Adi Movie Review & Rating: ‘ഒരടി കിട്ടിയാൽ അത് തിരിച്ചു കൊടുക്കുന്നതാണ് ആണത്തം’ എന്ന സങ്കൽപ്പത്തിന് ഏറ്റവും ചുരുങ്ങിയത് ഒരു പുരുഷാന്തരത്തോളമെങ്കിലും പഴക്കമുണ്ട്. അതു കൊണ്ടു തന്നെയാവാം, ആണുങ്ങൾക്കിടയിലെ അടിയുടെയും തല്ലിന്റെയുമൊക്കെ കഥകൾ കാലാകാലങ്ങളായി സിനിമകളിൽ ആവർത്തിച്ചു വരുന്നത്. സമീപകാലത്തിറങ്ങിയ ‘തല്ലുമാല’ എന്ന ചിത്രവും അടിയുടെ പൂരക്കാഴ്ചയായിരുന്നു. ചിത്രത്തിൽ വിവിധതരം തല്ലുകളെ കുറിച്ച് ക്ലാസ്സെടുക്കുന്നു പോലുമുണ്ട് നായകൻ മണവാളൻ വസീം. ഈഗോയെ വേദനിപ്പിക്കുന്ന തല്ല്, ശരീരത്തെ വേദനിപ്പിക്കുന്ന തല്ല്, മനസ്സിനെ വേദനിപ്പിക്കുന്ന തല്ല് എന്നിങ്ങനെ നീളുന്ന വ്യത്യസ്തയിനം തല്ലുകൾ….
സജീവ് നായരെന്ന (നന്ദു) നവവരന്റെ ഈഗോയെ വേദനിപ്പിച്ച ഒരു തല്ലിനെ കുറിച്ചാണ് പ്രശോഭ് വിജയൻ സംവിധാനം ചെയ്ത് വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ‘അടി’ എന്ന ചിത്രവും പറയുന്നത്. ഗൾഫിൽ നിന്നും ലീവിന് നാട്ടിലെത്തിയ സജീവ് നായർ ഗീതികയുമായുള്ള വിവാഹസ്വപ്നങ്ങളിലും അതിനായുള്ള ഒരുക്കങ്ങളിലുമാണ്. ഒരുപാട് സ്വപ്നങ്ങളുമായി വിവാഹ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ഗീതികയ്ക്ക് മുന്നിൽ വച്ച് അപ്രതീക്ഷിതമായി സജീവനു അടി കിട്ടുന്നു. ശരീരത്തിലേറ്റ മുറിവുകളേക്കാളും ചതവുകളേക്കാളും കൂടുതൽ ആ അടി സജീവനിലെ ആണഹന്തയെ ആണ് മുറിപ്പെടുത്തുന്നത്. അടിച്ചയാളോടുള്ള പകയും പ്രതികാര ദാഹവുമെല്ലാം ഒരു പോലെ തിളച്ചുമറിയുകയാണ് സജീവനിൽ. ദാമ്പത്യത്തിന്റെ തുടക്കത്തിൽ തന്നെ സജീവ് കടന്നുപോവുന്ന സംഘർഷങ്ങൾ ഗീതികയേയും ബാധിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ, വിവാഹദിവസത്തിൽ സജീവനേറ്റ അടിയുടെ ആഘാതവും പ്രത്യാഘാതവുമാണ് ‘അടി’യുടെ പ്രമേയം.
എടുത്തു ചാട്ടക്കാരനും പ്രശ്നക്കാരനുമൊക്കെയായ നിരവധി കഥാപാത്രങ്ങളെ ഇതിനു മുൻപും ഷൈൻ ടോം ചാക്കോ അവതരിപ്പിച്ചിട്ടുണ്ട്. അത്തരം കഥാപാത്രങ്ങളുടെ ഒരു എക്സ്റ്റഷൻ തന്നെയാണ് ‘അടി’യിലെ സജീവ് നായരും. എന്നാൽ, തനിക്കത്ര വഴങ്ങില്ലെന്ന് ഷൈൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ള റൊമാൻസ് കൂടി പഴറ്റി നോക്കുന്നുണ്ട് ഇവിടെ എന്നത് പുതുമ സമ്മാനിക്കുന്നു. സങ്കടവും നിസ്സഹായതയും എന്തു ചെയ്യണമെന്നറിയാത്ത ആശങ്കയുമൊക്കെ ഏറെ മികവോടെയാണ് ഷൈൻ അവതരിപ്പിക്കുന്നത്.
അഹാന കൃഷ്ണയുടെ ഗീതിക എന്ന കഥാപാത്രം പുതിയ കാലത്തിന്റെ പ്രതിനിധിയാണ്. ആണഹന്തകളോടും സ്ത്രീകളെ ശരീരമായി കാണുന്ന ആൺലോകത്തിന്റെ കാഴ്ചപ്പാടുകളോടുമൊക്കെ വിയോജിപ്പും തർക്കവുമുള്ള പെൺകുട്ടി. മികച്ച രീതിയിൽ തന്നെ ആ കഥാപാത്രത്തെ പോർട്രൈ ചെയ്യുന്നുണ്ട് അഹാന. ധ്രുവൻ, അനു ജോസഫ് എന്നു തുടങ്ങി വിരലിൽ എണ്ണാവുന്ന പരിചിതമുഖങ്ങൾ മാത്രമേ ചിത്രത്തിലുള്ളൂ. സ്ക്രീനിൽ വന്നു പോവുന്ന ഈ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം തന്നെയാണ് കാഴ്ച വയ്ക്കുന്നത്.
അഭിനേതാക്കളുടെ പ്രകടനം സിനിമയെ ലൈവാക്കുമ്പോഴും സിനിമ ഇടറിപ്പോവുന്നത് അതിന്റെ തിരക്കഥയുടെ കാര്യത്തിലാണ്. ഒരു ഷോർട്ട് ഫിലിം ആയി പറഞ്ഞുപോകാവുന്ന വളരെ ചെറിയൊരു കഥാതന്തുവിനെ സിനിമയുടെ ഫോർമാറ്റിലേക്ക് വലിച്ചു നീട്ടുമ്പോൾ പലയിടങ്ങളിലും ചിത്രം വിരസത കാഴ്ചയാവുന്നു. വെറുതെ ഒരു കഥ പറഞ്ഞുപോവുന്നു എന്നതിനപ്പുറത്തേക്ക് തിരക്കഥയ്ക്ക് ആഴമില്ല. അതു കൊണ്ടു തന്നെ, കഥാപാത്രങ്ങളുടെ സംഘർഷങ്ങളെയോ വൈകാരികതയേയോ കൃത്യമായി പ്രേക്ഷകരിലേക്ക് പകരാനും സാധിക്കുന്നില്ല. ‘ഇഷ്ക്’ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയ രതീഷ് രവി ആണ് ‘അടി’യുടെ തിരക്കഥാകൃത്ത്. സൂക്ഷ്മാർത്ഥത്തിൽ, ‘ഇഷ്കിന്റെ’ പ്രമേയത്തിനോട് എവിടെയൊക്കെയോ സാമ്യം പുലർത്തുന്നുണ്ട് ‘അടി’യുടെ തിരക്കഥയും, ഒരേ ചിന്തയുടെ മോൾഡിൽ ആണ് രണ്ടു തിരക്കഥയും വാർത്തെടുത്തിരിക്കുന്നത്. ഇഷ്ടപ്പെടുന്ന രണ്ടുപേർ, അവർക്കിടയിലെ മനോഹരമായ ബന്ധം, അതിനിടയിൽ സമൂഹം അടിച്ചേൽപ്പിക്കുന്ന ചില സ്റ്റീരിയോടൈപ്പ് കാഴ്ചപ്പാടുകൾ (ഇഷ്കിൽ സദാചാരമായിരുന്നു പ്രശ്നമെങ്കിൽ, ഇവിടെ അത് പുരുഷത്വം/ ആൺ അഹന്ത പോലുള്ള സങ്കൽപ്പങ്ങളാണ്). സമൂഹത്തിന്റെ ഈ സ്റ്റീരിയോടൈപ്പ് കാഴ്ചപ്പാടുകൾ പരസ്പരം സ്നേഹിച്ച രണ്ടുപേരുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നു എന്നു കൂടിയാണ് ഇരുചിത്രങ്ങളും പറയുന്നത്.
‘ലില്ലി,’ ‘അന്വേഷണം’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘അടി’. ഗോവിന്ദ് വസന്തയുടെ സംഗീതവും ഫാസിൽ സിദ്ധിഖിന്റെ സിനിമോട്ടോഗ്രാഫിയും നൗഫൽ അബ്ദുല്ലയുടെ എഡിറ്റിംഗും മികവു പുലർത്തുന്നു. വലിയ താരനിരയൊന്നുമില്ലാതെ, ചെറിയ ക്യാൻവാസിൽ ഒരുക്കിയ ‘അടി’യുടെ നിർമാതാവ് ദുൽഖർ സൽമാൻ ആണ്. വലിയ ബോറടിയില്ലാതെ ഒറ്റ തവണ കണ്ടിരിക്കാവുന്ന ഒരു ആവറേജ് ചിത്രമാണ് ‘അടി’.