scorecardresearch
Latest News

Ajagajantharam Movie Review & Rating: മികച്ച കാഴ്ചാനുഭവം, ദുർബലമായ തിരക്കഥ; ‘അജഗജാന്തരം റിവ്യൂ

Ajagajantharam Malayalam Movie Review & Rating: കാഴ്ചയുടെ ഉത്സവമേളം തീർക്കുമ്പോഴും ദുർബലമായ തിരക്കഥ ചിത്രത്തെ വിരസമാക്കുന്നു

RatingRatingRatingRatingRating
Ajagajantharam, Ajagajantharam review, Ajagajantharam movie review, Ajagajantharam rating, Ajagajantharam full movie, Ajagajantharam full movie download, Ajagajantharam song download, Ajagajantharam songs, അജഗജാന്തരം റിവ്യു, ആന്റണി വര്‍ഗീസ് പെപെ

Ajagajantharam Malayalam Movie Review & Rating: ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ‘അജഗജാന്തരം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരാനയും പാപ്പാനും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ‘അജഗജാന്തരം’ പറയുന്നത്.

വാദ്യമേളവും ഉത്സവപറമ്പിലെ ആരവങ്ങളുമൊക്കെയായി ആദ്യത്തെ ഫ്രെയിം മുതൽ ഒരാഘോഷത്തിന്റെ പശ്ചാത്തലത്തിലേക്കാണ് സംവിധായകൻ ടിനു പാപ്പച്ചനും സംഘവും പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. ഉത്സവത്തിന് ആവേശം പകരാൻ നെയ്‌‌ശ്ശേരി പാർത്ഥൻ എന്ന ആനയുമെത്തുന്നു. ആ നാട്ടിലെ പ്രധാന തല്ലുകൊള്ളികളിൽ ഒരാളാണ് കണ്ണൻ (അർജുൻ അശോകൻ). ഉത്സവത്തിന്റെ ആവേശവും ലഹരിയും സിരകളിലേറ്റി നൃത്തം വയ്ക്കുന്ന കണ്ണന്റെ ചങ്ങാതിമാരിൽ ഒരാളെ ആനയ്ക്ക് ഒപ്പമെത്തിയ വരത്തനായ ലാലി (ആന്റണി പെപ്പെ) കൈവയ്ക്കുന്നു. ആ ചെറിയ വഴക്കിൽ നിന്നും പകയും വീറും വാശിയും കൊട്ടികയറുകയാണ്.

അടിമുടി വിഷ്വൽ ട്രീറ്റൊരുക്കുന്ന ചിത്രമാണ് അജഗജാന്തരം. ജിന്റോ ജോർജിന്റെ ഫ്രെയിമുകൾ ഓരോ സീനിനെയും സമ്പന്നമാക്കുന്നു. ഒരു ഉത്സവപറമ്പിൽ പോയി വന്ന അനുഭവം പ്രേക്ഷകരിലേക്ക് പകരാൻ ജിന്റോയുടെ ക്യാമറയ്ക്ക് സാധിച്ചിട്ടുണ്ട്. ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ ഉത്സവപ്രതീതിയ്ക്ക് ഇണങ്ങുന്നരീതിയിലുള്ളതാണ്.

ആക്ഷൻ രംഗങ്ങളിൽ ആന്റണി വർഗീസ് പെപ്പെ കസറിയെങ്കിലും അഭിനയത്തിന്റെ കാര്യമെടുത്താൽ കൂടുതലൊന്നും പെപ്പെയ്ക്ക് ചെയ്യാനില്ല. ‘ക്ഷുഭിതയൗവ്വനം’ ടൈപ്പ് കഥാപാത്രങ്ങളിൽ നിന്നും പെപ്പെയ്ക്ക് മോചനം കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കണ്ണൻ എന്ന കഥാപാത്രത്തെ അർജുൻ അശോകൻ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. സുധി കോപ്പ, ലുക്ക് മാൻ, കിച്ചു ടെല്ലസ്, ജാഫർ ഇടുക്കി, സാബുമോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

കാഴ്ചയുടെ ഉത്സവമേളം തീർക്കുമ്പോഴും ദുർബലമായ തിരക്കഥ ചിത്രത്തെ വിരസമാക്കുന്നു. പറയത്തക്ക കഥയോ മനസ്സിനെ സ്പർശിക്കുന്ന കഥാസന്ദർഭങ്ങളോ ഓർത്തുവയ്ക്കാവുന്ന​ ഒരു കോമഡി സീനോ പോലും തിരക്കഥയിൽ ഇല്ല. കുറേ കഥാപാത്രങ്ങൾ കഥയിലുടനീളം വന്നുപോവുന്നു​ എന്നതിനപ്പുറത്തേക്ക് പ്രേക്ഷകരുമായി കണക്റ്റ് ആവുന്ന കഥാപാത്രങ്ങൾ ചിത്രത്തിൽ കുറവാണ്. കഥാരംഭത്തിൽ വലിയ ബിൽഡപ്പ് കൊടുത്ത കഥാപാത്രങ്ങൾക്കും കഥ പുരോഗിക്കുമ്പോൾ കാര്യമായ റോളുകളൊന്നുമില്ല.

കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ട്രെയിലറിലെ വർണപകിട്ടേറിയ ഉത്സവമേളവും കിടിലൻ ആക്ഷനുമൊക്കെ കണ്ട് ഒരു മാസ് പടം പ്രതീക്ഷിച്ച് കയറുന്നവരെ ചിത്രം നിരാശരാക്കും. എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമല്ല ‘അജഗജാന്തരം’.

ഛായാഗ്രഹണം, പശ്ചാത്തലസംഗീതം എന്നിവയ്ക്ക് ഒപ്പം ചിത്രത്തിന്റെ പോസിറ്റീവായി എടുത്തുപറയാവുന്നത് ചിത്രത്തിലെ ഗാനങ്ങളാണ്. നാടന്‍പാട്ട് പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധമായ ‘ഒളുളേരു ഒളുളേരു’ എന്ന ഗാനത്തിന്റെ റീമിക്‌സ് സിരകളിൽ ആവേശം പകരും. ‘ഡന്നന്ന ഡണ്ണാണ’ എന്ന ഗാനവും വ്യത്യസ്തമായൊരു ആസ്വാദനം സമ്മാനിക്കുന്നതാണ്.

സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Also Read: Minnal Murali Movie Review: മിന്നൽ മുരളിയെന്ന ദേശി സൂപ്പർ ഹീറോ; റിവ്യൂ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Ajagajantharam malayalam movie review rating