scorecardresearch
Latest News

Visudha Mejo Movie Review & Rating: സ്റ്റോക്കിങ്ങിനും പ്രണയത്തിനും ഇടക്ക് വിശുദ്ധ മെജോ

Visudha Mejo Mathew Thomas Lijomol Malayalam Movie Review & Rating:പ്രണയം, കൊച്ചി, ഹാസ്യം രംഗങ്ങൾക്കായുള്ള ശ്രമങ്ങൾ ഒക്കെ പതിവ് അളവിൽ നിറഞ്ഞ സിനിമ ആണത്. തമിഴ് സമകാലിക സിനിമകളുടെ സ്വാധീനവും ചിലയിടങ്ങളിൽ കാണാം. ആത്മവിശ്വാസമില്ലാത്ത നായകന്റെ ചില സംഭാഷണങ്ങൾ, ഭൂതകാലം ഒക്കെ

Visudha Mejo Movie Review & Rating: സ്റ്റോക്കിങ്ങിനും പ്രണയത്തിനും ഇടക്ക് വിശുദ്ധ മെജോ

Visudha Mejo Mathew Thomas Lijomol Malayalam Movie Review & Rating: കടൽ തീരത്തു നിന്നു പ്രണയം തെളിയിക്കാൻ ചെരിപ്പ് കടലിലേക്ക് വലിച്ചെറിയുന്ന നായകനെ കൗതുകത്തോടെ നോക്കുന്ന നായികയുടെ ദൃശ്യം ഉണ്ടായിരുന്നു വിശുദ്ധ മേജോയുടെ ട്രെയിലറിൽ. ആ രംഗത്തിൽ, പിന്നെ പ്രണയ ഫീൽ ഗുഡ് സിനിമകളുടെ സ്ഥിരം കാഴ്ചകളിൽ നിറഞ്ഞ പരസ്യങ്ങൾ കൊണ്ടാണ് വിശുദ്ധ മെജോ ശ്രദ്ധിക്കപ്പെട്ടത്. കുറച്ചു മുൻപ് റിലീസ് ആയ ചിത്രത്തിന്റെ ട്രെയിലർ കേരളത്തിൽ ഉടനീളമുള്ള തീയറ്ററുകളിൽ നിരന്തരം കാണിച്ചിരുന്നു. ഇപ്പോൾ സിനിമ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കിരൺ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ നായകൻ കൂടിയായ ഡിനോയ് പൗലോസ് ആണ്. ലിജോ മോൾ, മാത്യു തോമസ്, ആർ ജെ മുരുകൻ എന്നിവർ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്നു.

സിനിമയുടെ കഥാഗതി എല്ലാ അർത്ഥത്തിലും ട്രെയിലറിന്റെ പ്രേക്ഷകർ കണ്ട ഗാന രംഗങ്ങളുടെ വിപുലീകരണമാണ്. ചെറുപ്പത്തിലേ അമ്മ മരിച്ച മെജോ അന്തർമുഖനും ആത്മ വിശ്വാസമില്ലാത്തവനും ആണ്. തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ ആംബ്രോസുമായാണ് അയാൾക്ക് ആകെ സൗഹൃദമുണ്ടായിരുന്നത്. നഗരത്തിലെ ഒരു കമ്പനിയിൽ വീഡിയോ എഡിറ്റർ ആയി ജോലിയെടുത്ത് എല്ലാവരുടെയും പരിഹാസ മാത്രമായി മെജോ വിരസ ജീവിതം നയിക്കുന്നു. കുട്ടിക്കാലത്ത് അവനു ഇഷ്ടം തോന്നിയ ജീന എന്ന പെൺകുട്ടി ചെന്നൈയിൽ ഉപരി പഠനം കഴിഞ്ഞ് നാട്ടിലെത്തുകയും മേജൊയോട് സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു. മേജൊക്ക് അവളോട് പ്രണയമാകുന്നു. അത് തുറന്ന് പറയാൻ അവൻ കഷ്ടപ്പെടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ഒക്കെയാണ് വിശുദ്ധ മെജോ. അയാളുടെ പ്രണയത്തിനും ആത്മവിശ്വാക്കുറവിനും ഇടയിൽ ആണ് കഥ മുഴുവൻ നടക്കുന്നത്.

വിശുദ്ധ മെജോ ഇപ്പോഴത്തെ മലയാള ഫീൽ ഗുഡ് സിനിമകളുടെ ചുവട് പിടിച്ചു തീയറ്ററിൽ എത്തിയ സിനിമയാണ്. പ്രണയം, കൊച്ചി, ഹാസ്യം രംഗങ്ങൾക്കായുള്ള ശ്രമങ്ങൾ ഒക്കെ പതിവ് അളവിൽ നിറഞ്ഞ സിനിമ ആണത്. തമിഴ് സമകാലിക സിനിമകളുടെ സ്വാധീനവും ചിലയിടങ്ങളിൽ കാണാം. ആത്മവിശ്വാസമില്ലാത്ത നായകന്റെ ചില സംഭാഷണങ്ങൾ, ഭൂതകാലം ഒക്കെ.

ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സൂററൈ പോട്ടിലെ ഏറെ കയ്യടി നേടിയ സെങ്കനിക്ക് ശേഷം ലിജോ മോൾ മലയാളത്തിൽ ശ്രദ്ധേയമായ റോൾ ചെയ്യുന്ന സിനിമയാണ് വിശുദ്ധ മെജോ. ഈ സിനിമയെയും മുന്നോട്ട് നയിക്കുന്നത് ലിജോമോളുടെ പ്രകടനമാണ്. വളരെ സ്വഭാവികമായി സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്നുണ്ട് ലിജോമോൾ. അവരുടെ ചലനങ്ങളിലും ശരീര ഭാഷയിലും ഒക്കെ ഉള്ള സ്വാഭാവിക അഭിനയത്തിന്റെ സാധ്യതകൾ പലപ്പോഴും മറ്റു കഥാപാത്രങ്ങളിൽ കണ്ടില്ല. മേജോയുടെ കഥാപാത്രം പലപ്പോഴും ഏകതാനമായ നിർമിതി ആയിരുന്നു. സാദ്ധ്യതകൾ ഉണ്ടായിരുന്നെങ്കിലും മാത്യുവിന്റെ കഥാപാത്രം അയാളുടെ തന്നെ മുൻകഥാപാത്രങ്ങളെ പലയിടത്തും ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു. ചിലയിടങ്ങളിൽ ഇത് സിനിമയെ പുറകോട്ട് നയിക്കുന്നുണ്ട്.

കൊച്ചി നഗര പ്രാന്തത്തെയും അവിടെയുള്ള മധ്യവർത്തി ജീവിതത്തെയും സിനിമ യാഥാർഥ്യ ബോധത്തോടെ തന്നെ കാണിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ അതി സ്വഭാവികമായി കാണിക്കുന്ന ഈ കാഴ്ചകൾ മറ്റു ചിലപ്പോൾ സുമേഷ് ആൻഡ് രമേശ്‌ വരെ ഇവിടെ നിന്നു പറഞ്ഞ പല സിനിമാ കാഴ്ചകളുടെയും തുടർച്ചയാവുന്നു. കഥാപാത്രങ്ങളിലും സന്ദർഭങ്ങളിലും ഒക്കെ ഇതേ പ്രശ്നം പലപ്പോഴും ആവർത്തിച്ചു കൊണ്ടേ ഇരുന്നു. ഹാസ്യ രംഗങ്ങൾ പലപ്പോഴും ചിരിപ്പിച്ചില്ല. അല്ലു അർജുൻ ഫാൻ ആയ ആംബ്രോസിന്റെ കഥാപാത്രത്തിലും മേജോയുടെ ആത്മ വിശ്വാസകുറവിലും ജെസിയുടെ സത്യസന്ധതയിലും ഒക്കെ ചിലയിടങ്ങളിൽ സൂക്ഷ്മത പുലർത്തിയെങ്കിലും മറ്റു ചിലയിടങ്ങളിൽ അത് സിനിമയിൽ കൈമോശം വരുന്നുണ്ട്. രണ്ടാം പകുതിയിൽ ഒക്കെ മേജോയുടെ പ്രണയത്തെ എങ്ങോട്ട് കൊണ്ട് പോകണം എന്നറിയാത്ത സംവിധായകനെ തെളിഞ്ഞു കാണാം.

സ്റ്റോക്കിങ്ങിനെ പ്രണയത്തിലെ സ്വാഭാവികമായ പുറകെ നടപ്പായി പറയുന്ന ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. സ്റ്റോക്കിങ്, പ്രണയം പറയൽ, പ്രണയത്തിന്റെ ആവിഷ്ക്കാരം ഒക്കെ തമ്മിലുള്ള വ്യത്യാസം മലയാള വാണിജ്യ സിനിമ പഠിച്ചു വരുന്നേ ഉള്ളു. പ്രണയം ഭ്രാന്ത്‌ ആവുന്ന അവസ്ഥ വിശുദ്ധ മേജൊയിലും പലയിടത്തും തീർത്തും സ്വഭാവികമായി കാണാം. അത്തരം അവസ്ഥയെ മറികടക്കാൻ ശ്രമിക്കുമ്പോഴും സിനിമ ചിലപ്പോഴൊക്കെ അത്തരം പ്രണയാവിഷ്ക്കാരങ്ങളുടെ പുറകെ പോകുന്നുണ്ട്. സ്റ്റോക്കിങ് അത്രയൊന്നും സുഖകരമായ അനുഭവമല്ല ഇരക്ക് നൽകുക എന്ന് തിരിച്ചറിയുമ്പോഴും സിനിമ വളരെയേറെ ലാഘവത്വത്തോടെ അതിനെ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ മലയാള സിനിമ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന് പലയിടത്തും തോന്നുന്നുണ്ട്.

എന്തായാലും കുറെയൊക്കെ പതിവ് മലയാള, തമിഴ് ഫീൽ ഗുഡ് സിനിമകളുടെ എല്ലാ കൗതുകങ്ങളും ന്യൂനതകളും ഉള്ള സിനിമയാണ് വിശുദ്ധ മെജോ. ചിലപ്പോഴൊക്കെ സ്വാഭാവികമായും ചിലപ്പോൾ സ്വഭാവികതയെ ബലം പിടിച്ചു കൊണ്ട് വന്നു കഥ പറയുന്ന സിനിമയാണിത്. പ്രണയം നിറഞ്ഞ സമകാലിക മലയാള ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെട്ടവർക്ക് വേണമെങ്കിൽ പരീക്ഷിക്കാവുന്ന ചിത്രം എന്നൊക്കെ വേണമെങ്കിൽ ചുരുക്കാംസിനിമകളുടെ തുടർച്ചയാണ്. ഫീൽ ഗുഡ് സിനിമകൾ എത്രത്തോളം കാണികൾക്ക് ഗുഡ് ഫീൽ നൽകുന്നുണ്ട് എന്ന ചർച്ച ഇവിടെ വളരെയധികം നടക്കുമ്പോഴും സ്ഥിരം അത്തരം സിനിമകൾ തീയറ്ററുകളിൽ എത്തുന്നു. അത്തരം സിനിമകളുടെ താരതമ്യേന എളുപ്പമായ മേക്കിങ് രീതിയും കുറഞ്ഞ നിർമാണ ചെലവും ഒക്കെയാവാം പ്രാഥമികമായ കാരണങ്ങൾ. ചിലപ്പോൾ കാണികൾക്ക് ആത്മബന്ധം തോന്നാൻ ഉള്ള ടൂൾ ആയും മലയാള സിനിമ ഈ ഫീൽ ഗുഡ് രീതിയെ ഉപയോഗിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Review visudha mejo mathew thomas lijomol malayalam movie review rating