മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള സിനിമാകുടുംബങ്ങളിലൊന്നാണ് സുരേഷ് കുമാർ – മേനക ദമ്പതികളുടേത്. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു മേനക സുരേഷ്. അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയ കീർത്തിയും ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നായികയാണ്. നിർമാണ മേഖലയിൽ സജീവമായ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള രേവതി കലാമന്ദിർ എന്ന പ്രൊഡക്ഷൻ ഹൗസും ഇവർക്കു സ്വന്തമായുണ്ട്. ഭാനുമതി പ്രൊഡക്ഷൻസ് എന്ന പേരിൽ അനവധി ഹിറ്റ് ചിത്രങ്ങൾ സുരേഷ് നിർമിച്ചിട്ടുണ്ട്.
ഇളയമകൾ സിനിമാലോകത്തെ പ്രമുഖ നടിയായി മാറുമ്പോൾ മൂത്തമകൾ ഒരു സംവിധായികയായി കാണാനാണ് സിനിമാപ്രേമികളാണ് ഈ അച്ഛനും അമ്മയും ആഗ്രഹിച്ചത്. “രേവതിയെ ഒരു സംവിധായികയായി കാണണം. സംവിധാനം രേവതി സുരേഷ് കുമാർ എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നത് കാണണം. അതു കഴിഞ്ഞാൽ എന്റെ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കും,” എന്ന് മേനക ഒരിക്കൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരു സംവിധായികയാകാൻ ഒരുങ്ങുകയാണ് രേവതി സുരേഷ്. മേനകയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ‘താങ്ക് യൂ’ എന്ന ഹൃസ്വചിത്രമാണ് രേവതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്നത്. സുരേഷ് കുമാറും നിതിൻ മോഹനും ചേർന്നാണ് നിർമാണം.
ചിത്രത്തിന്റെ പോസ്റ്റർ രേവതിയും തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തു. മാതാപിതാക്കൾക്കു നന്ദി പറയുന്നതിനൊപ്പം തന്റെ ഗുരുക്കന്മാരെയും ഓർക്കുന്നുണ്ട് രേവതി. ഡോ പത്മ സുബ്രഹ്മണ്യം, സംവിധായകൻ പ്രിയദർശൻ, യോഗ ആചാര്യ താര സുദർശൻ എന്നിവരോട് രേവതി നന്ദി പറയുന്നുണ്ട്.
“എന്റെ ജീവിതത്തിലെ ഓരോ വ്യക്തികളോടും ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. കുടുംബത്തിനും എന്റെ ഭർത്താവിനും നന്ദി അറിയിക്കുന്നു. എന്നെ പ്രോത്സാഹിപ്പിച്ച സഹോദരങ്ങൾക്കും നന്ദി. എല്ലാവരുടെയും അനുഗ്രഹം ആവശ്യമാണ്,” രേവതി കുറിച്ചു. കുറച്ചധികം ചിത്രങ്ങളിൽ സഹസംവിധായികയായും രേവതി പ്രവർത്തിച്ചിട്ടുണ്ട്.