Al Mallu Movie Review: ‘പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലെന്നു പറ സാറേ’ എന്ന് സുരാജ് കരഞ്ഞു കൊണ്ട് ആക്ഷൻ ഹീറോ ബിജുവിൽ പറയുന്ന പ്രശസ്തമായ ഡയലോഗ് പോലെ ‘സിനിമയാണെന്നും പറഞ്ഞു ഇങ്ങനൊന്നും ചെയ്യല്ലേ സാറേ’ എന്ന് മാത്രമേ ‘അൽ മല്ലു’ കണ്ടിറങ്ങുന്ന പ്രേക്ഷകന് കരഞ്ഞുകൊണ്ട് പറയാനാവൂ. ‘ജനപ്രിയൻ’, ‘റൊമാൻസ്’ തുടങ്ങിയ ഭേദപ്പെട്ട (അൽ മല്ലുവുമായി താരതമ്യം ചെയുമ്പോൾ) കോമഡി ചിത്രങ്ങൾ സംവിധാനം ചെയ്ത ബോബൻ സാമുവേൽ ആദ്യമായി എഴുതി സംവിധാനം ചെയ്ത ചിത്രം, കൃത്രിമമായ സന്ദർഭങ്ങളും കെട്ടുറപ്പില്ലാത്ത തിരക്കഥയും അനാവശ്യ കഥാപാത്രങ്ങളുമെല്ലാം കൊണ്ട് വിരസമായൊരു കെട്ടുകാഴ്ചയായി മാറുന്നു. നമിത പ്രമോദാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നയനയെ അവതരിപ്പിക്കുന്നത്.
ഗൾഫിൽ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന മിടുക്കിയായ നയനയെ ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ടോണി എന്ന ചെറുപ്പക്കാരൻ തട്ടിപ്പു വിവാഹത്തിലൂടെ ചതിക്കാൻ ശ്രമിക്കുന്നു. ആ സംഭവത്തിൽ നിന്നുണ്ടാകുന്ന മാനസികാഘാതത്തിൽ നിന്ന് നയന പതുക്കെ പുറത്തു കടക്കാൻ ശ്രമിക്കുന്നു, അതിനു അവളെ സഹായിക്കുന്നത് ഓഫീസിൽ പുതിയതായി ജോലിക്കു വന്ന ശ്രീ എന്ന യുവാവാണ്. ഇനി ശ്രീയിലേക്കു വരാം, ഫാരിസ് എന്ന പുതുമുഖമാണ് ശ്രീയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീയായി അഭിനയിക്കുന്നത് ഒരു ബൊമ്മയാണോ അതോ ശെരിക്കും മനുഷ്യൻ തന്നെയാണോ എന്ന് സംശയം തോന്നും വിധമാണ് പുതുമുഖ നടന്റെ പ്രകടനം.
കുട്ടികാലത്തുണ്ടായ ചില ദുരനുഭവങ്ങളാൽ സ്ത്രീകളെ കാണുമ്പോൾ തന്നെ വിയർക്കുന്ന ശ്രീയെന്ന നാണംകുണുങ്ങി കഥാപാത്രത്തിന്റെ മുഖത്ത് നിന്ന് ഒരു ഭാവമെങ്കിലും വന്നിരുന്നെങ്കിലെന്ന് പ്രേക്ഷകർ ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചു പോകും. ‘ഞരമ്പ്’ , ‘മറ്റൊരു കടവിൽ കുളി സീൻ 2 ‘ തുടങ്ങിയ ഷോർട് ഫിലിമുകളിൽ അഭിനയിച്ചതിന്റെ അനുഭവ സമ്പത്തുള്ള ബോബി സാമുവേലിന് തന്റെ പുതുമുഖ നടന് അഭിനയത്തിന്റെ ബാല പാഠങ്ങൾ എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു.
അങ്ങനെ ശ്രീയും നയനയും പല പ്രശ്നങ്ങൾക്കുമിടയിലും അങ്ങോട്ടുമിങ്ങോട്ടും ആത്മവിശ്വാസം പകർന്നു ഗൾഫ് ജീവിതത്തിൽ മുന്നോട്ട് പോകുമ്പാഴാണ് തന്നെ ചതിച്ച ടോണി കാരണം തന്റെ സുഹൃത്ത് ആത്മഹത്യ ചെയുന്നത് നയന അറിയുന്നത്. തുടർന്ന് ടോണിയെ വിവാഹം കഴിക്കാൻ പോകുന്ന ജിമ്മി എന്ന മിയ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് നയന കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുണ്ടെങ്കിലും ജിമ്മി അത് വക വെക്കുന്നില്ല. നയനക്കു ടോണിയെന്ന ക്രിമിനൽ കാമുകനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാകുമോ എന്നതാണ് സിനിമയുടെ ക്ലൈമാക്സ്. ക്ലൈമാക്സ് രംഗങ്ങളിൽ റിബൽ പാതിരയായി എത്തുന്ന ലാൽ ചെയ്യുന്ന കഥാപാത്രം പുരോഗമനാശയങ്ങൾ വാരി വിതറുന്നുണ്ട്.
ആണധികാരം തകർത്തെറിയാൻ ശ്രമിക്കുന്ന, പെൺ ജീവിതങ്ങൾ ശക്തമായി പോരാടുന്ന, ജീവിച്ചു കാണിക്കുന്ന, പല ചിത്രങ്ങളും മലയാള സിനിമയിൽ അടുത്തിടെയായി ഇറങ്ങുന്നുണ്ട്. വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്പ്’, പാർവതി നായികയായ ‘ഉയരെ’ തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ ഗണത്തിൽ പെട്ടവയാണ്. ഇത്തരം ഒരു പ്രമേയമാണ് ‘അൽ മല്ലു’ കൈകാര്യം ചെയ്യാൻ ശ്രമിച്ചതെങ്കിലും വളരെ അമച്വറിഷ് ആയുള്ള കഥ പറച്ചിൽ രീതിയിലൂടെ പ്രമേയത്തിന്റെ ഗൗരവം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് സാധിക്കുന്നില്ല.
അനാവശ്യമായ ഉപകഥകളും, കഥാപാത്രങ്ങളുമെല്ലാം ചിത്രത്തെ കൂടുതൽ അസഹനീയമാക്കുകയാണ്. നമിത പ്രമോദ് തന്റെ കഥാപാത്രത്തെ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഏറ്റവും കൂടുതൽ സ്ക്രീൻ സ്പേസും സ്ക്രീൻ ടൈമും നമിതയ്ക്ക് കിട്ടുന്നുണ്ടെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥ ആ നടിയുടെ അഭിനയ സാധ്യതകളെ അസാധുവാക്കുന്നു. നായക കഥാപാത്രം ചെയ്ത പുതുമുഖ നടന് സിനിമയിലേക്ക് വരുന്നതിനു മുൻപ് ചെയ്ത ജോലിയിൽ തന്നെ സംതൃപ്തി കിട്ടട്ടെയെന്നു ആത്മാർഥമായി ആശംസിക്കുന്നു. സിനിമയിൽ വളരെ കുറച്ചു സമയമേ ഉള്ളുവെങ്കിലും തന്റെ ഭാഗം ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിദ്ദിഖ്. ധർമജൻ ബോൾഗാട്ടി ചെയ്ത കഥാപാത്രത്തിൽ നിന്ന് കോമഡി പ്രതീക്ഷിച്ചെങ്കിലും, മനസ്സിൽ തങ്ങുന്ന ഒരു നർമ സന്ദർഭമോ സംഭാഷണമോ പോലും ചിത്രത്തിൽ ഇല്ല.
കഥാപരിസരമായ ഗൾഫ് നഗര കാഴ്ചകൾ തരക്കേടില്ലാതെ പകർത്താൻ ഛായാഗ്രാഹകനായ വിവേക് മേനോന് കഴിഞ്ഞിട്ടുണ്ട്. പഴയകാല നാടകത്തിലെ പശ്ചാത്തല സംഗീതത്തിന്റെ മാതൃകയിൽ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം പശ്ചാത്തല സംഗീതം കുത്തിക്കയറ്റി രഞ്ജിൻ രാജ് എന്ന സംഗീത സംവിധായകനും ഈ സിനിമയുടെ മൊത്തത്തിലുള്ള പരിതാപകരമായ അവസ്ഥയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. സാജിൽസ് മജീദാണ് ചിത്രത്തിന്റെ നിർമാതാവ്.
എന്തിനാണ് ഈ ചിത്രം ഗൾഫ് പശ്ചാത്തലിൽ എടുത്തതെന്നും, ‘അൽ മല്ലു’ എന്ന പേരും ചിത്രത്തിന്റെ പ്രമേയവുമായുള്ള ബന്ധമെന്താണെന്നും ക്ഷമയോടെ ആലോചിക്കാൻ ഈ സിനിമ കണ്ട എല്ലാ പ്രേക്ഷകർക്കും കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് നിർത്തുന്നു.
Read more: Big Brother Movie Review: സഹോദരങ്ങൾക്ക് രക്ഷകനാവുന്ന വല്യേട്ടൻ; പുതുമയില്ലാതെ ‘ബിഗ് ബ്രദർ’- റിവ്യൂ