scorecardresearch
Latest News

83 Movie Review & Rating: കപിൽ ദേവായി വിസ്മയിപ്പിച്ച് രൺവീർ; ’83’ റിവ്യൂ

83 Movie Review & Rating: കപിൽ ദേവായി രൺവീർ സിങ് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്

RatingRatingRatingRatingRating
83 Movie Review & Rating: കപിൽ ദേവായി വിസ്മയിപ്പിച്ച് രൺവീർ; ’83’ റിവ്യൂ

Ranveer Singh’s 83 Movie Review & Rating: ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് മറക്കാനാകാത്ത ദിനമാണ് 1983 ജൂൺ 25. ലോക ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ലോർഡ്‌സിൽ അന്നത്തെ വമ്പന്മാരായ വെസ്റ്റ് ഇൻഡീസിനെ 45 തകർത്ത് ഇന്ത്യ ആദ്യ ഏകദിന ലോകകപ്പ് കിരീടം ഉയർത്തിയത് അന്നാണ്. മുൻപുള്ള രണ്ടു ലോകകപ്പുകളിൽ നിന്ന് കിഴക്കൻ ആഫ്രിക്കക്ക് എതിരെ നേടിയ ഏക ജയവുമായി ഇന്ത്യ ഇംഗ്ലണ്ട് മണ്ണിൽ കാലു കുത്തുമ്പോൾ ലോകം മുഴുവൻ വിധിയെഴുതിയത് “ഇവരെ കൊണ്ട് കഴിയില്ല” എന്നായിരുന്നു. എന്നാൽ അതിനു കപ്പുയർത്തിക്കൊണ്ടായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെയും സംഘത്തിന്റെയും മറുപടി.

ഇന്ത്യയുടെ ഈ ഐതിഹാസിക വിജയമാണ് ’83’ എന്ന ചിത്രത്തിലൂടെ കബീർ ഖാൻ പുനരാവിഷ്കരിക്കുന്നത്. അന്നത്തെ ജയത്തിന്റെ മേന്മയും ആവേശവും ഒട്ടും കുറയാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലോകകപ്പിന് മുൻപുള്ള പരിശീലന മത്സരങ്ങൾക്കായി ഇന്ത്യൻ സംഘം പുറപ്പെടുന്നത് മുതൽ ഇന്ത്യ കപ്പുയർത്തി വിജയമാഘോഷിക്കുന്നത് വരെയുള്ള സംഭവങ്ങൾ ’83’ൽ കാണാം. അന്ന് ഇന്ത്യൻ ടീം അനുഭവിച്ച ബുദ്ധിമുട്ടുകളും നേരിട്ട അവഗണനകളും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.

ക്യാപ്റ്റനായ കപിൽ ദേവി(രൺവീർ സിങ്)നെ കേന്ദ്രീകരിച്ചാണ് 83 യുടെ സഞ്ചാരം. എന്നാൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ചരിത്ര വിജയത്തിൽ ഓരോ താരങ്ങളുടെയും പങ്ക് ചിത്രത്തിൽ കാണാനാകും.

1983 ലോകകപ്പ് മത്സരങ്ങൾ ടിവിയിൽ കാണാനോ റേഡിയോയിൽ കേൾക്കനോ സാധിക്കാതിരുന്ന ഇന്നത്തെ യുവതലമുറയ്ക്ക് ആ മത്സരങ്ങൾ കാണുന്ന അനുഭൂതി സമ്മാനിക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്. അതിനു പ്രധാന കാരണം ചിത്രത്തിന്റെ കാസ്റ്റിംഗാണ്. കപിൽ ദേവ് മുതൽ ടീമിലുണ്ടായിരുന്ന ഓരോ താരങ്ങളെയും അതുപോലെ തന്നെ സിനിമയിൽ കാണാൻ കഴിയുന്നുണ്ട്. കഥാപാത്രങ്ങൾക്ക് വേണ്ടി താരങ്ങൾ നടത്തിയിരിക്കുന്ന മേക്കപ്പ് ഞെട്ടിക്കുന്നതാണ്. ചില രംഗങ്ങളിൽ യഥാർത്ഥ മത്സരത്തിന്റെ ചിത്രങ്ങളും വീഡിയോകളും കൂടെ കാണിക്കുന്നുണ്ട്. ആ സമയങ്ങളിൽ ഓരോ താരങ്ങൾക്കും യഥാർത്ഥ കളിക്കാരുമായുള്ള സാമ്യം വ്യക്തമാവും.

കപിൽ ദേവായി രൺവീർ സിങ് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കപിലിന്റെ ബൗളിങ് ആക്ഷൻ, ബാറ്റിങ്, ഐക്കോണിക് നടരാജ ഷോട്ട് മുതൽ അദ്ദേഹത്തിന്റെ നടപ്പും മാനറിസങ്ങളും അതുപോലെ തന്നെ പകർത്താൻ രൺവീറിന് കഴിഞ്ഞിട്ടുണ്ട്. കപിലായി രൺവീർ ജീവിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം, അത്രയും പൂർണതയോടെയാണ്‌ രൺവീർ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: Meow Movie Review & Rating: ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇഷ്ടം കവർന്നും ‘മ്യാവൂ’; റിവ്യൂ

ടീം മാനേജർ മാൻ സിങ്ങായി പങ്കജ് ത്രിപാഠിയും സുനിൽ ഗാവസ്കറായി താഹിർ രാജ് ബഹ്‌സിനും കൃഷ്ണമാചാരി ശ്രീകാന്തായി ജീവയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കപിലിന്റെ ഭാര്യ റോമിയായി ചിത്രത്തിൽ എത്തുന്നത് ദീപിക പദുക്കോണാണ്. ചെറുതെങ്കിലും കഥാപത്രത്തെ വളരെ നന്നായി തന്നെ ദീപിക അവതരിപ്പിച്ചിട്ടുണ്ട്.

മൊഹീന്ദർ അമർനാഥായി സാഖിബ് സലീം, യശ്പാൽ ശർമ്മയായി ജതിൻ സർന, സന്ദീപ് പാട്ടീലായി ചിരാഗ് പാട്ടീൽ, കീർത്തി ആസാദായി ഡിങ്കർ ശർമ്മ, റോജർ ബിന്നിയായി നിശാന്ത് ദാഹിയ, മദൻ ലാൽ ആയി ഹാർഡി സന്ധു, സയ്യിദ് കിർമാണിയായി സാഹിൽ ഖട്ടർ, ബൽവീന്ദർ സന്ധുവായി അമ്മി വിർക്ക്, ദിലീപ് വെങ്‌സർക്കാറായി ആദിനാഥ് കോത്താരെ, രവി ശാസ്ത്രിയായി ധൈര്യ കർവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഇവർക്ക് പുറമെ വെസ്റ്റ് ഇൻഡീസ് ടീം താരങ്ങളായി എത്തിയവരും മികച്ചു നിന്നു. വിവിയൻ റിച്ചാർഡ്സ്, ക്ലിവ് ലോയ്ഡ് തുടങ്ങിയ താരങ്ങൾ യഥാർത്ഥ താരങ്ങളുടെ തനി പകർപ്പായി തോന്നി.

83, 83 review, 83 movie review, 83 rating, 83 full movie, 83 full movie download, 83 song download, 83 songs, 83 റിവ്യൂ, Ranveer Singh,​ Deepika Padukone, Kapil Dev

1983 ലോകകപ്പ് ഒരിക്കൽ കൂടി കാണാൻ ആഗ്രഹിക്കുന്നവർക്ക് അത് കാണുന്ന അതേ അനുഭവം സമ്മാനിക്കാൻ ’83’ എന്ന ചിത്രത്തിന് ഏറെക്കുറെ സാധിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ സിംബാവെക്കെതിരായ ഇന്ത്യയുടെ നിർണായക മത്സരമുൾപ്പടെ ചിത്രത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട്. ഇന്ത്യ ഒമ്പത് റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്നിടത്തു നിന്ന് 175 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച കപിലിന്റെ റെക്കോർഡ് ഇന്നിങ്‌സ് സിനിമയിൽ കാണാം. ബിബിസി സമരത്തിലായിരുന്നതിനാൽ അന്ന് ഈ മത്സരം ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്തിരുന്നില്ല.

Also Read: Kunjeldho Movie Review & Rating: മനസ്സുനിറയ്ക്കും ‘കുഞ്ഞെൽദോ’; റിവ്യൂ

അസീം മിശ്രയുടെ ഛയാഗ്രഹണം ഗംഭീരമാണ്. ടിവിയിൽ ഒരു യഥാർത്ഥ ക്രിക്കറ്റ് മത്സരം കാണുന്ന അനുഭൂതി സമ്മാനിക്കാൻ അസീമിന്റെ ഫ്രയിമുകൾക്ക് കഴിയുന്നുണ്ട്. ’83’ൽ എടുത്ത് പറയേണ്ട മറ്റൊരു ഘടകം ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് സ്‌കോറുമാണ്. മത്സരത്തിന്റെ ആവേശം നിലനിർത്താനും സിനിമ കൂടുതൽ ആസ്വാദ്യമാക്കാനും പ്രീതത്തിന്റെ ഗാനങ്ങൾക്കുംജൂലിയസ് പാക്കിമിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിനും കഴിയുന്നുണ്ട്. രാമേശ്വര്‍ എസ് ഭഗത് ആണ് ’83’ന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

മൊത്തത്തിൽ മൂന്ന് മണിക്കൂറുകളോളം പ്രേക്ഷകന്റെ സിരകളിലൂടെ ക്രിക്കറ്റിന്റെയും ലോകകപ്പിന്റെയും ആവേശം നിറയ്ക്കുന്ന ചിത്രമാണ് ’83’. ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരും ഇന്ത്യയുടെ 1983ലെ ലോകകപ്പ് വിജയം ഒരിക്കൽ കൂടി കാണാനും അതിന്റെ ആവേശം അനുഭവിക്കാനും ആഗ്രഹിക്കുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: 83 movie review rating ranveer singh