മൂന്നു ദേശീയ പുരസ്കാരങ്ങൾ, പത്തോളം ഫിലിം ഫെയർ അവാർഡുകൾ, തമിഴ് നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം…. നാലു പതിറ്റാണ്ടിനിടെ രേവതിയെ തേടിയെത്തിയ അവാർഡുകൾ നിരവധിയാണ്. എന്നാൽ ഇതാദ്യമായാണ്, മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രേവതിയെ തേടിയെത്തുന്നത്.
“40 വർഷമായി സിനിമയിൽ ഉണ്ടായിട്ടും ഈ അവാർഡ് കിട്ടുമ്പോൾ ഒരുപാട് സന്തോഷം,” അവാർഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ട് രേവതി പറയുന്നു. “നല്ലൊരു ടീം വർക്ക് ഉണ്ടായിരുന്നു ‘ഭൂതകാലത്തിൽ’. രാഹുലും ഷെയ്നും മുതൽ പ്രൊഡക്ഷൻ ടീമിലെ അൻവർ റഷീദും വരെ… ഞാനെന്നും ഒരു അനുസരണയുള്ള നടിയാണ്. അതേസമയം, എന്റെ ചില അഭിപ്രായങ്ങൾ പറയുമ്പോൾ നല്ലതാണെന്ന് തോന്നുമ്പോൾ രാഹുൽ ഏറ്റെടുത്തിട്ടുമുണ്ട്. ആ ടീം വർക്കിന് കിട്ടിയ അവാർഡ് ആണിത്. ജൂറി അംഗങ്ങൾക്ക് നന്ദി.”
“ഭൂതകാലം – ഒരു രാഹുൽ സദാശിവൻ, അൻവർ റഷീദ്, ഷെഹ്‌നാദ്, ഷഫീക്ക്, ഗോപി സുന്ദർ, ഷെയ്ൻ ചിത്രം. ഈ കേരള സംസ്ഥാന പുരസ്കാരത്തിന് എന്റെ ടീമിനോട് മുഴുവൻ നന്ദി പറയുന്നു. കാറ്റത്തെ കിള്ളിക്കൂടിലെ ആശാ തമ്പിയും ഇപ്പോൾ ഭൂതകാലത്തിലെ ആശയും, ഇത് 39മത്തെ വർഷം, എന്റെ ആദ്യത്തെ കേരള സംസ്ഥാന അവാർഡും. ഇത് തീർച്ചയായും വളരെ സംതൃപ്തിയേകുന്ന ഒരു നിമിഷമാണ്. ഞാൻ ഈ അവാർഡിന് അർഹയാണെന്ന് കരുതിയ എല്ലാ ജൂറി അംഗങ്ങൾക്കും വൈകുന്നേരം മുഴുവൻ എന്നെ വിളിച്ചുകൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി. നിരവധിപേർ എനിക്കൊപ്പം സന്തോഷിക്കുന്നുവെന്നറിയുന്നത് എന്നെ അനുഗ്രഹീതയാക്കുന്നു. എല്ലാവർക്കും നന്ദി,” ഇൻസ്റ്റഗ്രാം കുറിപ്പിൽ രേവതി പറയുന്നു.
Read more: ‘ഇതാണ് അവൾ’ എന്ന് ഒറ്റവരിയില്‍ പറയാൻ പറ്റില്ല; ‘ഭൂതകാല’ത്തിലെ കഥാപാത്രത്തെക്കുറിച്ച് രേവതി
ഭൂതകാലത്തിലെ കഥാപാത്രത്തിന് ശബ്ദം നൽകിയതും രേവതിയാണ്. ഏറെ ശ്രമകരമായിരുന്നു സിങ്ക് സൗണ്ടിൽ ഷൂട്ട് ചെയ്ത അനുഭവമെന്ന് ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ രേവതി പറഞ്ഞിരുന്നു. “സിങ്ക് സൗണ്ട് ആണ് ഭൂതകാലത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഉച്ചാരണത്തിന്‍റെ കാര്യത്തിൽ ആദ്യം കുറച്ച് ബുദ്ധിമുട്ടി. പക്ഷേ ഞാനും രാഹുലും ഷെയ്നും രസകരമായൊരു എക്സർസൈസ് ചെയതു. ഷൂട്ടിനു മുൻപ് ഞങ്ങൾ മൂന്നു പേരും ഒന്നിച്ചിരുന്ന് പല തവണ ഡയലോഗുകൾ പറയും, സ്‌ക്രിപ്റ്റിൽ എഴുതിയത് പറയുന്നതിനു പകരം കഴിയാവുന്നത്ര സ്വാഭാവിക സംഭാഷണമാക്കാനാണ് ശ്രമിച്ചത്. ഷെയ്നും ഒരുപാട് സഹകരണത്തോടെയാണ് കൂടെ നിന്നത്. ഈ ഡയലോഗ് എനിക്ക് ശരിയാവുന്നില്ല, ഒന്നൂടെ റിഹേഴ്സ് ചെയ്യാം എന്നു പറഞ്ഞാൽ, ഉടനെ കൂടെ റിഹേഴ്സ് ചെയ്യും. ഒരു ഡയലോഗ് പത്തു തവണയൊക്കെ റിഹേഴ്സ് ചെയ്തിട്ടുണ്ട്. നല്ലൊരു സിനിമ ഉണ്ടാക്കണം എന്നു മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം.”

ഷെയ്ൻ നിഗത്തിന്റെ അമ്മയായിട്ടാണ് ചിത്രത്തിൽ രേവതി അഭിനയിച്ചത്. പല സീനുകളിലും അമ്മയും മോനും എന്നതുപോലെ തന്നെയാണ് തങ്ങൾ പെരുമാറിയതെന്നാണ് രേവതി പറഞ്ഞത്. “ഷെയ്നിനെ കുറിച്ചു പറയുകയാണെങ്കിൽ, ചില സീനുകളിൽ ഞങ്ങൾ അക്ഷരാർത്ഥത്തിൽ അമ്മയും മോനും എന്ന രീതിയിലാണ് പെരുമാറിയത്. ചില സീനുകളിൽ ഷെയ്നിനോട് ഞാൻ പ്രതികരിക്കുക ചെയ്യുക മാത്രമാണ് ചെയ്തത്. ചില സീനുകളില്‍ ഷെയ്ൻ അപ്പർഹാൻഡ് എടുക്കും, ചിലപ്പോൾ ഞാനാവും. ഞങ്ങളുടെ ഒരു ബാലൻസിംഗ് വളരെ മനോഹരമായിരുന്നു. ഷെയ്നിന് ക്യാമറയുടെ മുൻപിൽ വരുമ്പോൾ ഒരു ഇൻഹിബിഷനുമില്ല.”