധായകന്മാരുടെ നിരയിലേക്ക് ഉയരാനുള്ള പ്രിന്‍സ് ജോയ്‌യുടെ ശ്രമമായി ‘അനുഗ്രഹീതന്‍ ആന്റണി’യെ വിലയിരുത്താം.

‘എട്ടുകാലി,’ ‘ഞാന്‍ സിനിമാമോഹി’ എന്നീ ഷോര്‍ട്ട് ഫിലിമുകളില്‍ വരവറിയിച്ച പ്രിന്‍സ് മോശമല്ലാത്ത ഒരാരാധക വൃന്ദത്തെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പല ചിത്രങ്ങളിലും സഹ സംവിധായകനായി പ്രവര്‍ത്തിച്ചതിന്‍റെ അനുഭവം ‘അനുഗ്രഹീതന്‍ ആന്റണി’യെ കൂടുതല്‍ പക്വതയോടെ സമീപിക്കാന്‍ പ്രിന്‍സിനെ സഹായിച്ചിട്ടുണ്ട് .

സണ്ണി വെയ്ൻ ഒരിടവേളക്ക് ശേഷം നായകനായെത്തുന്ന ചിത്രത്തില്‍ ’96’ ലൂടെ പ്രശസ്തയായ ഗൗരി കിഷനാണ് നായികയായി എത്തുന്നത്. ടൈറ്റില്‍ കഥാപാത്രമായ ആന്റണിയുടെ വേഷം കൈകാര്യം ചെയ്യുന്ന സണ്ണി വെയ്ൻ ഗ്രാമീണ മധ്യവര്‍ഗ്ഗ കുടുംബ ജീവിതത്തെ അനുയോജ്യമായി അവതരിപ്പിക്കുന്നു. ചില സസ്‌പെൻസുകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നതാണ് ‘അനുഗ്രഹീതന്‍ ആന്റണി’യുടെ പ്രത്യേകത.

ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള മനുഷ്യനും മൃഗങ്ങളും അടങ്ങിയ കോമ്പിനേഷനില്‍ ചിത്രീകരിക്കപ്പെട്ട മലയാള സിനിമകള്‍ തീരെ കുറവാണ്. അന്യഭാഷയിലെ ഇത്തരം ചിത്രങ്ങള്‍ക്ക് മലയാളി പ്രേക്ഷകര്‍ ഏറെയാണ്‌. ‘അനുഗ്രഹീതന്‍ ആന്റണി’യെ സംബന്ധിച്ച് എടുത്തു പറയേണ്ടുന്ന പ്രത്യേകത നായ്ക്കളും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ തുറന്നു കാണിക്കുന്നു എന്നതാണ്. ചില സീനുകള്‍ പ്രേക്ഷകന്‍റെ ഹൃദയത്തില്‍ തൊടുമെന്നുള്ള കാര്യം ഉറപ്പാണ്.

സാധാരണ പ്രേക്ഷകര്‍ക്കൊപ്പം കുട്ടികള്‍ക്കും മൃഗ സ്നേഹികള്‍ക്കും കൂടുതല്‍ രസകരമായ അനുഭവമാകും ഈ ചലച്ചിത്രം. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന രസകരമായ അനവധി മുഹൂര്‍ത്തങ്ങളിലൂടെ പ്രണയവും ദുഖവും ആകാംഷയുമെല്ലാം പങ്കു വയ്ക്കപ്പെടുന്നു. മൃഗങ്ങളെ കഥാപാത്രങ്ങള്‍ക്കും സിനിമയ്ക്കും അനുയോജ്യമായി മാറ്റിയെടുക്കുക എന്നതും അഭിനയിപ്പിക്കുക എന്നതും അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ സംവിധായകന്‍റെ പ്രതിഭ അതിനെ അതിജീവിച്ചു മുന്നോട്ടു പോയിട്ടുണ്ട്.

സംഗീതത്തിനും പ്രണയത്തിനും ഒരു പോലെ പ്രാധാന്യമുള്ള ചിത്രത്തിലെ മുതിര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന മലയാളത്തിലെ ശ്രദ്ധേയരായ താരനിര അവരുടെ സ്വാഭാവികമായ അഭിനയ പാടവം കൊണ്ട് ശ്രദ്ധേയമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ് എന്നിവരും വ്യത്യസ്തവും ഗൗരവമുള്ളതുമായ കഥാപാത്രവുമായി ഇന്ദ്രന്‍സും രംഗത്തെത്തുന്നു.

മാധവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രന്‍സിന്റെ മകളായി എത്തുന്ന ഗൗരി കിഷനും മികച്ച അഭിനയ പാടവം കാണിക്കുന്നുണ്ട്. ബൈജു ,മാലാ പാര്‍വതി, മണികണ്ഠന്‍ ആചാരി, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തെ നല്ലൊരു അനുഭവമാക്കി മാറ്റുന്നുണ്ട്. നായയും മനുഷ്യനും ബന്ധങ്ങളും എല്ലാം ഇഴകീറി പരിശോധിക്കുന്ന, ഒട്ടും ആഴത്തില്‍ സഞ്ചരിക്കാതെ ഏതൊരു പ്രേക്ഷകനെയും രസിപ്പിക്കുന്ന ഒരു ചലച്ചിത്രമായി ‘അനുഗ്രഹീതന്‍ ആന്റണി’യെ വിലയിരുത്താം.

ആന്റണിയും അയാളുടെ നാട്ടുകാരും കാമുകിയുമെല്ലാം ചേരുന്ന ഒരു ചെറിയ ലോകത്തില്‍ രണ്ടു നായകള്‍ കൂടി എത്തുമ്പോള്‍ രസകരമായ പലതും സംഭവിക്കുന്നു. ജീവിതത്തിലെ ചില ആകസ്മികതകളില്‍ ചില സാധ്യതകള്‍ ഉണ്ടാവുകയാണ്. ജാഫര്‍ ഇടുക്കിയേയും മണികണ്ഠന്‍ ആചാരിയേയും പോലുള്ള, സ്വാഭാവിക അഭിനയത്തിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന അഭിനേതാക്കള്‍ ഈ നാടന്‍ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കി മാറ്റുന്നുണ്ട്.

ഒരു കാലത്ത് സത്യന്‍ അന്തിക്കാട് സിനിമയുടെ പശ്ചാത്തലമായിരുന്ന ജീവിതത്തിന്‍റെ പുതിയ രൂപമായി ഇതിനെ വിലയിരുത്താം. ഏറ്റവും രസകരമായ സാദൃശ്യം വസ്ത്രധാരണത്തിലും വീടിന്‍റെ ആര്‍ക്കിടെക്ക്ച്ചര്‍ ഘടനയിലുമാണ്. അതില്‍ ഒരു പുതുമ ഉണ്ടോയെന്നു പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. ഭാഷാപരമായും മധ്യതിരുവിതാംകൂറിന്‍റെ സാധ്യത ഉപയോഗപ്പെട്ടിട്ടുണ്ട്. കോമഡിയും പ്രേമവും ഒരു പോലെ ആവര്‍ത്തിക്കുന്നു എന്നത് സാധാരണ മലയാള സിനിമയുടെ മസാലക്കൂട്ട് എന്ന രീതിയില്‍ എടുക്കാന്‍ പ്രേക്ഷകന് സാധിക്കും.

പല സീനുകളും മുന്‍പു കണ്ട സിനിമകളുടെ ചില സാദൃശ്യങ്ങള്‍ ആണോയെന്ന് തോന്നും വിധം ചില ആവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് ഒരു പരിമിതി. എന്നിരുന്നാലും വാണിജ്യ സിനിമ ആത്യന്തികമായി പ്രേക്ഷകനെ രസിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായതിനാല്‍ അത്തരം വിലയിരുത്തലുകള്‍ക്ക് പ്രസക്തി തീരെയില്ല. സിനിമ ആദ്യാവസാനം മടുപ്പില്ലാതെ ഓടുന്നു എന്നതില്‍ കവിഞ്ഞ് സാധാരണ ഒരു പ്രേക്ഷകന് മറ്റൊരു മാനസിക സംതൃപ്തി വേറെയില്ല.

കൊടുത്ത് പൈസക്ക് നഷ്ടമൊന്നുമില്ലാതെ രസകരമായി അവസാനിക്കുന്നതിനാല്‍ പ്രേക്ഷകന് തീര്‍ച്ചയായും സന്തോഷം ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. സിദ്ധീഖിനെയും ഇന്ദ്രൻസിനെയും പോലുള്ള നടന്മാരുടെ അഭിനയ സാധ്യതകള്‍ കണ്ടെത്തി എന്നു കൂടി ഈ സിനിമയെ മറ്റൊരു രീതിയില്‍ നോക്കിക്കാണുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. ചിത്രത്തിലെ പാട്ടുകള്‍ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. മനു രഞ്ജിത്തിന്‍റെ വരികള്‍ക്ക് അരുണ്‍ മുരളീധരൻ സംഗീതം നൽകിയിരിക്കുന്നു, വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിഷു-ഈസ്റ്റർ സമയമായതിനാലും സ്കൂള്‍ പരീക്ഷകള്‍ അവസാനിച്ചതിനാലും കുട്ടികള്‍ അടക്കമുള്ളവരുടെ വലിയൊരു പിന്തുണ ചിത്രത്തിനുണ്ടാകും. കൊവിഡിന്റെയും തെരഞ്ഞെടുപ്പിന്റെയും ഇടയില്‍ വീണു കിട്ടുന്ന രസകരമായ ഒരനുഭവമായി മാറാന്‍ തീര്‍ച്ചയായും ‘അനുഗ്രഹീതന്‍ ആന്‍റണി’ക്ക് കഴിയും എന്നുതീര്‍ച്ച.

Read more Movie Reviews:

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Anugraheethan antony sunny wayne gouri g kishan malayalam movie review

Next Story
Biriyani Movie Review: ‘ബിരിയാണി’ പറയാതെ പറയുന്നത്Biriyani Kerala, Biriyani Review, Biriyani Review online, Biriyani movie Review, biriyani movie malayalam, biriyani movie cast, biriyani movie actress, biriyani movie director, biriyani movie 2019, biriyani movie tamil, movie review, kani kusruti in biriyani, kani kusruti, kani kusruti award, kani kusruti interview, kani kusruti parents, iemalayalam, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express