scorecardresearch

ശുഷ്‌കം, ഭാവനാശൂന്യം; 'ആദിപുരുഷ്' റിവ്യൂ: Adipurush Prabhas Saif Ali Khan Movie Review

'ആദിപുരുഷിന്റെ' തിരക്കഥ അങ്ങേയറ്റം ദുർബലമാണ്. വി എഫ് എക്സിനു വേണ്ടി എഴുതിയ രംഗങ്ങൾ കുത്തി നിറച്ച തിരക്കഥക്ക് ആദിമധ്യാന്ത പൊരുത്തമോ എന്ത് ചെയ്യണമെന്ന കൃത്യമായ ധാരണയോ ഒരിടത്തും ഉണ്ടായിരുന്നില്ല: Adipurush Prabhas Saif Ali Khan Movie Review

'ആദിപുരുഷിന്റെ' തിരക്കഥ അങ്ങേയറ്റം ദുർബലമാണ്. വി എഫ് എക്സിനു വേണ്ടി എഴുതിയ രംഗങ്ങൾ കുത്തി നിറച്ച തിരക്കഥക്ക് ആദിമധ്യാന്ത പൊരുത്തമോ എന്ത് ചെയ്യണമെന്ന കൃത്യമായ ധാരണയോ ഒരിടത്തും ഉണ്ടായിരുന്നില്ല: Adipurush Prabhas Saif Ali Khan Movie Review

author-image
Aparna Prasanthi
അപ്‌ഡേറ്റ് ചെയ്‌തു
New Update
Adipurush, Adipurush Malayalam Movie, Adipurush Review

Entertainment Desk/ IE Malayalam

പ്രോപഗണ്ട സിനിമ, അജണ്ട സെറ്റിങ് മുതൽ പ്രഭാസിന്റെ രൂപമാറ്റം, ടീസർ മുതൽ നേരിടുന്ന വിമർശനങ്ങൾ തുടങ്ങീ ഒരുപാട് വെല്ലുവിളികൾക്കിടയിലേക്കാണ് 'ആദിപുരുഷ്' റിലീസ് ആയത്. ഹനുമാനു സീറ്റ് ഒഴിച്ചിട്ടത് അടക്കം ഒരു പ്രോപഗണ്ട സിനിമയുടെ എല്ലാ സ്വഭാവവും ദ്യോതിപ്പിച്ചു കൊണ്ടാണ് 'ആദിപുരുഷ്' എത്തിയതും. ഇടക്കെവിടെയൊക്കെയോ പ്രൊപോഗാണ്ട സ്വഭാവം പുലർത്താൻ ശ്രമിച്ചെങ്കിലും വി എഫ് എക്സ് കൊണ്ടും ഭാവന ശൂന്യമായ തിരക്കഥ കൊണ്ടും വളരെ ശോഷിച്ച സിനിമയാണ് വളരെ ലളിതമായി പറഞ്ഞാൽ 'ആദിപുരുഷ്.'

Advertisment

സിനിമ ഏറ്റവും ബുദ്ധിപൂർവം ചെയ്തത് കഥാപാത്രങ്ങളുടെ പേരുകൾ തിരഞ്ഞെടുത്തതാണ്… രാഘവ്, ശേഷ്, ജാനകി, ബജ്രങ്ക്, ലങ്കേഷ് തുടങ്ങീ രാമായണത്തിലെ കഥാപാത്രങ്ങളുടെ പല പേരുകളിൽ ഒന്നിനെ സ്വീകരിച്ചാണ് സിനിമ മുഴുവൻ മുന്നോട്ട് പോകുന്നത്. പ്രധാന കഥാഗതിയിൽ നിന്നുള്ള മാറ്റത്തെ, കേട്ടു മറന്ന കഥയിൽ നിന്നുള്ള സംശയങ്ങളെ, ഒക്കെ മാറ്റാൻ ഈ പേരുകൾ കൊണ്ട് സാധിച്ചു. മറ്റൊന്ന് പ്രധാന ടാർഗറ്റ് ഓഡിയൻസിനെ കുറിച്ചുള്ള വ്യക്തമായ ധാരണയാണ്. ആരെയാണ് ആകർഷിക്കണ്ടത്, ആരെയാണ് സ്വാധീനിക്കേണ്ടത് എന്നത് സംബന്ധിച്ച ബോധ്യം സിനിമയുടെ അണിയറ പ്രവർത്തകർക്കുണ്ടായിരുന്നു. ബാലൻസിങ്, യുക്തി ഇവയൊന്നും ഇടക്ക് കയറ്റാനുള്ള ശ്രമം ഒന്നും ഉണ്ടായില്ല. ഹനുമാൻ ഇടക്ക് വരുന്ന നമ്മുടെ പാരമ്പര്യത്തെ കുറിച്ച് പറയുന്ന സിനിമ ആ നിലക്കുള്ള കാണികളേ തന്നെയാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരുടെ വാക്കുകൾ മുതൽ പി ആർ ജോലികൾ വരെ എല്ലാം ഈ പാത പിന്തുടർന്നു വന്നതാണ്. 'ആദിപുരുഷ്' ഈ കാര്യത്തിൽ പുലർത്തുന്ന വ്യക്തത തന്നെയാണ് സിനിമയുടെ മാർക്കറ്റ്.

സിനിമയിലേക്ക് മടങ്ങി വന്നാൽ രാമായണം ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ, വളരെ സമൃദ്ധമായ സാഹിത്യകൃതികളിൽ ഒന്നാണ്. കേട്ട് പരിചയിക്കാത്തവർ കുറവായ ഒരു കഥയാണ് രാമായണത്തിന്റെ. ബാലി രാമായണം, കമ്പ രാമായണം, സീത രാമായണം, മാപ്പിള രാമായണം തുടങ്ങിയ നമ്മളറിഞ്ഞതും അല്ലാത്തതുമായ ഒരുപാട് വ്യാഖ്യാനങ്ങളും രാമായണത്തിനുണ്ട്. രാമായണം സീരിയൽ 90 കളിൽ ഉണ്ടാക്കിയ വലിയ വിവാദങ്ങളും ചർച്ചകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്തായാലും അത്തരം ഒരു കഥ, അത് കേൾക്കാത്തവർ ആരുമില്ലാത്ത ഒരിടത്ത് മൂന്നു മണിക്കൂറിൽ സിനിമയാക്കി ഒതുക്കുക അങ്ങേയറ്റം ശ്രമകരമാണ്. പക്ഷേ വി എഫ് എക്സ് കൊണ്ടുള്ള ബഹളങ്ങളല്ലാതെ ആ ശ്രമമൊന്നും സിനിമയിലുണ്ടായില്ല.

Advertisment

'ടെർമിനേറ്റർ' മുതൽ 'അവഞ്ചേഴ്‌സ്' വരെ കുറെ ഹോളിവുഡ് മാഗ്നം ഓപ്പസുകൾ ഉണ്ട്. അതേ ടെംപ്ളേറ്റിൽ, അതേ ഫോർമാറ്റിൽ നിർമിച്ച സിനിമയാണ് 'ആദിപുരുഷ്.' 'അവഞ്ചേഴ്സിലെ' സ്റ്റോൺ, താനോസിന്റെ രൂപം, 'ടെർമിനേറ്ററിലെത്' പോലുള്ള ആയുധങ്ങൾ, അത്തരം സിനിമകളുടെ റെഫറൻസ് ഒക്കെ നേരിട്ടുള്ള കുറെ രംഗങ്ങൾ 'ആദിപുരുഷിൽ' ഉണ്ട്. വളരെ ശുഷ്ക്കമായി അങ്ങേയറ്റം ഭാവന ശൂന്യമായി ഇത്തരം രംഗങ്ങൾ ഇവിടേക്ക് പറിച്ചു നടുകയാണ് സിനിമ ചെയ്തത്.

'ആദിപുരുഷിന്റെ' തിരക്കഥ അങ്ങേയറ്റം ദുർബലമാണ്. വി എഫ് എക്സിനു വേണ്ടി എഴുതിയ രംഗങ്ങൾ കുത്തി നിറച്ച തിരക്കഥക്ക് ആദിമധ്യാന്ത പൊരുത്തമോ എന്ത് ചെയ്യണമെന്ന കൃത്യമായ ധാരണയോ ഒരിടത്തും ഉണ്ടായിരുന്നില്ല. രാമൻ അടക്കമുള്ള കഥാപാത്രങ്ങളെ പ്രൊപോഗാണ്ട സ്വഭാവത്തിലേക്കും ഇത്തരം സിനിമകളുടെ പതിവ് രീതികളിലേക്കും പറിച്ചു നടാൻ വേണ്ടിയുള്ള ശ്രമമായി ഒതുങ്ങി സിനിമ.

ഓം റൗത്ത് എന്ന സംവിധായകന്റെ മൂന്നാമത്തെ സിനിമയാണ് 'ആദി പുരുഷ്.' വലിയ ക്യാൻവാസ് തന്നെയാണ് 'തൻഹാജി' ഉൾപ്പെടെയുള്ള രണ്ട് സിനിമകൾക്കും സംവിധായകൻ ഉപയോഗിച്ചുള്ളത്. അതിന്റെയൊക്കെ ഒരു വലുതാക്കലാണ് 'ആദിപുരുഷ്' എന്ന് പറയാം. അതേ ഫോർമാറ്റിൽ നിർമിച്ച, പ്രത്യേക വിഭാഗം കാണികൾക്ക് വേണ്ടിയുള്ള പരീക്ഷണം. തന്റെ കരിയർ ഏത് സാധ്യതക്കാണ് സംവിധായകൻ ഉപയോഗിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനകൾ ഇവിടെയും കാണാം.

'ആദിപുരുഷ്' പ്രഭാസ് എന്ന താരത്തെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. 'ബാഹുബലിക്ക്' ശേഷം വന്ന തുടർപരാജയത്തിനും പാൻ ഇന്ത്യൻ താരം എന്ന നിലയിൽ സംബന്ധിച്ച വീഴ്ചക്കും കാര്യമെന്തെന്നറിയാത്ത രൂപ മാറ്റത്തിനുമൊക്കെ അപ്പുറം പ്രഭാസ് എന്ന താരത്തിന്റെ അതിജീവനത്തിനു ഈ സിനിമയുടെ വിജയം ആവശ്യമായിരുന്നു. 'ആദിപുരുഷിന്റെ' ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ ഉണ്ടായ ട്രോളുകൾക്കും മറുപടി ആവശ്യമായിരുന്നു. എന്നാൽ 'ആദിപുരുഷി'ലൂടെ അതെത്രത്തോളം സാധ്യമാവും എന്നറിയില്ല. ഇതിലെ രാമന്റേത് ഒട്ടും നല്ല പാത്രസൃഷ്ടി അല്ല. സിനിമയിലെ വൈകാരിക രംഗങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചിട്ടുമില്ല. ഒരാശയകുഴപ്പം യുദ്ധ രംഗങ്ങളിൽ പോലും അദ്ദേഹത്തിൽ നിഴലിച്ചു നിൽക്കും പോലെ തോന്നി.

ഗ്രാഫിക്സിന്റെ, വി എഫ് എക്സ്സിന്റെ ഒക്കെ അനന്ത സാധ്യതകൾ അങ്ങേയറ്റം കാവ്യത്മകവും കൗതുകമുണ്ടക്കുന്നതുമായ അവതരണം ഒക്കെ പല ഭാഷകളിൽ തീയറ്ററുകളിൽ കണ്ടവരാണ് ഇവിടെയുള്ളത്. അതിനെയൊക്കെ അനുകരിച്ചു അങ്ങേയറ്റം ദരിദ്രമായ തിരക്കഥയുമായി കുറച്ചു പ്രൊപോഗാണ്ടയുടെ സഹായത്തോടെ പുറത്തിറങ്ങുന്ന സിനിമക്ക് എത്ര കണ്ട് പ്രേക്ഷകരെ സ്വാധീനിക്കാൻ സാധിക്കുമെന്നതനുസരിച്ചാവും 'ആദിപുരുഷിന്റെ' ആത്യന്തികമായ നിലനിൽപ്.

Prabhas Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: