1744 White Alto Movie Review & Rating:കാഞ്ഞങ്ങാടിനെ മലയാളസിനിമയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയം’. കാഞ്ഞങ്ങാട് ഭാഷയുടെ സൗന്ദര്യവും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും മിതത്വമുള്ള കോമഡിയും മിനിമൽ ഡയറക്ഷനും സിനിമോട്ടോഗ്രാഫിയുമെല്ലാം ചേർന്ന് ‘ഒരു പെർഫെക്റ്റ് പാക്കിംഗ്’ ആയിരുന്നു ആ ചിത്രം സമ്മാനിച്ചത്. മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന ലേബലുമായി ‘തിങ്കളാഴ്ച നിശ്ചയ’ത്തിൽ നിന്നും പുതിയ ചിത്രമായ ‘ 1744 വൈറ്റ് ആൾട്ടോ’യിലേക്ക് എത്തുമ്പോൾ വ്യത്യസ്തവും പരീക്ഷണാത്മകവുമായ ഒരു ട്രീറ്റ്മെന്റാണ് സെന്ന ഹെഗ്ഡെ സ്വീകരിച്ചിരിക്കുന്നത്.
വളരെ ഫിക്ഷണലായൊരു സ്ഥലത്തു നടക്കുന്ന കഥയാണ് ‘ 1744 വൈറ്റ് ആൾട്ടോ’ പറയുന്നത്. ഒരു ‘ഹിറ്റ് ആൻഡ് റൺ’ കേസിനെയും കൊലപാതകത്തെയും ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് പൊലീസുകാരനായ മഹേഷ്. ആ രണ്ടു സംഭവങ്ങളിലും ഏറെ നിർണായകമായൊരു സാന്നിധ്യമാണ് ഒരു വെളുത്ത ആൾട്ടോ കാറെന്ന് പൊലീസ് കണ്ടെത്തുന്നു. അവിടം മുതൽ കാറും അതിനകത്തുള്ള കുറ്റവാളികളെയും കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് മഹേഷും സംഘവും. 1744 എന്ന നമ്പറിലുള്ള ആ വൈറ്റ് ആൾട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. പല രീതിയിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കുറേ മനുഷ്യരും കഥാപാത്രങ്ങളായി ഇടയ്ക്ക് കയറിയിറങ്ങിപ്പോവുന്നു.
വീടിനകത്തെ ‘ആഭ്യന്തരപ്രശ്നങ്ങൾ’ പോലും പരിഹരിക്കാനറിയാത്ത പൊലീസുകാരനാണ് മഹേഷ് (ഷറഫുദ്ദീൻ). അയാളുടെ കീഴിൽ ജോലി ചെയ്യുന്നതാവട്ടെ ‘പരമ്പരാഗത വിഡ്ഢികൾ’ എന്ന് മഹേഷ് തന്നെ വിശേഷിപ്പിക്കുന്ന ഒരു കൂട്ടം പൊലീസുകാരും. ഈ പൊലീസുകാർ ഒപ്പിക്കുന്ന മണ്ടത്തരങ്ങളും അമളികളുമൊക്കെ പ്രേക്ഷകരിൽ ചിരിയുണർത്തും. ചിത്രത്തിലെ വിചിത്രമായ കഥാപാത്രങ്ങൾ പലപ്പോഴും കാർട്ടൂൺ കഥാപാത്രങ്ങളുടെ ആർക്കിൽ വാർത്തെടുത്തവയാണ്.
അഭിനേതാക്കളുടെ സ്വാഭാവികമായ അഭിനയവും സംഭാഷണങ്ങളുമാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഷറഫുദ്ദീൻ മാത്രമല്ല, രാജേഷ് മാധവൻ, ആനന്ദ് മന്മദൻ, വിൻസി അലോഷ്യസ്, അരുൺ കുര്യൻ, സജിൻ ചെറുകയിൽ, നവാസ് വള്ളിക്കുന്ന്, നിജില കെ ബേബി, സ്മിനു സിജോ, ആര്യ സലിം എന്നിവരെല്ലാം സ്വാഭാവികതയോടെ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കഥ നടക്കുന്ന സ്ഥലമോ പ്രദേശമോ കഥയിൽ കൃത്യമായി പ്രതിപാദിപ്പിക്കുന്നില്ലെങ്കിലും വിജനമായി കിടക്കുന്ന കാഞ്ഞങ്ങാടിന്റെ ഭൂപ്രകൃതി പല ഫ്രെയിമുകളെയും വേറിട്ടൊരു കാഴ്ചാനുഭവമാക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം, പാട്ടുകൾ എന്നിവയും പുത്തൻ അനുഭവം സമ്മാനിക്കുന്നുണ്ട്. ഹരിത ഹരിബാബു, ജിമ്മ, ഷിബു ഷംസ്, ഷാ എന്നിവരുടെ വരികൾക്ക് മുജീബ് മജീദാണ് സംഗീതം നൽകിയിരിക്കുന്നത്. ‘തീയേ ഉരുവം’ എന്നു തുടങ്ങുന്ന ഗാനമൊക്കെ ഗംഭീര ഫീലാണ് സമ്മാനിക്കുന്നത്. ചിത്രത്തിന് മികച്ചൊരു തുടക്കം നൽകിയതിൽ ഈ പാട്ടിന് വലിയ റോളുണ്ട്. എന്നാൽ ആ ഉണർവ്വ് തുടർന്ന് അങ്ങോട്ട് നിലനിർത്തികൊണ്ടുപോവാൻ കഴിയുന്നില്ല എന്നിടത്താണ് ചിത്രം നിരാശപ്പെടുത്തിയത്.
ചില കഥാസന്ദർഭങ്ങളും പ്രേക്ഷകരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. കാർ മാറിപ്പോവുന്നതുമായി ബന്ധപ്പെട്ട രംഗങ്ങളിൽ ഇത്തരത്തിൽ അവ്യക്തതയുണ്ട്. കീ നഷ്ടപ്പെട്ടൊരു കാറിനെ തുടർന്നും വളരെ സുഗമമായി കൊണ്ടുനടക്കുന്നതെങ്ങനെ എന്നു സംശയം തോന്നുക സ്വാഭാവികമാണ്. ഒരു മെക്കാനിക്കിനോ അല്ലെങ്കിൽ വണ്ടിയുടെ മെക്കാനിസം നന്നായി അറിയുന്ന ഒരാൾക്കോ മാത്രം എളുപ്പമാവുന്ന ഒരു പ്രക്രിയയാണത്. അത്തരം കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്താതെ പോവുമ്പോൾ, ‘പോളി ടെക്നിക്കിൽ ഒന്നും പഠിച്ചിട്ടില്ലാത്ത’ പ്രേക്ഷകർ ഒന്നു കുഴങ്ങുക തന്നെ ചെയ്യും.
സെന്ന ഹെഗ്ഡെ, ശ്രീരാജ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നതും, രാത്രിസീനുകളുടെയൊക്കെ ചിത്രീകരണത്തിലെ മികവും മിഴിവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
സർകാസത്തിന് ഏറെ പ്രാധാന്യം നൽകിയാണ് സംവിധായകൻ സെന്ന ഹെഗ്ഡെ കഥാമൂഹൂർത്തങ്ങളും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. ചിലതെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും രസച്ചരടു പൊട്ടിക്കാതെ ചിത്രത്തെ എൻഗേജിങ്ങായി മുന്നോട്ട് കൊണ്ടുപോവാൻ സംവിധായകനു സാധിക്കുന്നില്ല. ട്രാക്കിലാവാതെയും ഇടയ്ക്കൊക്കെ വഴിതെറ്റിയുമാണ് ഈ ആൾട്ടോയുടെ സഞ്ചാരം. മറ്റൊരു ‘തിങ്കളാഴ്ച നിശ്ചയം’ പ്രതീക്ഷിച്ച് ‘ 1744 വൈറ്റ് ആൾട്ടോ’യെ സമീപിക്കാതെയിരിക്കുക, കാരണം നൂറുശതമാനവും ഒരു പരീക്ഷണചിത്രമാണ് ‘ 1744 വൈറ്റ് ആൾട്ടോ’. എല്ലാവരുടെയും ‘കപ്പിലെ ചായ’യെന്ന് ചിത്രത്തെ വിശേഷിപ്പിക്കാനാവില്ല.