Aanum Pennum Malayalam Movie Review: സാവിത്രി, രാച്ചിയമ്മ, റാണി – മൂന്ന് കാലഘട്ടങ്ങളിലെ മൂന്നു സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക പരിണാമത്തെ മാത്രം അടയാളപ്പെടുത്തുക എന്നതു കൊണ്ട് പൂർത്തിയാവുന്നതല്ല ‘ആണും പെണ്ണു’മെന്ന അന്തോളജിയുടെ ലക്ഷ്യം. ജൈവികമായ ലിംഗ വ്യത്യാസത്തെ, സാമൂഹിക ഘടനക്കുള്ളിൽ തളക്കുകയും ചൂഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്തിരുന്ന ഒന്നിൽ നിന്നും ഈ മൂന്ന് സ്ത്രീകൾ തങ്ങളുടെ ആത്മാഭിമാനത്തെ കണ്ടെത്തുന്നു.
മലയാള സിനിമ പുതിയ ഭാവുകത്വങ്ങളിലേക്ക് കടക്കുമ്പോള്‍ നിശ്ചയമായും അതിന്റെ പ്രമേയ പരിസരങ്ങളിലും വ്യതിയാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പഴയ കഥകള്‍ പുതിയകാലത്തെ അതിസങ്കേതിക വിദ്യയില്‍ അനിതരസാധാരണമായ നിലയിലേക്ക് ഉയര്‍ന്നു പോകുന്നു.
ആഷിഖ് അബു , വേണു, ജെയ് കെ എന്നീ മൂന്ന് സംവിധായകര്‍ തങ്ങളുടെ കഥകള്‍ പറയുകയാണ്. കഴിഞ്ഞ ഒരു ദശകം അന്തോളജി സിനിമകളുടെ തുടക്കമായിരുന്നെങ്കില്‍ രണ്ടായിരത്തി ഇരുപത്തി ഒന്നോടു കൂടി ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ ഈ തരത്തിലുള്ള സിനിമകളുടെ പ്രാധാന്യം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. വ്യത്യസ്ത സംവിധായകന്മാര് ഒറ്റ സിനിമയില്‍ തങ്ങളുടെ വ്യത്യസ്ത കഥകള്‍ പറയുന്നതാണ് അന്തോളജി. ചിലപ്പോള്‍ ഒരേ പ്രമേയങ്ങളും അത്തരത്തില്‍ സ്വീകരിക്കപ്പെടാറുണ്ട്.
ആഷിഖ് അബുവിന്റെ ‘റാണി’ രൂപപ്പെടുത്തിയത് ഉണ്ണി ആറിന്റെ തിരക്കഥയിൽ നിന്നാണ്. റോഷന് മാത്യൂ, കവിയൂര്‍ പൊന്നമ്മ, നെടുമുടി വേണു തുടങ്ങി പഴയതും പുതിയതുമായ താര നിര ചിത്രത്തിന്റെ ഭാഗമാണ്. പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് ജയ് കെ യുടെ ‘സാവിത്രി’ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രജിത്ത്, ജോജു, സംയുക്താ മേനോന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നു.
വേണു തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘രാച്ചിയമ്മ’യിൽ പാര്‍വതിയും ആസിഫ് അലിയും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തില്‍ ബിജിലാല്‍- ബികെ ഹരിനാരായണന്-രമ്യാ നമ്പീശന് ടീമിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്.
മാർക്സിസം മുതൽ എക്കോ ഫെമിനിസം വരെ
‘സാവിത്രി’ രാഷ്ട്രീയപരതയുടെ ആദ്യ പരിണാമത്തിന്റെ സൂചനയാണ്. സ്വാതന്ത്ര്യത്തിലേക്ക് അടുക്കുന്ന കാലത്തെ സാമൂഹിക ജന്മിത്ത അവസ്ഥയിൽ നിന്നും മാർക്സിയൻ പ്രത്യയശാസ്ത്രത്തിലൂടെ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി സ്വയം സ്വാതന്ത്രയാവുകയാണ് അവൾ ചെയ്യുന്നത്. പ്രത്യേയ ശാസ്ത്രവും ആയുധവും ഒരേ സമയം ആശയവും ബാഹ്യമായ പ്രതിരോധവുമായി അവൾ കാണുന്നു.
കേരളത്തിലെ ഫ്യൂഡൽ ജന്മിത്ത വ്യവസ്ഥിതിയുടെ ഒടുവിൽ കമ്മ്യൂണിസം ലിംഗപരമായ വിവേചനത്തിനും അതീതമായി ശാക്തീകമായി ഒരു ചേരിയായി മാറുന്നതും, കമ്മ്യൂണിസം നിർമിച്ച ആത്മാഭിമാന ബോധം കൊണ്ട് ഒരു തീ ഉയർന്നു വരുന്നതുമാണ് മറ്റൊരു വീക്ഷണം. തോക്ക്,ജാതി,മൂലധനം, പാരമ്പര്യം എന്നിവക്ക് അപ്പുറം പുതിയ ഒരു കാഴ്ച ചിത്രം ഓർമിപ്പിക്കുന്നു ഇരുപതിൽ അധികം തവണ കമ്യൂണിസം എന്ന വാക്ക് ചിത്രത്തിൽ ആവർത്തിക്കുന്നുണ്ട്.
സംഘടന കെട്ടിപ്പടുക്കുന്നതിന് കൊച്ചു പാറു എന്ന യുവതിയിൽ തുടങ്ങി വിശാലമായ ക്യാൻവാസിൽ അതിനൊരു തുടർച്ച ഉണ്ടായി വരുന്നു. കേരള ചരിത്രത്തിൽ വർഗ്ഗ സ്വാതന്ത്ര്യം സ്ത്രീ വീക്ഷണത്തിൽ കാണുന്നു എന്നത് ഇവിടെ എടുത്തു പറയേണ്ടുന്ന കാര്യമാണ്.
സാമൂഹിക മൂലധനം എന്ന ലൈംഗിക അധിനിവേശം
സിനിമ ചർച്ച ചെയ്യുന്ന വ്യവസ്ഥയെ സാമ്പത്തികമായ വീക്ഷണത്തിൽ നോക്കാം. സാമ്പത്തിക ശക്തിയാണ് ജന്മിത്ത വ്യവസ്ഥിതി നിർമിക്കുന്നത്. ജാതി അതിലേക്കുള്ള വഴിയാണ്. ഈ മേൽക്കോയ്മ ചൂഷണത്തിലേക്കുള്ള വഴി തുറക്കുന്നു. ചൂഷണത്തിന് വിധേയമാകുന്നത് സ്ത്രീയാണ്. ശാരീരികവും (ലൈംഗികവും) തൊഴിൽപരവുമായ രണ്ടു തരം ചൂഷണങ്ങളെ ഇവിടെ നിരീക്ഷിക്കാൻ കഴിയും.
ഉന്മൂലനം ഇവിടെ ചുവന്ന താടി വേഷത്തിൽ നില നിൽക്കുന്നുണ്ട്. കൊച്ചു പാറു സഖാവ് സാവിത്രിയിലേക്ക് നടത്തുന്ന പരകായം പ്രത്യയ ശാസ്ത്രപരമാണ്. മാർക്സിയൻ വഴിയിൽ. കൊച്ചു പാറു തന്റെ സാഹസത്തിന് തോക്കിനെ കൂട്ടു പിടിച്ച് സഖാവ് സാവിത്രിയായി മാറുന്നു.
എരുമപ്പാലിൽ നിന്നും ഭാഷയിലേക്ക് ഉയരുന്ന രാച്ചിയമ്മയുടെ സ്വത്വം
കുട്ടികൃഷ്ണൻ ചോദിക്കുന്നു.
‘രാച്ചിയമ്മക്ക് ആരുണ്ട്?’
‘ദൈവം’
‘അപ്പോൾ രാച്ചിയമ്മ കിടന്നു പോയാൽ ആരു നോക്കും?’
‘ദൈവം.’
ബഹുഭാഷയുടെ സ്വതന്ത്രമായ ഒരു ലോകമാണ് തോട്ടം മേഖല. ‘രാച്ചിയമ്മ’ എന്ന സ്ത്രീ സ്വാതന്ത്ര്യം കണ്ടെത്തുന്നതും അങ്ങനെ ഒരു പ്രദേശത്താണ്. പ്രേമത്തിന്റെ മറ്റൊരു തലത്തിൽ തന്റേടിയായ ആ സ്ത്രീ ജീവിതം കണ്ടെത്തുന്നു.
‘നിന്റെ യജമാനനെ വിളിക്കട, ‘ ‘നിങ്ങൾക്ക് പാൽ വേണോ?,’ എന്നൊക്കെയുള്ള ഉറച്ച ചോദ്യങ്ങൾ അവരുടെ അധികാര സ്വാതന്ത്ര്യത്തെ അനുവദിച്ചു തരുന്നു. ഭാഷാപരമായ സ്വാതന്ത്ര്യം സ്ത്രീയുടെ സ്വത്വത്തെ അവിടെ ബഹുസ്വരമാക്കുന്നു.
നമ്മളാണ് രാച്ചിയമ്മ എന്ന് പറയുന്നതിലൂടെ പാർവതിയുടെ കഥാപാത്രം കയറുന്ന ഔന്നത്യം വലുതാണ്. ഞാൻ എന്നല്ല നമ്മൾ എന്ന വാദത്തിന് ഇവിടെ പ്രസക്തിയുണ്ട്. തേയിലക്കാടുകൾ എക്കാലവും നൂറ്റാണ്ടുകളായി അടിമത്തം പാലിക്കുന്നുണ്ട്. അവിടെ പുരുഷനും സ്ത്രീയും മുൻപ് പറഞ്ഞ വർഗ്ഗവും നില നിൽക്കുന്നുണ്ട്. തൊഴിൽ, പണം, ശരീരം, വർഗ്ഗം എന്ന അടിസ്ഥാനത്തിൽ വിഭജിക്കപ്പെടുമ്പോൾ പോലും സ്ത്രീ തന്നെ കണ്ടെത്തുന്നുണ്ട്. രാച്ചിയമ്മയുടെ സ്വത്വം എരുമപ്പാലിൽ നിന്നും ഭാഷയിലേക്ക് ഉയരുന്നുണ്ട്.
ആണിനെ കീഴ്പ്പെടുത്തി നിൽക്കുന്ന വംശ മഹിമ അവർ പറയുന്നുണ്ട്. നിങ്ങൾ മലയാളികൾ ഉദാസീനർ എന്നും. ഒരു സംരംഭക എന്ന നിലയിൽ രാച്ചിയമ്മ നിർമ്മിക്കുന്ന റിപ്പബ്ലിക്ക് സ്ത്രീപക്ഷമാണ്. ഉറൂബിന് നന്ദി.
പ്രശസ്ത മലയാള നിരൂപകൻ എം കൃഷ്ണൻ നായർ ‘രാച്ചിയമ്മ’യെ ലോക സാഹിത്യത്തിലേക്ക് എടുത്തു വയ്ക്കാൻ സാധിക്കുന്ന മലയാള കൃതി എന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഭൂമിശാസ്ത്രപരമായും ഭാഷാപരമായും വേറിട്ട് നിൽക്കുന്ന, എന്നാൽ പരസ്പരം അതിർത്തി പങ്കിടുന്ന മൂന്ന് ഭൂപ്രദേശങ്ങൾ ഈ കഥയിലേക്ക് കടന്നു വരുന്നുണ്ട്. ആ വൈചിത്രങ്ങൾക്ക് ഉള്ളിലാണ് രാച്ചിയമ്മ എന്ന സ്ത്രീയുടെ ജീവിതം.
ഇതിനെ സ്ത്രീയുടെ നൈസർഗികമായ ആന്തരിക സത്തയുടെ ഭാവതീഷ്ണതയോ ജീവിതാംശമോ എന്നൊക്കെ വിലയിരുത്താൻ സാധിക്കും. മാംസനിബദ്ധമല്ലാത്ത രാഗത്തിന്റെ ലക്ഷണങ്ങൾ ഇതിനുള്ളിലുണ്ട്. അപ്പോൾ തന്നെയും ആത്മീയ പ്രകൃതിയും പ്രണയ പ്രകൃതിയും ചേരുന്ന ലിബറൽ എന്ന് നിരൂപിക്കാവുന്ന ഒരു തരം സാർവലൗകികത രാച്ചിയമ്മയുടെ ജീവിതത്തിൽ വന്നു ചേരുന്നുണ്ട്.
‘രാച്ചിയമ്മ’യിൽ നിറഞ്ഞ പ്രണയമാണ്. സർവ്വ കുന്നുകളും ഫ്രെയിമിൽ നിറക്കുന്നത്. ഉജ്വലമായ സിനിമാറ്റോ ഗ്രാഫിയും.
റാണി
ഒരുപക്ഷേ അന്തോളജിയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടാൻ പോകുന്നത് ആഷിഖ് അബുവിന്റെ ‘റാണി’യാണ്.
പള്ളിമേടയുടെ പടിക്കെട്ടിൽ ഇരുന്ന് ലൈംഗികത ചർച്ച ചെയ്യുന്ന രണ്ടു പുരുഷന്മാരിൽ നിന്നും ഒരുവന്റെ കാമുകിയിലേക്ക് നീളുന്ന നിയോലിബറൽ കാമുകനെ ആഷിഖ് അബു കാണിച്ചു തരുന്നുണ്ട്. ഒരേ സമയം ഉള്ളിൽ പാരമ്പര്യത്തെ പേറുകയും ബാഹ്യമായി ലിബറൽ എന്ന് വിശ്വസിക്കുകയും ചെയ്യുന്ന സമൂഹത്തിലെ പുരുഷ പ്രതീകമാണ് നായകൻ.
ക്യാമറ, സെക്സ്, സദാചാരം, സമൂഹം, ഫാന്റസി എന്നിവ ഇതിൽ പ്രമേയങ്ങളായി മാറുന്നു. റാണി സ്വതന്ത്രവും പാരമ്പര്യ വിരുദ്ധവുമായ തന്റെ വ്യക്തിത്വത്തെ പ്രകടിപ്പിക്കുമ്പോഴും അവളുടെ കാമുകൻ ഭീരുവാക്കപ്പെടുന്നു. സമൂഹം നൽകിയ ഓരോന്നും പരിരക്ഷിക്കാൻ ശ്രമിക്കുകയും എന്നാൽ ലൈംഗികതയിൽ അടിപ്പെട്ടു പോകുകയും ചെയ്യുന്നു അവനില്‍ നാർസിസത്തിൽ അധിഷ്ഠിതമായ കപട ലൈംഗികതയുണ്ട് എന്ന് കണ്ടെത്താൻ കഴിയും.
പ്രണയം റാണിയിൽ അവശേഷിക്കുന്നു. അവൾ പ്രകൃതിയെ പറ്റി ആകുലപ്പെടുന്നു. ‘രാച്ചിയമ്മ’യിലും ആ ആകുലതകൾ പങ്കു വയ്ക്കപ്പെടുന്നുണ്ട്. പ്രകൃതിക്കും സ്ത്രീക്കും ഇടയിലെ നേരിയ അതിരിൽ അവക്ക് പരസ്പരപൂരകമായ ജൈവികനിലയുണ്ട്. ഒരിക്കലും പുരുഷ കേന്ദ്രീകൃതമല്ലാത്ത ഈ അവസ്ഥയിൽ എക്കോഫെമിനിസത്തിലേക്ക് ചിന്ത കടന്നു പോകുന്നു.
ഇവിടെ പുരുഷൻ മൂന്ന് സ്ത്രീകളിലും പ്രകൃതിയിലും അധിനിവേശക്കാരനാണ്. ലൈംഗിക ഇടത്തിനു വേണ്ടിയുള്ള തിരച്ചിൽ പോലും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ബാഹ്യ പ്രകൃതി എന്ന അർത്ഥത്തിൽ.
റാണിയിൽ മുഖം മറക്കുന്ന സ്കാർഫ് മുതൽ വസ്ത്രം ഒരു ബിംബമാകുന്നുണ്ട്. സംഭാഷണം രാഷ്ട്രീയമാനമുള്ളതും. ഭയം ഇതിൽ ആവർത്തനം ചെയ്യുന്നു. ശരിയായ അർത്ഥത്തിൽ പുരുഷന്റെ ഭയങ്ങളെ തുറന്നു കാട്ടുന്നു സിനിമ. ജാതി, മതം, പ്രേമം, ലൈംഗികത എന്നിവയുടെ നിയോ ലിബറൽ പോസ്റ്റ് ട്രൂത്ത് സ്വഭാവങ്ങൾ കാണിക്കുന്നുണ്ട്.
റാണി പങ്കു വയ്ക്കുന്നത് പ്രതീക്ഷയാണ്. നായകനാകട്ടെ അടിച്ചമർത്തപ്പെട്ട ലൈംഗികതയിൽ കുരുങ്ങുന്നു. ചിത്രത്തിലെ ശ്രദ്ധേയമായ ഒന്ന് വൃദ്ധരുടെ ലൈംഗിക ചർച്ചകളാണ്. ഒരു സ്ത്രീയും പുരുഷനും തങ്ങളുടെ വാർധക്യത്തിൽ ശരീര രഹിതമായ സംഭാഷണത്തിലൂടെ സംതൃപ്തി കണ്ടെത്തുന്നു. അവിടെ ഒരു മോഷണ സൂചനയുണ്ട്. കിടപ്പിലായ സ്ത്രീ ആനന്ദം കൊള്ളുമ്പോൾ പുരുഷനും സന്തോഷിക്കുന്നു. മലയാളം കണ്ടിട്ടില്ലാത്ത ഒരു പ്രമേയമായി ഇതു മാറുന്നുണ്ട്. മോഷണം പോകുന്ന വസ്ത്രവും നഗ്നതയെ പ്രതിരോധിക്കുന്ന വിധം ചിന്ത ഉയരുന്നതും അങ്ങനെ തന്നെ. എന്തായാലും ‘ആണും പെണ്ണും’ സമകാലിക മലയാള സിനിമയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഒന്നായി മാറുമെന്ന് തീർച്ച.
Aanum Pennum Malayalam Movie Review: ‘ആണും പെണ്ണും’ എന്ന അന്തോളജി ചിത്രം
ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം ചെയുന്ന ആന്തോളജി ചിത്രമാണ് ആണും പെണ്ണും. ആസിഫ് അലി, പാർവതി, ദർശന, റോഷൻ മാത്യു, ജോജു ജോർജ്, സംയുക്ത, ഇന്ദ്രജിത് എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ. മൂന്ന് വ്യത്യസ്ത കഥകളെ ആസ്പദമാക്കിയുള്ള മൂന്ന് ഹ്രസ്വചിത്രങ്ങളാണിത്. പാർവതി തിരുവോത്തിനെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയുന്ന ചിത്രമാണ് ഒന്ന്. ഈ ചിത്രത്തിൻറെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നതും വേണു തന്നെയാണ്.
റോഷൻ മാത്യു, ദർശന, ബേസിൽ ജോസഫ്, കവിയൂർ പൊന്നമ്മ, നെടുമുടി വേണു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്നതാണ് രണ്ടാമത്തെ ചിത്രം. ഉണ്ണി ആറാണ് ചിത്രത്തിൻറെ തിരക്കഥ. ഒരു പ്രധാന കഥാപാത്രമായി തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.
ജോജു ജോർജ്, സംയുക്ത, ഇന്ദ്രജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ ഒരുക്കുന്ന ചിത്രമാണ് മൂന്നാമത്തെ ചിത്രം. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥ.
ഷൈജു ഖാലിദ്, വേണു, സുരേഷ് കുമാർ എന്നിവരാണ് ചിത്രത്തിന്റെ ഛയാഗ്രഹണം നിർവഹിക്കുന്നത്. സൈജു ശ്രീധരൻ, ബീന പോൾ, ഭവൻ ശ്രീകുമാർ എന്നിവർ എഡിറ്റിങും, ബിജിപാൽ ഡോൺ വിൻസെന്റ് എന്നിവർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഗോകുൽ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷൻ ഡിസൈൻ. പി കെ പ്രിമേ പ്രൊഡക്ഷൻറെ ബാനറിൽ സി. കെ പത്മകുമാർ, എം. ദിലീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.