scorecardresearch
Latest News

Aarkkariyam Review: വഴിമാറി നടന്ന സിനിമ; ‘ആര്‍ക്കറിയാം’ റിവ്യൂ

Aarkkariyam Biju Menon-Parvathy Thiruvoth Malayalam Movie Review: ‘ആര്‍ക്കറിയാം’ വരും ദിവസങ്ങളിലും മലയാള സിനിമാ ലോകത്ത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതിന്‍റെ വാണിജ്യമൂല്യത്തിനും അപ്പുറം കലാ മൂല്യം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും

Aarkkariyam Review: വഴിമാറി നടന്ന സിനിമ; ‘ആര്‍ക്കറിയാം’ റിവ്യൂ

നിങ്ങളുടെ ജീവിതത്തിലെ ശൂന്യ സ്ഥലങ്ങള്‍ നികത്താനും
ഏകാന്തത അകറ്റാനും ചലച്ചിത്രത്തിന് കഴിയും

പെദ്രോ അല്‍മോദോവര്‍

Aarkkariyam Biju Menon-Parvathy Thiruvoth Malayalam Movie Review: വിഷുക്കാല ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമാകാൻ പോകുന്ന ചിത്രമാണ് ‘ആർക്കറിയാം.’ ബിജു മേനോനും പാർവതിയും പ്രധാന റോളിൽ എത്തുന്ന സിനിമ സമീപ കാല മലയാള സിനിമയിൽ ഉണ്ടാക്കാൻ പോകുന്ന ചലനം ചെറുതാകില്ല. സമീപകാല മലയാള സിനിമയുടെ കഥകള്‍ പുതിയ ഭാവുകത്വ പരിണാമങ്ങളെ റിയലിസ്റ്റിക്ക് അവസ്ഥകളോട് കൂട്ടിയിണക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. അതിമാനുഷമായ നായക കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്ന തിരക്കഥകള്‍ കൂടുതല്‍ മനുഷ്യ ജീവിതത്തിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ജീവിതഗന്ധിയായ ചിത്രങ്ങളിൽ അഭിനയിക്കാനായി നായക പരിവേഷവും ഗ്ലാമറും ഒരു നടന് മാറ്റി വയ്‌ക്കേണ്ടി വരും. ഇവിടെ ബിജു മേനോൻ അത് ഏറ്റവും തന്മയത്വത്തോടെ, അതിമനോഹരമായി അത് ചെയ്തിരിക്കുന്നു.

പാര്‍വതി തിരുവോത്ത്, ബിജു മേനോൻ എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒരുപക്ഷേ നോവലിലെയോ ചെറുകഥയിലെയോ അനശ്വര കഥാപാത്രങ്ങളുടെ രൂപത്തില്‍ കേരള സമൂഹത്തില്‍ എക്കാലവും നിലനില്‍ക്കുക പ്രസക്തമായ ഇത്തരം സിനിമകളിലൂടെയായിരിക്കും. ‘ആർക്കറിയാം’ വല്ലാത്തൊരു അടുപ്പം പ്രേക്ഷകന്റെ ഉള്ളിൽ അവശേഷിപ്പിച്ചു മാത്രമേ കടന്നു പോകൂ. തികച്ചും ശാന്തമായി, സമാധാനപൂർവ്വം അതവസാനിച്ചു പോകുന്നു. മുന്നേ കടന്നു പോകാൻ വെമ്പുന്ന ഒരു തലമുറയുടെ പ്രതിനിധി എന്ന നിലയിൽ ആ കണക്കു മാഷ് സൗമ്യ സാമീപ്യമായി നിറഞ്ഞു നിൽക്കുന്നു.

 

സിനിമയും പ്രേക്ഷകന്റെ ഉള്ളിലെ ആനന്ദവും സമരസപ്പെടുന്ന ഒരനുഭവമുണ്ട്. ചില സാഹിത്യ കൃതികൾ അവശേഷിപ്പിക്കുന്ന ഒന്നു പോലെയാണ് ആ അനുഭവം. പണ്ടൊരു കാലത്ത് ‘മഴ’യിലും ‘മേഘമൽഹാറിലും’ ബിജു മേനോൻ ബാക്കിവെച്ച ഭാവസുന്ദരമായ ഒരു റൊമാന്റിക് അവസ്ഥയുണ്ട്. ഇന്നും ഒരു തലമുറ രഹസ്യമായി നെഞ്ചേറ്റുന്ന ഒന്ന്. അപൂർണ്ണതയുടെ രസം ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ഏറ്റവും മികവോടെ അഭിനയിച്ചു ഫലിപ്പിക്കുന്നു. നാട്യങ്ങൾ തീരെയില്ലാത്ത ഈ അവസ്ഥ അഭിനയ തികവിന്റെ മറ്റൊരു പര്യായമായി ഈ നടനെ പരിവർത്തനം ചെയ്യിക്കുന്നുണ്ട്.

‘ആർക്കറിയാം’ മലയാളിയുടെ ജീവിത പരിസരങ്ങളിൽ നിന്നും കണ്ടെടുത്ത ചലച്ചിത്രമാണ്. അതിലെ ഓരോ കഥാ പാത്രങ്ങളും അങ്ങനെയുള്ളവരാണ്. ഇട്ടിയവര എന്ന കണക്കു മാഷിൽ തുടങ്ങി അയാളുടെ മകൾ ഷേർളിയിലൂടെ ആ കഥ ജീവിത യാഥാർഥ്യങ്ങളിലേക്ക് കടന്നു കയറുന്നു. കാഞ്ഞിരപ്പള്ളിയിലെ ഏകാന്തമായ തന്‍റെ വീടിനുള്ളിൽ കോവിഡ് സൃഷ്ടിച്ച പുതിയൊരു ലോകത്തെ നിശബ്ദതയിൽ അയാൾ ഒറ്റക്കിരിക്കുന്നു. അതിലേക്ക് മകളും ഭർത്താവ് റോയിയും എത്തുകയാണ്‌. മുംബൈയിലെ അവരുടെ തിരക്കു നിറഞ്ഞ ജീവിതത്തിൽ നിന്നും കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് കടന്നു വരുമ്പോൾ പലതും സംഭവിക്കുന്നു.

എന്നാൽ അവരുടെ വരവ് യാദൃശ്ചികമല്ല, ഒരു നിഗൂഢത അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നു.ഒരു രഹസ്യം സിനിമയെ നിർത്താതെ വേട്ടയാടുന്നു. പ്രേക്ഷകനെയും. ഇട്ടിയവരക്ക് മാത്രമറിയാവുന്ന ഒരു രഹസ്യം അയാളില്‍ നിന്നും മറ്റൊരാളില്‍ എത്തുന്നതോടു കൂടി പുതിയ പുതിയ കാര്യങ്ങള്‍ സംഭവിക്കുകയാണ്. കഥയുടെ ഗതിയെ തന്നെ ഈ സംഭവം സ്വാധീനിക്കുന്നു.

റോയിയിലും ഇട്ടിയവരയിലും ഒരു സംഭവത്തിന്‍റെ വിശദാംശങ്ങള്‍ സൃഷ്ടിക്കുന്ന സാധ്യതകള്‍ കഥയുടെ നിഗൂഡത വര്‍ധിപ്പിക്കുന്നു. ചില സംഭവങ്ങളുടെ ആഘാതങ്ങള്‍ വ്യക്തിജീവിതത്തിലുണ്ടാക്കുന്ന ആഘാതത്തിന്‍റെ വ്യാപ്തിയുടെ പരോക്ഷമായ ആഖ്യാനം കൂടി ഈ കഥയില്‍ ഒളിഞ്ഞിരുപ്പുണ്ട്.

Anugraheethan Antony review, Anugraheethan Antony rating, Anugraheethan Antony watch online, Anugraheethan Antony movie review, Anugraheethan Antony full movie download, Aarkkariyam review, Aarkkariyam movie review, Aarkkariyam rating, Aarkkariyam watch online, Aarkkariyam full movie download, Aarkkariyam tamilrockers, Aarkkariyam telegram, malayalam movies telegram, Irul Review, Irul Rating, Irul Movie watch online, Irul movie rating, irul netflix, irul movie telegram, irul full movie download, irul telegram, irul tamilrockers, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

പൂര്‍ണ്ണമായും ഒരു കുടുംബ സിനിമയുടെ സാധ്യതകള്‍ കണ്ടെത്തുന്ന ‘ആര്‍ക്കറിയാം’ പതിവ് ധാരണയിലുള്ള ചലച്ചിത്രങ്ങളുടെ അവതരണ രീതിയെ തിരുത്തുന്നു. കൊവിഡിന്‍റെ സാഹചര്യം സൃഷ്ടിച്ച അന്തരീക്ഷത്തിലാണ് കഥയുടെ പ്രമേയ സൃഷ്ടി നടക്കുന്നത്. അതും ചലച്ചിത്രത്തിന്റെ പ്രസക്തി വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ബിജുമേനോന്‍റെ അഭിനയജീവിതത്തിലെ തിളക്കമാർന്ന ഒരേടാവും ‘ആര്‍ക്കറിയാം’ എന്ന് ഉറപ്പാണ്. എഴുപത്തി അഞ്ചോളം വയസ്സുള്ള, ഇട്ടിയവര എന്ന കഥാപാത്രമായി മാറാന്‍ അനായാസം അദ്ദേഹത്തിന് കഴിഞ്ഞു. നടപ്പിലും ഇരുപ്പിലും ഭാവചേഷ്ടകളിലും കഥാപാത്രത്തിന്റെ സ്വഭാവത്തെ സ്വാംശീകരിച്ച് തന്റെ അഭിനയപ്രതിഭയുടെ മറ്റൊരു വശം കൂടി രാകിമിനുക്കി എടുത്തിട്ടുണ്ട് ബിജു മേനോൻ ഇവിടെ.

നായിക കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി തന്‍റെ വേഷം ഗംഭീരമായി അവതരിപ്പിച്ചു. മറ്റൊരു ശക്തമായ സാന്നിധ്യം അറിയിച്ചത് ശറഫുദ്ദീനാണ്. റോയിയായി തകര്‍ത്താടുകയായിരുന്നു ശറഫുദ്ദീന്‍. മറ്റെല്ലാ കഥാപാത്രങ്ങളും സിനിമക്ക് ഏറ്റവും അനിയോജ്യമായ രീതിയില്‍ തങ്ങളുടേതായ ഭാഗങ്ങൾ അവതരിപിച്ചു. സാങ്കേതിക തികവുള്ള സിനിമാറ്റോഗ്രാഫിയുടെ സാധ്യതകളും സിനിമയില്‍ ഗംഭീരമായി ഉപയോഗിച്ചിരിക്കുന്നു.

അനേകം ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച സാനു ജോണ്‍ വര്‍ഗ്ഗീസ് സിനിമാ സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കി. ചിത്രത്തിലെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശ്രീനിവാസ റെഡ്ഡിയാണ്.

സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ‘ആർക്കറിയാം’ നിർമിച്ചിരിക്കുന്നത്. സംവിധായകൻ സനു ജോൺ വർഗ്ഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്ന ടീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മികച്ച തിരക്കഥ എന്ന നിലയിലും ‘ആർക്കറിയാം’ കൂടുതൽ ശ്രദ്ധേയമാകും എന്നു തീർച്ച. മഹേഷ് നാരായണന്റെ എഡിറ്റിങ് മികവും ഈ ഘട്ടത്തിൽ എടുത്തു പറയേണ്ടതാണ്.

നേഹ അയ്യർ, യക്ഷൻ ഗാരി പെരേര എന്നിവർ ചേർന്നൊരുക്കുന്ന സംഗീതവും പ്രേക്ഷക ശ്രദ്ധയാകാർഷിക്കും. ചിത്രത്തിലെ പശ്ചാത്തലത്തിന് അനുയോജ്യമായ സംഗീതവും ദൃശ്യമികവും കഥയെ തിരശീലയിൽ കൂടുതൽ യാഥാർത്ഥ്യമായ അനുഭവമാക്കുന്നതിൽ സഹായിക്കുന്നുണ്ട്. പഴയകാല മലയാള സിനിമകളിൽ ആവർത്തിച്ചിരുന്ന കോട്ടയം ഇടുക്കി ജില്ലകളുടെ ഭൂപ്രകൃതിയും അതിനനുസരിച്ച ജീവിതരീതികളും ചിത്രത്തിൽ കൊണ്ടു വരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

‘ആര്‍ക്കറിയാം’ വരും ദിവസങ്ങളിലും മലയാള സിനിമാ ലോകത്ത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതിന്‍റെ വാണിജ്യമൂല്യത്തിനും അപ്പുറം കലാ മൂല്യം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. പത്മരാജനോ ഭരതനോ അവശേഷിപ്പിക്കുന്ന ഫ്രൈമിലെ വല്ലാത്തൊരു നിശബ്ദതയുടെ സാമീപ്യമുണ്ട്. അത് വളരെക്കാലങ്ങള്‍ക്കും അപ്പുറം അനുഭവവേദ്യമായി എന്നതും ‘ആര്‍ക്കറിയാം’ എന്ന സിനിമയുടെ പ്രത്യേകതയാണ്.

കൂടുതൽ കഥാപ്രാധാന്യമുള്ള ചിത്രങ്ങളിലേക്ക് പുതുമുഖ സംവിധായകന്മാർ സഞ്ചരിക്കുന്നു എന്നതാണ് ഇത്തരം ചിത്രങ്ങൾ സിനിമാ ലോകത്തിന് നൽകുന്ന സന്ദേശം. ക്രമേണ നായക പ്രാധാന്യവും, സൂപ്പർ സ്റ്റാർ പദവികളും കാലോചിതമായി പരിണാമങ്ങൾക്ക് വിധേയമാകുകയും സിനിമ കൂടുതൽ സ്വതന്ത്രമായ തലങ്ങളിലേക്ക് വളരുകയും ചെയ്യുന്നു എന്നതിന്റെ ദൃഷ്ടാന്തവും കൂടിയാണ് ‘ആർക്കറിയാം.’

Read Here: Anugraheethan Antony Review: ആദ്യാവസാനം മടുപ്പില്ലാതെ ഓടുന്ന സിനിമ; ‘അനുഗ്രഹീതൻ ആന്റണി’ റിവ്യൂ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Aarkkariyam biju menon parvathy thiruvoth malayalam movie review rating