Aaha Indrajith Manoj K Jayan Malayalam Movie Review & Rating: മലയാളികൾക്ക് അന്യമല്ലാത്ത ഒന്നാണ് വടംവലി. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയില്ലാത്ത ഒരു ഓണാഘോഷവും ഉണ്ടാവാറില്ല. എന്നാൽ ഓണാഘോഷങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന ഒന്നല്ലയിത്. ഏകദേശം നാന്നൂറിലധികം പ്രൊഫഷണൽ വടംവലി സംഘങ്ങളും അതിലായി ലക്ഷക്കണക്കിന് വലിക്കാരും കേരളത്തിലുണ്ട്. അങ്ങനെ വടംവലിയെ പ്രണയിക്കുന്ന കുറച്ചു പേരുടെ ജീവിതം പറയുന്ന ചിത്രമാണ് നവാഗത സംവിധായകനായ ബിബിൻ പോൾ സാമുവലിന്റെ ‘ആഹാ’. കേരളത്തിലെ ഒരു പ്രശസ്ത വടംവലി ടീമായ ‘ആഹാ നീളൂരിന്റെ’ കഥയിൽ നിന്നും പ്രചോദനം കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കായിക വിനോദങ്ങൾ പ്രമേയമാക്കിയുള്ള സിനിമകൾ മുൻപും വന്നിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾക്ക് പൊതുവിലൊരു ക്ലീഷെ സ്വഭാവമുണ്ടാവാറുണ്ട്. സിനിമ പകുതി പിന്നിടുമ്പോൾ പ്രേക്ഷകന് സിനിമയുടെ അവസാനം എങ്ങനെ ആയിരിക്കും എന്ന സൂചന ഉൾപ്പടെ ലഭിച്ചേക്കും. എന്നാൽ ആ വെല്ലുവിളിയെ അല്പം വ്യത്യസ്‍തമായ ആഖ്യാന രീതിയിലൂടെ മറികടക്കാൻ ‘ആഹാ’യുടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്. ഫ്ലാഷ്ബാക്കിലേക്കും പ്രെസെന്റിലേക്കും മാറി മാറി സഞ്ചരിക്കുന്ന രീതിയിലാണ് ‘ആഹ’യുടെ കഥ പറച്ചിൽ.
കോട്ടയത്തിന്റെ മലയോര മേഖലയിൽ നിന്നുള്ള വടംവലി ടീമാണ് ‘ആഹാ നീളൂർ’. പങ്കെടുത്ത 56 മത്സരങ്ങളിലും ജയിച്ചു മറ്റു ടീമുകളുടെ പേടി സ്വപ്നമായി മാറിയ ടീമിന് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ ടീമിന്റെ ഫ്രണ്ട് വലിക്കാരനായ കൊച്ചിന്റെ പിഴവിൽ അപ്രതീക്ഷിതമായൊരു തോൽവി സംഭവിക്കുന്നു. ഇത് ആഹ ടീമിനെയും കൊച്ചിനെയും തകർക്കുന്നു. ഈ ഫ്ലാഷ്ബാക്കിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് 20 വർഷങ്ങൾക്ക് ശേഷമുള്ള സംഭവങ്ങളിലേക്കാണ് സിനിമ പോകുന്നത്, അതേ നാട്ടിൽ അനി എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിൽ മറ്റൊരു വടംവലി ടീം ആരംഭിക്കുന്നു. ജീവിതത്തിൽ ഉണ്ടായ ചില പ്രതിസന്ധികളിൽ നിന്നും ഒരു ആശ്വാസത്തിനായാണ് അനി വടംവലിയിലേക്ക് വരുന്നത്. നാട്ടിൽ ഉണ്ടായ ചീത്തപേരൊക്കെ വടംവലിയിലൂടെ മാറ്റാൻ ഉദ്ദേശിച്ചു ഇറങ്ങുന്ന അനിയോടൊപ്പം ജീവിതത്തിന്റെ കൈപ്പറിഞ്ഞ കുറച്ചു സുഹൃത്തുക്കളും ചേരുന്നുണ്ട്. എന്നാൽ മത്സരങ്ങളിൽ എല്ലാം തോൽവി നേരിടുന്ന ഇവർ പഴയ ആഹാ ടീമിനെ കുറിച്ചു അറിയുകയും കൊച്ചിനെ പരിശീലകനായി കൊണ്ടു വരികയും ചെയ്യുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം.
ആദ്യ പകുതിയിൽ കൊച്ചിന്റെയും അനിയുടെയും ജീവിതത്തിലുണ്ടായ സംഭവങ്ങളാണ് സിനിമ പറഞ്ഞു പോകുന്നത്. രണ്ടാം പകുതിയിൽ പരിശീലകനായുള്ള കൊച്ചിന്റെ വരവും പരിശീലനവും വടംവലി മത്സരങ്ങളുടെ ആവേശവും നിറയുന്നുണ്ട്. വടംവലിയുടെ ആവേശത്തിനൊപ്പം പ്രണയവും വിരഹവും കുടുംബവും സൗഹൃദവുമെല്ലാം കഥയുടെ ഭാഗമാണ്.
രണ്ട് കാലഘട്ടങ്ങളിലായി വരുന്ന ഒരുപാട് വൈകാരിക സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന കൊച്ച് എന്ന പ്രധാന കഥാപാത്രത്തെ മികച്ചതാക്കാൻ ഇന്ദ്രജിത്തിന് സാധിച്ചിട്ടുണ്ട്. കൊച്ചിന്റെ ഭാര്യ മേരിയായി എത്തിയ ശാന്തി ബാലചന്ദ്രനും നന്നായിരുന്നു. ‘ആഹ നീളൂർ’ ടീമിന്റെ കോച്ച് ഗീവച്ചായന്റെ കഥാപാത്രം മനോജ് കെ ജയന്റെ കയ്യിൽ ഭദ്രമായിരുന്നു. അല്പം വിക്കുള്ള അനി എന്ന കഥാപാത്രത്തെ അമിത് ചക്കാലക്കലും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. അല്പം നെഗറ്റീവ് ഷേഡുള്ള ചെങ്കനെ അവതരിപ്പിച്ച അശ്വിൻകുമാറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പുതിയ കുറെ താരങ്ങളും ‘ആഹ’യിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഇവരുടെ അഭിനയവും കയ്യടി അർഹിക്കുന്നതാണ്.
വടംവലിയുടെ മുഴുവൻ ആവേശവും സിനിമയിലേക്ക് കൊണ്ടു വരാൻ സംവിധായകൻ ബിബിൻ പോൾ സാമുവലിന് സാധിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകർക്ക് വേണ്ട എല്ലാ ചേരുവകളും ഉൾപ്പെടുത്തിക്കൊണ്ടാണ് ബിബിന്റെ മേക്കിങ്. ബിബിൻ തന്നെയാണ് എഡിറ്റിങും നിരവഹിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും ജീവിത പരിസരങ്ങൾ നന്നായി തന്നെ വരച്ചു കാട്ടുന്ന രീതിയിലാണ് ടോബിത് ചിറയത്തിന്റെ തിരക്കഥ.
മലയോര മേഖലയുടെ ഭംഗിയും വടംവലിയുടെ ആവേശവും മനോഹരമായി തന്നെ പകർത്താൻ ഛായാഗ്രാഹകൻ രാഹുൽ ബാലചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. വനത്തിനുള്ളിൽ ‘ആഹ’ സംഘം നടത്തുന്ന പരിശീലനത്തിലും ചെങ്കനും കൊച്ചും തമ്മിലുണ്ടാവുന്ന സംഘടന രംഗത്തിലും രാഹുലിന്റെ കഴിവ് കാണാൻ കഴിയും. ഗായിക സയനോരയാണ് ചിത്രത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. നാല് വ്യത്യസ്ത ഗാനങ്ങളാണ് സയനോര സിനിമയിൽ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ മൊത്തത്തിലുള്ള ഒഴുക്കിനെ സയനോരയുടെ സംഗീതം സഹായിക്കുന്നുണ്ട്. വടംവലിയുടെ ആവേശം കൂട്ടുന്നതിലും പ്രധാന പങ്കു വഹിക്കുന്നുണ്ട് അത്. പ്രേം അബ്രഹാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വടംവലിയുടെ ആവേശത്തിനൊപ്പം ഒരു ഫാമിലി ഡ്രാമയുടെ എല്ലാ ചേരുവകളും ഉൾകൊള്ളുന്ന ‘ആഹ’ പ്രേക്ഷകർക്ക് കുടുംബസമ്മേതം തിയേറ്ററിൽ പോയി കാണാവുന്ന സിനിമയാണ്.
Read more: ഈ ആഴ്ചയിൽ റിലീസിനെത്തിയ ചിത്രങ്ങളുടെ റിവ്യൂ താഴെ വായിക്കാം
- Churuli Movie Review: ചുരുളഴിയാത്ത ‘ചുരുളി’
- Ellam Sheriyakum Release Review & Rating: മിന്നും പ്രകടനവുമായി ആസിഫും രജിഷയും സിദ്ദിഖും; ‘എല്ലാം ശരിയാകും’ റിവ്യൂ
- Aaha Movie Review: വടംവലിയുടെ ആവേശം; ‘ആഹാ’ റിവ്യൂ
- Jan E Man Movie Review: ഏകാന്തതയിൽ തുടങ്ങി അവസാനിക്കാത്ത പ്രണയമാകുന്ന ‘ജാൻ എ മൻ’
- Lalbagh Movie Review: കരുത്തോടെ മമ്ത, ചുരുളഴിയുന്ന രഹസ്യങ്ങൾ; ലാൽബാഗ് റിവ്യൂ