scorecardresearch

Alone Movie Review & Rating: പ്രവചനീയമായ കഥ, സ്വഭാവികത തൊട്ടു തീണ്ടാത്ത മോഹൻലാൽ; ‘എലോൺ’ റിവ്യൂ

Alone Movie Review & Rating: നിഷ്കളങ്കതയും കുസൃതിയും അതിമനോഹരമായ സ്ക്രീനിലെത്തിക്കുന്ന മോഹൻലാൽ ഇപ്പോൾ ആ ഭാവങ്ങളുടെ തടവറയിലാണ്

RatingRatingRatingRatingRating
Alone, Alone movie review, Mohanlal

Alone Movie Review & Rating: ഒടിടിക്ക് വേണ്ടി നിർമിച്ച സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിനെ പറ്റി മലയാളത്തിൽ ഏറ്റവുമധികം ചർച്ച വന്നത് മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോൺ’ തിയേറ്റർ റിലീസാണെന്ന് അറിഞ്ഞ സമയത്തായിരുന്നു. ‘എലോൺ’ കണ്ടു കഴിയുമ്പോൾ ഇത് ഒരിക്കലും തിയേറ്റർ റിലീസിന് പറ്റിയ സിനിമയല്ലെന്നത് ബോധ്യപ്പെടും. മോഹൻലാൽ തന്റെ അഭിമുഖങ്ങളിൽ പറയും പോലുള്ള ഫിലോസഫികൾ, മോഹൻലാൽ പ്രകടിപ്പിക്കുന്ന മാനറിസങ്ങൾ തുടങ്ങിയ കാഴ്ചകളിലൂടെയാണ് സിനിമ മുഴുവൻ സഞ്ചരിക്കുന്നത്. ഇതിനിടയിൽ എവിടെയോ കഥ നടക്കുന്നുണ്ടെന്ന തോന്നൽ കാണികൾക്കുണ്ടായാൽ ഭാഗ്യം. സാധാരണയായി ഉണ്ടാകാറുള്ള പരസ്യങ്ങളും പ്രതീക്ഷകളുമില്ലാതെ തിയേറ്ററുകളിലെത്തിയ മോഹൻലാൽ സിനിമയാണ് ‘എലോൺ’.

ഒരുകാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു മോഹൻലാൽ – ഷാജി കൈലാസിന്റേത്. എന്നാൽ ഫാൻസ്‌ ഷോകളില്ലാതെ, വലിയ ബുക്കിങ്ങുകളൊന്നുമില്ലാതെയാണ് സിനിമ റിലീസായത്. ഒടിടി മെറ്റീരിയൽ എന്ന മുൻവിധി മുതൽ സമീപകാല മോഹൻലാൽ സിനിമകളുടെ വിധി വരെ ഇതിനു പിന്നിലെ കാരണങ്ങളാവാം.

Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer

അടിമുടി ദുരൂഹതകൾ നിറഞ്ഞ മനുഷ്യനാണ് കാളിദാസൻ (മോഹൻലാൽ). ഒന്നാം ലോക്ക്ഡൗൺ സമയത്ത് എന്തോ ആവശ്യത്തിന് കൊച്ചിയിലെ പ്രമുഖ ഫ്ലാറ്റിൽ താമസം തുടങ്ങുന്നു അയാൾ. കോവിഡ് ബാധിത പ്രദേശമായതിനാൽ ആരുമായും സമ്പർക്കം പുലർത്താനയാൾക്ക് സാധിക്കുന്നില്ല. ആ ഫ്ലാറ്റിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ഒരാളെ മാത്രം വച്ച് ചെയ്യാവുന്നതിന്റെ പരമാവധി സാധ്യതകളുള്ള തിരക്കഥയും മോഹൻലാലിന്റെ അഭിനയവുമായിരുന്നു ‘എലോണി’ന് പിന്നിലെ സാധ്യതകൾ. പക്ഷെ ആ സാധ്യതകളിലൂടെ സഞ്ചരിക്കാൻ സിനിമ പലപ്പോഴും ബുദ്ധിമുട്ടുന്നത് പോലെ തോന്നി. ആദ്യ പകുതി മുഴുവൻ മോഹൻലാലിന്റെ പ്രസിദ്ധമായ മാനറിസങ്ങളുടെ അനുകരണവും പിന്നീട് നടക്കുന്ന പ്രവചനീയമായ കഥയും സിനിമയെ ഒരു പുതുമയും കൗതുകവുമില്ലാത്ത കാഴ്ചയാക്കി മാറ്റുന്നു.

‘ക്യൂട്ട്നെസ്സ് ഓവർലോഡ്’ എന്നത് വളരെയധികം വിമർശനങ്ങളും കളിയാക്കലുകളും നേരിട്ട പ്രയോഗമാണ്. പൊതുവെ നടിമാരുടെ ശരീര ഭാഷയുമായി ബന്ധപ്പെടുത്താറുള്ളയിത് ഇപ്പോൾ മലയാളത്തിൽ ഏറ്റവുമധികം ഉയർന്നു വരുന്നത് മോഹൻലാൽ സിനിമകളിലാണ്. നിഷ്കളങ്കതയും കുസൃതിയും അതിമനോഹരമായി സ്ക്രീനിലെത്തിക്കുന്ന മോഹൻലാൽ ഇപ്പോൾ ആ ഭാവങ്ങളുടെ തടവറയിലാണ് എന്ന് തോന്നുന്നു. സ്വഭാവികത തൊട്ടു തീണ്ടാത്ത വിധം നിഷ്കളങ്കതയും കുസൃതിയും അനുഭവിച്ചു ഫലിപ്പിച്ചു കഷ്ടപ്പെടുകയാണ് മോഹൻലാൽ ഓരോ സിനിമയിലും. ഇത്രയേറെ പ്രതിഭയുള്ള നടനെ തടവിലാക്കും പോലുള്ള അനുഭവമാണ് ‘എലോണി’ലുടെ കാണാനാവുക. മോഹൻലാൽ മാത്രമാണ് സ്ക്രീനിലുള്ളത് എന്ന് കൂടി ഓർത്താൽ ഈ അവസ്ഥ കൃത്യമായി ഊഹിക്കാനാവും. ഒപ്പം അദ്ദേഹത്തിന്റെ അഭിമുഖങ്ങളിലൂടെ പ്രശസ്തമായ ഫിലോസഫികളും സിനിമയിൽ ഇടക്കിടക്ക് കടന്നു വരുന്നത് കാണാം.

Mohanlal, Alone Movie

“കാളിയും ദാസനും ഞാൻ നല്ലവനും കെട്ടവനും ഞാൻ” എന്നൊക്കെയുള്ള അടരുകളിലൂടെ കഥ പറയാനുള്ള ശ്രമം സിനിമ നടത്തുന്നുണ്ട്. ആ ശ്രമം ഇടക്കൊക്കെ വലിയ കുഴപ്പമില്ലാതാവുന്നുണ്ട്. പക്ഷെ അപ്പോഴൊക്കെ ഒരു സൂപ്പർതാര സിനിമയുടെ, പ്രത്യേകിച്ച് ഒരു സമകാലിക മോഹൻലാൽ സിനിമയുടെ പതിവ് ഫോർമുകളിലേക്ക് സിനിമ ചുരുങ്ങുന്നു. കൊറോണ കാലത്തെ ഞെട്ടലുകളും ഒറ്റപ്പെടലുകളും കാണിക്കാനുള്ള ശ്രമവും പാതി വഴിയിൽ നിർത്തുകയാണ് സിനിമ.

‘സ്ലീപ്പ്ലസ് നെറ്റ്സ് ആർ ഓവർ’ പോലുള്ള പാട്ടുകൾ കൊണ്ടും കളർ പാറ്റേണുകൾ കൊണ്ടും സമ്പന്നത വിളിച്ചോതുന്ന ഇന്റീരിയർ കൊണ്ടുമാണ് ഹോളിവുഡ് ആമ്പിയൻസ് മലയാള സിനിമകളിൽ കൊണ്ട് വരിക എന്നൊരു ബോധ്യം കുറച്ച് സംവിധായകർക്കു മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നു. ഷാജി കൈലാസ് അത്തരമൊരു സിനിമാ സ്കൂളിന്റെ ഭാഗമായിരുന്നില്ല. ‘എലോണി’ലേക്ക് വരുമ്പോൾ പക്ഷെ അദ്ദേഹം അത്തരം ബോധ്യങ്ങളെ പിന്തുടരുന്നത് പോലെ തോന്നുന്നു. ഇത് ഒരർത്ഥത്തിലും സിനിമയുടെ മുന്നോട്ടുള്ള പോക്കിനെയോ ഒഴുക്കിനെയോ സഹായിക്കുന്നില്ലെന്ന് മാത്രമല്ല, അതിൽ നിന്ന് മാറി നടക്കുകയും ചെയ്യുന്നു. മോഹൻലാൽ സിനിമകളുടെ, ത്രില്ലർ സിനിമകളുടെ, ഹോളിവുഡ് സ്വഭാവമനുകരിച്ചിറങ്ങുന്ന സിനിമകളുടെ ഒക്കെ കുറെ പതിവ് ഫോർമുലകൾ അതേ പടി പകർത്തി വെക്കുന്ന അനുഭവമാണ് ‘എലോൺ’ കാണികൾക്ക് തരിക. ടാഗ് ലൈനിൽ പറയും പോലെ റിയൽ ഹീറോകളാണോ കാണുന്ന പ്രേക്ഷകരാണോ ഒറ്റപ്പെടുക എന്ന് കാണുന്നവർക്ക് ഇടക്കിടക്ക് സംശയം തോന്നാം…

ഒറ്റക്കൊരാൾ അഭിനയിക്കുന്ന സിനിമ എന്നൊക്കെയുള്ള സാധ്യതകൾ മലയാളത്തിൽ വരുന്നത് കലാഭവൻ മണി ചിത്രം ‘ദി ഗാർഡി’ലൂടെയാണ്. ലോക്ക്ഡൗൺ സമയത്ത് ഇതേ സാധ്യത ജയസൂര്യയുടെ ‘സണ്ണി’ പരീക്ഷിച്ചു. അത് ത്രില്ലർ അല്ലായിരുന്നെങ്കിലും അതേ ഫോർമാറ്റ് തന്നെയാണ് ‘എലോണി’ലും പിന്തുടരുന്നത്. മോഹൻലാൽ തിരഞ്ഞെടുക്കുന്ന വിചിത്ര സിനിമകളും അതിന്റെ എല്ലാ സ്വഭാവങ്ങളും ഇവിടെയും തുടരുന്നു. അതിനപ്പുറം ഓർമിക്കാനൊന്നും തരാത്ത മറ്റൊരു പുതിയ മോഹൻലാൽ സിനിമ മാത്രമാണിത്.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Alone movie review rating mohanlal