Allu Ramendran Review: ഇഷ്ടമില്ലായ്മകളുടെയും വാശികളുടെയും പേരിൽ തമാശയായിട്ടെങ്കിലും മറ്റൊരാൾക്കിട്ട് പണി കൊടുക്കുമ്പോൾ, അയാളെ ദ്രോഹിക്കുമ്പോൾ അവർക്ക് നഷ്ടമാകുന്നത് ചെറുതെങ്കിലും അവരുടേത് മാത്രമായൊരു ലോകമാണ്. ആ ലോകത്തിലെ സമാധാനവും സന്തോഷവുമാണ്. അത്തരമൊരു കുഞ്ഞു ചിന്തയിലേക്കും ഓർമ്മപ്പെടുത്തലിലേക്കുമാണ് സംവിധായകൻ ബിലഹരി ‘അള്ളു രാമേന്ദ്രൻ’ എന്ന സിനിമയിലൂടെ പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്.

പുറംകാഴ്ചയിൽ വളരെ പരുക്കനും നിഗൂഢതകൾ ഉള്ളവനുമായ ഒരു പൊലീസുകാരനാണ് രാമേന്ദ്രൻ. ആരോടു വേണമെങ്കിലും തട്ടിക്കയറാൻ മടിയില്ലാത്ത, നിസ്സാരകാര്യങ്ങൾക്കു പോലും ദേഷ്യപ്പെടുന്ന രാമേന്ദ്രന്റെ കല്യാണയാത്രയോടെയാണ് സിനിമ തുടങ്ങുന്നത്. കല്യാണ ദിവസം തന്നെ കാറിന്റെ ടയർ പഞ്ചറായി പെരുവഴിയിലാവുകയാണ് അയാൾ. ആ ‘പഞ്ചറാ’യ കല്യാണ യാത്ര, വരാനിരിക്കുന്ന നിരവധി ‘അള്ള്’ യാത്രകളിലേക്കുള്ള തുടക്കമാണെന്ന് അയാളപ്പോൾ അറിയുന്നില്ല.

അച്ഛനും സഹോദരിയും ഭാര്യയും മാത്രമുള്ള, വലിയ കുഴപ്പമില്ലാതെ ഓടി കൊണ്ടിരിക്കുന്ന അയാളുടെ ജീവിതവണ്ടിയ്ക്ക് പെട്ടെന്നൊരു സുപ്രഭാതത്തിൽ ‘അള്ള്’ കിട്ടുകയാണ്. തുടർച്ചയായി പഞ്ചറായി വഴിയിൽ കിടക്കേണ്ടി വരുമ്പോൾ ഒടുവിൽ അയാൾ തിരിച്ചറിയുന്നു, ഈ സ്ഥിരം അള്ളിന് പിറകിൽ അജ്ഞാതനായ ഒരു ശത്രുവുണ്ട്. ഉരുളക്കിഴങ്ങിലും വഴുതനങ്ങയിലും ചാണകത്തിലും വരെ അള്ള് വയ്ക്കുന്നവൻ. ഓരോ തവണയും വെറൈറ്റി ‘അള്ള്’ രീതികൾ പരീക്ഷിക്കുന്നവൻ. ആ അജ്ഞാതനായ ശത്രുവിനെ തേടിയുള്ള രാമേന്ദ്രന്റെ യാത്രകളും കണ്ടെത്തലുകളും അതുണ്ടാക്കുന്ന പുതിയ സംഭവവികാസങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്.

മുരടൻ പൊലീസുകാരനായ ‘വെറും രാമേന്ദ്രനി’ൽ നിന്നും ‘അള്ള് രാമേന്ദ്രൻ’ എന്ന വിളിപ്പേരിലേക്കുള്ള രാമേന്ദ്രന്റെ പരിണാമയാത്ര കൂടിയാണ് ചിത്രം. രാമേന്ദ്രന്റെ കഥയ്ക്കൊപ്പം തന്നെ, രാമേന്ദ്രന്റെ സഹോദരി സ്വാതിയുടെയും അവളെ പ്രണയിക്കുകയും സ്വന്തമാക്കാനായി ഏതറ്റം വരെയും പോവാൻ മടിക്കാത്തവനുമായ ജിത്തുവിന്റെയും അവരുടെ ചുറ്റുമുള്ള കുറച്ചുപേരുടെയും കൂടി കഥ പറഞ്ഞു പോവുന്നുണ്ട് ചിത്രം.

Allu Ramendran Review: കുറച്ചു കാലത്തിനു ശേഷം കുഞ്ചാക്കോ ബോബനെ ടിപ്പിക്കൽ റൊമാന്റിക് ഹീറോ പരിവേഷമില്ലാതെ കാണാൻ കഴിഞ്ഞു എന്നതാണ് ‘അള്ള് രാമേന്ദ്രൻ’ സമ്മാനിക്കുന്ന ഒരു സന്തോഷം. ആദ്യസീൻ മുതൽ അയാൾ രാമേന്ദ്രനെന്ന മുരടൻ പൊലീസുകാരനാണ്, മറ്റാരെയും ഓർമ്മിപ്പിക്കാത്ത രീതിയിൽ ചാക്കോച്ചൻ തന്റെ കഥാപാത്രത്തിന് ജീവൻ നൽകുന്നുണ്ട്. വളരെ നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഒരു അള്ളിന് ഒരാളുടെ ജീവിതത്തിൽ എത്രത്തോളം പ്രശ്നങ്ങളുണ്ടാക്കാം, ഒരാളെ ഏതറ്റം വരെ നിസ്സഹായനും അസ്വസ്ഥനുമാക്കാം തുടങ്ങിയ അവസ്ഥാന്തരങ്ങളെയെല്ലാം കൺവീൻസിംഗ് ആയ രീതിയിൽ തന്നെ ചാക്കോച്ചൻ അവതരിപ്പിക്കുന്നു.

കഥ പറയാൻ വന്ന സംവിധായകനോട് ‘പഞ്ചർ വണ്ടി’യാണല്ലേ എന്ന് ചോദിച്ച ചാക്കോച്ചന് സമാധാനിക്കാം. കഥയിൽ വണ്ടി പലവട്ടം പഞ്ചറാവുന്നുണ്ടെങ്കിലും ‘അള്ള് രാമേന്ദ്രൻ’ ചാക്കോച്ചനെന്ന നടനെ തുണയ്ക്കുകയാണ്. എന്തെന്നാൽ, നവാഗതനായ ബിലഹരിയ്ക്ക് ഈ സിനിമ എത്ര പ്രധാനമാണോ അത്രയും തന്നെ കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയറിയിലും അത്യാവശ്യമായൊരു ബ്രേക്കാണ് ഈ ചിത്രം സമ്മാനിക്കുന്നത്. ടൈപ്പ് കാസ്റ്റിംഗ് രീതികളുടെ പതിവു ട്രാക്കുകളിൽ നിന്നും ചാക്കോച്ചനെ മാറ്റി നടത്തിക്കാൻ സംവിധായകൻ ബിലഹരിയ്ക്ക് കഴിയുന്നുണ്ട്.

കുഞ്ചാക്കോ ബോബനോളം പ്രാധാന്യത്തോടെ സ്ക്രീനിൽ നിറയുന്ന രണ്ടുപേർ അള്ളു രാമേന്ദ്രന്റെ സഹോദരിയായെത്തുന്ന അപർണ ബാലമുരളിയും ജിത്തുവായെത്തുന്ന കൃഷ്ണശങ്കറുമാണ്. ഇവരുടെ പ്രണയമാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. നായികയായെത്തിയ ചാന്ദ്നിയും തന്റെ കഥാപാത്രത്തിനോട് നീതി പുലർത്തുന്നുണ്ട്. ധർമ്മജൻ ബോൾഗാട്ടി, ശ്രീനാഥ് ഭാസി, സലിം കുമാർ, കൊച്ചു പ്രേമൻ, ഹരീഷ് കണാരൻ, കൃഷ്ണപ്രഭ തുടങ്ങി കഥയിൽ വന്നു പോകുന്ന വലുതും ചെറുതുമായ കഥാപാത്രങ്ങൾക്കെല്ലാം അവരുടേതായ കൃത്യമായൊരു സ്‌പെയ്സ് ഉണ്ട് ചിത്രത്തിൽ.

Allu Ramendran Review: സിറ്റുവേഷണൽ കോമഡികളാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. ധർമ്മജന്റെയും ഹരീഷ് കണാരന്റെയും സലിം കുമാറിന്റെയുമെല്ലാം രംഗങ്ങൾ പലതും പ്രേക്ഷകനിൽ ചിരിയുണർത്തുന്നവയാണ്. നിഷ്കളങ്കമെന്നു തോന്നിപ്പിക്കുന്ന നർമ്മമുഹൂർത്തങ്ങളാണ് കൂടുതലും. സലിം കുമാറിന്റെ എസ് ഐ സൈമൺ എന്ന പൊലീസ് കഥാപാത്രം, മുൻപ് സലീം കുമാർ തന്നെ ചെയ്ത ചില പൊലീസ് കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും, ഏറെ നാളത്തിനു ശേഷം ഒരു മുഴുനീള ഹാസ്യകഥാപാത്രത്തിലേക്ക് തിരിച്ചുവന്ന് തിയേറ്ററിനെ ഇളക്കി മറിക്കുന്നുണ്ട് സലിം കുമാർ. പഴയ സലിം കുമാർ സിനിമകളിലെ മെം ഉപയോഗിച്ച് ഉപയോഗിച്ച് മടുത്ത ട്രോളന്മാർക്ക് സന്തോഷിക്കാം, തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കാൻ സ്വന്തമായി ഗവേഷണം ചെയ്തെടുത്ത പുതിയ ഭാവങ്ങളും ആംഗ്യവിക്ഷേപങ്ങളും സമ്മാനിക്കുന്നുണ്ട് ‘അള്ള് രാമേന്ദ്രനി’ലെ എസ് ഐ സൈമൺ.

നവാഗതനെന്ന രീതിയിൽ നോക്കുമ്പോൾ മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുകയാണ് ബിലഹരി. വളരെ ചെറുതെന്നു തോന്നിയേക്കാവുന്ന ഒരു കഥയെ, അതിന്റെ ഫോക്കസ് നഷ്ടപ്പെടാതെ, മാസും തമാശയും വൈകാരികതയും പ്രണയവുമെല്ലാം നിറച്ച് പ്രേക്ഷകരെ നിരാശപ്പെടുത്താതെ തന്നാലാവും വിധം പ്രസന്റബിൾ ആയി തന്നെ ബിലഹരി അവതരിപ്പിച്ചിട്ടുണ്ട്.

ട്വിസ്റ്റുകളും കൃത്യമായി കണക്റ്റ് ചെയ്തെടുക്കപ്പെട്ട സംഭവവികാസങ്ങളുമായാണ് തിരക്കഥ വികസിക്കുന്നത്. അങ്ങനെ സംഭവിക്കുമോ? എന്തോ മിസ്സിംഗ് ഉണ്ടല്ലോ എന്നു തുടങ്ങി പ്രേക്ഷകരുടെ മനസ്സിൽ ഉയർന്നേക്കാവുന്ന ലോജിക്ക്പരമായ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ കഥാപാത്രങ്ങളെ കൊണ്ട് തന്നെ കൺവീൻസിംഗ് ആയ രീതിയിൽ പറയിപ്പിക്കുന്നുണ്ട് തിരക്കഥാകൃത്തുകൾ. ആ ബ്രില്ല്യൻസിന് കൂടിയാണ് തിരക്കഥാകൃത്തുകൾ കയ്യടി അർഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ്.

Allu Ramendran Review: ആദ്യ പകുതിയുണ്ടാക്കുന്ന മുറുക്കം രണ്ടാം പകുതിയ്ക്കില്ല എന്നതാണ് സിനിമയുടെ ഒരു പോരായ്മയായി അനുഭവപ്പെട്ടത്. ആരായിരിക്കും പൊലീസുകാരന്റെ വണ്ടിക്ക് സ്ഥിരമായി അള്ളുവെയ്ക്കുന്നതെന്ന ആകാംക്ഷയോടെ മുന്നോട്ട് കൊണ്ട് പോയ കഥയ്ക്ക് രണ്ടാം പകുതിയിൽ അൽപ്പം ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. ആദ്യപകുതിയുടെ ആ പിച്ച് നിലനിർത്താൻ രണ്ടാം പകുതിയ്ക്ക് കഴിയാത്തതുകൊണ്ടാവാം, ക്ലൈമാക്സിൽ ഒരു തിടുക്കവും ക്രാഷ് ലാൻഡിംഗ് ഫീലും അനുഭവപ്പെട്ടത്. എന്നിരുന്നാലും ചിത്രത്തിന്റെ ട്രീറ്റ്മെന്റും എഡിറ്റിംഗും ദൃശ്യഭാഷയുമെല്ലാം സിനിമയ്ക്കൊപ്പം പ്രേക്ഷകനെ കൈപ്പിടിച്ചു നടത്തുക തന്നെ ചെയ്യും. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. നവാഗതരുടെ സാന്നിധ്യം കൊണ്ടുവരുന്ന ഒരു ഫ്രഷ്നെസ്സും സിനിമയ്ക്കുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Review news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ