Mohanlal ‘Aaraattu’ Movie Review & Rating: കോവിഡ് നിയന്ത്രണങ്ങൾ മാറി, കേരളത്തിലെ എല്ലാ തിയേറ്ററുകളും വീണ്ടും സജീവമാകുന്ന സമയത്താണ് മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ലാല്‍ ചിത്രങ്ങള്‍. ഫാന്‍സിനേയും സിനിമാ പ്രേമികളെയും തിയേറ്ററില്‍ എത്തിച്ച് വലിയ വിജയങ്ങള്‍ കൊയ്ത ലാല്‍ ചിത്രങ്ങളുടെ ചരിത്രം തന്നെ കാരണം. ബോക്സോഫീസ് വിജയ ചരിത്രം ആവര്‍ത്തിക്കുമോ എന്നതാണ് ‘ആറാട്ടിനെ’ പ്രസക്തമാക്കുന്നത്.
ബി ഉണ്ണികൃഷ്ണൻ സംവിധാനവും ഉദയകൃഷ്ണ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്ന ‘ആറാട്ട്’ ശരാശരി മോഹൻലാൽ ആരാധകനുള്ള എല്ലാ ചേരുവകളും – കോമഡി, മാസ്, ആക്ഷൻ, എന്റർടൈന്‍മെന്റ് – ചേരുംപടി ചേര്‍ത്ത ഒരു ചിത്രമാണ്. നെയ്യാറ്റിൻകര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
മുതലക്കോട്ട എന്ന, കൃഷിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു പാലക്കാടന്‍ ഗ്രാമത്തിലാണ് ‘ആറാട്ടി’ന്‍റെ കഥ നടക്കുന്നത്. ഗ്രാമത്തിലെ പഞ്ചായത്തിനു കീഴിലുള്ള എല്ലാ തരിശു ഭൂമികളും സർക്കാർ നയത്തിന്‍റെ ഭാഗമായി കൃഷിയോഗ്യമാക്കുക എന്ന പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് അവിടുത്തെ പഞ്ചായത്ത്. അതിന് നേതൃത്വം നൽകുന്നത് പഞ്ചായത്തും കൃഷി വകുപ്പും അതിന്‍റെ അമരക്കാരി രുഗ്മിണിയും പ്രളയകാലത്ത് ഗ്രാമത്തിന് കൈത്താങ്ങായി എത്തി, അവിടെ സ്ഥിരതാമസമാക്കിയ ബറ്റാലിയൻ എന്ന നാൽവർ സംഘവുമാണ്.
മറ്റു തരിശു ഭൂമികളെല്ലാം കൃഷിയിടങ്ങളാക്കി ഒടുവിൽ എത്തുന്നത് മത്തായിച്ചൻ എന്ന സ്ഥലത്തെ പ്രമാണിയുടെ വർഷങ്ങളായി കൃഷിയിറക്കാത്ത 18 ഏക്കർ ഭൂമിയിലാണ്. ഒരു ടൗൺ ഷിപ്പ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് വേണ്ടി ആ നിലം നികത്തേണ്ടതുണ്ട്. മന്ത്രിമാരുടെ ഓഫീസ് കയറിയിറങ്ങുന്ന മത്തായിച്ചനാകട്ടെ നിലം വിട്ടു നൽകാൻ തയ്യാറുമല്ല. പഞ്ചായത്തിന്‍റെ നടപടി ഒഴിവാക്കാനും നിലം നികത്താനും മത്തായിച്ചൻ കൊണ്ടു വരുന്നത് ‘ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപനെ’യാണ്. മത്തായിച്ചനിൽ നിന്ന് സ്ഥലം പാട്ടത്തിനെടുത്ത് നിലംനികത്താനായി എത്തുന്ന ഗോപൻ അത് പൂർത്തിയാക്കൻ നടത്തുന്ന ശ്രമങ്ങളും അതിനിടയിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയുമാണ് ‘ആറാട്ടി’ന്‍റെ കഥ വികസിക്കുന്നത്.

‘നരസിംഹം,’ ‘ആറാം തമ്പുരാൻ,’ ‘ബാലേട്ടൻ’ തുടങ്ങി ഒരുപിടി മോഹൻലാൽ ചിത്രങ്ങളിലെ ഡയലോഗുകളുടെയും കഥാപാത്രങ്ങളുടെയും റഫറൻസുകളുമായി സ്പൂഫ് രീതിയിലാണ് ‘ആറാട്ട്’ കഥ പറയുന്നത്. ‘ലൂസിഫറി’ന് ശേഷം തിയേറ്ററുകൾ പൂരപറമ്പ് ആക്കാനുള്ള ഫാന്‍സിന്‍റെ ആഗ്രഹങ്ങള്‍ക്കൊത്ത് അത് മുന്നോട്ട് പോകുന്നുമുണ്ട്.
ആദ്യ പത്തു മിനിറ്റ്ന് ശേഷം തന്നെ ചിത്രം ഒരു പക്കാ മോഹൻലാൽ ഷോ ആയി മാറുന്നുണ്ട്. കോമഡിയും ആക്ഷനുമൊക്കെയായി മോഹൻലാൽ കളം നിറയുന്ന കാഴ്ചയാണ് പിന്നെ കാണാനാവുക. ഇടയിൽ വന്നു പോകുന്ന മറ്റു കഥാപാത്രങ്ങളിൽ ആരിലും തന്നെ ശ്രദ്ധ പതിയാതെ, ആദ്യ പകുതിയുടെ ആരൂഡമായി മോഹന്‍ലാല്‍ നിറയുന്നു. ശരാശരി മോഹൻലാൽ ആരാധകനെ ഈ ഭാഗം പൂർണമായും തൃപ്തിപ്പെടുത്തും.
എന്നാൽ രണ്ടാം ഭാഗത്തിൽ ഫ്ലാഷ് ബാക്ക് കഥകളുമായി സിനിമ കുറച്ചു മാറി സഞ്ചരിക്കുന്നുണ്ട്. ആരാധകരെ പോലും അൽപം നിരാശപ്പെടുത്തുന്ന, ആവറേജ് നിലവാരത്തിലേക്ക് അപ്പോള്‍ ചിത്രം എത്തുന്നുണ്ട്. ‘ലൂസിഫറി’നോട് സാമ്യം തോന്നിയേക്കാവുന്ന ക്ളൈമാക്‌സും നിരാശപ്പെടുത്തുന്നതാണ്. മാസ്-ആക്ഷൻ ചിത്രങ്ങളുടെ സ്ഥിരം പാറ്റേണുകളിൽ നിന്ന് വലിയ വ്യത്യാസമൊന്നും ‘ആറാട്ടി’ന്റെ കഥപറച്ചിലിലും വരുന്നില്ല. മുൻപ് പല സിനിമകളിലും കടന്നു വന്നിട്ടുള്ള ഏറെക്കുറെ പരിചിതമായ പ്ലോട്ട് തന്നെയാണ് ഉദയകൃഷ്ണ ‘ആറാട്ടി’ന് ഒരുക്കിയിരിക്കുന്നത്.
മോഹൻലാൽ ആരാധകർ ആഗ്രഹിക്കുന്ന പോലെ മോഹൻലാലിനെ സ്‌ക്രീനിലെത്തിക്കാനായി എന്നതിൽ ബി ഉണ്ണികൃഷ്ണൻ വിജയിക്കുന്നുണ്ട്. അതിന്റെ തെളിവാണ് ചിത്രത്തിന്റെ ആദ്യ പകുതിയ്ക്ക് തിയേറ്ററിൽ ലഭിക്കുന്ന കയ്യടികൾ. മുന്‍കാല ലാല്‍ ചിത്രങ്ങളില്‍ നിന്നുള്ള ചില റഫറൻസ് രംഗങ്ങൾ തിയേറ്ററിൽ വലിയ ഓളമുണ്ടാക്കുന്ന രീതിയിൽ പുനരാവിഷ്കരിക്കാനും സംവിധായകന് സാധിക്കുന്നുണ്ട്.
എന്നാൽ, സമകാലിക മലയാള സിനിമ മാറ്റങ്ങള്‍ ഏറെ ഉള്‍ക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലും പഴയ ദ്വയാർത്ഥ പ്രയോഗങ്ങളിൽ നിന്ന് മാറി സഞ്ചരിക്കാൻ കഴിയാതെ പോകുന്നുണ്ട് സംവിധായകൻ ബി ഉണ്ണികൃഷണന്. സിനിമകൾ പൊളിറ്റിക്കലി കറക്റ്റാവാൻ ശ്രദ്ധിക്കുന്ന കാലത്ത്, പൊളിറ്റിക്കൽ കറക്റ്റ്നസിനെ കളിയാക്കുന്ന തരത്തിലുള്ള ഡയലോഗും ചിത്രത്തിൽ കല്ലുകടിയാകുന്നുണ്ട്. ചിത്രത്തിലെ ചില കോമഡി രംഗങ്ങളും ചളിയായി മാറുന്നുണ്ട്.
ഫാന്‍സിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ നെയ്യാറ്റിൻകര ഗോപനായുള്ള മോഹൻലാലിന്‍റെ അഴിഞ്ഞാട്ടം തന്നെയാണ് ‘ആറാട്ടി’ൽ കാണാനാവുക. കോമഡി രംഗങ്ങളിൽ ചിലയിടത്ത് പാളിച്ച തോന്നുമെങ്കിലും ആക്ഷൻ രംഗങ്ങളിൽ എല്ലാം മോഹൻലാൽ മികച്ചു നിൽക്കുന്നുണ്ട്.
വലിയ ഒരു താരനിര തന്നെ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. മത്തായിച്ചൻ എന്ന കഥാപാത്രമായി വിജയരാഘവൻ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. മത്തായിച്ചന്‍റെ ലീഗൽ അഡ്വൈസർ ശശിയായി എത്തുന്ന ജോണി ആന്റണി ഒരിക്കൽ കൂടി തിയേറ്ററുകളിൽ ചിരിയൊരുക്കുന്നുണ്ട്. എന്നാൽ ജോണി ആന്റണിയുടെ ശ്രദ്ധേയമായ മുൻ കഥാപാത്രങ്ങളുടെ അത്രയും എത്തുന്നില്ല ഇത്. പൊലീസ് ഓഫീസറായി എത്തുന്ന സിദ്ധീഖിന്‍റെ കഥാപാത്രം നിരാശപ്പെടുത്തുന്നുണ്ട്. അടുത്തിടെ മലയാളത്തിനു നഷ്ടപ്പെട്ട രണ്ടു അഭിനേതാക്കള്‍ – നെടുമുടി വേണും കോട്ടയം പ്രദീപും, ‘ആറാട്ടി’ലെ സാന്നിദ്ധ്യം കൊണ്ട് നോവായും ഓര്‍മ്മയായും നിറഞ്ഞു.
ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം. ആർ.ഡി.ഒ ആയാണ് ശ്രദ്ധ ചിത്രത്തിൽ എത്തുന്നത്. ആസിഫ് അലി നായകനായ ‘കോഹിനൂർ’ എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്ന ശ്രദ്ധയും ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. സായികുമാര്‍, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത, തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു വില്ലൻ കഥാപാത്രമായും സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ഒരു ഗാനരംഗത്തിലും എത്തുന്നുണ്ട്.
വിജയ് ഉലകനാഥാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ആക്ഷൻ രംഗങ്ങൾ എല്ലാം മികവ്വോടെ അവതരിപ്പിക്കാൻ വിജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം പാലക്കാടിന്‍റെ ഗ്രാമീണ ഭംഗിയും മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
രാഹുൽ രാജ് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ശ്രദ്ധ അര്‍ഹിക്കുന്നതാണ്. മോഹൻലാലിന്‍റെ എൻട്രി മുതൽ ആക്ഷൻ രംഗങ്ങളിൽ ഉൾപ്പെടെ ചിത്രത്തിന്‍റെ ആ മാസ് നിലനിർത്തുന്നതിൽ വലിയ പങ്കാണ് രാഹുൽ രാജിന്‍റെ സംഗീതത്തിനുള്ളത്. ആക്ഷൻ രംഗങ്ങളിൽ ഫെജോയുടെ റാപ്പും മികച്ചതായിരുന്നു. ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടി’ന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
മോഹൻലാൽ പ്രേക്ഷകര്‍ കാത്തിരുന്ന തിയേറ്റര്‍ അനുഭവവും ഓളവും ആദ്യ ഷോയില്‍ അവര്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാൽ വരും ദിനങ്ങളില്‍ സാധാരണ പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാന്‍ ‘ആറാട്ടി’നാവുമോ എന്ന് കണ്ടറിയണം. സിനിമാപ്രേമികള്‍ ഓ ടി ടിയിലൂടെയും മറ്റു ഭാഷാ ചിത്രങ്ങളിലൂടെയും പുതിയ ഭാവുകത്വ രീതികളുമായി ‘എക്സ്പോസ്ഡ്’ ആയ ഒരു അടച്ചിടല്‍ കാലത്തിനു ശേഷം വരുന്ന ചിത്രം എന്ന നിലയ്ക്കുള്ള ഒരു കടമ്പ കൂടി ‘ആറാട്ടി’നുണ്ട്.