Adrishyam Movie Review & Rating: 2000 ത്തിന്റെ ആദ്യ പാദം മുതൽ പുറത്തിറങ്ങിയ ചില ശ്രദ്ധേയമായ തമിഴ് ത്രില്ലറുകൾക്ക് സവിശേഷമായ ദൃശ്യ ഭാഷയും സംഭാഷണ ശൈലിയുമൊക്കെയുള്ളതായി കാണാം. ആ സിനിമകളുടെ ചുവട് പിടിച്ചു മറ്റു ഭാഷകളിലും ഒരുപാട് ത്രില്ലറുകൾ പുറത്തിറങ്ങി. ആക്കൂട്ടത്തിൽ അപൂർവം ചില സിനിമകൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഭൂരിഭാഗം സിനിമകളും അനുകരണങ്ങളായി ഒതുങ്ങി. അത്തരത്തിൽ തമിഴ് സിനിമയുടെ ചുവടുപിടിച്ച് മലയാളത്തിലെ കുറ്റാന്വേഷണ സിനിമാ പരമ്പരയിലേക്ക് വന്ന പുതിയ സിനിമയാണ് ‘അദൃശ്യം.’
പലപ്പോഴും കാണാറുള്ള സസ്പെൻസ് ത്രില്ലറുകളുടെ പൊതുരീതികളെല്ലാം അതേ പടി പിന്തുടർന്നാണ് ‘അദൃശ്യ’വും തുടങ്ങുന്നത്. ഒരു സംഭവവും അതിനോട് പല രീതിയിലായി ബന്ധപ്പെട്ട് കിടക്കുന്ന കുറെയാളുകളും സമാന്തരമായി നടക്കുന്ന അവരുടെ ജീവിതവും അന്വേഷവുമൊക്കെയാണ് ഈ ഘട്ടത്തിൽ സിനിമയെ നയിക്കുന്നത്. ഒരു പെൺകുട്ടിയുടെയും പോലിസ് ഉദ്യോഗസ്ഥന്റെയും തിരോധാനവും അതന്വേഷിച്ചെത്തുന്ന മൂന്നു വ്യത്യസ്ത സംഘങ്ങളുമൊക്കെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
രണ്ടാം പകുതിയിലെ സസ്പെൻസ് റിവീലിലും സിനിമ പതിവ് രീതികളെ ആശ്രയിച്ചാണ് സിനിമ മുൻപോട്ടു പോകുന്നത്. ഈ ഘട്ടത്തിൽ കുറച്ച് കൂടി താളം കഥ പറച്ചിലിലും നിർമിതിയിലും കണ്ടെത്താൻ സിനിമക്കാവുന്നുണ്ട്. താരങ്ങളുടെ പ്രകടനം ഈ ഘട്ടത്തെ കൂടുതൽ സജീവമായ കാഴ്ചയും അനുഭവവുമാക്കാൻ സിനിമയെ സഹായിക്കുന്നുണ്ട്. പല ഘട്ടങ്ങളിലും സിനിമയെ രക്ഷിക്കുന്നത് ചില താരങ്ങളുടെ ചില ഘട്ടങ്ങളിലേ പ്രകടനമാണ്. (സിനിമയുടെ സസ്പെൻസ് സ്വഭാവം താരങ്ങളുടെ പ്രകടനത്തെ പറ്റി കൂടുതൽ എഴുതുന്നത് ആസ്വാദനത്തെ ബാധിച്ചേക്കാം.) ജോജു ജോർജ്, ഷറഫുദ്ധീൻ, നരേൻ, ആത്മീയ, പവിത്ര ലക്ഷ്മി തുടങ്ങീ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.
തമിഴ് അധികം സംസാരിക്കുന്ന, മലയാള സംഭാഷണങ്ങളെക്കാൾ കൂടുതൽ മലയാളം സബ് ടൈറ്റിലുകൾ നൽകേണ്ടി വന്ന സിനിമയാണ് ‘അദൃശ്യം.’ ചിത്രത്തിന്റെ തമിഴ് വേർഷന് വേണ്ടി എഴുതിയ സംഭാഷണങ്ങൾ എന്ന് തോന്നുന്ന മട്ടിലായിരുന്നു ചിത്രത്തിലെ സംഭാഷണങ്ങളെല്ലാം. ‘യുക്കി’യെന്ന പേരിൽ തമിഴിലിലും ഈ സിനിമ പുറത്തിറങ്ങുന്നുണ്ട്.
തമിഴ് സിനിമയെ പോലെയാവുക എന്നൊക്കെ പലപ്പോഴും പലയിടങ്ങളിൽ നിന്നും മലയാള സിനിമ കേൾക്കുന്ന ഉപദേശമാണ്. തമിഴ് സിനിമകൾക്ക് കേരളത്തിൽ കിട്ടുന്ന ജനകീയത മുതൽ ഒരു ചെറിയ കാൻവാസിൽ അത്ഭുതപ്പെടുത്തുന്ന വലിയ കഥകൾ പറയുന്ന തമിഴ് മേക്കിങ് രീതി വരെ അതിനു കാരണങ്ങൾ ആയി കരുതാം. തമിഴ് സിനിമയെ പിന്തുടരാൻ മലയാള പ്രവർത്തകർക്ക് തോന്നുന്നതും അത് തന്നെ കാരണം എന്ന് കൂട്ടാം. എന്നാൽ തമിഴ്‌ലെ ഓരോ സീനും അനുകരിച്ചു മലയാള സംഭാഷണങ്ങൾ നൽകിയാൽ തമിഴ് സിനിമ പോലെയാവും എന്ന് കരുതുന്നത് എത്ര കണ്ടു സഹായിക്കും എന്ന് അറിയില്ല. ‘
അദൃശ്യ’വും അത്തരമൊരു മനസ്സിലാകായ്ക തുടർച്ചയാണ്. സിനിമയിലെ പല രംഗങ്ങളും തമിഴ് സിനിമകളുടെ പല കാലങ്ങളും രംഗങ്ങളും കൂട്ടിയിണക്കിയ അനുഭവമാണ് നൽകിയത്. ആ അനുഭവം കാണികളെ സംബന്ധിച്ച് ചില ഡബ്ബിങ് പടങ്ങൾ കാണുന്നത് പോലെയൊരു കൃത്രിമത്വമാണ് നൽകുന്നത്.
കുറ്റാന്വേഷണ ഉദ്യോഗസ്ഥർ സംസാരിക്കുന്ന ഭാഷയിൽ, അന്വേഷിക്കുന്ന രീതിയിൽ ഒക്കെ കാലങ്ങളായി കണ്ട് ശീലിച്ച ചില രീതികൾ പിൻപറ്റുമ്പോൾ ഇതേ അനുഭവം പ്രേക്ഷകർക്ക് ഉണ്ടാവാം. അന്വേഷണ ഉദ്യോഗസ്ഥരായ സ്ത്രീകൾ സഹപ്രവർത്തകരായ പുരുഷന്മാരുടെ ബുദ്ധിശക്തിയിൽ അത്ഭുതപ്പെട്ടു നിൽക്കുകയും മണ്ടത്തരങ്ങൾ കാണിച്ചു അവരാൽ തിരുത്തപ്പെടുകയും ചെയ്യേണ്ടവരാണെന്ന പതിവ് രീതിയടക്കം കഥാപാത്ര നിർമിതികളിൽ പതിവ് ക്‌ളീഷെകൾ സിനിമ കുറേയിടങ്ങളിൽ ആവർത്തിക്കുന്നുണ്ട്.
ക്രൈം ത്രില്ലറുകളുടെയും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെയും വിജയ ഫോർമുലകളെ, ഹിറ്റ് ട്രെന്ഡുകളെ ഒക്കെ പലയിടങ്ങളിലും അതേപടി പകർത്തി വച്ചതു പോലൊരു അനുഭവമാണ് സിനിമ തന്നത്. സിനിമയുടെ വിചിത്രമായ രീതിയിലുള്ള മിക്സിങ് പലയിടത്തും കാഴ്ചകളെ കൂടുതൽ വിരസമാക്കി.
ഒരു കുറ്റാന്വേഷണ കഥ അന്വേഷണത്തിനൊപ്പം പ്രേക്ഷകരെ കൊണ്ട് പോകണമെന്നും കുറ്റവാളിയുടെയോ കുറ്റകൃത്യത്തിന്റെയോ തുറന്ന് പറച്ചിലിൽ പ്രേക്ഷകരെ ഞെട്ടിക്കണമെന്നും പറയാറുണ്ട്. അത് രണ്ടും ‘അദൃശ്യം’ പല ഘട്ടങ്ങളിലും വിജയകരമായി ചെയ്യുന്നില്ല, ചിലയിടങ്ങളിൽ അഭിനയിച്ച താരങ്ങളുടെ അഭിനയ സമ്പത്ത് സിനിമയെ കരകയറ്റാൻ ശ്രമിക്കുന്നു എന്ന് മാത്രം.
സിനിമയുടെ സംവിധായകൻ സാക്ക് ഹാരിസ് അടക്കം അണിയറയിൽ പ്രവർത്തിച്ച പലരും പുതുമുഖങ്ങളാണ്. ഇപ്പോൾ നിലനിൽക്കുന്ന ട്രെൻടിനൊപ്പം നിൽക്കുക എന്ന രീതിയെ പിൻപറ്റിയുള്ള സുരക്ഷിത സിനിമാ പ്രവേശത്തിന്റെ സാധ്യതകൾ അന്വേഷിക്കുകയാണ് അവരെന്ന് പല ഘട്ടത്തിലും തോന്നി. പതിവായി ഇത്തരം സിനിമകൾ കണ്ട് പരിചയമുള്ള പ്രേക്ഷകരെ ‘അദൃശ്യത്തിനു’ എത്ര കണ്ട് തീയറ്ററുകളിൽ പിടിച്ചിരുത്താൻ സാധിക്കും എന്ന് സംശയമാണ്.