scorecardresearch

Android Kunjappan Version 5.25 Review: ഈ 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ' ക്യൂട്ടാണ്; റിവ്യൂ

Android Kunjappan Version 5.25 Movie Review: ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ ആൻഡ്രോയിഡ് കുഞ്ഞപ്പന് സാധിക്കുന്നുണ്ട്

Android Kunjappan Version 5.25 Movie Review: ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ ആൻഡ്രോയിഡ് കുഞ്ഞപ്പന് സാധിക്കുന്നുണ്ട്

author-image
Dhanya K Vilayil
New Update
Android Kunjappan Version 5.25 Review: ഈ 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ' ക്യൂട്ടാണ്; റിവ്യൂ

Android Kunjappan Version 5.25 Movie Review: വാർധക്യകാലത്ത് അസുഖങ്ങളും ദേഷ്യവും മടുപ്പുമൊക്കെയായി ഏകാന്തജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് മിണ്ടി പറയാനും കൂട്ടുകൂടാനും എന്തിനും ഏതിനും സഹായഹസ്തം നീട്ടാനും ഒരു റോബോർട്ട് എത്തിയാൽ എങ്ങനെയിരിക്കും? വേറിട്ടൊരു ചിന്തയെ മനോഹരമായൊരു സിനിമയാക്കി മാറ്റിയിരിക്കുകയാണ് 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25'.

Advertisment

പയ്യന്നൂരിലെ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പ'ന്റെ കഥ നടക്കുന്നത്. അൽപ്പം മുൻശുണ്ഠിയും തന്റേതായ ചില ചിട്ടകളും വാശിയുമെല്ലാമുള്ള ഒരു കടുപ്പക്കാരനാണ് ഭാസ്കരൻ പൊതുവാൾ (സുരാജ് വെഞ്ഞാറമൂട്). മെക്കാനിക്കൽ എഞ്ചിനീയറായ മകൻ സുബ്രഹ്മണ്യൻ എന്ന സുബ്ബു (സൗബിൻ ഷാഹിർ) ദൂരെ എവിടെയും ജോലിയ്ക്ക് പോകുന്നത് ഭാസ്ക്കര പൊതുവാളിന് ഇഷ്ടമില്ല. എന്നും എപ്പോഴും കൺവെട്ടത്ത് മകനുണ്ടാകണമെന്ന അയാളുടെ ആഗ്രഹത്തിനു മുന്നിൽ മികച്ച പല നല്ല ജോലി ഓഫറുകളും സുബ്ബു വേണ്ടെന്ന് വയ്ക്കുകയാണ്. രണ്ടു വയസ്സിൽ അമ്മ നഷ്ടപ്പെട്ട സുബ്ബുവിനെ സംബന്ധിച്ചും അച്ഛനാണ് അവന്റെ ലോകം, എന്നാൽ ഏതൊരു ചെറുപ്പക്കാരനെയും പോലെ കരിയർ സ്വപ്നങ്ങളും അവനുണ്ട്.

ഒടുവിൽ റഷ്യയിൽ നിന്നും ഒരു ജോലി അവസരം തേടിയെത്തുമ്പോൾ അച്ഛനെ ധിക്കരിച്ചുതന്നെ സുബ്ബു ഇറങ്ങിപ്പുറപ്പെടുകയാണ്. തന്നെ നോക്കാൻ മകൻ ഏർപ്പാടാക്കിയ ഹോം നേഴ്സിനെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചുകൊണ്ട് ഭാസ്കരൻ പൊതുവാൾ മകനെ യാത്രയാക്കുന്നു. ആരോടും ഒത്തുപോവാൻ കഴിയാത്ത അച്ഛനെ നോക്കാൻ അടുത്ത വരവിൽ സുബ്ബു കൊണ്ടുവരുന്നത് ഒരു റോബോർട്ടിനെ (ഹ്യൂമനോയിഡിനെ) ആണ്. അവിടെ നിന്നുമാണ് സിനിമ കൗതുകമേറിയൊരു കാഴ്ചയായി മാറുന്നത്.

നാട്ടുകാർ സ്നേഹത്തോടെ കുഞ്ഞപ്പൻ എന്നു വിളിക്കുന്ന ഹ്യൂമനോയിഡും ഭാസ്ക്കര പൊതുവാളും തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആ ഹ്യൂമനോയിഡ് ഭാസ്കര പൊതുവാളിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെയും നിറവിന്റെയും കഥയാണ് 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25'.

Advertisment

വളരെ ഫ്രഷായ ഒരു കഥാതന്തു തന്നെയാണ് ചിത്രത്തിനെ രസകരമാക്കുന്നത്. ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്' സാധിക്കുന്നുണ്ട്. ഒരു റോബോർട്ടിനെ കേന്ദ്രകഥാപാത്രമായി കൊണ്ടുവന്ന് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംസാരിക്കുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളെ കുറിച്ചു തന്നെയാണ്.

വാർധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്. വെറുതെ ലെക്ച്ചർ എടുത്തു പോവാതെ, പ്രേക്ഷകനു അനുഭവവേദ്യമാവുന്ന രീതിയിൽ പറയാനുദ്ദേശിച്ച കാര്യങ്ങൾ അവതരിപ്പിക്കുകയാണ് സംവിധായകൻ രതീഷ്.

publive-image

സുരാജ് വെഞ്ഞാറമൂടിന്റെ പവർപാക്ക് പെർഫോമൻസ് ആണ് ചിത്രത്തിൽ കാണാൻ സാധിക്കുക. സുരാജിനെ അല്ലാതെ മറ്റൊരു നടനെയും ആ കഥാപാത്രത്തിലേക്ക് സങ്കൽപ്പിക്കാൻ പ്രേക്ഷകനു കഴിഞ്ഞെന്നുവരില്ല. കാരണം തന്നേക്കാൾ ഇരട്ടിപ്രായമുള്ള അച്ഛൻ കഥാപാത്രത്തെ ഏറെ തന്മയത്വത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞപ്പനെന്ന ഹ്യൂമനോയിഡിനെ മകനെ പോലെ സ്നേഹിക്കുന്ന, ചരട് ജപിച്ചു കെട്ടി കൊടുക്കുന്ന, മഴയത്ത് നനയുമ്പോൾ തല തോർത്തി കൊടുക്കുന്ന, പോകുന്നിടത്തെല്ലാം കയ്യും പിടിച്ചു നടക്കുന്ന ഭാസ്കര പൊതുവാൾ പ്രേക്ഷകരുടെ ഹൃദയം സ്പർശിക്കും.

സൗബിന്റെ സുബ്ബുവും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നൊരു കഥാപാത്രമാണ്. അച്ഛനോടുള്ള കരുതലിനിടയിലും സ്വന്തം നിസ്സഹായതയിൽ ശ്വാസം മുട്ടുന്ന സുബ്ബു എന്ന കഥാപാത്രം സൗബിന്റെ കയ്യിൽ ഭദ്രമാണ്. ഒരു മെഷീനാണെങ്കിലും പ്രേക്ഷകർക്ക് 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' എന്ന ഇത്തിരികുഞ്ഞൻ യന്ത്രമനുഷ്യനെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല. പ്രോഗ്രാം ചെയ്തു വെച്ചതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മെഷീൻ മാത്രമാണ് കുഞ്ഞപ്പൻ എന്ന് ഒരു നിമിഷം പ്രേക്ഷകർ മറന്നുപോയാലും കുറ്റം പറയാൻ പറ്റില്ല. അത്രത്തോളം ഇമോഷണലി കണക്റ്റഡ് ആയ രീതിയിലാണ് സംവിധായകൻ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മാലാ പാർവ്വതി, സൈജു കുറുപ്പ്, നായികയായെത്തിയ കെന്റി സിർദോ തുടങ്ങിയവരും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്.

publive-image

ചിത്രത്തിലെ സംഭാഷണങ്ങളാണ് ശ്രദ്ധയർഹിക്കുന്ന മറ്റൊരു ഘടകം. ജാതിമത ഭേദങ്ങൾക്കും ചിന്താഗതികൾക്കും അപ്പുറത്തേക്ക് മനുഷ്യൻ മാറേണ്ട ഒരു കാലത്തിനെ ഉൾകൊള്ളുന്നുണ്ട് ചിത്രം. എങ്ങനെ ഒരു മികച്ച മനുഷ്യനാവാം എന്ന് 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' പറയുമ്പോൾ കുറച്ചുപേരിലെങ്കിലും ആ വാക്കുകൾ ഇരുണ്ട ചിന്താഗതികളിലേക്ക് വെളിച്ചം വീശിയേക്കാം എന്നതാണ് 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' തരുന്ന പ്രത്യാശകളിലൊന്ന്.

സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവുമാണ് എടുത്തുപറയേണ്ട മറ്റു രണ്ടു ഘടകങ്ങൾ. ദൃശ്യഭാഷയും സംഗീതവും ചിത്രത്തിനോട് നൂറുശതമാനവും നീതി പുലർത്തുന്നുണ്ട്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വളരെ പുതുമയുള്ളൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ' കുട്ടികൾക്കൊപ്പം തിയേറ്ററിൽ പോയി കാണേണ്ട ചിത്രങ്ങളിലൊന്നാണ്. കളിയും ചിരിയും കാര്യവുമൊക്കെയായി ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ' കുട്ടികളുടെ ഹൃദയം കവരുമെന്ന് ഉറപ്പ്.

Read more: ടോം ആൻഡ് ജെറി പോലെ ഒരു അച്ഛനും മകനും; ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ ട്രെയിലർ കാണാം

Soubin Shahir Suraj Venjarammud Android Kunjappan Ver 5 25 Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: