ചെന്നൈ: 20 വര്‍ഷത്തെ ഇടവേളയ്ക്കൊടുവില്‍ നടി രേവതി വീണ്ടും മിനിസ്ക്രീനിലേക്ക് മടങ്ങിയെത്തുന്നു. സണ്‍ ടിവിയിലെ ‘അഴഗ്’ എന്ന സീരിയലിലാണ് ആശ കേളുണ്ണി എന്ന രേവതി ഇപ്പോള്‍ അഭിനയിക്കുന്നത്. 90കളിലാണ് രേവതി അവസാനമായി തമിഴ് പരമ്പരകളില്‍ അഭിനയിച്ചത്. സീരിയലിന്‍റെ കഥ ഇഷ്ടമായത് കൊണ്ടാണ് ഒരു തിരിച്ചുവരവ് നടത്തുന്നതെന്ന് താരം ‘ദ ഹിന്ദു’ ഓണ്‍ലൈനിനോട് പറഞ്ഞു.

സുഹാസിനി സംവിധാനം ചെയ്ത ‘പെണ്‍’ സീരിയലില്‍ രേവതി

കുംബകോണത്തെ ഒരു മധ്യവര്‍ഗം കുടുംബത്തെ ചുറ്റിപ്പറ്റിയുളളതാണ് ടിവി പരമ്പരയുടെ പ്രമേയം. ‘അഴഗമ്മ’ എന്ന അഞ്ച് കുട്ടികളുടെ അമ്മയായാണ് രേവതി വേഷമിടുന്നത്. മലയാളി താരം മിത്ര കുര്യനും സീരിയലില്‍ അഭിനയിക്കുണ്ട്. സീരിയലിന്റെ പ്രൊമോ പുറത്തുവന്നിട്ടുണ്ട്. അവസാനമായി ‘പവര്‍ പാണ്ടി’ എന്ന ധനൂഷ് തമിഴ് ചിത്രത്തിലാണ് രേവതി അഭിനയിച്ചത്. ‘ഗുലേബകവാലി’ എന്ന പ്രഭുദേവ ചിത്രത്തിലാണ് രേവതി ഇപ്പോള്‍ അഭിനയിക്കുന്നത്.

തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വർഷത്തിലധികം ചലച്ചിത്രമേഖലയിൽ പ്രവർത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ളഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട് . ഭരതൻ സം‌വിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ്‌ ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. 1992-ൽ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയപുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

സുഹാസിനി സംവിധാനം ചെയ്ത ‘പെണ്‍’ എന്ന ടെലിവിഷന്‍ സീരീസിലെ ‘ഹേമാവുക്ക് കല്യാണം’ ഉള്‍പ്പെടെ ചില എണ്ണം പറഞ്ഞ ടി വി പ്രൊഡക്ഷനുകളില്‍ രേവതി വേഷമിട്ടിട്ടുണ്ട്.  രേവതിയോടൊപ്പം ശ്രീവിദ്യയും ‘ഹേമാവുക്ക് കല്യാണ’ത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

1966 ജൂലൈ 8ന് കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ൽ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ൽ വിവാഹ മോചനം നേടി. 2002 ൽ മിത്ര് എന്ന ചിത്രവും 2004ല്‍ ഫിര്‍മിലേഗെ എന്ന ചിത്രവും സം‌വിധാനം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook