The Kung Fu Master Movie Review: മഞ്ഞു പൊതിഞ്ഞ താഴ്‌വരയിലെ ഇടി പൂരം; ‘ദി കുങ് ഫു മാസ്റ്റർ’ റിവ്യൂ

The Kung Fu Master Movie Review: പരിചയ സമ്പന്നരല്ലാത്ത നടീ നടന്മാരുടെ അഭാവം ചിത്രത്തിൽ ഉടനീളം അനുഭവപ്പെടുമെങ്കിലും, നിഗൂഢമായ ഹിമാലയൻ താഴ്‌വരയുടെ, പശ്ചാത്തലത്തിന്റെ സാധ്യതകൾ ചിത്രത്തിന്റെ ഒരു ഭാവമായി മാറ്റി എബ്രിഡ് ആ പോരായ്മ മറച്ചു പിടിക്കുന്നുണ്ട്

the kung fu master, ie malayalam

The Kung Fu Master Movie Review: ‘1983’, ‘ആക്ഷൻ ഹീറോ ബിജു’ പോലെയുള്ള ജനപ്രീതി നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എബ്രിഡ് ഷൈനിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി കുങ് ഫു മാസ്റ്റർ’ അതിന്റെ ട്രെയിലറിൽ കാണിച്ചിരിക്കുന്നതുപോലെ തന്നെ ഹിമാലയൻ താഴ്‌വരയിൽ നടക്കുന്ന ഒരു പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ്. തന്റെ അവസാന ചിത്രമായ പൂമരത്തിൽ നായികാ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്ത നീത പിള്ളയാണ് ‘ദി കുങ് ഫു മാസ്റ്ററിലെ’ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പുതു മുഖമായ ജിജി സ്കറിയയാണ്. യഥാർഥ ജീവിതത്തിൽ ചൈനീസ് മാർഷ്യൽ ആർട്സിൽ അഗ്രഗണ്യനായ ജിജി സക്കറിയയെ കാസ്റ്റ് ചെയ്തത് വഴി സംവിധായകന് ഈ സിനിമയുടെ നട്ടെല്ലായ ‘വിങ് ചുൻ കുങ് ഫു’ എന്ന ചൈനീസ് ആയോധനകലയെ വളരെ റിയലിസ്‌റ്റിക്കായി അവതരിപ്പിക്കാൻ സാധിച്ചു.

ഗാഢമായ ധ്യാനത്തിലിരിക്കുന്ന അനന്തമായ ശക്തിയുടെ പ്രതിരൂപം എന്ന് തോന്നിപ്പിക്കുന്ന മഞ്ഞ് മൂടിയ ഹിമാലയൻ മല നിരകളുടെ താഴ്‌വരയിൽ നടക്കുന്ന ഒരു ക്ലിഷേ പ്രതികാര കഥയെ ഒരു തവണയെങ്കിലും കണ്ടിരിക്കാവുന്ന ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആകുന്നത് എബ്രിഡ് ഷൈൻ എന്ന സംവിധായകന് ആ പശ്ചാത്തലത്തെയും ചൈനീസ് ആയോധന കലയെയും ഉപയോഗിച്ച രീതികൊണ്ട് തന്നെയാണ്. പൂർണമായി ഉത്തരാഖണ്ഡും പരിസരങ്ങളും പശ്ചാത്തലമായി വരുന്ന കഥയിൽ ലൂയിസ് ആന്റണി എന്ന കൊടും ക്രിമിനലും സംഘവും നടത്തുന്ന അതിക്രമങ്ങളെ തുറന്നു കാട്ടി കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ചൈനീസ് ആയോധന കലയിൽ പ്രാവീണ്യം നേടിയ ലൂയിസിന്റെ സംഘത്തിലുള്ളവരും മാർഷ്യൽ ആർട്സിൽ കേമന്മാരായ ക്രിമിനൽസ് ആണ്.

തുടർന്നു ചിത്രം പോകുന്നത് ഉത്തരാഖണ്ഡിൽ താമസമായ ഒരു മലയാളി കുടുംബത്തിലേക്കാണ്. വിങ് ചുൻ കുങ് ഫു ആയോധന കല അഭ്യസിപ്പിക്കുന്ന ഋഷിയും അയാളുടെ സഹോദരി ഋതുവും അവരുടെ കുടുംബ ജീവിതവുമായി സന്തോഷത്തോടും സമാധാനത്തോടുകൂടിയും ജീവിക്കുന്ന കാഴ്ചകളാണ് പിന്നെ സിനിമ കാണിക്കുന്നത്. എന്നാൽ ഒരു രാത്രി തന്റെ ക്രിമിനൽ സംഘവുമായി ലൂയിസ് ഋഷിയെയും കുടുംബത്തെയും ആക്രമിക്കുന്നു. തന്നെയും തന്റെ സംഘത്തിലുള്ളവരെയും പറ്റി ഋഷി പൊലീസിന് വിവരങ്ങൾ ചോർത്തി കൊടുക്കുന്നുവെന്ന കാരണത്താൽ ഋഷിയുടെ അച്ഛനെയും, ഗർഭണിയായ ഭാര്യയെയും മകനെയും ലൂയിസും സംഘവും നിർദാക്ഷണ്യം കൊല്ലുന്നു.

Read Also: നയൻതാര എന്ന പേരിട്ടത് ഞാനും രഞ്ജൻ പ്രമോദും; തർക്കത്തിന്റെ ആവശ്യമില്ല: സത്യൻ അന്തിക്കാട്

ഋഷിയെ ജീവച്ഛവം പോലെയാക്കുമെങ്കിലും, അദ്ദേഹം മരിക്കുന്നില്ല. തുടർന്നുള്ള ചിത്രം ഋതുവും ഋഷിയും അവരുടെ ആയോധന കലയിലെ പ്രാവിണ്യത്തെ പ്രതികാരത്തിന്റെ തീയിൽ രാകി മിനുക്കി ഇറങ്ങുന്ന പോരാട്ടത്തിന്റെ കഥയാണ്. ഏതാണ്ട് രണ്ടാം പകുതി മുഴുവനായും ഋതുവും ഋഷിയും ലൂയിസിന്റെ സംഘവുമായുള്ള കുങ് ഫു പോരാട്ടമാണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചവരെല്ലാം തന്നെ ആയോധന കലയിൽ പരിശീലനം ലഭിച്ചവർ തന്നെയെന്നുള്ളത് ആക്ഷൻ രംഗങ്ങളുടെ തീവ്രത വർധിപ്പിക്കുന്നുണ്ട്. ആക്ഷൻ ചിത്രങ്ങൾ എന്ന പേരിൽ ഇറങ്ങുന്ന പല സൂപ്പർ സ്റ്റാർ ചിത്രങ്ങളിലും കയറിൽ കെട്ടിയും വില കുറഞ്ഞ ഗ്രാഫിക്‌സും വഴി ആക്ഷൻ എന്ന പേരിൽ കാട്ടി കൂട്ടുന്ന കോമഡിയെക്കാൾ വളരെ നിലവാരം പുലർത്തുന്ന സംഘട്ടന രംഗങ്ങളാണ് കുങ് ഫു മാസ്റ്ററെ മലയാളത്തിലെ മികച്ച ഒരു ആക്ഷൻ ചിത്രമാക്കുന്നത്.

പരിചയ സമ്പന്നരല്ലാത്ത നടീ നടന്മാരുടെ അഭാവം ചിത്രത്തിൽ ഉടനീളം അനുഭവപ്പെടുമെങ്കിലും, നിഗൂഢമായ ഹിമാലയൻ താഴ്‌വരയുടെ, പശ്ചാത്തലത്തിന്റെ സാധ്യതകൾ ചിത്രത്തിന്റെ ഒരു ഭാവമായി മാറ്റി എബ്രിഡ് ആ പോരായ്മ മറച്ചു പിടിക്കുന്നുണ്ട്. ഋതുവായി വേഷമിട്ട നീത പിളള സാമാന്യം തരക്കേടില്ലാതെ തന്റെ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. ലൂയിസ് ആന്റണി എന്ന നിഷ്ഠൂരനായ കുറ്റവാളിയെ അവതരിപ്പിച്ച സനൂപും സാമാന്യം ഭേദപ്പെട്ട പ്രകടനമായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഋഷിയെ അവതരിപ്പിച്ച ജിജി സക്കറിയയുടെ ആയോധന കലയിലെ വൈദഗ്ധ്യം ചിത്രത്തിന് ഉപയോഗപ്പെട്ടെങ്കിലും അഭിനയത്തിലെ പരിചയ കുറവ് അദ്ദേഹത്തിന്റ കഥാപാത്രത്തെ പിന്നോട്ടു വലിച്ചു. ചിത്രത്തിന്റെ സ്റ്റൈലിഷായ ട്രീറ്റ്മെന്റിനോടും, സന്ദർഭങ്ങളുടെ ഭാവത്തിനും അനുയോജ്യമായ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ ഇഷാൻ ചബറാ ഒരുക്കിയിരിക്കുന്നത്.

Shylock Movie Review: ഫാന്‍സിനു ആഘോഷിക്കാവുന്ന ഒരു മാസ് മമ്മൂട്ടി ചിത്രം: ‘ഷൈലോക്ക്’ റിവ്യൂ

പഴയ ജാക്കി ചാൻ, ബ്രൂസ് ലീ ചിത്രങ്ങളിൽ നിന്ന് ഊറ്റം കൊണ്ട് ആ മാതൃകയിൽ ഒരു ചിത്രം മലയാളത്തിൽ പരീക്ഷിക്കാൻ എബ്രിഡ് ഷൈൻ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണ്. അറിയപ്പെടുന്ന താരങ്ങളില്ലാതിരുന്നിട്ടും ചൈനീസ് മാർഷ്യൽ ആർട്സിന്റെ ചടുല നീക്കങ്ങളുടെയും, മെയ്‌വഴക്കത്തിന്റെയും സൗന്ദര്യം ഒരു നല്ല സിനിമാറ്റിക് എക്‌സ്‌പിരിമെൻസ് ആക്കി മാറ്റാൻ സാധിച്ചതിൽ സംവിധായകന് അഭിമാനിക്കാം. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത അർജുൻ രവിക്കും ഇതിൽ ചെറുതല്ലാത്ത പങ്കുണ്ട്. ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നിങ്ങൾ ആക്ഷൻ ചിത്രങ്ങളെ സ്നേഹിക്കുന്ന ഒരാളാണങ്കിൽ, ദി കുങ് ഫു മാസ്റ്റർ മലയാളത്തിൽ ഇതുവരെ കണ്ട ആക്ഷൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും, തിരക്കഥയിലും, സംഭാഷണങ്ങളിലും അഭിനയത്തിലും തെളിഞ്ഞു നിൽക്കുന്ന പാളിച്ചകൾ ഉണ്ടെങ്കിൽ കൂടി.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Abrid shine the kung fu master malayalam movie review

Next Story
Shylock Movie Review: ഫാന്‍സിനു ആഘോഷിക്കാവുന്ന ഒരു മാസ് മമ്മൂട്ടി ചിത്രം: ‘ഷൈലോക്ക്’ റിവ്യൂshylock, shylock movie review, shylock review, shylock malayalam movie review, shylock malayalam movie rating, shylock movie rating, shylock review and rating, mammootty shylock movie review, shylock box office collection, shylock movie download
The moderation of comments is automated and not cleared manually by malayalam.indianexpress.com