scorecardresearch
Latest News

Aakasha Ganga 2 Movie Review: ഈ യക്ഷി പേടിപ്പിക്കും; ‘ആകാശഗംഗ’ റിവ്യൂ

Aakasha Ganga 2 Movie Review: ഹൊറർ ചിത്രം എന്ന ഴോണറിനോട് നീതി പുലർത്താൻ ‘ആകാശഗംഗ2’വിന് കഴിയുന്നുണ്ട്

Aakasha Ganga 2, Aakasha Ganga 2 review, Aakasha Ganga 2 movie review, Aakasha Ganga 2 malayalam movie review, ആകാശഗംഗ 2, Aakasha Ganga 2 Movie Review, ആകാശഗംഗ 2 റിവ്യൂ, ie malayalam, ഐഇ മലയാളം, Indian express movie reviews, Vinayan, വിനയൻ, Ramya Krishnan, രമ്യ കൃഷ്ണൻ, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

മലയാളത്തിലെ ഹൊറർ ചിത്രങ്ങളുടെ ലിസ്റ്റെടുത്താൽ മലയാളികൾ ഇന്നും ഓർക്കുന്ന സിനിമകളിലൊന്നാണ് ‘ആകാശഗംഗ’. ഇരുപതു വർഷം മുൻപ് തിയേറ്ററുകളിൽ വിജയം നേടിയ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗവുമായി വിനയനെത്തുന്നു എന്ന വാർത്ത കൗതുകത്തോടെയാണ് മലയാളികൾ കേട്ടത്.

ടെക്നോളജി ഇത്രയേറെ പുരോഗമിച്ചിരിക്കുന്ന, സിനിമയ്ക്ക് പിറകിലെ സാങ്കേതികതയെക്കുറിച്ചൊക്കെ പ്രേക്ഷകർ ഏറെ ബോധവാന്മാരായിരിക്കുന്ന ഇക്കാലത്ത് ഒരു ഹൊറർ ചിത്രത്തിനൊക്കെ പ്രേക്ഷകരുടെ മനസ്സിൽ ഭയം നിറയ്ക്കാനാവുമോ?

ഗംഗയെന്ന ദാസിപ്പെണ്ണിന്റെ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തീരാത്ത പകയുടെ കഥയുമായി ‘ആകാശഗംഗ 2’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഹൊറർ ചിത്രം എന്ന ഴോണറിനോട് കുറച്ചെങ്കിലും നീതി പുലർത്താൻ കഴിയുന്നുണ്ട് എന്നതാണ് ‘ആകാശഗംഗ’യെ കുറിച്ച് ആദ്യം തന്നെ എടുത്തുപറയേണ്ട കാര്യം.

Read Also: ദിവ്യ ഉണ്ണി അന്നും ഇന്നും; 24 വർഷത്തെ ചലഞ്ചുമായി താരം

കെ.എസ് ചിത്രയുടെ മാസ്മരിക ശബ്ദത്തിൽ നമ്മൾ കേട്ട ‘പുതുമഴയായി വന്നു നീ…’ എന്നു തുടങ്ങുന്ന ആ പഴയ ഗാനത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മലയാളികൾ ഹൃദയത്തിലേറ്റിയ, ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽനിന്നുള്ള നൊസ്റ്റാൾജിയ നിറഞ്ഞ ആ പാട്ടിനെ നല്ലരീതിയിൽ ഉപയോഗപ്പെടുത്താൻ വിനയനു സാധിച്ചിട്ടുണ്ട്. ഗൃഹാതുരത്വം നിറഞ്ഞ തുടക്കം പ്രേക്ഷകർക്ക് ചിരപരിചിതമായൊരു ഫീൽ സമ്മാനിക്കും.

മാണിക്യശ്ശേരി തറവാട്ടിൽ കൊല്ലപ്പെടുന്ന ജോലിക്കാരി ഗംഗ (മയൂരി) യക്ഷിയായി മാറുന്നതും തന്നെ ഇല്ലാതാക്കിയ കുടുംബത്തോടുള്ള പകവീട്ടുന്നതും തുടർന്ന് ആത്മാവിന് മോക്ഷം നൽകി ബന്ധിപ്പിക്കുന്നതുമായിരുന്നു ‘ആകാശഗംഗ’യുടെ ആദ്യഭാഗത്തിൽ നമ്മൾ കണ്ടത്. ഗംഗയുടെ പകവീട്ടലിന് ഇരയാകുന്ന മായയുടെ (ദിവ്യ ഉണ്ണി) ജീവിതത്തിലൂടെയാണ് ആദ്യഭാഗത്തിന്റെ സഞ്ചാരമെങ്കിൽ, രണ്ടാം ഭാഗത്തിലെത്തുമ്പോൾ സിനിമ ഫോക്കസ് ചെയ്യുന്നത് മായയുടെയും ഉണ്ണിയുടെയും (റിയാസ്) മകളായ ആരതി വർമ്മയുടെയും കൂട്ടുകാരുടെയും ജീവിതത്തിലേക്കാണ്. 20 വർഷങ്ങൾക്കു ശേഷമുള്ള മാണിക്യശ്ശേരി കുടുംബമാണ് സിനിമയുടെ പശ്ചാത്തലം. മെഡിക്കൽ വിദ്യാർത്ഥിനിയാണ് ആരതി. തികഞ്ഞ നിരീശ്വരവാദിയായ ആരതി കോളേജിലെ ചെയർ പേഴ്സൺ കൂടിയാണ്.

നിരീശ്വരവാദവും കേട്ടുവളർന്ന കഥകളിലെ പ്രേതകഥകളും ആരതിയെ കുഴക്കിത്തുടങ്ങുമ്പോൾ ആകാശഗംഗയെന്ന് എല്ലാവരും ഭയത്തോടെ വിളിക്കുന്ന ഗംഗയെന്ന ചുടലയക്ഷി വീണ്ടും രംഗപ്രവേശനം ചെയ്യുകയാണ്. തുടർന്ന് മാണിക്യശ്ശേരി കുടുംബത്തിൽ ഏറെ അനിഷ്ടസംഭവങ്ങളും ഭയാനകമായ അവസ്ഥകളും ഉണ്ടാകുന്നു.

ഗ്രാഫിക്സിലൂടെ ആദ്യഭാഗത്തിലെ കഥാപാത്രങ്ങളായ മയൂരിയെയും ദിവ്യാ ഉണ്ണിയെയുമെല്ലാം രണ്ടാം ഭാഗത്തിലും കൊണ്ടുവന്നിട്ടുണ്ട് സംവിധായകൻ. പുതുമുഖ നായികയായ ആരതിയ്ക്ക് സിനിമയിൽ താരതമ്യേന അഭിനയമുഹൂർത്തങ്ങൾ കുറവാണ്. എന്നിരുന്നാലും ദിവ്യാ ഉണ്ണിയുമായുള്ള രൂപസാദൃശ്യവും അപസർപ്പക സൗന്ദര്യവും ആരതിയ്ക്ക് രക്ഷയാവുകയാണ്. ആഭിചാരവിദ്യകളിൽ അഗ്രഗണ്യയായി എത്തുന്ന രമ്യ കൃഷ്ണനാണ് സ്ക്രീൻ പ്രസൻസ് കൊണ്ട് അത്ഭുതപ്പെടുത്തുന്ന മറ്റൊരു താരം. ക്ലൈമാക്സ് രംഗങ്ങളിലെല്ലാം ഷോ സ്റ്റീലറാവുന്നത് രമ്യ കൃഷ്ണൻ തന്നെയാണ്.

Aakasha Ganga 2, Aakasha Ganga 2 review, Aakasha Ganga 2 movie review, Aakasha Ganga 2 malayalam movie review, ആകാശഗംഗ 2, Aakasha Ganga 2 Movie Review, ആകാശഗംഗ 2 റിവ്യൂ, ie malayalam, ഐഇ മലയാളം, Indian express movie reviews, Vinayan, വിനയൻ, Ramya Krishnan, രമ്യ കൃഷ്ണൻ, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

വിനയന്റെ മകൻ വിഷ്ണു വിനയ് ആണ് ചിത്രത്തിലെ നായകൻ. തരക്കേടില്ലാത്ത രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ വിഷ്ണുവിന് സാധിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, ധർമജൻ ബോൾഗാട്ടി, പ്രവീണ, തെസ്നിഖാൻ, സുനിൽ സുഗത, ഇടവേള ബാബു, വത്സലാ മേനോൻ, സാജു കൊടിയൻ, രാജാമണി, ഹരീഷ് പേരാടി, സലിം കുമാർ, ഹരീഷ് കണാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

വെള്ള സാരിയിൽനിന്നു യക്ഷികൾക്ക് മോചനം കൊടുക്കുന്നുണ്ട് വിനയന്റെ ‘ആകാശഗംഗ 2’ എന്നു പറയാം. വെള്ള സാരിയുടുത്ത് പാതിരാത്രിയിൽ ഇറങ്ങിനടക്കുന്ന സാമ്പ്രദായിക യക്ഷിയെ അത്യാവശ്യത്തിനു മാത്രമേ ചിത്രത്തിൽ അവതരിപ്പിക്കുന്നുള്ളൂ. പ്രേതമൊക്കെ ഒരു കോമഡിയല്ലേ എന്ന ഫീൽ പ്രേക്ഷകനു സമ്മാനിക്കാതെ ഭയത്തിന്റേതായൊരു അന്തരീക്ഷം തിയേറ്ററിൽ സൃഷ്ടിക്കുന്നതിൽ ഒരു പരിധിവരെ വിനയൻ വിജയിച്ചിട്ടുണ്ട്. ലൊക്കേഷനുകളും ഇക്കാര്യത്തിൽ ചിത്രത്തെ സഹായിക്കുന്നുണ്ട്. പ്രകാശ് കുട്ടിയുടെ ഛായാഗ്രഹണവും ബിജിബാലിന്റെ പശ്ചാത്തലസംഗീതവും മികവു പുലർത്തുന്നു.

സിനിമയുടെ ട്രീറ്റ്മെന്റിൽ ഭയത്തിന്റേതായൊരു പശ്ചാത്തലം ഒരുക്കുമ്പോഴും സിനിമ പാളി പോകുന്നത് കഥ പറച്ചിലിലും സംഭവങ്ങൾ കൂട്ടിയിണക്കുന്നതിലുമാണ്. അനാവശ്യമായ പല സീനുകളും എന്തിനായിരുന്നെന്ന് പ്രേക്ഷകർക്ക് തോന്നാം. ഇടയ്ക്കുകയറി വരുന്ന സീരിയൽ സ്വഭാവവും സിനിമയ്ക്ക് വിനയാകുന്നു. മറ്റു പല വിനയൻ ചിത്രങ്ങളെയും പോലെ ടോട്ടൽ പാക്കിങ്ങിലാണ് ‘ആകാശഗംഗ’യും പരാജയപ്പെടുന്നത്. സംഭാഷണങ്ങളിലെ പുതുമയില്ലായ്മയും തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന പൊലീസുകാരന്റെ അനാവശ്യ കോമഡികളുമൊക്കെ രസംകൊല്ലിയാവുന്നുണ്ട്.

Read more: ‘പുതുമഴയായി വന്നൂ നീ…’ ഒരിക്കൽ കൂടി ആ ഗാനം നമ്മെ തേടിയെത്തുമ്പോൾ

എന്നിരുന്നാലും, ഒരു ഹൊറർ ഫീലിലുള്ള ചിത്രം കണ്ടുകളയാം എന്നു ആഗ്രഹിച്ചുപോവുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്താനുള്ള ഘടകങ്ങളൊക്കെ ചിത്രത്തിലുണ്ട്. വെളിച്ചവും നിഴലും കണ്ണുപൊത്തികളിക്കുന്ന പശ്ചാത്തലത്തിൽനിന്നു ഗംഗയുടെ അലർച്ചകളും അട്ടഹാസങ്ങളും ഉയരുമ്പോൾ തിയേറ്ററിൽ ഇരുട്ടിൽ പ്രേക്ഷകനും ഒന്നു ഞെട്ടും. എന്താണ് അടുത്തതായി സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷ പ്രേക്ഷകനെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും.

Read more: Under World Movie Review: ചരടുപൊട്ടിയ പട്ടം പോലെ കഥയും കഥാപാത്രങ്ങളും പറന്നു നടക്കുന്ന അധോലോകം

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Aakasha ganga 2 movie review malayalam vinayan