scorecardresearch

അന്ന് മമ്മൂട്ടി പടം ചെയ്ത് കടക്കെണിയിൽ പെട്ട നിർമാതാവ്; വർഷങ്ങൾക്കിപ്പുറം ആ കടം വീട്ടി മെഗാസ്റ്റാർ

കാലത്തിന്റെ കാവ്യനീതി എന്നു പറയാവുന്നൊരു അപൂർവ്വത കൂടി കണ്ണൂർ സ്ക്വാഡിനു പിന്നിലുണ്ട്

കാലത്തിന്റെ കാവ്യനീതി എന്നു പറയാവുന്നൊരു അപൂർവ്വത കൂടി കണ്ണൂർ സ്ക്വാഡിനു പിന്നിലുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty | Kannuq Squad | Rony David Raj | Roby Varghese Raj

പിതാവിനൊപ്പം റോണിയും റോബിയും (ഇടത്) | മമ്മൂട്ടി (വലത്)

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് ഒരുക്കിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'കണ്ണൂര്‍ സ്‍ക്വാഡ്' മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. റോബി വര്‍ഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമെന്ന പ്രത്യേകതയും കണ്ണൂർ സ്‍ക്വാഡിനുണ്ട്. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

Advertisment

കാലത്തിന്റെ കാവ്യനീതി എന്നു പറയാവുന്നൊരു അപൂർവ്വത കൂടി കണ്ണൂർ സ്ക്വാഡിനുണ്ട്. 1989ൽ ഹണി പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മൂട്ടിയെ നായകനാക്കി മഹായാനം എന്ന ചിത്രം നിർമ്മിച്ച സിടി രാജന്റെ മക്കളാണ് റോണിയും റോബിയും. ഏറെ നിരൂപക പ്രശംസ നേടിയെങ്കിലും ദൗർഭാഗ്യകരമെന്നു പറയട്ടെ, മഹായാനത്തിന് അന്ന് ബോക്സ് ഓഫീസിൽ വിജയിക്കാനായില്ല. നിർമ്മാതാവിന് സാമ്പത്തികമായി വലിയ നഷ്ടം സംഭവിച്ചു. താവൂസ് രാജൻ എന്നറിയപ്പെടുന്ന സിടി രാജനാവട്ടെ, കടക്കെണിയിൽ പെട്ട്‌‌ സിനിമ നിർമ്മാണം തന്നെ ഉപേക്ഷിക്കുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം അതേ നിർമ്മാതാവിന്റെ ഒരു മകൻ സംവിധാനം ചെയ്യുകയും മറ്റേയാൾ തിരക്കഥയെഴുതി അഭിനയിക്കുകയും ചെയ്യുന്ന ചിത്രം നിർമ്മിച്ച് ആ പഴയ കടം വീട്ടിയിരിക്കുകയാണ് മമ്മൂട്ടി.

"ഈ ചിത്രം എന്റെ ഫീഡിൽ ഇട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹവും സമ്മിശ്ര വികാരങ്ങളും. 1989ൽ മമ്മൂട്ടി നായകനായ 'മഹായാനം' എന്ന ചിത്രം നിർമ്മിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും, അത് അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി, ഒടുവിൽ നിർമ്മാണം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ നന്നായി മുന്നോട്ടു കൊണ്ടുപോയി… 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ റോണി തിരക്കഥയെഴുതി, ഇളയവൻ റോബി സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാർ മമ്മൂട്ടിയെ വച്ച്!! ജീവിതവൃത്തം പൂർത്തിയാവുന്നു," റോബി രാജിന്റെ ഭാര്യ ഡോ. അഞ്ജു മേരി പോൾ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Advertisment

" 1989 ലാണ് ലോഹിതദാസ് എഴുതി ജോഷി സംവിധാനം ചെയ്ത മഹായാനം എന്ന ചിത്രം പുറത്തു വരുന്നത്. അക്കാലത്ത് മമ്മൂട്ടി ഇടവിട്ട് വെറ്റില മുറുക്കുകയും ജോൺ പ്ലെയർ ,ദിനേഷ് എന്നിവ ഇടവിട്ട് പുകക്കുകയും പട്ടണംമൂക്കുപൊടി വലിക്കുകയും ചെയ്തിരുന്നു. നല്ല സിനിമയായിരുന്നു. മമ്മൂട്ടിയുടെ അഭിനയത്തിന് കേരള സ്റ്റേറ്റ് ഫിലിം അവാർഡ്സിൽ ബെസ്റ്റ് ആക്റ്റർ അവാർഡ് കിട്ടി. പടം പക്ഷെ, വേണ്ടപോലെ ഓടിയില്ല. പ്രൊഡ്യൂസറായ താവൂസ് രാജൻ, സഹായിയായ ഗായകൻ കെ.സി.വർഗീസ് എന്നിവർ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നു. ഭാര്യയും മക്കളുമൊഴിച്ച് രാജൻ്റെ സർവ്വതും ആ മഹായാനത്തിൽ കുത്തിയൊലിച്ചു പോവുകയാണുണ്ടായത്. വെറും കയ്യോടെ, ഖിന്നനായി ആ കുന്നംകുളത്തുകാരൻ നാടുവിടുന്നു. രാജൻ്റെ താവൂസ് സിനിമാതീയ്യേറ്റർ ഇപ്പോഴും ആ ചരിത്ര ദുരന്തത്തിൻ്റെ സാക്ഷിയായി ശ്മശാന ഗോപുരം പോലെ കുന്നംകുളത്തുണ്ട്.

മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞു പോയി. ഇപ്പോൾ രണ്ടു ദിവസമായി കുന്നംകുളത്തുകാർ അടക്കം പറയുന്നുണ്ട്. 'ഡാ, ഈ കണ്ണൂർസ്ക്വാഡ് മ്മടെ താവൂസ് രാജൻ്റെ പിള്ളേരടെ സിൽമ്യാ ത്രെ! അടിപൊളി പടാത്രെ!' രാജൻ തന്നെയാണ് കണ്ണൂർ സ്ക്വാടിൻ്റെ ഊർജ്ജമായി റോണിക്കും റോബിക്കും പിന്നിലുള്ളത്. മമ്മൂട്ടി തന്നെയാണ് നായകൻ. അതെ! ഒരു മഹായാനം പൂർത്തിയാവുകയാണ്. മമ്മൂട്ടിയ്ക്കും രാജനും മക്കൾക്കും മറ്റെല്ലാർക്കും ബിഗ് സല്യൂട്ട്," നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ ഫെയ്സ്ബുക്ക് കുറിപ്പും ശ്രദ്ധ നേടുകയാണ്.

പൊലീസുകാരുടെ ജീവിതങ്ങളെ അതിശയോക്തിയില്ലാതെ കൃത്യമായ മീറ്ററിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കണ്ണൂർ സ്‌ക്വാഡ്. ഒപ്പം യൂണിഫോമിനോടും തന്റെ ജോലിയോടും നൂറുശതമാനം ആത്മാർത്ഥത കാണിക്കുന്ന, നേരവും കാലവും നോക്കാതെ കർമ്മനിരതരായി ജോലി ചെയ്യുന്ന പൊലീസുകാർക്കുള്ള ട്രിബ്യൂട്ട് കൂടിയാണ് ഈ ചിത്രം.

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: