scorecardresearch
Latest News

4 Years Movie Review & Rating: നിങ്ങൾ ബ്രേക്ക് അപ്പിലൂടെ കടന്നു പോയവരാണോ? എന്നാൽ ഈ ചിത്രം വൈബാണ്; ‘4 ഇയേഴ്സ്’ റിവ്യൂ

4 Years Movie Review and Rating: ‘ഒരു അഡാർ ലൗവി’ൽ നിന്ന് ‘4 ഇയേഴ്സി’ലേക്കെത്തുമ്പോൾ പ്രിയ തന്നിലെ അഭിനേത്രിയെ കൂടുതൽ പോളിഷ് ചെയ്തിട്ടുണ്ടെന്നു പറയാം

RatingRatingRatingRatingRating
4 years Review and Rating, Priya Warrier, 4 years review

4 Years Movie Review & Rating: സ്ഥിരം കണ്ടുശീലിച്ച പ്രണയചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കാൻ ശ്രമിക്കുകയാണ് ‘4 ഇയേഴ്സ്’. പ്രണയമല്ല മറിച്ച് വിരഹമാണ് ചിത്രം വരച്ചു കാട്ടുന്നത്. വിരഹവും മനോഹരമാക്കാനാവുമോ? പ്രണയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന വ്യക്തിയ്ക്കു മരണം ശിക്ഷ വിധിക്കുന്ന ഇന്നത്തെ സമൂഹത്തിന് ‘നമുക്ക് സന്തോഷത്തോടെ പിരിയാം’ എന്ന നായികയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണ്. കലിപ്പൻ കാമുക സങ്കൽപ്പത്തിനും ഒരു കൊട്ടു നൽകുന്നുണ്ട് ചിത്രം. പ്രണയവും തന്റെ പ്രണയിതാവുമാണ് എല്ലാമെന്ന് കരുതുന്നവർക്ക് അതു മാത്രമല്ല ജീവിതമെന്നും, ഒരു വ്യക്തിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒട്ടനവധി കാര്യങ്ങളിൽ ഒന്നു മാത്രമാണ് പ്രണയമെന്നും ചിത്രം പറയുന്നു. നാലു വർഷത്തെ പ്രണയത്തിന്റെയും തുടർന്നുളള നാലു വർഷത്തെ കാത്തിരിപ്പിന്റെയും കഥ പറയുകയാണ് ‘4 ഇയേഴ്സ്’.

ഒരു കാമ്പസ് ചിത്രത്തിന് ‘4 ഇയേഴ്സ്’ എന്ന് പേര് നൽകുമ്പോൾ തന്നെ ഊഹിക്കാം അതൊരു എഞ്ചിനീയറിങ്ങ് കോളേജിനെ ചുറ്റിപറ്റിയുളള കഥയായിരിക്കുമെന്നത്. ഗായത്രിയുടെയും വിശാലിന്റെയും വിരഹമാണ് ചിത്രത്തിന്റെ പ്രമേയം. നാലു വർഷത്തെ കാമ്പസ് ജീവിതത്തിനു ശേഷമുളള അവസാന ദിവസം. ജീവിതത്തിന്റെ അടുത്തഘട്ടത്തിലേക്ക് പറക്കാൻ തയ്യാറായി നിൽക്കുന്ന ഒരുകൂട്ടം യുവാക്കൾ. ഈയൊരു ദിവസത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഗായത്രിയും വിശാലും കോളേജ് അവസാനിക്കുന്നതിന് മാസങ്ങൾക്കു മുൻപ് തങ്ങളുടെ പ്രണയബന്ധത്തോടും വിട പറയുന്നു. കുറച്ചു നാൾ പരസ്പരം സംസാരിക്കാതിരുന്ന അവർ അവസാന ദിവസം വീണ്ടുമൊന്നിച്ച് സമയം ചെലവഴിക്കുന്നു. ഇരുവർക്കുമിടയിൽ ഇപ്പോഴും പ്രണയമുണ്ടെങ്കിലും ചില വ്യക്തിപരമായ കാരണങ്ങൾ അവരെ അടുക്കാൻ അനുവദിക്കുന്നില്ല. ഒടുവിൽ വിധിയെയും കാലത്തെയും വിശ്വസിച്ച് അവർ വീണ്ടും പിരിയുകയാണ്. വിരഹം മാത്രമല്ല ചിത്രത്തിന്റെ പ്രമേയം, മറ്റുളളവരുടെ അഭിപ്രായങ്ങൾക്കു വഴങ്ങി സ്വന്തം സ്വപ്നങ്ങൾ ബലി കൊടുക്കുന്നവരെപ്പറ്റിയും ചിത്രം സംസാരിക്കുന്നുണ്ട്.

ഗായത്രി അരുൺകുമാറായി സ്ക്രീനിലെത്തിയത് പ്രിയ വാര്യരാണ്. നാലു വർഷങ്ങൾക്കു ശേഷം പ്രിയ വാര്യർ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ‘ഒരു അഡാർ ലൗവി’ൽ നിന്ന് ‘4 ഇയേഴ്സി’ലേക്കെത്തുമ്പോൾ പ്രിയ എന്ന അഭിനേത്രി കൂടുതൽ പോളിഷ്ഡായി എന്നു വേണം പറയാൻ. വിരഹത്തിന്റെ വേദനയും പ്രണയവുമെല്ലാം വളരെ തന്മയത്വത്തോടെ പ്രിയ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ എടുത്തു പറയേണ്ടത് വിശാൽ കരുണാകരന്റെ കഥാപാത്രത്തെ അവതരിപ്പിച്ച സർജാനോ ഖാലിദിന്റെ പ്രകടനമാണ്. ‘താൻ എവിടെയും ഫിറ്റല്ലെ’ന്ന് വിശാൽ പറയുമ്പോൾ എന്തുകൊണ്ടാണ് സ്വയം അങ്ങനെ പറയുന്നതെന്ന് സർജാനോ തന്റെ അഭിനയത്തിലൂടെ പ്രേക്ഷകനു മനസ്സിലാക്കി തരുന്നു. സ്വപ്നങ്ങൾക്കു പിന്നാലെ പോകാൻ ആഗ്രഹമുളള എന്നാൽ ജീവിത സാഹചര്യങ്ങൾ അതിൽ നിന്നെല്ലാം പിന്നോട്ട് വലിക്കുന്ന ഒരു യുവാവിനെ സർജാനോ ഭംഗിയായി അവതരിപ്പിക്കുന്നു. ചിത്രത്തിൽ എടുത്തു പറയാൻ മറ്റു കഥാപാത്രങ്ങളില്ലെന്ന് വേണം പറയാൻ. സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നത് വിശാവും ഗായത്രിയും തന്നെയാണ്.

പ്രണയത്തിന്റെ പല ഭാവങ്ങൾ ഇതിന് മുൻപും തന്റെ ചിത്രങ്ങളിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുളള സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. ‘രാമന്റെ ഏദൻത്തോട്ടം’ ആയിരിക്കും അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. കൂടുതലും കുടുംബ പ്രേക്ഷകർക്കുള്ള ചിത്രങ്ങൾ സമ്മാനിച്ച രഞ്ജിത്ത് ഇത്തവണ ലക്ഷ്യം വച്ചത് കൗമാരക്കാരെയാണ്. ‘കാമ്പസ് + പ്രണയം= യൂത്ത് ഓഡിയൻസ്’ എന്ന ഫോർമുല തന്നെയാണ് ‘4 ഇയോഴ്സിൽ രഞ്ജിത്ത് പ്രയോഗിച്ചിരിക്കുന്നത്.

‘എന്റെ കോളേജിന്’ എന്ന് സ്ക്രീനിൽ തെളിയുന്നത് മുതൽ രഞ്ജിത്ത് തന്റെ ജോലി കൃത്യമായി ചെയ്തെന്ന് വേണം പറയാൻ. രഞ്ജിത്ത് പഠിച്ച കോളേജിൽ തന്നെയാണ് സിനിമയുടെ കഥയും നടക്കുന്നത്. ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റു ഘടകങ്ങൾ ഗാനവും പശ്ചാത്തല സംഗീതവുമാണ്. പല രംഗങ്ങളുടെയും ആഴം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശങ്കർ ശർമയുടെ സംഗീതത്തിന് സാധിച്ചിട്ടുണ്ട്. ഗാനങ്ങളുടെ വരികളും ഏറെ മനോഹരമാണ്. വിശാലും ഗായത്രിയും പറഞ്ഞ് മാത്രം പ്രേക്ഷകർ അറിയുന്ന അവരുടെ പ്രണയത്തെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിലും പാട്ടുകളുടെ വരികൾക്ക് വലിയ പങ്കുണ്ട്. ഹുസയിൻ ഹംസയുടെ ക്യാമറയിൽ പിറവിയെടുത്ത ദൃശ്യങ്ങൾ കാമ്പസ് കാലഘട്ടത്തെ ഓർമിപ്പിക്കുന്നതാണ്. പാട്ടും ഈണവുമെല്ലാം സമം ചേരുമ്പോൾ, ഒരു കവിത പോലെ ഒഴുകുകയാണ് ‘4 ഇയേഴ്സ്’.

എന്നാൽ ഈ കവിത എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. കാരണം, നേരത്തെ പറഞ്ഞതു പോലെ ഇതിൽ വിശാലും ഗായത്രിയും പറഞ്ഞ് മാത്രമാണ് അവർ പ്രണയിച്ചിരുന്നു എന്നതും അവർക്കൊരു സുന്ദര പ്രണയകാലം ഉണ്ടായിരുന്നെന്നും പ്രേക്ഷകർ അറിയുന്നത്. ദൃശ്യങ്ങളായി അതു പ്രേക്ഷകരെ കാണിച്ചിരുന്നെങ്കിൽ പ്രേക്ഷകനു കുറേക്കൂടി ആ പ്രണയം അനുഭവവേദ്യമാകുമായിരുന്നു. പറഞ്ഞ് മാത്രം കേൾക്കുന്ന കഥ ചിലപ്പോൾ കാണുന്നവന് അന്യമായി തോന്നാം. കാമ്പസ് ചിത്രങ്ങളിലെ അവർത്തന വിരസതയില്ലാതാകാനായിരിക്കാം സംവിധായകൻ അങ്ങനെയൊരു വഴി തിരഞ്ഞെടുക്കാതിരുന്നത്. പക്ഷെ അത് സിനിമയും പ്രേക്ഷകനും തമ്മിൽ കണക്ട് ചെയ്യുന്ന പ്രക്രിയയിൽ കാലതാമസം വരുത്തുകയാണ്. ട്രെയിലറിൽ കണ്ടതിനപ്പുറമൊന്നും ചിത്രം പറയുന്നില്ലെന്നത് നിരാശപ്പെടുത്തും. വേറിട്ടൊരു കാമ്പസ് പ്രണയചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് ‘4 ഇയേഴ്സി’ന് ടിക്കറ്റെടുക്കാം, ആദ്യമേ ആ കണക്ഷൻ കിട്ടിയാൽ കണ്ടിരിക്കാം ഈ പ്രണയ കഥ.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: 4 years movie review rating priya varrier