scorecardresearch
Latest News

പതിവ് തെറ്റിക്കാതെ പതിവുകളിലൂടെ…; ‘ആളങ്കം’ റിവ്യൂ: Aalankam Movie Review & Rating

തുടക്കം മുതൽ ഒടുക്കം വരെ തീർത്തും അനാവശ്യം എന്ന് പറയാവുന്ന വയലൻസുകളുടെ ഘോഷയാത്രയാണ് ‘ആളങ്കം.’ Aalankam Movie Review & Rating:

RatingRatingRatingRatingRating
Aalankam. Aalankammovie, Aalankammovie review, Aalankam ott, Aalankam ott release, Aalankam full movie online, movie reviews, iemalayalam
Aalankam Movie Review & Rating

Aalankam Movie Review & Rating: ഡാർക്ക്‌ മൂഡിലുള്ള ത്രില്ലറുകൾ സിനിമയെ സംബന്ധിച്ച് ഒരുപാട് സാധ്യതകളുള്ള ഒരു യോണർ ആണ്. ക്രൈം ത്രില്ലറുകൾ, റിവഞ്ച് ഡ്രാമ ഒക്കെ എല്ലാ ഭാഷകളിലും വളരെയധികം പുറത്തിറങ്ങുന്നുണ്ട്. പക്ഷേ എണ്ണത്തിലെ ഈ ബാഹുല്യം സിനിമകളെ ഏതെങ്കിലും രീതിയിൽ ആസ്വാദ്യകരമാക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ആ സംശയത്തിന്‍റെ തുടർച്ചയാണ് ‘ആളങ്കം.’ ത്രില്ലർ മോഡിന്‍റെ പതിവ് അന്തരീക്ഷം സൃഷ്ടിക്കുന്ന സിനിമ അതിനപ്പുറം മറ്റൊരു കാഴ്ച്ചാനുഭവവും തരാതെ തുടങ്ങിയവസാനിക്കുന്നു.

24 മണിക്കൂറിനുള്ളിൽ ഒരിടത്തു നടക്കുന്ന കുറെ ഭയാനകമായ സംഭവ വികാസങ്ങളിലൂടെ മുന്നേറുന്ന സിനിമയാണ് ഷാനി ഖാദർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആളങ്കം.’ ജാഫർ ഇടുക്കി, ലുക്മാൻ, ഗോകുലൻ, ശരണ്യ, സുധി കോപ്പ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ഇത്. ബലാത്സംഗം, കൊട്ടേഷൻ, കൊലപാതകം, ചൂഷണം തുടങ്ങി എല്ലാ തരം കുറ്റകൃത്യങ്ങളും നിറഞ്ഞ സിനിമ. ഇത്തരം രംഗങ്ങൾ കൊടിയ ഭീകരതയോടെ, യാതൊരു തുടർച്ചയുമില്ലാതെ അവതരിപ്പിക്കുന്നു എന്നതിൽ കവിഞ്ഞു മറ്റൊന്നും സിനിമയിൽ നടക്കുന്നില്ല. ആദിമധ്യാന്ത പൊരുത്തം, ത്രില്ലടിപ്പിക്കൽ ഒന്നും സൗന്ദര്യശാസ്ത്ര പരമായോ മറ്റേതെങ്കിലും രീതിയിയിലോ കാണികളിലേക്കെത്തുന്നില്ല. തുടക്കം മുതൽ ഒടുക്കം വരെ തീർത്തും അനാവശ്യം എന്ന് പറയാവുന്ന വയലൻസുകളുടെ ഘോഷയാത്രയാണ് ‘ആളങ്കം.’ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട കഥാപാത്രങ്ങൾ, ക്‌ളീഷേ സംഭവങ്ങൾ, പതിവ് രീതികളെ പിൻപറ്റിയുള്ള തിരക്കഥയുടെ മുന്നോട്ട് പോക്ക് ഒക്കെയാണ് സിനിമ ബാക്കിയാക്കുന്നത്.

ടെംപ്ളേറ്റുകൾ അനുസരിച്ചു കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നത് മോശമാണെന്ന് പറയാൻ സാധിക്കില്ല. ചില പാറ്റേണുകൾ വാണിജ്യ വിജയത്തിനുള്ള സാധ്യതകൾ തുറന്നിടുന്നുണ്ട്. പക്ഷേ അവിടെ വരുന്ന പ്രശ്നം അനുകരണവും ഉൾക്കൊള്ളലും തമ്മിലുള്ള അകലം വളരെ നേർത്തതാണ് എന്നതാണ്. ‘ആളങ്ക’ത്തിലേക്ക് വരുമ്പോൾ ത്രില്ലർ സിനിമകളുടെ, ഡാർക്ക്‌ വയലൻസിന്‍റെ ഒക്കെ സാധ്യതകൾ അത് പോലെ പകർത്തി വച്ചത് പോലൊരു അനുഭവമാണ് സിനിമ തരുന്നത് എന്ന് കാണാം. സിനിമയിലെ പ്രധാന താരങ്ങളുടെ പ്രകടനത്തിൽ മുതൽ എഡിറ്റിങ്ങിലും ക്യാമറയിലും പശ്ചാത്തല സംഗീതത്തിൽ പോലും പല സിനിമകളുടെ അനുകരണങ്ങൾ തോന്നി. നല്ല സ്ക്രീൻ പ്രെസെൻസ് ഉള്ള താരങ്ങളെ കരിയറിന്‍റെ മറ്റൊരു സാധ്യത തേടി പോകാൻ കഴിയാതെ ഒതുക്കുന്നത് ഒരു പരിധി വരെ ഇത്തരം കഥാപാത്രങ്ങളാണ്. ടൈപ്പ് കാസ്റ്റിംഗ് മലയാള സിനിമയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്‍റെ വലിയൊരു ഉദാഹരണമാണ് ഈ സിനിമ.

കഥയോ കഥാപാത്രങ്ങളോ ഒരു തുടർച്ചയുമില്ലാതെ വന്നു പോകുന്നു, ഇതിനിടയിൽ വയലൻസുകളിൽ നിന്ന് വയലൻസുകളിലേക്ക് യാതൊരു കാര്യവുമില്ലാതെ സിനിമ സഞ്ചരിക്കുന്നു. ഇതൊക്കെ തമ്മിൽ ബന്ധമുണ്ടാകാൻ വേണ്ടി പലപ്പോഴും സിനിമ വിഫലമായി ശ്രമിക്കുന്നു. ക്ലൈമാക്സ്‌ മനസ്സിൽ കണ്ട് അതിൽ നിന്ന് പുറകോട്ടുള്ള ഒരു സഞ്ചാരമാണ് പലപ്പോഴും ഈ സിനിമ. ഇത് പ്രേക്ഷകരിൽ യാതൊരു ചലനവും സൃഷ്ടിക്കാതെ മുന്നോട്ട് പോകുന്നു.

മലയാളത്തിൽ ഇപ്പോൾ, പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളത് പോലെ, ട്രെൻഡിനൊത്ത് സിനിമ ഇറക്കുക എന്നൊരു സാധ്യത മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ എന്ന് തോന്നിയിട്ടുണ്ട്. ആ തോന്നലിനു വളരെയധികം ആക്കം കൂട്ടുന്ന ഒരു സിനിമയാണ് ‘ആളങ്കം.’ ഒരു പുതുമയുമില്ലാത്ത പുതുമകൾക്കായുള്ള ശ്രമം എന്ന് പറയാവുന്ന സിനിമ.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Aalankam movie review rating

Best of Express